ഒറ്റ ഗോള്‍ തുടക്കം; വംശീയത വേരറ്റുപോകാത്ത മണ്ണില്‍ നിന്നുയരുന്ന ഏകതാളം

ആഭ്യന്തരയുദ്ധവും വംശീയതയും വേരറ്റുപോകാത്ത മണ്ണില്‍, ഒരു ജനതയെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന വികാരമാണ് ഫുട്ബോള്‍.
ഒറ്റ ഗോള്‍ തുടക്കം; വംശീയത വേരറ്റുപോകാത്ത മണ്ണില്‍ നിന്നുയരുന്ന ഏകതാളം
Published on
Updated on

"ഞങ്ങൾക്ക് ധൈര്യത്തോടെ കളിക്കണം, പന്ത് കൈവശം വയ്ക്കണം" ലോകകപ്പിന് പന്തുരുളാന്‍ 24 മണിക്കൂര്‍ മാത്രമുള്ളപ്പോള്‍, ബോസ്നിയ ഹെർസഗോവിന കോച്ച് സെര്‍ജി ബാര്‍ബറെസ് പറഞ്ഞ വാക്കുകളാണിത്. കാനഡയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ അത്തരമൊരു മുന്നേറ്റം ബോസ്നിയ ഹെർസഗോവിനയ്ക്ക് സാധിച്ചില്ല. പന്തടക്കത്തിലും കളിമികവിലും കാനഡ മുന്നില്‍നിന്നു. ബോസ്നിയ ഹെർസഗോവിനയ്ക്ക് പന്ത് കൈവശം വയ്ക്കാന്‍ കഴിഞ്ഞത് 39 ശതമാനം മാത്രം. പക്ഷേ, ചുവപ്പണിഞ്ഞ ഗാലറിയെ ആദ്യം ഞെട്ടിച്ചത് ബോസ്നിയ ഹെർസഗോവിന ആയിരുന്നു. 21-ാം മിനുറ്റില്‍ ജോവോ ലുക്കിച്ചിന്റെ ഹെഡ്ഡര്‍ ഗോളാണ് ഗാലറിയെ നിശബ്ദമാക്കിയത്. മത്സരത്തിന്റെ തുടക്കം കൈവിട്ട കാനഡ, പിന്നീട് പന്തടക്കത്തില്‍ ഉള്‍പ്പെടെ മുന്നിട്ടുനിന്നു. പക്ഷേ, ആദ്യ പകുതി ബോസ്നിയ ഹെർസഗോവിന സ്വന്തമാക്കി. രണ്ടാം പകുതിയുടെ നിയന്ത്രണം കാനഡയ്ക്കായിരുന്നു. എന്നിട്ടും ഗോള്‍ അകന്നുനിന്നു. സമനില ഗോളിനായി 76-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. സൂപ്പര്‍ സബ് കൈല്‍ ലാറിനാണ് ബോസ്നിയ ഹെർസഗോവിനയ്ക്ക് സമനില പൂട്ടിട്ടത്.

കാനഡ അവരുടെ മൂന്നാം ലോകകപ്പിലേക്കാണ് ഇന്നലെ ബൂട്ടു കെട്ടിയിറങ്ങിയത്. 1986ലായിരുന്നു അവരുടെ ആദ്യ ലോകകപ്പ്. കാലങ്ങള്‍ക്കിപ്പുറം 2022 ഖത്തര്‍ ലോകകപ്പിലും കളിച്ചു. ഇക്കുറി സഹആതിഥേയ രാജ്യമെന്ന പകിട്ടുമായെത്തിയ കാനഡയ്ക്ക്, ചുവപ്പണിഞ്ഞ ഗാലറി ആഘോഷക്കാഴ്ചയും സമ്മാനിച്ചു. പക്ഷേ, വീട്ടുകളത്തില്‍ ജയം മാറിനിന്നു. സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നാലു തവണ ലോകകപ്പില്‍ മുത്തമിട്ട ഇറ്റലിയെ മുട്ടുകുത്തിച്ച് യുഎസിലേക്ക് വിമാനംകയറിയ ബോസ്നിയ ഹെർസഗോവിനയുടെ പോര്‍വീര്യം അത്രത്തോളമായിരുന്നു. യുഗോസ്ലാവിയന്‍ ഫുട്ബോള്‍ വീര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍. ആഭ്യന്തരയുദ്ധവും വംശീയതയും വേരറ്റുപോകാത്ത മണ്ണില്‍, ഒരു ജനതയെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന വികാരമാണ് അവര്‍ക്ക് ഫുട്ബോള്‍. ലോകവേദിയില്‍ അതിനെ അടയാളപ്പെടുത്തുകയാണ് അവര്‍.

യുഗോസ്ലാവിയയില്‍നിന്ന് സ്വതന്ത്രമായ രാജ്യമാണ് ബോസ്നിയ ഹെർസ​ഗോവിന. അതിന്റെ മുറിവുകളും വേദനയുമൊക്കെ ഇന്നും പേറുന്നു. ഒരു രാജ്യമെങ്കിലും വംശം, മതം, ഭാഷ എന്നിവകൊണ്ട് വിഭജിക്കപ്പെട്ടവരെന്നും പറയാം. ഇത്തരം സങ്കീര്‍ണതകളെ പിന്‍പറ്റിയുള്ളതാണ് രാഷ്ട്രീയ, ഭരണസംവിധാനങ്ങള്‍. മൂന്ന് പ്രസിഡന്റുമാരുണ്ട്. ബോസ്നിയാക്കുകള്‍, സെര്‍ബുകള്‍, ക്രോട്ടുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗക്കാരുടെയും പ്രതിനിധികള്‍. ഈ സമവാക്യം തന്നെയായിരുന്നു ഫുട്ബോള്‍ അസോസിയേഷനിലും നിലനിന്നിരുന്നത്. ഒരേ വികാരത്താല്‍ ഐക്യപ്പെടേണ്ട കളിയിടങ്ങള്‍ പോലും രാഷ്ട്രീയ പോര്‍വിളികളുടെ നിഴലിടങ്ങള്‍ ആയതോടെ, ഫിഫ ഇടപെട്ടു. രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കി ഫുട്ബോളിനു മാത്രമായി ഏകീകൃത ഭരണസംവിധാനം വേണമെന്ന് അവര്‍ കര്‍ശന നിര്‍ദേശം നല്‍കി. പക്ഷേ, അതിന് തയ്യാറാകാതെ വന്നതോടെ, 2011ല്‍ ഫിഫയുടെ വിലക്ക് നേരിടേണ്ടിവന്നു.

ഒറ്റ ഗോള്‍ തുടക്കം; വംശീയത വേരറ്റുപോകാത്ത മണ്ണില്‍ നിന്നുയരുന്ന ഏകതാളം
കന്നി ലോകകപ്പില്‍ ആദ്യ ഗോള്‍, നാലാം ലോകകപ്പില്‍ കന്നി ഗോള്‍; രണ്ടും സ്പെഷ്യലാണ്

വിലക്കിനു പിന്നാലെ ബോസ്നിയ ഹെർസ​ഗോവിന ഫുട്ബോളിനെ ഇതിഹാസതാരം ഇവാന്‍ ഓസിമിന്റെ കൈകളിലേല്‍പ്പിച്ചു ഫിഫ. അതൊരു ഉടച്ചുവാര്‍ക്കലായിരുന്നു. ഓസിമിന്റെ നേതൃത്വത്തിലുള്ള നോര്‍മലൈസേഷന്‍ കമ്മിറ്റി വംശീയതയുടെ വേലിക്കെട്ടുകള്‍ പൊളിച്ചുനീക്കി ആ കളിയിടത്തെ വിശാലമാക്കി. എല്‍വെദിന്‍ ബെജിക്കിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ അസോസിയേഷന്റെ ഭരണസംവിധാനം ഏകീകരിക്കപ്പെട്ടു. ബോസ്നിയ ഹെർസ​ഗോവിന ഫുട്ബോളിന് പുതിയഭാവം വന്നുതുടങ്ങി. രണ്ടു മാസങ്ങള്‍ക്കിപ്പുറം ഫിഫയുടെ വിലക്ക് മാറി. 2021 വരെ എല്‍വെദിന്‍ ബെജിക്ക് അസോസിയേഷനെ നയിച്ചു. നിലവില്‍ വീക്കോ സെല്‍ജോവിക്കാണ് അസോസിയേഷനെ നയിക്കുന്നത്.

1930ലെ ആദ്യ ലോകകപ്പില്‍ സെമി ഫൈനലിസ്റ്റുകളായിരുന്നു യുഗോസ്ലാവ്യ. നാലു തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ ടീം 1962ല്‍ നാലാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. ആ ഫുട്ബോള്‍ പാരമ്പര്യം തന്നെയാണ് ബോസ്നിയ ഹെർസ​ഗോവിനയുടെയും ഊര്‍ജം. യുഗോസ്ലാവിയന്‍ ഫുട്ബോളിന്റെ വീറും പ്രതാപവുമൊക്കെ ലോകകപ്പ് കളത്തെ അറിയിച്ച ക്രൊയേഷ്യക്കും സെര്‍ബിയയ്ക്കും പിന്നാലെയാണ് ബോസ്നിയ ഹെർസ​ഗോവിനയും കാല്‍പ്പന്തിന്റെ വിശ്വപോരിനെത്തിയത്. 2014ലായിരുന്നു അരങ്ങേറ്റം. ഗ്രൂപ്പ് ഘട്ടത്തില്‍ അർജന്റീനയ്‌ക്കെതിരെ 2-1നും, നൈജീരിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനും തോറ്റു. അവസാന മത്സരത്തില്‍ ഇറാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ആദ്യ ലോകകപ്പിനോട് അവര്‍ യാത്ര പറഞ്ഞത്. ഇക്കുറി, പച്ചപ്പുല്‍മൈതാനിയെ തൊടുന്ന അവരുടെ കാലുകള്‍ക്ക് വേഗവും വീറും കൂടുമെന്ന് ഉറപ്പിക്കാം.

ഒറ്റ ഗോള്‍ തുടക്കം; വംശീയത വേരറ്റുപോകാത്ത മണ്ണില്‍ നിന്നുയരുന്ന ഏകതാളം
യോഗ്യത നേടിയിട്ടും ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് കളിച്ചില്ല? ബൂട്ട് കെട്ടാതെ കളിപ്പിക്കില്ലെന്ന് ഫിഫ പറഞ്ഞോ?

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് സാക്ഷിയായ രാജ്യമാണ് ബോസ്നിയ ഹെർസ​ഗോവിന. മതവും വംശവും ഭാഷയുമൊക്കെ ചേര്‍ന്ന് നിരന്തരം മുറിവേല്‍പ്പിച്ചിട്ടുള്ളൊരു ജനത. ആഭ്യന്തരയുദ്ധത്തിന്റെയും വംശീയതയുടെയും ശേഷിപ്പുകളില്‍ നിന്നൊന്നും അവര്‍ക്ക് ഒരുപക്ഷേ അത്രമേല്‍ ഇറങ്ങിപ്പോരാനുമാകില്ല. ഇത്തരം ഓര്‍മശേഖരങ്ങളില്‍ നിന്നെല്ലാം അവരെ ഒന്നിച്ചുയര്‍പ്പിക്കുന്നത് ഫുട്ബോള്‍ എന്ന വികാരമാണ്. ആ ഒരുമയുടെ കരുത്തിലാണ് അവർ ഇറ്റലിയുടെ കൊമ്പൊടിച്ച് യുഎസിഎല്‍ എത്തിയത്. അതേ കരുത്താണ് ഇന്നലെ കാനഡയ്‌ക്കെതിരെയും കളത്തില്‍ തെളിഞ്ഞത്. വെള്ളയില്‍ നീല പതിച്ച്, മഞ്ഞയില്‍ ചെറിയ വരകളുള്ള കുപ്പായക്കാരെ 40 പിന്നിട്ട ബോസ്നിയക്കാരന്‍ എഡിന്‍ ജെക്കോ നയിച്ചു. സെര്‍ബിയക്കാരനായ നികോള വാസില്‍ജ് കനേഡിയന്‍ ആക്രമണത്തില്‍നിന്ന് ഗോള്‍വല കാത്തു. ക്രോട്ടുകാരനായ ഇവാന്‍ ബാസിച്ച് മധ്യനിരയില്‍ കളിമെനഞ്ഞ്, ഗോള്‍ അവസരം തുറന്നു. സെര്‍ബിയക്കാരനായ ജോവോ ലുക്കിച്ച് സ്കോര്‍ ചെയ്തു. സകല വിഭാഗീയതയ്ക്കുംമേല്‍ പാറിപ്പറക്കട്ടെ സെര്‍ബിയ ഹെർസ​ഗോവിനയുടെ ഒരുമയുടെ പതാക.

News Malayalam 24x7
newsmalayalam.com