

ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ പകിട്ടൊന്നും അവകാശപ്പെടാനില്ലാത്ത പോരാട്ടം. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ തനിയാവര്‍ത്തനം. മെക്സിക്കോ കളം നിറഞ്ഞ് കളിച്ചപ്പോള്‍, ദക്ഷിണാഫ്രിക്ക കളം മറന്നു. അന്ന് 1-1ന് ഇരുവരും സമനില പാലിച്ചെങ്കില്‍, ഇക്കുറി എതിരില്ലാത്ത രണ്ട് ഗോളുമായി മെക്സിക്കോ ലോകകപ്പിന് വിജയത്തുടക്കമിട്ടു. മെക്സിക്കോയുടെ രണ്ട് ഗോളുകളും വളരെ സ്പെഷ്യലായിരുന്നു. ഒരാള്‍ കന്നി ലോകകപ്പില്‍ തന്നെ ആദ്യ ഗോള്‍ നേടിയപ്പോള്‍, മറ്റൊരാള്‍ നാലാം ലോകകപ്പിലാണ് അത്തരമൊരു നേട്ടം കൈവരിച്ചത്.
ജൂലിയന്‍ ക്വിനോനെസിന്റെ ബുള്ളറ്റ് ഷോട്ട്
ആഘോഷക്കാഴ്ചക്കള്‍ക്കിപ്പുറം കളിതുടങ്ങി ഒന്‍പതാം മിനുറ്റില്‍ 2026 ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നു. ആദ്യ ലോകകപ്പിനായി ബൂട്ടുകെട്ടിയ ജൂലിയന്‍ ക്വിനോനെസ് ആയിരുന്നു ആ ഗോളിന്റെ അവകാശി. അഞ്ച് താരങ്ങളെ വിന്യസിച്ച് പ്രതിരോധ കോട്ടകെട്ടിയ ദക്ഷിണാഫ്രിക്കയുടെ ഒരു ബാക്ക് പാസിലായിരുന്നു മെക്സിക്കോ അവസരം തട്ടിയെടുത്തത്. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത എറിക് ലിറയാണ് ഗോള്‍ അവസരം തുറന്നത്. പന്ത് പിടിച്ചെടുത്ത ക്വിനോനെസിന്റെ ബുള്ളറ്റ് ഷോട്ട് ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസിന്റെ കാലുകള്‍ക്കിടെയിലൂടെ വലയിലേക്ക്. കന്നി ലോകകപ്പില്‍, ഉദ്ഘാടന മത്സരത്തില്‍ ക്വിനോനെസിന്റെ ഗോള്‍. സ്വന്തം നഗരത്തിലെ കാണികള്‍ക്കും ആരാധകക്കൂട്ടത്തിനും മുന്നില്‍ ക്വിനോനെസിന്റെ സന്തോഷം. ആസ്ടെക സ്റ്റേഡിയം ആര്‍ത്തുവിളിച്ചു. ലോകകപ്പിലെ ആദ്യ ഗോളിലൂടെ ഫുട്ബോള്‍ ഇതിഹാസം പെലെ, ഫിലിപ്പ് ലാം, ക്ലിന്‍സ്‌മാന്‍ എന്നിവര്‍ക്കൊപ്പവും ക്വിനോനെസ് തന്റെ പേര് എഴുതിച്ചേര്‍ത്തു.
കൊളംബിയയിലാണ് ക്വിനോനെസ് ജനിച്ചതും വളര്‍ന്നതും. കൊളംബിയ യൂത്ത് ടീമിന്റെ ഭാഗമായിരുന്നു. അണ്ടര്‍ 20 ടീമിനായി രാജ്യാന്തര മത്സരങ്ങളില്‍ ഉള്‍പ്പെടെ കളിച്ചിട്ടുണ്ടെങ്കിലും, സീനിയര്‍ ലെവലില്‍ കളിച്ചിട്ടില്ല. 2016ല്‍ മെക്സിക്കോയില്‍ ക്ലബ് ഫുട്ബോള്‍ കളിച്ചുതുടങ്ങി. 2023ല്‍ മെക്സിക്കോ പൗരത്വം ലഭിച്ചതോടെ, മെക്സിക്കന്‍ ദേശീയ ടീമിലെത്തി. രാജ്യാന്തര മത്സരങ്ങളില്‍ മെക്സിക്കോയുടെ വിശ്വസ്ത താരമായതോടെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സൗദി പ്രോ ലീഗില്‍ അല്‍ ഖദ്‌സിയക്കായി ബൂട്ടു കെട്ടുന്ന താരം. ഗോള്‍ നേട്ടത്തില്‍ അല്‍ നസര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും (28) ഇവാന്‍ ടോണിയെയും (32) മറികടന്ന് (33) ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയാണ് ലോകകപ്പിന് എത്തിയത്.
റൗള്‍ ജിമെനെസിന്റെ ഹെഡ്ഡര്‍
ആക്രമിച്ചു മുന്നേറിയും, പ്രതിരോധത്തിന്റെ കരുത്തന്‍ അടവുകളും പിറന്നുവീണ ഉദ്ഘാടന മത്സരത്തില്‍ ഗോള്‍ മാത്രം അകന്നുനിന്നു. രണ്ടാം ഗോളിനായി 67-ാം മിനുറ്റ് വരെ കാക്കേണ്ടിവന്നു. ഇക്കുറി റൗള്‍ ജിമെനെസ് വക ഹെഡ്ഡര്‍. മത്സരം 2-0ന് മെക്സിക്കോ മുന്നില്‍. ഗാലറികള്‍ മെക്സിക്കന്‍ തിരമാലകളാല്‍ ആവേശം കൊണ്ടു. റോബര്‍ട്ടോ അല്‍വറാഡോയുടെ ക്രോസിലായിരുന്നു ജിമെനെിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍. ഒരു പതിറ്റാണ്ടിലേറെയായി ദേശീയ കുപ്പായത്തില്‍ കളിക്കുന്ന ജിമെനെസിന്റെ ആദ്യ ലോകകപ്പ് ഗോള്‍ കൂടിയായിരുന്നു അത്. 2014, 2018, 2022 ലോകകപ്പില്‍ കളിച്ചിട്ടുണ്ടെങ്കിലും ഗോള്‍ നേടാനായിരുന്നില്ല. ലോകകപ്പില്‍ ഗോളിക്കാത്തവന്‍ എന്ന ചീത്തപ്പേരു കൂടിയാണ് ജിമെനെസ് തിരുത്തിയത്. മെക്സിക്കോയുടെ എക്കാലത്തെയും മികച്ച ഫോര്‍വേഡുകളില്‍ ഒരാളാണ് ജിമെനെസ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗോളോടെ അന്താരാഷ്ട്ര കരിയറില്‍ 46 ഗോള്‍ നേട്ടമായി. ദേശീയ കുപ്പായത്തിലെ ഗോള്‍ എണ്ണത്തില്‍ ഹാറെദ് ബോര്‍ഗെറ്റിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തി. 52 ഗോളുകളുള്ള ഹവിയര്‍ ഹെര്‍ണാണ്ടസ് മാത്രമാണ് ജിമെനെസിന് മുന്നിലുള്ളത്.
ജിമെനെസിന്റെ ഹെഡ്ഡര്‍ ഗോളിനും പറയാനൊരു കഥയുണ്ട്. ക്ലബ് അമേരിക്ക, അത്ലറ്റിക്കോ മാഡ്രിഡ്, ബെന്‍ഫിക്ക, വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സ്, ഫുള്‍ഹാം ഉള്‍പ്പെടെ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുള്ള താരമാണ് ജിമെനെസ്. നിലവില്‍ വോള്‍വര്‍ഹാംപ്ടണ്‍ താരമാണ്. 2020 പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ഡിഫെന്‍ഡര്‍ ഡേവിഡ് ലൂയിസുമായി കൂട്ടിയിച്ച് ജിമെനെസിന്റെ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അന്ന് ബോധരഹിതനായി കളത്തില്‍ വീണ ജിമെനെസ് ജീവന്‍ തന്നെ അപകടത്തിലാക്കിയ പരിക്കിനെയും അതിജീവിച്ചാണ് മടങ്ങിയെത്തിയത്. മാര്‍ച്ചില്‍ മരിച്ച പിതാവിനോടുള്ള ആദരമായി ആകാശത്തേക്ക് കണ്ണുകള്‍ ഉയര്‍ത്തിയാണ് ലോകകപ്പിലെ ആദ്യ ഗോള്‍ ജിമെനെസ് ആഘോഷിച്ചത്.