

2026 ലോകകപ്പിൻ്റെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് കൊടിയേറിയതോടെ ബ്യൂട്ടിഫുൾ ഫുട്ബോൾ അതിൻ്റെ പീക്കിലാണ്. ഡോൺ കാർലോയുടെ ബ്രസീൽ വിശ്വരൂപത്തിൻ്റെ മിന്നലാട്ടങ്ങൾ മാത്രം കാട്ടിയതും, പെനാൽറ്റി ഷൂട്ടൗട്ടിൻ്റെ നിർഭാഗ്യത്തിൻ്റെ രൂപത്തിൽ പരാഗ്വെയ്ക്ക് മുന്നിൽ ജർമനിക്ക് കാലിടറിയതും, അതുപോലെ തന്നെ മൊറോക്കോയോട് നെതർലൻഡ്സ് ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായതും, ഈ ലോകകപ്പിലെ ഓർത്തുവയ്ക്കാവുന്ന സുന്ദര നിമിഷങ്ങളായി ശേഷിക്കും.
ഏഷ്യയുടെ ആകെ പ്രതീക്ഷയായി ലോകകപ്പിൽ നിറഞ്ഞുനിന്ന മൊറിയാസുവിൻ്റെ സമുറായ് ബ്ലൂസിന് നാട്ടിലേക്ക് മടക്ക ടിക്കറ്റ് അയച്ച് കൊടുത്ത് കാനറിപ്പട റൗണ്ട് ഓഫ് 32വിലെ പോരാട്ടങ്ങൾക്ക് തകർപ്പൻ തുടക്കമാണിട്ടത്. ഒരു ബ്രസീൽ ആരാധകനെ സംബന്ധിച്ചിടത്തോളം മനസിന് ഏറെ സംതൃപ്തി പകരുന്നൊരു ദിവസമാണിത്. ബ്രസീലിൻ്റെ പുതുതലമുറ ലോകകപ്പിൽ എതിരാളികൾക്ക് മുന്നിൽ വലിയൊരു അപായസൂചന മുഴക്കി കഴിഞ്ഞു. ആൻസലോട്ടിയുടെ ബ്രസീൽ ആറാം ലോകകിരീടത്തിൽ കണ്ണുടക്കി തന്നെയാണ് പന്തു തട്ടുന്നതെന്ന് ഇന്നലത്തെ മത്സരത്തോടെ വ്യക്തമായി.
കാൽപന്ത് ആരാധകർക്ക് കണ്ണടയ്ക്കാൻ പോലും കഴിയാത്തൊരു രാത്രിയാണ് കടന്നുപോയത്. ജപ്പാനേയും ജർമനിയേയും പോലുള്ള ടീമുകൾക്ക് ദുഃസ്വപ്നം പോലൊരു രാത്രിയായിരുന്നു. പിന്നാലെ നേരം പുലർന്നപ്പോൾ ഷൂട്ടൗട്ടിലെ ദൗർഭാഗ്യം രണ്ടാം റൗണ്ടിൽ ഓറഞ്ച് പടയ്ക്കും വിനയായി.
ആദ്യ പകുതിയിൽ ജപ്പാൻ മികച്ച ഫൈറ്റാണ് ബ്രസീലിന് നൽകിയത്. സമുറായ് പടയോട് ഒരു ഗോളിന് പിന്നിലായിട്ടും... രണ്ടാം പകുതിയിൽ ജപ്പാൻ്റെ കയ്യിൽ നിന്നും മത്സരം തട്ടിയെടുക്കുന്ന ഉശിരൻ പ്രകടനമാണ് ആൻസലോട്ടിയുടെ ബ്രസീൽ സെക്കൻഡ് ഹാഫിൽ നടത്തിയത്. അർഹിച്ചൊരു കംബാക്ക് ആയിരുന്നു കാനറിപ്പടയുടേത്. ഡാനിലോയുടെ ഒരു മിസ് പാസിൽ നിന്നും ലഭിച്ച പന്തുമായി കുതിച്ചെത്തി ആദ്യം ബ്രസീലിൻ്റെ വലകുലുക്കിയത് ജപ്പാനായിരുന്നു. കൈഷു സാനോയുടെ ആ ബ്രില്ല്യൻ്റ് സോളോ റണ്ണിനൊപ്പം... മിഡ് ഫീൽഡിൽ കസെമിറോയുടെ ആ ലേസി ആറ്റിറ്റ്യൂഡ് റണ്ണും 29ാം മിനിറ്റിൽ പിറന്ന ആ സുന്ദരമായ ഗോളിന് വഴിയൊരുക്കി.
എന്നാൽ രണ്ടാം പകുതിയിൽ ഡോൺ കാർലോയുടെ ബ്രസീൽ തനിനിറം പുറത്തെടുത്തു. എൻഡ്രിക്കിനേയും ഗബ്രിയേൽ മാർട്ടിനല്ലിയേയും ആക്രമണനിരയിലേക്ക് തുറന്നുവിട്ട ആൻസലോട്ടി... ബ്രസീൽ അറ്റാക്കിങ്ങിനെ സ്വതന്ത്രമായി വിഹരിക്കാൻ വിട്ടു. ബ്രസീലിൻ്റെ ഹൈ പ്രസിങ്ങിനും അതിവേഗമുള്ള അറ്റാക്കിങ് ഗെയിമിനും പിന്നാലെയാണ് കസെമിറോയുടെ സമനില ഗോൾ പിറന്നത്. സെക്കൻഡ് ഹാഫിൽ പിന്നീടങ്ങോട്ടേക്ക് ഡോണും പിള്ളേരും ചേർന്ന് കളിയങ്ങ് തൂക്കി. പോസിറ്റീവ് ആറ്റിറ്റ്യൂഡോടെയുള്ള മിന്നലാക്രമണങ്ങൾ ബ്രസീൽ മിഡ് ഫീൽഡ് മെനഞ്ഞെടുത്തു. ഇടതു വിങ്ങിൽ നിന്നും കട്ട് ചെയ്തു കയറി വിനീഷ്യസ് ജൂനിയർ ഉതിർത്തൊരു തകർപ്പൻ ഷോട്ട് ജപ്പാൻ്റെ പോസ്റ്റിൽ തട്ടി മടങ്ങിയത് ഏറെ അവിശ്വസനീയമായിരുന്നു.
ആൻസലോട്ടിയുടെ ഫസ്റ്റ് ചോയ്സ് മിഡ് ഫീൽഡർ ലൂക്കാസ് പക്വേറ്റ അൽപ്പം നിറംമങ്ങിയെങ്കിലും.... ആദ്യാവസാനം വരെ കാനറിപ്പടയ്ക്കായി കളി മെനഞ്ഞത് ബ്രൂണോ ഗിമാറസായിരുന്നു. വലതുവിങ്ങിൽ ഗിമാറസ്-റയാൻ സഖ്യം വൺ-ടു-വൺ റണ്ണുകളിലൂടെയും കുറിയ പാസുകളിലൂടെയും ജപ്പാൻ പ്രതിരോധത്തിന് നിരന്തരം ഭീഷണിയുയർത്തി. ജപ്പാൻ്റെ പ്രതിരോധ നിരയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. തനിഗുച്ചിയും തോമിയാസുവും ഇറ്റോയുമെല്ലാം ബ്രസീലിൻ്റെ മുന്നേറ്റങ്ങൾ ഒരു പരിധി വരെ തടഞ്ഞുനിർത്തി. ജപ്പാൻ ഗോളി സിയോൺ സുസുക്കിയുടെ അഞ്ച് മിന്നും സേവുകൾ കൂടി ഉണ്ടായിരുന്നില്ലെങ്കിൽ മത്സരഫലം മറ്റൊന്നായേനെ... ബ്രസീലിൻ്റെ ഡിഫൻസിൽ ഡാനിലോ അൽപ്പം നിറം മങ്ങിയെങ്കിലും മറ്റെല്ലാവരും മികച്ച ഫോമിലായിരുന്നു.
ഈ ലോകകപ്പിൽ നോക്കൗട്ട് ഘട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പുറത്താകുന്ന ആദ്യ ടീമായി ജർമനിയും പിന്നാലെ രണ്ടാമത്തെ ടീമായി നെതർലൻഡ്സും മാറി. ലാറ്റിനമേരിക്കൻ ശക്തികളായ പരാഗ്വെയാണ് രണ്ടാം റൗണ്ടിൽ ജർമനിയുടെ വഴിമുടക്കിയത്. നിശ്ചിത സമയത്തും എക്സ്‌ട്രാ ടൈമിലും മത്സരം 1-1ന് സമനില പാലിച്ചതോടെയാണ്... പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 42ാം മിനിറ്റിൽ ജൂലിയോ എൻസീസോയാണ് പരാഗ്വേയ്ക്കായി ആദ്യം ഗോളടിച്ചത്. 54ാം മിനിറ്റിൽ കായ് ഹാവേർട്‌സാണ് സമനില ഗോൾ കണ്ടെത്തിയത്.
ഷൂട്ടൗട്ടിൽ ജർമനിയുടെ ഹാവേർട്‌സ്, നിക്ക് വോൾട്ട് മേഡ് എന്നിവരുടെ കിക്കും പാഴായി. അതേസമയം അവസാന രണ്ട് പാരഗ്വെ താരങ്ങളുടെ കിക്കും ലക്ഷ്യത്തിലെത്തിയില്ല. അതോടെ ഷൂട്ടൗട്ട് സഡൻ ഡെത്തിലേക്ക് നീങ്ങി. ആദ്യ കിക്കെടുത്ത ജർമൻ താരം ജൊനാഥൻ ടായുടെ കിക്ക് പാഴായപ്പോൾ പരാഗ്വെ വലകുലുക്കി. അതോടെ യൂറോപ്പിലെ വമ്പന്മാരായ ജർമനിക്ക് ലോകകപ്പിന് പുറത്തേക്കുള്ള മടക്ക ടിക്കറ്റും... പരാഗ്വെയ്ക്ക് പ്രീ ക്വാർട്ടറിലേക്കുള്ള യോഗ്യതയും ലഭിച്ചു.
രാവിലെ നടന്ന അത്യന്തം വാശിയേറിയ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിനെ 3-2ന് കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 71 മിനിറ്റുകളോളം ഗോൾരഹിതമായി തുടർന്ന മത്സരത്തിൽ നെതർലൻഡ്‌സാണ് ആദ്യം സ്‌കോർ ചെയ്തത്.
72-ാം മിനിറ്റിൽ കോഡി ഗാക്‌പോയിലൂടെ ഡച്ച് ടീം മുന്നിലെത്തി. എന്നാൽ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെ മൊറോക്കോയുടെ മറുപടിയെത്തി. ഇസ്സ ഡിയോപ്പിൻ്റെ ഹെഡറിലൂടെയായിരുന്നു മൊറോക്കോയുടെ സമനില ഗോൾ. പ്രതിരോധത്തിലൂന്നിയുള്ള ഫുട്ബോളിൻ്റെ എല്ലാ സൗന്ദര്യവും നിറഞ്ഞുനിന്ന മത്സരത്തിൽ നെതർലൻഡ്‌സ് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗൻ്റെയും മൊറോക്കോ ഗോളി യാസ്സിൻ ബോനോയുടെയും പ്രകടനം മികച്ചുനിന്നു.
മൊറോക്കോയ്ക്കായി സൂഫിയാൻ റഹീമി, താൽബി, സായ്ബരി എന്നിവർ പെനാൽറ്റി സ്പോട്ട് കിക്കുകൾ വലയിലെത്തിച്ചപ്പോൾ... എൽ അയ്‌നോയിയും ക്യാപ്റ്റൻ അഷ്‌റഫ് ഹക്കീമിയും അവസരം നഷ്ടപ്പെടുത്തി. നെതർലൻഡ്‌സിനായി കൂപ്പ്‌മെയ്‌നേഴ്‌സും വെർഗ്‌ഹോസ്റ്റും മാത്രം ഷൂട്ടൗട്ടിലൂടെ ലക്ഷ്യം കണ്ടപ്പോൾ... ജസ്റ്റിൻ ക്ലുയിവേർട്ടും ക്വിൻ്റൻ ടിമ്പറും സമ്മർവില്ലെയും കിക്കുകൾ പാഴാക്കി. കൂപ്പ്‌മെയ്‌നേഴ്‌സ്, വെർഗ്‌ഹോസ്റ്റ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ സമ്മർവിലെയുടെ ഷോട്ട് മൊറോക്കോ കീപ്പർ യാസിൻ ബോനോ തടുത്തിടുകയായിരുന്നു.