ഇന്ത്യൻ ഫുട്ബോൾ ലോകകപ്പ് കളിക്കുമോ എന്ന ചർച്ചകൾ പതിവാണ്. ദേശീയ ടീം തോറ്റാൽ വിമർശനവും ജയിച്ചാൽ പ്രതീക്ഷകളും ഉയരും. എന്നാൽ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കായി വർഷങ്ങളായി നിശബ്ദമായി പോരാടുന്ന ഒരു വ്യക്തിയുണ്ട്. സിനിമാ സൂപ്പർതാരമായിട്ടും ഫുട്ബോളിനോടുള്ള പ്രണയം ഒരിക്കലും കൈവിടാത്ത ജോൺ എബ്രഹാം.
ഇന്ത്യൻ ഫുട്ബോൾ ലോകകപ്പ് കളിക്കുമോ എന്ന ചർച്ചകൾ പതിവാണ്. ദേശീയ ടീം തോറ്റാൽ വിമർശനവും ജയിച്ചാൽ പ്രതീക്ഷകളും ഉയരും. എന്നാൽ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കായി വർഷങ്ങളായി നിശബ്ദമായി പോരാടുന്ന ഒരു വ്യക്തിയുണ്ട്. സിനിമാ സൂപ്പർതാരമായിട്ടും ഫുട്ബോളിനോടുള്ള പ്രണയം ഒരിക്കലും കൈവിടാത്ത ജോൺ എബ്രഹാം. ഒരു കാലത്ത് ഇന്ത്യയ്ക്കായി ഫുട്ബോൾ കളിക്കണമെന്നായിരുന്നു ജോൺ എബ്രഹാമിൻ്റെ വലിയ സ്വപ്നം. എന്നാൽ ജീവിതം കൊണ്ടെത്തിച്ചത് സിനിമയുടെ ലോകത്തേക്ക്. ബോളിവുഡിൽ സൂപ്പർതാരമായി മാറിയിട്ടും ഫുട്ബോളിനോടുള്ള ആ ഇഷ്ടം ഒരിക്കലും അവസാനിച്ചില്ല. പല സെലിബ്രിറ്റികളും കായിക രംഗത്ത് നിക്ഷേപിക്കുന്നത് ബിസിനസ് സാധ്യതകൾ കണ്ടാണ്. പക്ഷേ ജോൺ എബ്രഹാം തെരഞ്ഞെടുത്തത് മറ്റൊരു വഴിയായിരുന്നു. ഇന്ത്യൻ ഫുട്ബോളിൻ്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ വടക്കുകിഴക്കൻ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു വേദി ഒരുക്കുക.
2014ൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ സഹഉടമയായി ജോൺ എത്തി. അസം മുതൽ മിസോറം വരെയും മണിപ്പൂർ മുതൽ നാഗാലാൻഡ് വരെയും എട്ട് സംസ്ഥാനങ്ങളുടെ ഫുട്ബോൾ വികാരങ്ങളെ ഒരുമിച്ച് ചേർക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ യാത്ര അത്ര എളുപ്പമായിരുന്നില്ല. ആദ്യ വർഷങ്ങളിൽ തുടർച്ചയായ നിരാശകൾ, പ്ലേ ഓഫിന് പുറത്തുള്ള സീസണുകൾ, ആരാധകരുടെ വിമർശനങ്ങൾ, ടീമിൻ്റെ പ്രകടനത്തെ ചോദ്യം ചെയ്ത ശബ്ദങ്ങൾ, പലരും പിന്മാറുമെന്ന് കരുതിയ നിമിഷങ്ങളായിരുന്നു. എന്നാൽ ജോൺ എബ്രഹാം കൈവിട്ടില്ല. ഫുട്ബോൾ ഒരു ബിസിനസ് അല്ലെന്നും, ഉത്തരവാദിത്വമാണെന്നും വിശ്വസിച്ചു. ടീമിൻ്റെ വളർച്ചയ്ക്കും യുവതാരങ്ങളുടെ വികസനത്തിനും ക്ലബിൻ്റെ ഭാവിക്കും വേണ്ടി തുടർച്ചയായി പ്രവർത്തിച്ചു.
വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ 2024ൽ സ്വപ്നനേട്ടം എത്തി. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പഴക്കമേറിയ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആദ്യമായി കിരീടം ചൂടി. അത് വെറും ഒരു ട്രോഫി മാത്രമായിരുന്നില്ല. ഒരു ദശാബ്ദത്തെ വിശ്വാസത്തിൻ്റെയും ക്ഷമയുടെയും പ്രതിഫലമായിരുന്നു. ഒരു വർഷം കഴിഞ്ഞ് 2025ൽ ക്ലബ് വീണ്ടും ഡൂറൻഡ് കപ്പ് ഉയർത്തി. മൂന്ന് പതിറ്റാണ്ടിലേറെയായി ആരും നേടാത്ത കിരീട പ്രതിരോധം സാധ്യമാക്കി. ഇന്ത്യൻ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ പേര് കൂടുതൽ ശക്തമായി പതിഞ്ഞു.
പക്ഷേ ജോൺ എബ്രഹാമിൻ്റെ ഏറ്റവും വലിയ നേട്ടം ട്രോഫികളല്ല. വടക്കുകിഴക്കൻ ഇന്ത്യയിലെ ആയിരക്കണക്കിന് കുട്ടികൾക്ക് വലിയ സ്വപ്നങ്ങൾ കാണാൻ നൽകിയ ധൈര്യമാണ്. ദേശീയ തലത്തിൽ അംഗീകരിക്കപ്പെടില്ലെന്ന് കരുതിയിരുന്ന ഒരു പ്രദേശത്തിന് സ്വന്തമായി ഒരു ഐഡൻ്റിറ്റി നൽകിയതാണ്. ചിലർ ചരിത്രം സൃഷ്ടിക്കുന്നത് കളത്തിലിറങ്ങി കൊണ്ടാകാം. മറ്റുചിലർ ചരിത്രം സൃഷ്ടിക്കുന്നത് അടുത്ത തലമുറയ്ക്ക് അവസരങ്ങൾ ഒരുക്കിക്കൊടുത്തു കൊണ്ടാണ്.