

ക്രൊയേഷ്യന്‍ യുദ്ധത്തിന്റെ കനലുകള്‍ക്കിടയില്‍, ബോംബുകള്‍ വര്‍ഷിച്ച അഭയാര്‍ത്ഥി ക്യാംപിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് ലോക ഫുട്‌ബോളിന്റെ സിംഹാസനത്തിലേക്ക് പന്ത് തട്ടിക്കയറിയ ഒരു മാന്ത്രികനുണ്ട്. പ്രായം നാല്‍പ്പതിനോട് അടുക്കുമ്പോഴും തന്റെ കരിയറിലെ അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പിനായി ആ നായകന്‍ വീണ്ടും ബൂട്ട് കെട്ടുകയാണ്. ക്രൊയേഷ്യയെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ലൂക്ക മോഡ്രിച്ച്.
മോഡ്രിച്ചിന് ഫുട്‌ബോള്‍ എന്നത് വെറുമൊരു കളിയായിരുന്നില്ല, അതിജീവനത്തിന്റെ പോരാട്ടമായിരുന്നു. അഞ്ചാം വയസ്സില്‍ സ്വന്തം മുത്തശ്ശനെ വിമതര്‍ വെടിവെച്ചു കൊന്നത് കണ്‍മുന്നില്‍ കാണേണ്ടി വന്ന കുട്ടി. ജീവന്‍ രക്ഷിക്കാന്‍ അഭയാര്‍ത്ഥി ക്യാംപിലെ ഹോട്ടല്‍ മുറികളില്‍ കഴിഞ്ഞ ലൂക്കയുടെ ഒരേയൊരു കൂട്ട് ഒരു പഴയ ഫുട്‌ബോള്‍ മാത്രമായിരുന്നു.
ബോംബുകളുടെ ശബ്ദത്തെപ്പോലും വകവെക്കാതെ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ അവന്‍ പന്ത് തട്ടി ശീലിച്ചു. ശാരീരികമായി മെലിഞ്ഞവനായതുകൊണ്ട് പല ക്ലബ്ബുകളും അന്ന് ലൂക്കയെ തഴഞ്ഞിരുന്നു. എന്നാല്‍ നീ ഫുട്‌ബോള്‍ കളിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് അധിക്ഷേപിച്ചവര്‍ക്ക് മുന്നില്‍, തന്റെ അസാധ്യമായ പാസിങ് മികവ് കൊണ്ട് അവന്‍ മറുപടി നല്‍കി. റയല്‍ മാഡ്രിഡിനൊപ്പം ആറ് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയാണ് മോഡ്രിച്ച് ചരിത്രത്തിലേക്ക് നടന്നുകയറിയത്.
2018ലെ റഷ്യന്‍ ലോകകപ്പ് കിലിയന്‍ എംബപ്പെ സ്വന്തമാക്കിയെങ്കില്‍ ആരാധകരുടെ ഉള്ളില്‍ താരമായി നിറഞ്ഞുനിന്നത് ലൂക്കയായിരുന്നു. വമ്പന്‍ താരങ്ങളൊന്നുമില്ലാതെ വന്ന ക്രൊയേഷ്യയെ ഫൈനല്‍ വരെ നയിച്ചു മോഡ്രിച്ച്. കിരീടം നഷ്ടമായെങ്കിലും മെസ്സിയെയും റൊണാള്‍ഡോയെയും മറികടന്ന് ആ വര്‍ഷത്തെ ബലോണ്‍ദിയോര്‍ പുരസ്‌കാരം മോഡ്രിച്ച് സ്വന്തമാക്കി. 2022 ലോകകപ്പിലും ക്രൊയേഷ്യയെ മൂന്നാം സ്ഥാനത്ത് എത്തിക്കാന്‍ ഈ മിഡ്ഫീല്‍ഡ് ജനറലിന് കഴിഞ്ഞു. പലരും കരിയര്‍ അവസാനിപ്പിക്കുമെന്ന് കരുതിയ ഇടത്തുനിന്നാണ്, 40-ാം വയസിലും തന്റെ അഞ്ചാമത്തെ ലോകകപ്പ് കളിക്കാന്‍ അയാള്‍ അമേരിക്കയിലെത്തിയിരിക്കുന്നത്.
തന്റെ രാജ്യത്തിന്റെ ജേഴ്‌സിയില്‍ ലൂക്ക മോഡ്രിച്ച് കളിക്കുന്ന അവസാനത്തെ വിശ്വവേദിയാണിത്. ഭൂതകാലത്തിലെ കണ്ണീരിനും യുദ്ധത്തിന്റെ മുറിവുകള്‍ക്കും ഫുട്‌ബോള്‍ മൈതാനത്ത് കവിത കണക്കെ മറുപടി നല്‍കിയ കുറിയ മനുഷ്യന്‍ തന്റെ ലാസ്റ്റ് ഡാന്‍സിന് ഇറങ്ങുമ്പോള്‍ ലോകം മുഴുവന്‍ അയാള്‍ക്കായി കൈയടിക്കുകയാണ്. കാരണം, മോഡ്രിച്ച് ഉള്ളിടത്തോളം കാലം ക്രൊയേഷ്യയെന്ന കൊച്ചു രാജ്യത്തെ തോല്‍പ്പിക്കുക അത്ര എളുപ്പമല്ല.