

ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റ് സമ്മാനദാന ചടങ്ങിൽ വെള്ളി മെഡൽ സ്വീകരിച്ച ശേഷം കണ്ണീരണിഞ്ഞ ലയണൽ മെസ്സിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ താൻ കരയാൻ കാരണം തോൽവി മാത്രമായിരുന്നില്ല എന്നാണ് മെസ്സി വെളിപ്പെടുത്തുന്നത്. താൻ കരയാൻ തുടങ്ങിയ ആ നിമിഷത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മെസ്സി.
“ഒരു ഫൈനലിൽ തോൽക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. എന്നെ ഇവിടെ എത്തിച്ച എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. ഓരോ ത്യാഗവും, ഓരോ പ്രയാസകരമായ നിമിഷവും, ആളുകൾ ഞങ്ങളെ സംശയിച്ചപ്പോഴെല്ലാം, ഈ ഷർട്ട് എനിക്ക് തുടരാൻ ശക്തി നൽകിയതെല്ലാം മനസിലേക്ക് വന്നു. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷവും അർജൻ്റീന ആരാധകർ എൻ്റെ പേര് ഉച്ചത്തിൽ വിളിക്കുന്നത് കേട്ടപ്പോൾ, അത് എന്നെ മാനസികമായി തകർത്തു. ഏറ്റവും വലിയ കളിയിൽ ഞങ്ങൾ തോറ്റിരുന്നു, പക്ഷേ അവർ ഞങ്ങളോട് പുറം തിരിഞ്ഞുനിന്നില്ല. അവർ ഒരു വെള്ളി മെഡൽ കണ്ടില്ല. അവർ ഞങ്ങളുടെ യാത്രയാണ് കണ്ടത്. ഞങ്ങൾ അവർക്ക് നൽകിയ ഹൃദയവും പോരാട്ടവും അഭിമാനവും അവർ തിരിച്ചറിഞ്ഞു," മെസ്സി പറഞ്ഞു.
“ഞാൻ സ്റ്റാൻഡുകളിലേക്ക് നോക്കിയപ്പോൾ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച കുടുംബങ്ങളെയും, ഞങ്ങളോടൊപ്പം സ്വപ്നം കണ്ട ആളുകളെയും, ഞങ്ങളോടൊപ്പം കരഞ്ഞ ആളുകളെയും ഞാൻ കണ്ടു. ആ സ്നേഹം ഏതൊരു ട്രോഫിയേക്കാളും വലുതാണ്. ഫുട്ബോൾ നിങ്ങൾക്ക് നിരവധി വിജയങ്ങൾ നൽകുന്നു. പക്ഷേ അതുപോലുള്ള നിമിഷങ്ങൾ നിങ്ങൾ എന്തിനാണ് കളിക്കുന്നതെന്ന് ഓർമിപ്പിക്കുന്നു. ഈ ജേഴ്സിയുടെ ഭാരം, എൻ്റെ രാജ്യത്തിൻ്റെ സ്നേഹം, ഈ ബാഡ്ജ് ധരിക്കുന്നതിൻ്റെ ഉത്തരവാദിത്തം എന്നിവ എനിക്ക് അനുഭവപ്പെട്ടതിനാലാണ് ഞാൻ കരഞ്ഞത്. ഇതൊരു വെള്ളി മെഡലായിരിക്കാം. പക്ഷേ ഓർമകൾ, ജനങ്ങളുമായുള്ള ബന്ധം, അർജൻ്റീനയെ പ്രതിനിധീകരിക്കുന്നതിൻ്റെ അഭിമാനം... അതൊക്കെ വിലമതിക്കാനാവാത്തതാണ്," വികാരാധീനനായി മെസ്സി പറഞ്ഞു.
"ചിലപ്പോൾ ഫുട്ബോൾ നിങ്ങൾക്ക് ഒരു മികച്ചൊരു അന്ത്യം നൽകുന്നു, ചിലപ്പോൾ അത് നിങ്ങൾക്ക് ഒരു വേദനാജനകമായ അധ്യായം നൽകുന്നു. എന്നാൽ ട്രോഫികൾ ഉയർത്തുന്നതിലൂടെ മാത്രമല്ല മഹത്വം അളക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി. നിങ്ങളുടെ ഹൃദയം തകർന്നുപോകുമ്പോൾ, നിങ്ങൾ എങ്ങനെ നിൽക്കുന്നു എന്നതിലൂടെയും അത് അളക്കപ്പെടുന്നു. ഒരു ലോകകപ്പ് ഫൈനലിൽ തോറ്റതിന് ശേഷം അർജൻ്റീന എൻ്റെ പേര് പാടുന്നത് കേൾക്കുന്നത്... അത് മറ്റൊരു തരത്തിലുള്ള വിജയമായിരുന്നു. ആ നിമിഷം ഞാൻ എന്നേക്കും എന്നോടൊപ്പം കൊണ്ടുപോകും," മെസ്സി വ്യക്തമാക്കി.
ആറ് ലോകകപ്പുകളിലാണ് ലിയോ മെസ്സി പന്തു തട്ടിയത്. ക്രിസ്റ്റ്യാനോയ്ക്കും ഒച്ചാവോയ്ക്കുമൊപ്പം ആറ് വീതം ലോകകപ്പുകളിൽ കളിച്ച താരമെന്ന റെക്കോർഡിനൊപ്പമെത്തിയാണ് മെസ്സി മടങ്ങുന്നത്. ഫിഫ ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച ഫുട്ബോളറെന്ന റെക്കോർഡിനുടമയാണ് അയാൾ. 2006 മുതൽ 2026 വരെ 34 ലോകകപ്പ് മത്സരങ്ങളിലാണ് അയാൾ അർജൻ്റീനയുടെ ജേഴ്സിയിൽ കളിച്ചത്. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളിൽ നിന്നായി ആകെ 21 ഗോളുകളും രാജ്യത്തിനായി മെസ്സി അടിച്ചുകൂട്ടി. 2006ൽ ഒരു ഗോളും, 2014ൽ നാല് ഗോളുകളും, 2018ൽ വീണ്ടും ഒരു ഗോളും, 2022ൽ ഏഴ് ഗോളുകളും നേടിയ അർജൻ്റൈൻ ഇതിഹാസം 2026ൽ എട്ട് ഗോളുകളുമായി തൻ്റെ കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്താണ് മടങ്ങുന്നത്.
റെക്കോർഡ് മഴ പെയ്യിച്ചാണ് മെസ്സി ലോകകപ്പിനോട് ബൈ പറയുന്നത്. ഫിഫ ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ലയണൽ മെസ്സി ഇന്ന് മാറി. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ കളിക്കുന്ന ആദ്യ ഫുട്ബോളറും ലിയോ തന്നെയാണ്. ക്യാപ്റ്റനെന്ന നിലയിൽ മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ടീമിനെ നയിച്ച ആദ്യ ഫുട്ബോൾ താരമായും ലയണൽ മെസ്സി ഇന്നലെ മാറി.