

ടോറോൻ്റോ: ഫിഫ ലോകകപ്പ് 2026ലെ രണ്ടാം ദിനം രാത്രി ആതിഥേയരായ കാനഡയും ബോസ്നിയ ആൻഡ് ഹെർസഗോവിനയും തമ്മിലാണ് ആദ്യ പോരാട്ടം. ടൊറോൻ്റോയിൽ ഇന്ന് രാത്രി 12.30ന് നടക്കുന്ന ആവേശപ്പോരിന് മുന്നോടിയായി ഉദ്ഘാടന ചടങ്ങിൽ നടക്കുന്നുണ്ട്. ബോളിവുഡ് താരസുന്ദരി നോറ ഫത്തേഹിയുടെ നൃത്ത പരിപാടിയാണ് ഈ ദിവസത്തെ പ്രധാന സവിശേഷത.
ഫിഫ ലോകകപ്പ് ഗാനമായ 'സിയർ സിയർ' എന്ന പാട്ടിനൊപ്പമാണ് മികവുറ്റ ഡാൻസറായ നോറ ഫത്തേഹി നൃത്തം അവതരിപ്പിക്കുക. മൊറോക്കൻ വേരുകളുള്ള നർത്തകി അവരുടെ രാജ്യത്തെ ഏറെ പ്രശസ്തമായ "ഗോ.. ഗോ.." എന്ന ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ച ലോകകപ്പ് ഗാനത്തിനൊത്താണ് ചുവടുവയ്ക്കുക.
ഫ്രഞ്ച് ഗായിക വെജ്‌ഡ്രീമിനും ബംഗ്ലാദേശി-അമേരിക്കൻ ആർട്ടിസ്റ്റ് സഞ്ജോയ്‌ക്കുമൊപ്പമാകും നോറ വേദിയിലെത്തുക. നോറ ഫത്തേഹി അവതരിപ്പിച്ച ഗാനത്തിൻ്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു.
അതേസമയം, 2026ലെ ഫിഫ ലോകകപ്പിൽ സ്വന്തം മണ്ണിൽ ചരിത്രം സൃഷ്ടിക്കാനാണ് കാനഡ ഫുട്ബോൾ ടീമിൻ്റെ ഒരുങ്ങുന്നത്. നേരത്തെ 1986ലും 2022ലും ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും കാനഡയ്ക്ക് ഒരിക്കലും ടൂർണമെൻ്റിൻ്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനായിട്ടില്ല. ഇത്തവണ കനേഡിയൻ ടീമിൽ നിരവധി മികച്ച കളിക്കാരുണ്ട്. ബോസ്നിയ ആൻഡ് ഹെർസഗോവിന, സ്വിറ്റ്സർലൻഡ്, ഖത്തർ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ നിന്ന് യോഗ്യത നേടാനായി പരമാവധി തോൽവി വഴങ്ങാതിരിക്കാനാകും കാനഡയുടെ ശ്രമം.