

എരി ചട്ടിയിൽ നിന്നും വറചട്ടിയിലേക്കാണ് പോർച്ചുഗലിൻ്റെ പോക്ക്... അങ്ങനെ വേണം പോർച്ചുഗലിൻ്റെ പ്രീ ക്വാർട്ടർ പ്രവേശനത്തെ വിലയിരുത്താൻ. പ്രീ ക്വാർട്ടറിൽ ഇനി സ്പെയിൻ vs പോർച്ചുഗൽ പോരാട്ടത്തിന് കാത്തിരിക്കാം. ക്രൊയേഷ്യയെ കഷ്ടിച്ച് മറികടന്ന പോർച്ചുഗലിൻ്റേത് ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമായിരുന്നില്ല. നിലവിൽ അവർ ക്വാർട്ടർ ഫൈനൽ പോലും കാണുമെന്ന് പ്രതീക്ഷ വയ്ക്കാൻ ആരാധകർക്ക് സാധിക്കില്ല. അതേസമയം, സ്പെയിനാകട്ടെ ഓസ്ട്രിയയെ ഏകപക്ഷീയമായി തറപറ്റിച്ചാണ് ആധികാരികമായി റൗണ്ട് ഓഫ് 16ലേക്ക് വരുന്നത്.
സംഗതി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ സ്പെയിനിനെ നേരിടാൻ യോഗ്യത നേടിയിരിക്കുകയാണ്. റൗണ്ട് ഓഫ് 32വിൽ യൂറോപ്പിലെ കരുത്തന്മാരായ ക്രൊയേഷ്യയെ കഷ്ടിച്ച് 2-1ന് മറികടന്നാണ് പോർച്ചുഗലിൻ്റെ കുതിപ്പ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രകടനമായിരുന്നില്ല അവരുടേത്. മുൻപത്തേതിൽ നിന്നും അൽപ്പം മെച്ചപ്പെട്ടെന്ന് മാത്രം. ഈ ടീം ക്വാർട്ടർ കാണുമെന്ന് പോലും പ്രതീക്ഷ വയ്ക്കാൻ നിലവിലെ സാഹചര്യത്തിൽ ആരാധകർക്ക് സാധിക്കില്ല.
അതേസമയം, സ്പെയിനാകട്ടെ ഓസ്ട്രിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തറപറ്റിച്ചാണ് ആധികാരികമായി റൗണ്ട് ഓഫ് 16ലേക്ക് വരുന്നത്. മൈക്കൽ ഒയർസബാളിൻ്റെ ഇരട്ട ഗോളുകളുടേയും (36, 89) പെഡ്രോ പോറോയുടെ (66) ഒരു ഗോളിൻ്റേയും കരുത്തിലാണ് ചെമ്പട സ്പാനിഷ് മസാല പുരട്ടി ഓസ്ട്രിയൻ ഫ്രൈ ഒരുക്കിയത്. എന്നാൽ പ്രീ ക്വാർട്ടറിൽ സ്പെയിനിനെ നേരിടാനൊരുങ്ങുമ്പോൾ ടൂർണമെൻ്റിൽ ഏറെ കൊട്ടിഘോഷിച്ചെത്തിയ പോർച്ചുഗലിൻ്റെ മാച്ച് സ്റ്റാറ്റിസ്റ്റിക്ക്സ് സ്പെയിനിൻ്റെ അവസാന മാച്ചുമായി ഒന്ന് ചുമ്മാ തട്ടിച്ച് നോക്കാം. എതിരാളികളുടെ ഗോൾമുഖത്തേക്ക് സ്പെയിൻ 22 ഷോട്ടുകൾ ഉതിർത്തപ്പോൾ പോർച്ചുഗലിൻ്റേത് 15 ഗോൾശ്രമങ്ങൾ മാത്രം.
സ്പാനിഷ് പടയുടെ 22 ശ്രമങ്ങളിൽ പത്തെണ്ണവും ഷോട്ട് ഓൺ ടാർഗറ്റിലായിരുന്നപ്പോൾ... പറങ്കിപ്പടയുടെ ഗോൾപോസ്റ്റിന് നേരെയുള്ള ആക്രമണം മൂന്നെണ്ണം മാത്രം... ബോൾ പൊസഷനിലും.. പാസുകളുടെ എണ്ണത്തിലും ഇരു ടീമുകളും ഒരുപോലെ മേധാവിത്തം പുലർത്തിയെങ്കിലും... ആദ്യ പകുതിയിലൊക്കെ പോർച്ചുഗലിൻ്റേയും ക്രൊയേഷ്യയുടേയും മത്സരം കണ്ടാൽ ഒരു സൗഹൃദ മത്സരമാണെന്ന തോന്നലൊക്കെയാണ് ഉണ്ടായത്.
ഗോളടിക്കാനുള്ള ആ ഇൻ്റൻ്റ് മത്സരത്തിൻ്റെ ആദ്യപകുതിയിലുടനീളം പോർച്ചുഗീസ് സ്ക്വാഡിൽ മിസ്സിങ് ആയിരുന്നുവെന്ന് വേണം പറയാൻ. രണ്ടാം പകുതിയുടെ 53ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിൻ്റെ ഒരു വെടിച്ചില്ല് ഷോട്ട് പോർച്ചുഗലിൻ്റെ വലയിൽ കേറിയതോടെയാണ് മത്സരം ഒന്ന് ഉണർന്നത്. സെക്കൻഡ് ഹാഫിലാണ് റൊണാൾഡോയിലേക്ക് ആദ്യമായി ഒരു ത്രൂ പാസ് ലഭിച്ചത്. അത് മനോഹരമായി അദ്ദേഹം വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും നേരിയ വ്യത്യാസത്തിലത് ഓഫ് സൈഡായി.
അതിന് പിന്നാലെ 63ാം മിനിറ്റിൽ കോച്ച് റോബർട്ടോ മാർട്ടിനസ് നാല് മാറ്റങ്ങൾ പോർച്ചുഗീസ് നിരയിൽ വരുത്തി. വിറ്റീഞ്ഞയ്ക്ക് പകരം ബെർണാഡോ സിൽവയും, ബ്രൂണോയ്ക്ക് പകരം സെമെഡോയും, പെഡ്രോ നെറ്റോയ്ക്ക് പകരം കോൺസിക്കാവോയും, ജോവോ കാൻസെലോയ്ക്ക് പകരം ഗോൺസാലോ റാമോസും സ്ക്വാഡിലെത്തി. മികച്ച ടാക്റ്റിക്കൽ മൂവുകളായിരുന്നു ഇത്. തൊട്ടു പിന്നാലെ ക്രൊയേഷ്യൻ ഗോൾപോസ്റ്റിന് നേരെ പോർച്ചുഗൽ ഇരു വിങ്ങുകളും കേന്ദ്രീകരിച്ച് ആക്രമണം കടുപ്പിച്ചു.
പിന്നാലെ ഒരു കോർണർ കിക്കിനിടയിൽ റെനാറ്റോ വൈഗയെ ക്രൊയേഷ്യൻ ഡിഫൻഡർ ബോക്സിൽ വീഴ്ത്തിയതിന് പോർച്ചുഗലിന് അനുകൂലമായൊരു പെനാൽറ്റി ലഭിക്കുന്നു. കിക്കെടുത്ത CR7 അനായാസം വലകുലുക്കി. ക്രിസ്റ്റ്യാനോയുടെ കരിയറിലെ ആദ്യ ലോകകപ്പ് നോക്കൗട്ട് ഗോൾ... ഒപ്പം ലോകകപ്പിലെ നോക്കൗട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും ഈ 41കാരൻ മാറി.
പിന്നീട് രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ റാഫോൽ ലിയോയുടെ ഒരു അതിമനോഹരമായ ക്രോസിൽ നിന്ന് ഗോൺസാലോ റാമോസിൻ്റെ ഒരു തകർപ്പൻ ഹെഡ്ഡർ ഗോൾ!! പോർച്ചുഗൽ ലീഡെടുത്തതോടെ ക്രൊയേഷ്യൻ താരങ്ങൾ പ്രത്യാക്രമണം കടുപ്പിച്ചു. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ക്രോയേഷ്യ സമനില ഗോൾ കണ്ടെത്തിയെങ്കിലും അത് വാറിലൂടെ ഓഫ് സൈഡായി മാറുന്നു... ക്ലൈമാക്സും ആൻ്റി ക്ലൈമാക്സുമൊക്കെയായി ലൂക്കാ മോഡ്രിച്ചിൻ്റെ ലോകകപ്പിലെ ലാസ്റ്റിന് പരിസമാപ്തി.
ഡിയോഗോ ജോട്ട ഈ ലോകത്തെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ജോട്ടയ്ക്കും റോണോയ്ക്കും വേണ്ടി കിരീടം നേടാനിറങ്ങിയ പറങ്കിപ്പടയുടെ പ്രഹരശേഷി... നനഞ്ഞ ഓലപ്പടക്കം പോലെയാണെന്ന് പറയേണ്ടിവരും. കരിയറിലെ 976ാം ഗോൾനേട്ടവുമായി റോണോയെന്ന ഇതിഹാസം കുതിപ്പ് തുടരുകയാണ്. ഈ ലോകകപ്പിലെ മൂന്നാമത്തെ ഗോളാണ് താരം നേടിയത്. ലോകകപ്പ് നോക്കൗട്ടിലെ കന്നിഗോളുമായി റോണോ കുതിക്കുമ്പോൾ പറങ്കിപ്പടയോട് ആരാധകർക്ക് അഭ്യർഥിക്കാനുള്ളത് ഒരേയൊരു കാര്യം... ഇതൊന്നും പോരാ... ഇതുക്കും മേലേ വേണം!