

1994ലെ യുഎസ് സമ്മറിൽ നോർവെയുടെ കുപ്പായമണിഞ്ഞ് ലോകകപ്പ് വേദിയിലെത്തിയ ആൽഫ്-ഇൻഗെ ഹാലണ്ട് എന്ന മധ്യനിരക്കാരന് ഒരു വലിയ സ്വപ്നമുണ്ടായിരുന്നു. ലോക ഫുട്ബോളിൻ്റെ ഏറ്റവും വലിയ വേദിയിൽ തൻ്റെ രാജ്യത്തിൻ്റെ പേര് വാനോളം ഉയർത്തുക എന്നതായിരുന്നു ആഗ്രഹം. അന്ന് മെക്സിക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ 1-0ന് വിജയിച്ചിട്ടും, എല്ലാ ടീമുകൾക്കും നാല് പോയിൻ്റ് ലഭിച്ച നിർഭാഗ്യകരമായ ആ ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾവ്യത്യാസത്തിൻ്റെ കണക്കിൽ നോർവെയ്ക്ക് ടൂർണമെന്റിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നു. ആൽഫ്-ഇൻഗേ ഹാലണ്ട് എന്ന പോരാളിക്ക് പൂർത്തിയാക്കാൻ കഴിയാതെ പോയ ആ സ്വപ്നങ്ങൾക്ക് 32 വർഷങ്ങൾക്കിപ്പുറം മറ്റൊരു അമേരിക്കൻ ലോകകപ്പിൽ സാക്ഷാത്കാരമാവുകയാണ്. അത് സ്വന്തം മകൻ എർലിങ് ഹാലണ്ടിലൂടെ ആണെന്നത് മനോഹരമായ കാവ്യനീതിയായി മാറുന്നു.
2026ലെ ഫിഫ ലോകകപ്പിൻ്റെ പ്രീ ക്വാർട്ടറിൽ, അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് നോർവെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുമ്പോൾ എർലിങ് ഹാലണ്ടിൻ്റെ ബൂട്ടുകളിൽ നിന്നാണ് നോർവേയുടെ രണ്ട് ഗോളുകളും പിറന്നത്. ഈ ലോകകപ്പിൽ നോർവെയുടെ കുതിപ്പിന് ചുക്കാൻ പിടിക്കുന്നത് ഹാലണ്ടിൻ്റെ അസാമാന്യ ഫോമാണ്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകളാണ് ഈ സ്ട്രൈക്കർ അടിച്ചുകൂട്ടിയത്. ഇറാഖിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഇരട്ട ഗോളുകളോടെ തുടങ്ങിയ ഹാലണ്ട് സെനഗലിനെതിരെയും രണ്ട് ഗോളുകൾ നേടി. റൗണ്ട് ഓഫ് 32ൽ ഐവറി കോസ്റ്റിനെതിരെയും അയാൾ ലക്ഷ്യം കണ്ടു. ഇപ്പോൾ പ്രീ ക്വാർട്ടറിൽ ബ്രസീലിനെതിരെയും ഇരട്ട ഗോളുകൾ നേടി ടൂർണമെൻ്റിലെ ഗോൾവേട്ടക്കാരിൽ മുൻപന്തിയിലാണ്.
തൻ്റെ കരിയറിൽ നോർവെയ്ക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള കളിക്കാരനാണ് ആൽഫ്-ഇൻഗെ. ക്ലബ്ബ് ഫുട്ബോളിലും രാജ്യാന്തര തലത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ്, ലീഡ്‌സ് യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ പ്രമുഖ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്ബോളിൽ 250ലധികം പ്രൊഫഷണൽ മത്സരങ്ങൾ കളിച്ച അദ്ദേഹം, പ്രധാനമായും റൈറ്റ് ബാക്ക്, ഡിഫൻസീവ് മിഡ് ഫീൽഡർ പൊസിഷനുകളിലാണ് തിളങ്ങിയത്.
നോർവെ ദേശീയ ടീമിനായി 34 മത്സരങ്ങളിൽ കളത്തിലിറങ്ങിയ അദ്ദേഹത്തിൻ്റെ സാന്നിധ്യം ടീമിൻ്റെ പ്രതിരോധത്തിന് വലിയ കരുത്തായിരുന്നു. 1994 ലോകകപ്പിൽ റൈറ്റ് ബാക്ക് ആയി കളത്തിലിറങ്ങിയ ആൽഫ് ടീമിൻ്റെ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു. ഫിസിക്കൽ പവറും പ്രതിരോധ മികവുമുണ്ടായിരുന്ന ആൽഫ്-ഇൻഗെക്ക് അന്ന് ടീമിനെ നോക്കൗട്ടിലേക്ക് നയിക്കാൻ സാധിച്ചില്ലെങ്കിലും, അച്ഛൻ വീണുപോയ ഇടത്തു നിന്നാണ് ഇന്ന് മകൻ കുതിക്കുന്നത്.
തൻ്റെ അസാധാരണമായ ശാരീരികക്ഷമതയും ഫിനിഷിങ് പാടവവും ഉപയോഗിച്ച് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി മാറിയ ഹാലണ്ട് അച്ഛൻ്റെ സ്വപ്നത്തിനൊപ്പം ഒരു രാജ്യത്തിൻ്റെ മുഴുവൻ പ്രതീക്ഷകളുമാണ് നെഞ്ചിലേറ്റുന്നത്. ഈ ലോകകപ്പിൽ നോർവെ ടീമിൻ്റെ പ്രകടനവും ശ്രദ്ധേയമാണ്. പരിശീലകൻ സ്റ്റാലെ സോൾബാക്കന് കീഴിൽ മികച്ച ഒത്തൊരുമയോടെ കളിക്കുന്ന ടീം ഇതിനോടകം 12 ഗോളുകൾ ടൂർണമെൻ്റിൽ അടിച്ചു കൂട്ടിക്കഴിഞ്ഞു.
ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡിൻ്റേയും സാൻഡർ ബെർഗെയുടെയും നേതൃത്വത്തിലുള്ള മധ്യനിരയും, അലക്സാണ്ടർ സോർലോത്തിനെ പോലുള്ള താരങ്ങളുടെ പിന്തുണയും ഹാലണ്ടിന് കൂടുതൽ കരുത്തേകുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ക്വാർട്ടർ ഫൈനൽ എന്ന നാഴികക്കല്ല് പിന്നിടുന്ന നോർവെ, വരും മത്സരങ്ങളിലും ഈ അശ്വമേധം തുടരുമെന്നാണ് ഫുട്ബോൾ ലോകം വിശ്വസിക്കുന്നത്. ആൽഫ്-ഇൻഗെ ബാക്കി വച്ച സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ഒരു കൊടുങ്കാറ്റായി എർലിങ് കുതിക്കുമ്പോൾ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രത്തിലെ പുതിയ അധ്യായങ്ങൾ കൂടിയാണ്.