1819ല്‍ കണ്ടെത്തിയ ലോകാത്ഭുതം; അജന്ത ഗുഹകള്‍

ഒരു കടുവയെ തേടി വന്ന വേട്ടക്കാരന്‍, ലോകത്തെ ഞെട്ടിച്ച ഒരു കലാസൃഷ്ടിയെ കണ്ടെത്തുമെന്നു ആരറിഞ്ഞു?'
1819ല്‍ കണ്ടെത്തിയ ലോകാത്ഭുതം; അജന്ത ഗുഹകള്‍
Published on
Updated on

വര്‍ഷം 1819, സ്ഥലം മഹാരാഷ്ട്രയിലെ സഹ്യാര്‍ദ്രി മലനിരകളിലെവിടെയോ. ബ്രിട്ടീഷ് ആര്‍മിയിലെ മദ്രാസ് റെജിമെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ ജോണ്‍ സ്മിത്ത് അയാളുടെ ഒഴിവു സമയങ്ങളില്‍ വേട്ടയ്ക്ക് ഇറങ്ങുന്നത് ഇവിടെയാണ്. കടുവ വേട്ടയില്‍ തത്പരനായിരുന്ന ക്യാപ്റ്റന്‍ അങ്ങനെയൊരു ദിവസം വേട്ടയ്ക്കിടെ വഘോര നദിയുടെ തീരത്ത് ഒരു വിചിത്രമായ സ്ഥലത്ത് എത്തി. ഒരു ഇടയബാലന്‍ അയാള്‍ക്ക് കടുവയുള്ള സ്ഥലം കാണിച്ചു തരാം എന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. ഇടയബാലന്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് നോക്കിയ ക്യാപ്റ്റന്‍ കണ്ടത് മറ്റൊന്നായിരുന്നു. വഘോര നദിക്കു മുകളിലുള്ള പാറക്കെട്ടിലെ ഒരു സ്ഥലത്തേക്ക് ക്യാപ്റ്റന്റെ കണ്ണുടക്കി. കല്ലില്‍ കൊത്തിയെടുത്ത തൂണുകള്‍ക്കിടയില്‍ സ്വര്‍ണവും ചുവപ്പും കലര്‍ന്ന നിറത്തിലുള്ള ഒരു പ്രകാശം.

വേട്ടയാടലിനിടയില്‍ ക്യാപ്റ്റന്‍ ജോണ്‍ സ്മിത്ത് എന്നെങ്കിലും ഒരു കടുവയെ കൊന്നിട്ടുണ്ടാകുമോ എന്നറിയില്ല, പക്ഷെ, അതിലും വലുതായിരുന്നു ആ ദിവസം അയാള്‍ കണ്ട കാഴ്ച.

കടുവയെ പിന്നെ നോക്കാം, എന്ന് തീരുമാനിച്ച് ക്യാപ്റ്റന്‍ ആ പ്രകാശത്തിനു നേരെ നടന്നതാകാം, എന്തായാലും പ്രകാശം തേടി പോയ ക്യാപ്റ്റന്‍ കണ്ടെത്തിയത് നൂറ്റാണ്ടുകളായി മറഞ്ഞിരുന്ന അത്ഭുത ലോകത്തിന്റെ പ്രവേശന കവാടമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അദ്ദേഹം കാടുകള്‍ വെട്ടിമാറ്റി ഗുഹയ്ക്കുള്ളിലേക്ക് കടന്നു. നേരെ ചെന്നു കയറിയത് ഒരു ഗുഹയിലേക്കായിരുന്നു. ഉള്ളില്‍ കണ്ട കാഴ്ചകള്‍ അയാളെ അമ്പരപ്പിച്ചു കാണണം. സത്യമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാത്ത ഒരു നിമിഷം അയാളും കൂടെയുള്ളവരും അനുഭവിച്ചിട്ടുണ്ടാകാം.

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള, ബുദ്ധഭിക്ഷുക്കള്‍ കൊത്തിയുണ്ടാക്കിയ വിശാലമായ പ്രാര്‍ത്ഥനാ മണ്ഡപങ്ങള്‍ , ചുമരുകളിലും മേല്‍ക്കൂരകളിലും ബുദ്ധന്റെ ജീവിത കഥകള്‍ കൊത്തിയുണ്ടാക്കിയിരിക്കുന്നു. കാടിനുള്ളില്‍ മറഞ്ഞുകിടന്ന ഒരു പുരാതന ലോകം വീണ്ടും വെളിച്ചം കണ്ട നിമിഷമായിരുന്നു അത്.

അവിടെ പത്താം നമ്പര്‍ ഗുഹയിലെ ഒരു ബുദ്ധശില്‍പ്പത്തിന്റെ ചുമരില്‍ ഒരു പേരും തീയതിയും കാണാം. 'John Smith, 28th Cavalry, 28th April, 1819...'

1819ല്‍ കണ്ടെത്തിയ ലോകാത്ഭുതം; അജന്ത ഗുഹകള്‍
ലോകയിലെ ഇഷ്താര്‍ അനുനാക്കിയോ?

താനാണ് ഈ കണ്ടെത്തലിനു പിന്നില്‍ എന്ന് തെളിയിക്കാന്‍ ക്യാപ്റ്റന്‍ ജോണ്‍ സ്മിത്തിന്റെ ബുദ്ധിയിലുതിച്ചതായിരുന്നു ചുമരില്‍ തന്റെ പേരും തീയതിയും എഴുതിവെക്കുക എന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം, പുരാവസ്തു ഗവേഷകര്‍ക്ക് ഈ ഗുഹകളുടെ കാലഘട്ടം നിര്‍ണ്ണയിക്കാന്‍ ഈ എഴുത്ത് ഒരു തരത്തില്‍ സഹായകമായി.

അങ്ങനെ, കടുവ വേട്ടയ്ക്കിറങ്ങിയ ക്യാപ്റ്റന്‍ ജോണ്‍ സ്മിത്ത്, യാദൃച്ഛികമായി അജന്താ ഗുഹകള്‍ എന്ന വിശ്വപ്രസിദ്ധമായ ബുദ്ധമത കേന്ദ്രം ലോകത്തിന് മുമ്പില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ഇന്ത്യന്‍ പുരാവസ്തു ചരിത്രത്തിലെ പ്രധാന വഴിത്തിരിവായി മാറി.

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്നും 107 കിലോമീറ്റര്‍ അകലെ ഉയര്‍ന്നു നില്‍ക്കുന്ന അജന്ത ഗുഹകള്‍. ഇവിടെ നിന്നും 12 കിലോമീറ്റര്‍ മാറിയുള്ള അജന്ത എന്ന ഗ്രാമത്തില്‍ നിന്നാണ് ഗുഹകള്‍ക്ക് ഈ പേര് ലഭിച്ചത്. പശ്ചിമഘട്ട മലനിരകളില്‍ വാഘോര നദിയുടെ തീരത്ത് ഒരു കുതിരലാടത്തിന്റെ ആകൃതിയില്‍ 250 അടി ഉയരത്തില്‍ നില്‍ക്കുന്ന മുപ്പത് ഗുഹകള്‍.

1819ല്‍ കണ്ടെത്തിയ ലോകാത്ഭുതം; അജന്ത ഗുഹകള്‍
The Mummy Returns | വില്ലനോ നായകനോ?

സ്മിത്തിന്റെ കണ്ടെത്തല്‍ അതിവേഗം പ്രചരിച്ചു. 1824-ല്‍ അജന്ത സന്ദര്‍ശിച്ച സ്‌കോട്ടിഷ് സൈനിക ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ സര്‍ ജെയിംസ് അലക്സാണ്ടറാണ് ഈ അത്ഭുതകരമായ ഗുഹാചിത്രങ്ങളെക്കുറിച്ച് ആദ്യമായി പ്രസിദ്ധീകരിച്ചത്. 1829-ല്‍ 'ട്രാന്‍സാക്ഷന്‍സ് ഓഫ് ദി റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ ആന്‍ഡ് അയര്‍ലന്‍ഡില്‍' അജന്ത ഗുഹയിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു.

ഏകദേശം 76 മീറ്റര്‍ ഉയരമുള്ള പാറക്കെട്ടിലെ കുതിരലാടത്തിന്റെ ആകൃതിയിലുള്ള വളവില്‍ ആണ് ഈ ഗുഹകള്‍ കൊത്തിയെടുത്തിരിക്കുന്നത്. ഈ താഴ്വരയുടെ സ്ഥാനം ബുദ്ധ സന്യാസിമാര്‍ക്ക് മഴക്കാലത്ത് ഗുഹയ്ക്കുള്ളിലേക്ക് നീങ്ങാനും മതപരമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കാനും ശാന്തമായ ഒരന്തരീക്ഷം നല്‍കി.

ഏകദേശം ബി.സി. രണ്ടാം നൂറ്റാണ്ട് മുതല്‍ എ.ഡി. ആറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടങ്ങളിലായി വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഇവ നിര്‍മിച്ചത്. ഓരോ ഗുഹയും അരുവിയിലേക്ക് പടവുകള്‍ വഴി ബന്ധിപ്പിച്ചിരുന്നു, അവയില്‍ ചിലതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്. പണി പൂര്‍ത്തിയാകാത്ത ഒരു ഗുഹ ഉള്‍പ്പെടെ ആകെ 30 ഗുഹകളാണ് ഇവിടെയുള്ളത്.

9, 10, 19, 26, 29 എന്നിങ്ങനെ അഞ്ചെണ്ണം ചൈത്യഗൃഹങ്ങള്‍ അതായത് പ്രാര്‍ത്ഥനാ മുറികളും ബാക്കിയുള്ളവ ബുദ്ധ സന്യാസിമാരുടെ താമസസ്ഥലങ്ങളായ വിഹാരങ്ങളുമാണ്. 29-ാം നമ്പര്‍ ഗുഹ പണിതീരാത്ത ഒരു ചൈത്യഗൃഹമാണ്

ഗൗതമബുദ്ധന്റെ മരണശേഷം ബുദ്ധമതം മഹായാനം, ഹീനയാനം എന്നിങ്ങനെ രണ്ടായി പിളര്‍ന്നിരുന്നു. സംസ്‌കൃതത്തില്‍ 'മഹത്തായ വാഹനം' എന്നര്‍ത്ഥം വരുന്ന മഹായാന വിഭാഗം ബുദ്ധന്റെ ദിവ്യത്വത്തില്‍ വിശ്വസിച്ചു. ബുദ്ധമതത്തില്‍ വിഗ്രഹാരാധനയെ ഈ വിഭാഗം പ്രോത്സാഹിപ്പിച്ചു.

'ചെറിയ വാഹനം' എന്നര്‍ത്ഥം വരുന്ന ഹീനയാന വിഭാഗം ബുദ്ധന്റെ ദൈവത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. ഓരോ വ്യക്തിയും സ്വന്തം പ്രയത്നത്തിലൂടെയും അച്ചടക്കത്തിലൂടെയും നിര്‍വാണം (മോക്ഷം) നേടണമെന്നാണ് ഹീനയാന വിഭാഗത്തിന്റെ തത്വം. ബുദ്ധനായി മാറുക എന്നതിലുപരി, വ്യക്തിപരമായ മോചനം നേടിയ അവസ്ഥ കൈവരിക്കുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.

പറഞ്ഞു വന്നത്, അജന്തയിലെ ഗുഹകളെ കാലഘട്ടത്തിന്റേയും ശൈലിയുടേയും അടിസ്ഥാനത്തില്‍ ഈ രണ്ട് ഭാഗങ്ങളായി തിരിക്കാം എന്നാണ്. ഹീനയാന ഘട്ടത്തിലെ അഞ്ച് ഗുഹകളാണ് ഇവിടെയുള്ളത്. ക്രിസ്തുവിന് മുമ്പുള്ള കാലഘട്ടത്തിലേതെന്ന് കണക്കാക്കപ്പെടുന്ന ഈ ഗുഹകളില്‍ ഏറ്റവും പഴക്കമുള്ളത് ബിസി രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് അനുമാനിക്കുന്ന പത്താനം നമ്പര്‍ ഗുഹയാണ്. ഈ ഗുഹയിലേക്കാണ് നേരത്തേ പറഞ്ഞ ക്യാപ്റ്റന്‍ ജോണ്‍ സ്മിത്ത് യാദൃശ്ചികമായി ചെന്നു കയറിയത്. ഇവിടെ സ്തൂപത്തിനാണ് പ്രാധാന്യം നല്‍കിയത്.

അജന്ത ഗുഹകളിലെ രണ്ടാംഘട്ട നിര്‍മാണം ഗുപ്തന്മാരുടെ സമകാലികരായ വാകാടകന്മാരുടെ കാലത്താണ് ആരംഭിച്ചതെന്നാണ് കരുതുന്നത്. വാകാടക രാജാക്കന്മാരുടെയും അവരുടെ സാമന്തന്മാരുടെയും പ്രോത്സാഹനത്തിലാണ് ഗുഹകള്‍ നിര്‍മ്മിക്കപ്പെട്ടത്, ഇത് ഗുഹകളിലെ ലിഖിതങ്ങളില്‍ നിന്ന് വ്യക്തമാണ്. എഡി അഞ്ച്, ആറ് നൂറ്റാണ്ടുകളിലായി നിര്‍മിച്ച രണ്ടാം കാലഘട്ടത്തിലെ ഗുഹകള്‍ 18, 11, 14,29 എന്നിവയാണ്, ചിലത് മുന്‍കാല ഗുഹകളുടെ വിപുലീകരണങ്ങളായിരിക്കാം. 19, 26, 29 ഗുഹകള്‍ ചൈത്യഗൃഹങ്ങളാണ്. ബാക്കിയുള്ള വിഹാരങ്ങള്‍. ആദ്യകാല ഗുഹകളുടെ ചില നവീകരണവും പുനര്‍നിര്‍മ്മാണവും ഉള്‍പ്പെടുന്ന ഏറ്റവും വിപുലമായ ഗുഹകള്‍ ഈ കാലഘട്ടത്തിലാണ് നിര്‍മ്മിക്കപ്പെട്ടത്. രണ്ടാം ഘട്ടത്തില്‍ ബുദ്ധന്റെ രൂപത്തിനാണ് പ്രാധാന്യം നല്‍കിയത്. (ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും). മഹായാന ഗുഹകളില്‍ 1, 2, 16, 17 എന്നിവയാണ് ചിത്രങ്ങള്‍ക്ക് പേരുകേട്ടത്.

ബിസി രണ്ടാം നൂറ്റാണ്ടു മുതല്‍ എഡി ആറാം നൂറ്റാണ്ടു വരെയുള്ള നീണ്ട കാലം കൊണ്ട് തീര്‍ത്ത അജന്ത ഗുഹകള്‍ യുനസ്‌കോയുടെ പൈതൃക പട്ടികയിലും ഇടംനേടിയിട്ടുണ്ട്. അജന്തയിലെ ചിത്രങ്ങളും ശില്‍പ്പങ്ങളും ബുദ്ധമത കലയുടെ മാസ്റ്റര്‍പീസുകളായാണ് കണക്കാക്കപ്പെടുന്നത്.

ഹീനയാന ഘട്ടത്തിലെ അഞ്ച് ഗുഹകളാണ് അജന്തയിലുള്ളതെന്ന് പറഞ്ഞല്ലോ, ബുദ്ധനെ ഒരു അനിക്കോണിക്/പ്രതീകാത്മക രൂപത്തിലാണ് ഈ കാലഘട്ടത്തില്‍ ആരാധിച്ചിരുന്നത്. വിഗ്രഹാരാധന ഇല്ലാതിരുന്ന ഈ കാലത്തുള്ള ഗുഹകളില്‍ ചുവര്‍ചിത്രങ്ങള്‍ വളരെ കുറവാണ്.

ബുദ്ധനെ വിഗ്രഹരൂപത്തില്‍ ആരാധിച്ചിരുന്ന മഹായാന കാലഘട്ടത്തില്‍ നിര്‍മിച്ച രണ്ടാം ഘട്ടത്തില്‍ വിശ്വാസത്തിലെ വ്യത്യാസങ്ങള്‍ നിര്‍മിതിയിലും അലങ്കാരങ്ങളിലും വ്യക്തമായി മനസ്സിലാക്കാം. അതിമനോഹരമായ ചുവര്‍ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് ഈ ഗുഹകള്‍.

ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അജന്തയിലെ ബുദ്ധമത കേന്ദ്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടം അവസാനിച്ചു. രാഷ്ട്രീയവും മതപരവും സാമ്പത്തികവുമായ മാറ്റങ്ങളാണ് അജന്തയുടെ സുവര്‍ണകാലഘട്ടത്തിന് അന്ത്യം കുറിച്ചത്. ഇതില്‍ പ്രധാനം വാകാടക സാമ്രാജ്യത്തിന്റെ പതനമാണ്. എ.ഡി. 500-കളോടെ വാകാടക സാമ്രാജ്യം ശിഥിലമായതോടെ, ഗുഹകളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനും ആവശ്യമായ സാമ്പത്തിക സഹായവും രാജകീയ പിന്തുണയും നിലച്ചു.

മഹാരാഷ്ട്രയില്‍ തന്നെ എല്ലോറ പോലുള്ള പുതിയ ബുദ്ധമത-ഹിന്ദു-ജൈന ഗുഹാക്ഷേത്ര സമുച്ചയങ്ങള്‍ പ്രാധാന്യം നേടാന്‍ തുടങ്ങിയതോടെ അജന്തയിലെ സന്യാസിമാരുടെയും കലാകാരന്മാരുടെയും ശ്രദ്ധ പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കാരണമായി.

ഈ കാലഘട്ടത്തില്‍ തന്നെ ഇന്ത്യയില്‍ ബുദ്ധമതം ക്ഷയിക്കുകയും ഹൈന്ദവ മതങ്ങള്‍ക്ക് (പ്രത്യേകിച്ച് ശൈവ, വൈഷ്ണവ വിഭാഗങ്ങള്‍ക്ക്)പിന്തുണ വര്‍ധിക്കുകയും ചെയ്തു. ഇതും അജന്തയുടെ പതനത്തിലേക്കുള്ള വഴി തുറന്നു.

എ.ഡി. ഏഴാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരിയായ ഹ്യൂണ്‍ സാങ് അജന്തയെക്കുറിച്ച് വിവരിക്കുന്നുണ്ടെങ്കിലും, മറ്റ് ബുദ്ധമത കേന്ദ്രങ്ങളെപ്പോലെ അത്ര സജീവമായിരുന്നില്ല എന്ന് സൂചിപ്പിക്കുന്നുണ്ട്. അതായത് ഈ കാലത്തേക്ക് അതിന്റെ പ്രാധാന്യം കുറഞ്ഞിരുന്നു എന്ന് കണക്കാക്കാം.

എ.ഡി. 8-9 നൂറ്റാണ്ടുകളില്‍ അജന്തയിലെ 26 ാം നമ്പര്‍ ഗുഹയില്‍ കണ്ടെത്തിയ രാഷ്ട്രകൂട രാജവംശത്തിന്റെ ലിഖിതം ബുദ്ധമത കേന്ദ്രം പൂര്‍ണ്ണമായി ഉപേക്ഷിക്കപ്പെട്ടിരുന്നില്ലെന്നും ഹിന്ദു ഭരണാധികാരികളുടെ ശ്രദ്ധ അവിടെ എത്തിയിരുന്നെന്നും സൂചിപ്പിക്കുന്നു.

രാജകീയ പിന്തുണയും സാമ്പത്തിക സഹായവും നിലച്ചതോടെ, ബുദ്ധഭിക്ഷുക്കള്‍ പതുക്കെ ഗുഹകള്‍ ഉപേക്ഷിച്ചുപോയി. തുടര്‍ന്ന്, വാഘോര നദിയുടെ കൊക്കയിലെ ഒറ്റപ്പെട്ട ഈ സ്ഥലം കാടുകയറി. ഏകദേശം ആയിരം വര്‍ഷത്തോളം* അജന്താ ഗുഹകള്‍ പുറംലോകത്തിന് അജ്ഞാതമായിക്കിടന്നു. വന്യജീവികള്‍ക്കും പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ക്കും മാത്രം അറിയാവുന്ന അബാണ്ടന്‍ഡായ നിര്‍മിതിയായി. ഈ അത്ഭുതമാണ് 1819 ല്‍ കടുവയെ തേടി വന്ന ജോണ്‍ സ്മിത്ത് യാദൃശ്ചികമായി കണ്ടെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com