ലോക സിനിമയില്‍ പറഞ്ഞു പോകുന്ന ഇഷ്താര്‍ എന്ന കഥാപാത്രത്തില്‍ നിന്ന് തുടങ്ങാം. ഇഷ്താറും മൂത്തോനുമൊക്കെ ഈ ഒരു സിനിമയ്ക്കു വേണ്ടി മാത്രം ഉണ്ടാക്കിയ കഥാപാത്രങ്ങളും കഥകളുമല്ല. അതിന് ഗ്രീക്ക് മിത്തോളജിയും സുമേറിയന്‍ സംസ്‌കാരവുമായും അനുനാകി എന്ന ഗൂഢവാദവുമായുമൊക്കെ ബന്ധമുണ്ട്.
ലോകയുടെ ടൈറ്റില്‍ സോങ്ങിലെ ആനിമേഷന്‍ സീക്വന്‍സില്‍ ഭൂമിയിലേതല്ലാത്ത സ്ഥലങ്ങളും കഥാപശ്ചാത്തലവും കാണാം. സിനിമയില്‍ പറയുന്ന ഇഷ്താര്‍ എന്ന പേരും ഇതിനോട് ചേര്‍ത്തു പറയാം. ഇത് ഇഷ്താറിന്റെ കഥയാണ്, അന്യഗ്രഹത്തില്‍ നിന്ന് വന്ന് ഭൂമിയിലെ മനുഷ്യരുടെ ദേവതയായി മാറിയ, സുമേറിയന്‍ സംസ്‌കാരം തൊട്ട് പ്രചരിക്കുന്ന ഇനാന എന്ന ഇഷ്താറിന്റെ കഥ.
എല്ലാത്തിന്റേയും തുടക്കക്കാരെന്ന് സുമേറിയന്‍ ജനതയെ വിളിക്കാം. ലോകത്തിലെ ആദ്യ നാഗരികതകളിലൊന്ന്. പുരാതന മെസൊപ്പൊട്ടോമിയയില്‍, അതായത് ഇന്നത്തെ ഇറാഖില്‍ യൂഫ്രട്ടീസ്, ടൈഗ്രീസ് നദികള്‍ക്കിടയിലെ ഫലഭൂയിഷ്ഠമായ ഭൂമിയിലാണ് ഈ സംസ്‌കാരം വികസിച്ചത്. ബിസി ആറാം സഹസ്രാബ്ദത്തിനും അഞ്ചാം സഹസ്രാബ്ദത്തിനും ഇടയിലുള്ള ചാല്‍ക്കോലിത്തിക് കാലഘട്ടത്തിലും വെങ്കലയുഗം, ബ്രോണ്‍സ് ഏജിന്റെ തുടക്ക കാലഘട്ടത്തിലുമാണ് സുമേറിയന്‍ നാഗരികത ഉയര്‍ന്നു വന്നത്. ബിസി 4500 നും 1900 നും ഇടയില്‍ സുമേറിയന്‍ സംസ്‌കാരം അതിന്റെ ഏറ്റവും ശക്തമായ കാലഘട്ടത്തിലെത്തി.
എല്ലാത്തിന്റേയും തുടക്കക്കാരെന്ന് സുമേറിയന്‍ ജനതയെ വിശേഷിപ്പിക്കാമെന്ന് പറഞ്ഞത് വെറുതേയല്ല, നമ്മുടെ, ഇന്നത്തെ ലോകത്തിന്റെ ബേസ് എന്ന് പറയുന്നത് അവരാണ്. അവരാണ് ഇന്ന് ലോകം ചലിക്കുന്നതില്‍ നിര്‍ണായകമായ എല്ലാ കണ്ടുപിടുത്തങ്ങളും നടത്തിയത്. മെസപ്പൊട്ടേമിയന്‍ സംസ്‌കാരങ്ങളുടെ അടിത്തറ സുമേറിയന്‍ സംസ്‌കാരമാണ്. മാത്രമല്ല, എല്ലാ നാഗരികതകളുടെയും കളിത്തൊട്ടില്‍ എന്നാണ് സുമേറിയന്‍ സംസ്‌കാരത്തെ വിശേഷിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലിപിയായ ക്യൂണിഫോം വികസിപ്പിച്ചത് അവരാണ്. ഉറൂക്ക് പോലത്തെ ലോകത്തിലെ ആദ്യ നഗരങ്ങള്‍ നിര്‍മിച്ചു. ജലസേചന സമ്പ്രദായങ്ങള്‍ വികസിപ്പിച്ചു, അതുവഴി കൃഷിയും. കളിമണ്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്നതിനായി ആദ്യത്തെ ചക്രം നിര്‍മ്മിച്ചു, ഇത് പിന്നീട് ഗതാഗതത്തിനായി ഉപയോഗിക്കാവുന്ന ചക്രത്തിലേക്ക് എത്തി. ഒരു ദിവസത്തെ 12 മണിക്കൂര്‍ വീതമുള്ള രണ്ട് ഭാഗങ്ങളായും, ഒരു മണിക്കൂറിനെ 60 മിനിറ്റായും, ഒരു മിനിറ്റിനെ 60 സെക്കന്റായും വിഭജിച്ച് സമയത്തെ ക്രമീകരിച്ചതും സുമേറിയക്കാരാണ്.
ഈജിപ്തുകാര്‍ പിരമിഡ് ഉണ്ടാക്കുന്നതിനു മുമ്പ് സുമേറിയന്‍ ജനത പിരമിഡുകളുണ്ടാക്കി. അത് പക്ഷേ, ഭരണാധികാരികളുടെ മമ്മി സൂക്ഷിക്കാന്‍ വേണ്ടിയായിരുന്നില്ല. സ്വിഗറാത്തുകള്‍ എന്ന് വിളിക്കുന്ന സുമേറിയന്‍ പിരമിഡുകള്‍ ആരാധനാലയങ്ങളായിരുന്നു. സുമേറിയന്‍ ജനതയുടെ വാസ്തുവിദ്യ ആ കാലത്ത്് തന്നെ എത്രയോ അഡ്വാസ്ഡായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് സ്വിഗറാത്തുകളുടെ രൂപകല്‍പ്പന.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇതിഹാസമായ ഗില്‍ഗമെഷ് ഇതിഹാസം, എപിക് ഓഫ് ഗില്‍ഗമെഷ് ... സുമേറിയന്‍ സാഹിത്യത്തില്‍ നിന്നുള്ളതാണ്. നേരത്തേ പറഞ്ഞ ഇഷ്താര്‍ ഒക്കെ ഈ ഇതിഹാസത്തിലാണ് വരുന്നത്. അതിലേക്ക് വരാം.
സുമേറിയക്കാരുടെ സ്വിഗറാത്തുകളെന്ന ആരാധനാലയങ്ങളെ കുറിച്ച് പറഞ്ഞല്ലോ, ബഹുദൈവാരാധകരായിരുന്നു അവര്‍. കാലക്രമേണ സുമേറിയന്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും സുമേറിയന്‍ സംസ്‌കാരത്തിന്റെ ഭരണം നഗര-രാഷ്ട്രങ്ങള്‍ എന്ന സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതായത് ഒരു ഏകീകൃത രാജ്യമായിരുന്നില്ല, ഓരോ നഗരവും സ്വതന്ത്രമായ ഒരു രാഷ്ട്രമായി പ്രവര്‍ത്തിച്ചു. ഈ നഗരരാഷ്ട്രങ്ങളുടേയും പ്രവര്‍ത്തനം അവയുടെ രക്ഷാധികാരികളായ ദേവന്മാര്‍ക്കും ദേവതമാര്‍ക്കും സമര്‍ക്കിപ്പെട്ട ക്ഷേത്രങ്ങളാല്‍ അതായത് സ്വിഗറാത്തുകളില്‍ കേന്ദ്രീകൃതമായിരുന്നു.
സുമേറിയക്കാര്‍ സാസ്‌കാരികമായി മുന്നിട്ടു നില്‍ക്കുന്നവരാണെന്ന് പറഞ്ഞല്ലോ, കൃത്യമായ ജീവിതശൈലിയും അവര്‍ പുലര്‍ത്തിയിരുന്നു. ഇതെങ്ങനെ സംഭവിച്ചു, അതായത്, മൃഗതുല്യമായ ജീവതത്തില്‍ നിന്നും മനുഷ്യന്‍ എന്ന് പറയുന്ന തലത്തിലേക്കുള്ള ഈ സ്വിച്ചിങ് എങ്ങനെ സംഭവിച്ചു. കാലഘട്ടങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും സയന്‍സ് കൃത്യമായ മറുപടി നല്‍കുന്നുണ്ടെങ്കിലും ഈ ഭാഗത്ത് എത്തുമ്പോള്‍ ആദ്യത്തെ ഗൂഢസിദ്ധാന്തം പിറവിയെടുക്കുകയാണ്... അനുനാകികള്‍. അനുനാകികളെ കുറിച്ച് പലരും കേട്ടുകാണും. അനുനാകികള്‍ ഭൂമിയില്‍ വന്നു പോയിട്ടുണ്ടെന്നും അവര്‍ ഇനിയും വരുമെന്നും ഏലിയന്‍സാണെന്നുമൊക്കെയുള്ള സിദ്ധാന്തങ്ങളുണ്ട്. പക്ഷേ, സുമേറിയക്കാര്‍ അനുനാകികളെ എങ്ങനെയാണ് കണ്ടിരുന്നത്?
സുമേറിയന്‍, ബാബിലോണിയന്‍, അസീറിയന്‍,അക്കേഡിയന്‍ തുടങ്ങി വിവിധകാലഘട്ടത്തിലെ മെസപ്പൊട്ടേമിയന്‍ മേഖലകളിലെ ദേവകളായിരുന്നു അനുനാകികള്‍. സമൂഹത്തെ രൂപപ്പെടുത്തിയ ദേവകളായാണു സുമേറിയക്കാര്‍ അനുനാകികളെ കണക്കാക്കിയത്. ആകാശത്തിന്റെ ദേവനായ അനുവിന്റേയും ഭൂമിയുടെ ദേവതയായ കിയുടേയും സന്തതികളെയാണ് അനുനാകികള്‍ എന്ന് വിളിക്കുന്നത്. മനുഷ്യന്റെ വിധി നിര്‍ണയിക്കുക എന്നതായിരുന്നു അനുനാകികളുടെ പ്രധാന ചുമതല. സുമേറിയക്കാര്‍ അവരുടെ ദൈവങ്ങളായ അനുനാകികളെ സ്വര്‍ഗത്തില്‍ നിന്ന് വന്നവരായാണ് കണ്ടിരുന്നത്. ഗില്‍ഗമേഷിന്റെ ഇതിഹാസത്തില്‍ അനുനാകികളെ കുറിച്ച് പറയുന്നുണ്ട്. സ്വര്‍ഗത്തില്‍ നിന്ന് വന്നവരെന്ന് പറയുന്ന അനുനാകികളെ കുറിച്ച് ഭൂമിയില്‍ ചില നിഗൂഡവാദങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സക്കറിയ സിച്ചിന്‍ എന്നയാളുടെ സിദ്ധാന്തം. 1976 ല്‍ ട്വല്‍ത്ത് പ്ലാനറ്റ് എന്ന പുസ്തകത്തില്‍ അനുനാകികളെ കുറിച്ച് സിച്ചിന്‍ ചില വാദങ്ങളും നടത്തുന്നുണ്ട്. സൗരയൂഥത്തിന്റെ അറ്റത്ത് നിബിരു എന്നൊരു ഗ്രഹമുണ്ട്. അവിടെ നിന്ന് പേടകങ്ങളില്‍, സ്പേസ് ഷിപ്പില്‍ എത്തിയവരായിരുന്നു അനുനാകികള്‍. അവര്‍ ഇവിടെയെത്തി ഭൂമിയിലെ മനുഷ്യരെ അടിമകളാക്കി. വെറുതെ വന്ന് അടിമകളാക്കുകയായിരുന്നില്ല, അതിനൊരു ജസ്റ്റിഫിക്കേഷന്‍ ഉണ്ട്. നിബിരു എന്ന ഗ്രഹത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലായപ്പോള്‍ അവര്‍ക്ക് സര്‍വൈവ് ചെയ്യാന്‍ അമൂല്യമായ ഒരു മഞ്ഞ ലോഹം ആവശ്യമായിരുന്നു, സ്വര്‍ണം. ഈ സ്വര്‍ണം തേടിയാണ് അവര്‍ ഭൂമിയിലെത്തിയത്. ഭൂമിയിലെത്തിയ അനുനാകികള്‍ മെസപ്പൊട്ടേമിയയില്‍ എത്തി. സ്വര്‍ണം ഖനനം ചെയ്യാന്‍ അവര്‍ക്ക് തൊഴിലാളികളെ വേണമായിരുന്നു, അങ്ങനെ ജനിതക മ്യൂട്ടേഷനിലൂടെ ബുദ്ധിയുള്ള ഒരു വിഭാഗത്തെ അവര്‍ ഉണ്ടാക്കി.. അവരാണ് മനുഷ്യര്‍.
സുമേറിയന്‍ ഗ്രന്ഥങ്ങളില്‍ അനുനാകികളെ ദൈവങ്ങളായാണ് കാണുന്നതെന്ന് വ്യക്തമായി പറയുന്നുണ്ടെങ്കിലും അവര്‍ അന്യഗ്രജീവികളാണെന്നോ സ്വര്‍ണ്ണത്തിനായി മനുഷ്യനെ സൃഷ്ടിച്ചതായോ ഈ ഗ്രന്ഥങ്ങളില്‍ എവിടെയും വ്യക്തമായി പറയുന്നില്ല. പക്ഷെ, മനുഷ്യര്‍ക്ക് നാഗരികതയുടെ ഭാഗമായ വ്യവസായങ്ങളും നിയമങ്ങളും പകര്‍ന്നു നല്‍കിയ എന്‍കി എന്ന് പേരുള്ള ദേവനെ കുറിച്ച് പറയുന്നുണ്ട്. അനുനാകികളില്‍ ഒരാളായാണ് എന്‍കിയെ വിശ്വസിക്കുന്നത്. പ്രാചീന സുമേറിയക്കാര്‍ ദൈവങ്ങളായി കണ്ട ഈ അന്യഗ്രഹജീവികളാണ് സുമേറിയക്കാര്‍ക്ക് അവരുടെ അത്യാധുനിക വിജ്ഞാനവും സംസ്‌കാരവും കൈമാറിയത്. അങ്ങനെയാണ് സുമേറിയക്കാര്‍ ആ കാലഘട്ടത്തില്‍ വളരെ അഡ്വാന്‍സ്ഡായി മാറിയത് എന്നാണ് ഗൂഢസിദ്ധാന്തം.
സുമേറിയന്‍ മിത്തും അതില്‍ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ഗൂഢവാദങ്ങളും ചേര്‍ത്ത് ഇന്‍ട്രസ്റ്റിങ്ങായി രൂപപ്പെടുത്തിയതാണ് സക്കറിയ സിച്ചിന്റെ ട്വല്‍ത്ത് പ്ലാനറ്റ്. അനുനാകികളെ കുറിച്ച് കൂടുതലറിയാന്‍ ഈ പുസ്തകം മുതല്‍ വായിച്ചു തുടങ്ങാം. പ്രധാനമായും ഏഴ് അനുനാകികളെ കുറിച്ചാണ് പറയുന്നത്. അവരില്‍ സ്ത്രീ ദേവതകളും പുരുഷ ദേവന്മാരുമുണ്ട്. അവരില്‍ ഒരാളാണ് ഇഷ്താര്‍... ലോക സിനിമയില്‍ പറയുന്ന അതേ ഇഷ്താര്‍. അനുനാകികളുടെ കൗണ്‍സിലിലെ പ്രധാന ദേവതയായിരുന്നു ഇഷ്താര്‍. സിനിമയില്‍ ഇഷ്താറിനെ മെയിന്‍ വില്ലനായിട്ടാണല്ലോ പറയുന്നത്, അതിനൊരു കാരണമുണ്ട്. സുമേറിയന്‍ പുരാണങ്ങളിലെ ദേവതകളുടെ കഥാപാത്ര നിര്‍മിതി വളരെ സങ്കീര്‍ണമാണ്. അതില്‍ ഏറ്റവും സങ്കീര്‍ണമാണ് ഇനാന, ഈ ഇനാന തന്നെയാണ് അക്കാഡിയന്‍ ബാബിലോണിയന്‍ സംസ്‌കാരത്തിലെ ഇഷ്താറും. ഒരേ സമയം സ്നേഹത്തിന്റേയും യുദ്ധത്തിന്റേയും, പിറവിയുടേയും സംഹാരത്തിന്റേയും പ്രതികാരത്തിന്റേയും ദേവതയാണ് ഇഷ്താര്‍. ആകാശത്തിന്റെ റാണിയായി കണക്കാക്കുന്ന ഇനാന വീനസ്, ശുക്ര ഗ്രഹവുമായി ബന്ധപ്പെട്ടുള്ള മിത്താണ്.
സുമേറിയന്‍ പുരാണങ്ങളിലെ ദൈവങ്ങളുടെ പ്രത്യേകതയായി പറയാവുന്നത് ഈ ദൈവങ്ങള്‍ മനുഷ്യരെ പോലെ ഇമോഷണിലെ ഡ്രിവണാണ്, അതായത് ഈ ദൈവങ്ങള്‍ യുക്തിപരമായി ചിന്തിക്കുന്നതിനു പകരം വൈകാരികമായിട്ടാണ് പ്രതികരിക്കുക. ഇഷ്താറിന്റെ കാര്യം തന്നെയെടുക്കാം. എന്‍ര്‍ജറ്റിക്കായ യൂത്ത്ഫുളായ ഇഷ്താര്‍ അതേസമയം തന്നെ മൂഡിയും പെട്ടെന്ന് മൂഡ് സ്വിങ്സുമുണ്ടാകുന്ന കോംപ്ലക്സായ ക്യാരക്ടറാണ്. പ്രിയപ്പെട്ടവരെ എന്ത് വിലകൊടുത്തും സംരക്ഷിച്ചു നിര്‍ത്തുന്ന, സ്നേഹത്തില്‍ നിന്നും പെട്ടെന്ന് ശത്രുതയിലേക്ക് മാറുന്ന ഇഷ്താറിന്റെ മൂഡിനനുസരിച്ച് ലോകത്ത് വന്‍ ദുരന്തങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്നാണ് പുരാണം. എട്ട് ഇതളുള്ള നക്ഷത്രം, സിംഹവുമൊക്കെയാണ് ഇഷ്താറിന്റെ ചിഹ്നങ്ങള്‍. ഇന്നും ഫെമിനീന്‍ പവറിന്റെ അടിസ്ഥാനം ഇഷ്താറാണ്.
ഇഷ്താറിന്റെ ക്യാരക്ടര്‍ കോംപ്ലക്സിറ്റി വ്യക്തമാക്കുന്ന ഒരു കഥയുണ്ട്, എപിക് ഓഫ് ഗില്‍ഗമെഷില്‍ പറയുന്ന ആ കഥ ഇങ്ങനെയാണ്, അതിസുന്ദരനും ജ്ഞാനിയുമായിരുന്നു ഉറൂക്ക് നഗരത്തിലെ രാജാവാണ് ഗില്‍ഗമെഷ്. ഗില്‍ഗമെഷിന്റെ ഓറയില്‍ അനുരക്തയായ ഇഷ്താര്‍ അദ്ദേഹത്തോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. എന്നാല്‍, ഇഷ്താറിന്റെ മുന്‍ കാമുകന്മാരുടെ വിധി എന്തായിരുന്നുവെന്ന് അറിയാമായിരുന്നു ഗില്‍ഗമെഷ് ആ പ്രണയാഭ്യാര്‍ത്ഥന ക്രൂരമായി നിരസിച്ചു. ഇതോടെ ഇഗോ ഹേര്‍ട്ടായ ഇഷ്താര്‍ തന്റെ പിതാവും ആകാശത്തിന്റെ ദേവനുമായ അനുവിന് അടുത്തെത്തി ഗില്‍ഗമെഷിനെ ശിക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. ഇഷ്താറിന്റെ കോപത്തെ കുറിച്ച് വ്യക്തമായി അറിയാമായിരുന്ന പിതാവ് മടിച്ചാണെങ്കിലും ഉറൂക്കിനെ നശിപ്പിക്കാന്‍ സ്വര്‍ഗത്തിലെ കാളയെ അയച്ചു.
ഈ കാള ഊറൂക്കിലെത്തി ഒറ്റ ശ്വാസം കൊണ്ട് നദി വറ്റിക്കുകയും ജനങ്ങളെ കൊല്ലുകയും ചെയ്തു. എന്നാല്‍, യോദ്ധാവായ ഗില്‍ഗമെഷ് ചങ്ങാതിയായ എന്‍കിദുവിനൊപ്പം ചേര്‍ന്ന് കാളയെ വധിച്ചു. ഇതോടെ ദൈവങ്ങള്‍ക്കിടയില്‍ വലിയ കോണ്‍ഫ്ളിക്റ്റും യുദ്ധവുമുണ്ടാകുകയാണ്. എന്‍കിദുവാകട്ടെ കാളയുടെ ഒരു ഭാഗം ഇഷ്താറിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഇതിനു പ്രതികാരമായി ഇഷ്താറും മറ്റ് ദേവതകളും ചേര്‍ന്ന് എന്‍കിദുവിന് നല്‍കിയ ശിക്ഷ മഹാരോഗമായിരുന്നു. രോഗം ബാധിച്ചായിരുന്നു എന്‍കിദുവിന്റെ അന്ത്യം. ഇഷ്താറിന്റെ കോപത്തിന് പാത്രമായാല്‍ എത്ര വലിയ വില നല്‍കേണ്ടി വരുമെന്നതിന്റെ ഒരു ഉദാഹരണമാണ് ഈ കഥ.
ഇഷ്താറിന്റെ മരണവും തിരിച്ചുവരവും സൂചിപ്പിക്കുന്ന മറ്റൊരു കഥ കൂടിയുണ്ട്. അതിങ്ങനെയാണ്. ഇഷ്താറിന്റെ സഹോദരിയാണ് പാതാളത്തിന്റെ അധിപയായ എറേഷ്‌കിഗല്‍. പാതാളത്തിലുള്ള സഹോദരിയുടെ അടുത്തേക്ക് ഇഷ്താര്‍ പോകുകയാണ്. ഏഴ് കവാടങ്ങള്‍ കടന്നുവേണം പാതാളത്തിലേക്ക് പ്രവേശിക്കാന്‍. ഓരോ കവാടങ്ങളും പ്രവേശിക്കുമ്പോള്‍ ഇഷ്താറിന്റെ ഓരോ കഴിവുകള്‍ നഷ്ടമാകും. അങ്ങനെ ഏഴ് കവാടങ്ങളും കടന്ന് നഗ്‌നയായി ശക്തി ക്ഷയിച്ചവളായിട്ടാണ് ഇഷ്താര്‍ പാതാളത്തിലെത്തുന്നത്. ഇവിടെ വെച്ച് പാതാളത്തിലെ ന്യായാധിപന്മാരാര്‍ ഇഷ്താറിനെ വധിച്ചു. സഹോദരിയെ കാണാന്‍ പോകുന്നതിന് മുമ്പ് ഇഷ്താര്‍ തന്റെ മാതാപിതാക്കളോടും സഹോദരനും സൂര്യദേവനുമായ ഉതുവിനോടും ഒരു കാര്യം പറഞ്ഞേല്‍പ്പിച്ചിരുന്നു, മൂന്ന് രാത്രിയും മൂന്ന് പകലും കഴിഞ്ഞിട്ടും തന്നെ കണ്ടില്ലെങ്കില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമെന്ന് കരുതണം. അങ്ങനെ മൂന്ന് പകലും മൂന്ന് രാത്രിയും ഇഷ്താര്‍ പാതാളത്തില്‍ മരിച്ചു കിടുന്നു. ഇഷ്താറിനെ രക്ഷിക്കാന്‍ ജ്ഞാന ദേവനായ എന്‍കി ഇടപെട്ടു. ജീവന്റെ അപ്പവും ജലവും നല്‍കി ഇഷ്താറിനെ പുനര്‍ജീവിപ്പിച്ചുവെന്നാണ് ആ കഥ. മരിച്ച് പുനര്‍ജീവിച്ച ദൈവമാണ് ഇഷ്താര്‍.
മെസപ്പൊട്ടേമിയന്‍ പുരാണങ്ങളില്‍ അന്ത്യമില്ലാത്ത ശക്തിയാണ് ഇഷ്താര്‍. ഇഷ്താറിന്റെ ഗ്രഹം ശുക്രനാണെന്ന് നേരത്തേ പറഞ്ഞല്ലോ, ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ഗ്രഹമാണ് വീനസ്. ഈ ഗ്രഹം ആകാശത്ത് തിളങ്ങുന്നിടത്തോളം ഇഷ്താറിന്റെ ശക്തി ക്ഷയിക്കില്ലെന്നാണ് വിശ്വാസം.
ലോക സിനിമയുടെ ടൈറ്റില്‍ സോങ്ങില്‍ കാണുന്ന ആനിമേഷനില്‍ ശുക്രനെന്ന് തോന്നിക്കുന്ന ഗ്രഹവും അവിടെയൊരു റാണിയേയുമൊക്കെ കാണിക്കുന്നുണ്ട്. ഇത് ഇഷ്താറാണെന്നും ഇഷ്താര്‍ അയച്ച ദൂതനാണ് മൂത്തോന്‍ എന്നൊക്കെ തരത്തില്‍ പലരും എക്സ്പ്ലെയിന്‍ ചെയ്ത് കഴിഞ്ഞതാണ്. അങ്ങനെയാണെങ്കില്‍ പകയുടെ പ്രതിരൂപമായ ഇഷ്താര്‍ ഭൂമിയിലേക്കെത്തുമ്പോള്‍ നടക്കുന്ന ഘോരയുദ്ധവുമൊക്കെ എങ്ങനെയായിരിക്കുമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ.