
ഉഷ്ണമേഖലാ പക്ഷി ഇനങ്ങൾ ഉൾപ്പെടെയുള്ള ജീവികളാൽ സമ്പന്നമായ മികച്ച ആവാസവ്യവസ്ഥയാണ് ഇന്ത്യക്കുള്ളത്. എന്നാൽ അതു തകരുന്നുവെന്ന് കാണിക്കുന്ന പഠനങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 1980 മുതല്‍ ഇങ്ങോട്ട് കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് വര്‍ധിച്ചുവരുന്ന ചൂടിന്‍റെ തീവ്രത കാരണം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന പക്ഷികളുടെ എണ്ണം 38 ശതമാനം വരെ കുറഞ്ഞിരിക്കുന്നു. പോട്‌സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ്റി സെര്‍ച്ച് (പിഐകെ), ക്വീന്‍സ്ലാൻഡ് സര്‍വകലാശാല, ബാഴ്‌സലോണ സൂപ്പര്‍ കമ്പ്യൂട്ടിംഗ് സെൻ്റർ (ബിഎസ്‌സി) എന്നിവയിലെ ശാസ്ത്രജ്ഞരാണ് നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
"A recent study published in Nature by scientists from the Potsdam Institute for Climate Impact Research (PIK), the University of Queensland and the Barcelona Supercomputing Centre (BSC), finds that tropical birds are now subjected to extreme heat on average for 30 days annually — an increase from just 3 days a mere four decades ago. Overall, the frequency of extreme heat events has risen tenfold since 1980, the researchers say."
ഉഷ്ണമേഖലാ പക്ഷികൾ ഇപ്പോൾ പ്രതിവർഷം ശരാശരി 30 ദിവസം കടുത്ത ചൂടിന് വിധേയമാകുന്നുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. 40 വർഷം മുൻപ് ഇത് പ്രതിവർഷം മൂന്ന് ദിവസമായിരുന്നു. 1980 മുതൽ പത്തിരട്ടിയോളം ചൂട് വർധിച്ചു. ഈ കാലാവസ്ഥാ വ്യതിയാനം പക്ഷികളിൽ ഉയർന്ന മരണനിരക്ക്, പ്രത്യുൽപാദനക്ഷമത കുറയൽ, പ്രജനന സ്വഭാവത്തിലെ മാറ്റങ്ങൾ, കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് കുറയൽ എന്നിവയിലേക്ക് നയിക്കുന്നു.
ഇടതൂർന്ന വനങ്ങളിലും തണ്ണീർത്തടങ്ങളിലും വസിക്കുന്ന നിരവധി പക്ഷിയിനങ്ങൾക്ക് ഇത്തരത്തിൽ താപനില ഉയരുന്നതിനെ പ്രതിരോധിച്ച് ജീവിക്കുക എന്നത് പ്രയാസകരമാണ്. നിലവിലെ ഡാറ്റകളും, കാലാവസ്ഥാ റിപ്പോർട്ടുകളും വിശകലനം ചെയ്ത ശാസ്ത്രജ്ഞർ, താപനിലയിൽ വന്ന പ്രകടമായ മാറ്റം ഉഷ്ണമേഖലാ പക്ഷികളുടെ എണ്ണത്തിൽ 25 മുതൽ 38 ശതമാനം വരെ കുറവുണ്ടാക്കിയതായി കണ്ടെത്തി.
നിർജലീകരണവും താപ സമ്മർദ്ദവും പക്ഷികളെ വലയ്ക്കുന്നുണ്ട്. അമിതമായ ചൂട് അധിക മരണനിരക്ക്, പ്രത്യുൽപാദനക്ഷമത കുറയ്ക്കൽ, പ്രജനന സ്വഭാവത്തിലെ മാറ്റങ്ങൾ, സന്താനങ്ങളുടെ അതിജീവനം കുറയ്ക്കൽ എന്നിവയ്ക്ക് കാരണമാകുന്നതായും ഗവേഷകർ പറയുന്നു. പക്ഷികളുടെ കുറവിൽ ആമസോണിലെയും പനാമയിലെയും മഴക്കാടുകളിലെ സമീപകാലത്തെ ഉദാഹരണങ്ങളും അവർ പരാമർശിച്ചു. ഇന്ത്യയിലെ ജൈവവൈവിധ്യ ഹോട്ട് സ്‌പോട്ടുകളിലും അത്തരം സാഹചര്യം രൂപപ്പെടുന്നതായാണ് കണ്ടെത്തൽ.
ഇന്ത്യൻ മഴക്കാടുകളിലും കണ്ടൽക്കാടുകളിലും താപനിലയിൽ കാര്യമായ മാറ്റങ്ങൾ വരുന്നുണ്ട്. പശ്ചിമഘട്ടം, വടക്കു കിഴക്കൻ ഇന്ത്യയിലെ വനങ്ങൾ, സുന്ദർബൻസ്, മറ്റ് തീരദേശ ആവാസ വ്യവസ്ഥകൾ തുടങ്ങിയ സുപ്രധാന ഇടങ്ങളെയെല്ലാം ഈ മാറ്റങ്ങൾ ബാധിക്കുന്നു. പക്ഷികളുടെ കണക്കെടുപ്പ് പോലുള്ള നടപടികളിലേക്ക് കൂടുതൽ കടന്നാലേ കൃത്യമായ വിവരങ്ങൾ ലഭ്യമാകുകയുള്ളു എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഗുജറാത്തിലെ ജാംനഗർ പോലുള്ള സ്ഥലങ്ങളിൽ, ഈ വർഷം വെള്ളത്തിനടിയിലുള്ള പക്ഷികളുടെയും മറ്റ് തീരദേശ ജീവികളുടെയും ആദ്യ സെൻസസ് മാത്രമേ ആരംഭിച്ചിട്ടുള്ളൂവെന്നും അവർ ചൂണ്ടിക്കാട്ടി.
പക്ഷികൾക്ക് മാത്രമല്ല പല ജീവിവർഗങ്ങൾക്കും വേണ്ടത്ര വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയാത്ത വേഗതയിലാണ് താപനിലയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. മാറിയ കുടിയേറ്റ രീതികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പക്ഷിശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി ഈ വിഷയത്തിൽ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾക്കും വിവര ശേഖരണത്തിനും നാം തയ്യാറാകണം. സംരക്ഷിത മേഖലകളിലെങ്കിലും വനനശീകരണം ഉൾപ്പെടെ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ക്വീൻസ്‌ലാൻഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷക തത്സുയ അമാനോ പറയുന്നു.
ഇന്ത്യയ്ക്ക് അതിന്റെ സ്പീഷിസ് വൈവിധ്യവും സ്വാഭാവിക ആവാസ വ്യവസ്ഥകളും സംരക്ഷിക്കുന്നതിന് മൂന്ന് തലത്തിലുള്ള പഠന പ്രവർത്തനങ്ങൾ ആവശ്യമാണെന്നാണ് കണ്ടെത്തൽ.
അടിസ്ഥാന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും മാറ്റങ്ങൾ ട്രാക്ക് ചെയ്യുന്നതിനും ആവാസ വ്യവസ്ഥകളിലുടനീളം സ്പീഷീസ് സെൻസസുകൾ അടിയന്തരമായി നടത്തുക. അത് കൃത്യമായി തുടരുക.
ബദൽ സംവിധാനങ്ങളുടെ തിരിച്ചറിയലും സംരക്ഷണവും/വികസനവും ഉൾപ്പെടെ. ദുർബല ജീവിവർഗങ്ങളെയും ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികൾ നടപ്പിലാക്കുക.
ഗ്രീൻ ഹൗസ് വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുക, കൂടുതൽ കാലാവസ്ഥാ ആഘാതങ്ങൾ ലഘൂകരിക്കുന്നതിന് ആഗോള തലത്തിൽ ( ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ) സമ്മർദ്ദം ചെലുത്തുക. എന്നീ നിർദേശങ്ങളാണ് ഗവേഷകർ മുന്നോട്ട് വയക്കുന്നത്.