

സിറോ മലബാര്‍ സഭയെ പോലെ തന്നെ മാര്‍ തോമ്മാശ്ലീഹായുടെയും, അദ്ദേഹത്തിന്റെ ശിഷ്യന്മാരായ മാര്‍ അദായി, മാര്‍ മാറി എന്നിവരുടെയും പാരമ്പര്യം അവകാശപ്പെടുന്ന സഭയാണ് കല്‍ദായ കത്തോലിക്കാ സഭ. അതുകൊണ്ട് തന്നെ ഇത് സഹോദരി സഭയാണ്. ഈ സഭയില്‍ ഒഴിഞ്ഞു കിടക്കുന്ന രൂപതകളിലേക്ക് പുതിയ ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്നതിന് പുതിയ നടപടിക്രമം കൊണ്ടുവരുന്നതായി പാത്രിയര്‍ക്കീസ് മാര്‍ പോള്‍ മൂന്നാമന് നോന അറിയിച്ചു.
ഒക്ടോബര്‍ 16 മുതല്‍ 19 വരെ റോമില്‍ ചേര്‍ന്ന മെത്രാന്മാരുടെ സിനഡിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒക്ടോബര്‍ 23ന് പാത്രിയര്‍ക്കേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം, സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഗവേഷണം നടത്താനും അന്വേഷിക്കാനും അവരെ കൂടുതല്‍ അടുത്തറിയാനും മതിയായ സമയം നല്കുന്ന ഒരു പ്രത്യേക നടപടിക്രമത്തില്‍ ഞങ്ങള്‍ യോജിച്ചു. അടുത്ത സിനഡ് മുതല്‍ ഈ നടപടിക്രമം നടപ്പിലാക്കും,' പാത്രിയര്‍ക്കീസ് പറഞ്ഞു.
എന്തുകൊണ്ട് ഈ നടപടിക്രമം?
ഈ വര്‍ഷം ആദ്യം സഭയെ ഒരു വലിയ വിവാദം പിടിച്ചുകുലുക്കിയിരുന്നു. സാന്‍ ഡിയാഗോയിലെ സെന്റ് പീറ്റര്‍ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഇമ്മാനുവല്‍ ഷാലേറ്റക്കെതിരെ സാമ്പത്തിക തിരിമറിയും ലൈംഗിക ദുരുപയോഗവും ഉള്‍പ്പെടെ ഒരു ഡസനിലധികം കേസുകള്‍ ഉയര്‍ന്നു എന്നാണ് ആരോപണം. തുടര്‍ന്ന് മാര്‍ച്ച് 10ന് പോപ്പ് ലിയോ പതിനാലാമന്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.
ഇതേ ദിവസം തന്നെ അന്നത്തെ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയും രാജിവെച്ചു. എന്നാല്‍ അദ്ദേഹം പറഞ്ഞത് പ്രാര്‍ത്ഥനയ്ക്കും എഴുത്തിനും വേണ്ടി സ്വയം രാജിവെച്ചതാണെന്നാണ്. ഷാലേറ്റ കേസുമായി അതിന് ബന്ധമുണ്ടോ എന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടില്ല. അതിന് ശേഷമാണ് ഏപ്രില്‍ 12ന് നോന പുതിയ പാത്രിയര്‍ക്കീസായി തെരഞ്ഞെടുക്കപ്പെട്ടത്.
ലോകമെമ്പാടുമായി 6 ലക്ഷം വിശ്വാസികളുള്ള കല്‍ദായ സഭയ്ക്ക് 23 സഭാ അധികാര മേഖലകളാണുള്ളത്. ഇറാഖില്‍ 9 എണ്ണവും, ഇറാനില്‍ 4 എണ്ണവും, യു.എസില്‍ 2 എണ്ണവും, ഓസ്ട്രേലിയ, കാനഡ, ഈജിപ്ത്, ഇസ്രായേല്‍, ജോര്‍ദാന്‍, ലബനാന്, സിറിയ, തുര്‍ക്കി എന്നിവിടങ്ങളില്‍ ഓരോന്നു വീതവുമാണ്. ഇതില്‍ മൂന്നിലൊന്ന് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ് - അല്‍ഖോഷ്, ഇറാനിലെ അഹ്വാസ്, സല്‍മാസ്, ഉര്‍മിയ, തുര്‍ക്കിയിലെ ഡിയാര്‍ബക്കിര്‍, ഈജിപ്തിലെ കെയ്റോ, ഓസ്ട്രേലിയയിലെ സിഡ്നി, അമേരിക്കയിലെ സാന്‍ ഡിയാഗോ തുടങ്ങിയവ.
സിനഡ് പുതിയ ബിഷപ്പിനെ തെരഞ്ഞെടുത്താലും, വത്തിക്കാന്റെ സ്ഥിരീകരണം ലഭിച്ചാലേ നിയമനം പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമെ, കുടുംബം, യുവജനം, ദൈവശാസ്ത്രം, ആരാധനാക്രമം, പ്രവാസികള്‍, കല്‍ദായ പൈതൃകം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ 9 കമ്മീഷനുകള്‍ രൂപീകരിക്കാനും തീരുമാനമായി. ഓരോ കമ്മീഷനും ഒരു ബിഷപ്പിന്റെ മേല്‍നോട്ടം ഉണ്ടായിരിക്കും. ഇറാഖിലെ അസ്ഥിരത മൂലം പ്രവാസികളായി പോയ വിശ്വാസികളെ ശുശ്രൂഷിക്കുന്നതിന് യൂറോപ്പില്‍ വൈദികരുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നും ഒരു വൈദികന് മൂന്നിലധികം കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യേണ്ടി വരുന്നുണ്ടെന്നും പാത്രിയര്‍ക്കീസ് ചൂണ്ടിക്കാട്ടി.
ചരിത്രം - 500 വര്‍ഷം മുന്‍പ് എന്ത് നടന്നു?
കത്തോലിക്കാ സഭയിലെ 23 പൗരസ്ത്യ സഭകളില്‍ ഒന്നായ കല്‍ദായ സഭ ഒരു പാത്രിയര്‍ക്കല്‍ സഭയാണ്. ബാബിലോണിലെ കല്ദായരുടെ പാത്രിയര്‍ക്കീസ് എന്നറിയപ്പെടുന്ന സഭാ തലവന്റെ ആസ്ഥാനം ബാഗ്ദാദിലാണ്. തോമാശ്ലീഹാ വഴി മാര്‍ അദ്ദായി, മാര്‍ മാറി എന്നിവരിലൂടെ രണ്ടാം നൂറ്റാണ്ടില്‍ മെസപ്പൊട്ടേമിയയില്‍ ആരംഭിച്ച സഭ പിന്നീട് പൗരസ്ത്യ സഭയായി അറിയപ്പെട്ടു. 15-ാം നൂറ്റാണ്ട് മുതല്‍ ഈ സഭയില്‍ മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നു. പാത്രിയര്‍ക്കീസ് സ്ഥാനം അമ്മാവനില്‍ നിന്ന് അനന്തരവനിലേക്ക് പാരമ്പര്യമായി കൈമാറുന്ന രീതിയായിരുന്നു അത്. ഇത് സഭയുടെ ആത്മീയ തകര്‍ച്ചയ്ക്ക് കാരണമായി.
ഈ പാരമ്പര്യ സമ്പ്രദായത്തിനെതിരെയുള്ള പ്രതിഷേധമാണ് കത്തോലിക്കാ കൂട്ടായ്മയിലേക്കുള്ള വഴി തുറന്നത്. 1552-ല്‍ ഈ രീതിയെ എതിര്‍ത്ത ഒരു വിഭാഗം ബിഷപ്പുമാര്‍ റബ്ബാന് ഹോര്‍മിസ്ദ് ആശ്രമത്തിലെ സന്യാസി യോഹന്നാന് സുലാഖയെ പാത്രിയര്‍ക്കീസായി തെരഞ്ഞെടുത്തു. മെത്രാഭിഷേകത്തിനായി റോമിലേക്ക് പോയ സുലാഖ കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞു. ഇത് അംഗീകരിച്ച് പോപ്പ് ജൂലിയസ് മൂന്നാമന് 1553-ല്‍ അദ്ദേഹത്തെ മാര്‍ ശിമയോന് എട്ടാമന് യോഹന്നാന് സുലാഖ എന്ന പേരില്‍ 'കല്ദായരുടെ പാത്രിയര്‍ക്കീസ്' ആയി വാഴിച്ചു. ഇതോടെ മരുമക്കത്തായത്തിന് അറുതി വരുത്തി യോഗ്യതയുടെ അടിസ്ഥാനത്തില്‍ ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്ന രീതി കല്‍ദായ സഭയില്‍ ആരംഭിച്ചു.
അദ്ദേഹം പിന്നീട് പൗരസ്ത്യ സഭയുടെ അനുയായികളാല്‍ കൊല്ലപ്പെട്ടു. എന്നാല്‍ 1552-നും 1830-നും ഇടയില്‍ പല തവണ റോമുമായുള്ള ബന്ധം തകരുകയും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു (1672, 1771, 1778). 1830ല്‍ മൊസൂളില്‍ യോഹന്നാന് എട്ടാമന് ഹോര്മിസ്ദിനെ വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് ഇന്ന് വരെയുള്ള തുടര്‍ച്ചയായ പാത്രിയര്‍ക്കല്‍ ശ്രേണി ആരംഭിച്ചത്.
സഭ കിഴക്കന്‍ സുറിയാനി ആരാധനാക്രമമാണ് പിന്തുടരുന്നത്. ലോകത്ത് 6 ലക്ഷം വിശ്വാസികളുണ്ട്, അതില്‍ 80 ശതമാനവും പ്രവാസികളാണ്.
വിശ്വാസികള്‍ എവിടെ?
- ഇറാഖ്: ഇറാഖിലെ ക്രിസ്ത്യാനികളില്‍ 80 ശതമാനവും കല്‍ദായരാണ്. പ്രധാന കേന്ദ്രങ്ങള്‍ - അല്‍ഖോഷ്, അന്കാവ, തെല്‍ കെപ്പെ, ബാഗ്ദാദ്, മൊസൂള്‍, കിര്‍ക്കുക്ക്.
- പ്രവാസം: അമേരിക്കയില്‍ 2 മുതല്‍ 2.2 ലക്ഷം വരെ (പ്രധാനമായും ഡെട്രോയിറ്റ്, സാന്‍ ഡിയാഗോ), യൂറോപ്പില്‍ 1.1 മുതല്‍ 1.2 ലക്ഷം വരെ (സ്വീഡന്, ജര്‍മ്മനി, ഫ്രാന്‍സ്), ഓസ്ട്രേലിയയില്‍ 45,000-50,000, കാനഡയില്‍ 35,000-40,000.
ഇപ്പോഴത്തെ രൂപതകള്‍ (23 എണ്ണം):
- ഇറാഖില്‍ (9): ബാഗ്ദാദ്, മൊസൂള്‍, കിര്‍ക്കുക്ക്, ബസ്ര, എര്ബില്, അല്‍ഖോഷ്, അമാദിയ, ആക്ര, സാഖോ.
- ഇറാനില്‍ (4): തെഹ്റാന് (സെഹ്നാ), ഉര്‍മിയ-സല്‍മാസ്, അഹ്വാസ്.
- യു.എസില്‍ (2): സാന്‍ ഡിയാഗോയിലെ സെന്റ് പീറ്റര്‍ രൂപത, ഡെട്രോയിറ്റിലെ സെന്റ് തോമസ് രൂപത.
- ഓരോന്നു വീതം: അലപ്പോ (സിറിയ), ബെയ്റൂട്ട് (ലബനാന്), കെയ്റോ (ഈജിപ്ത്), അമ്മാന് (ജോര്‍ദാന്‍), ജറുസലേം (ഇസ്രായേല്‍), ഡിയാര്‍ബക്കിര്‍ (തുര്‍ക്കി), സിഡ്നി (ഓസ്ട്രേലിയ), ടൊറന്റോ (കാനഡ).
- യൂറോപ്പ്: അപ്പസ്തോലിക് വിസിറ്റേറ്റര്‍ - സ്വീഡന്, ജര്‍മ്മനി, ഫ്രാന്‍സ്, യു.കെ എന്നിവിടങ്ങളിലെ വിശ്വാസികള്‍ക്ക്.
നിലവില്‍ സഭയില്‍ 10 രൂപതകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് കണക്കുകള്‍.
സഭയുടെ ഔദ്യോഗിക കണക്ക് പ്രകാരമാണ് ഇത്. ആകെയുള്ള 23 രൂപതകളില്‍ 10 എണ്ണമാണ് ഇപ്പോള്‍ ഒഴിവായിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ കാലമായി ഒഴിഞ്ഞു കിടക്കുന്നത് ഈജിപ്തിലെ കെയ്റോ (2009 മുതല്‍), ഇറാനിലെ അഹ്വാസ് (2011 മുതല്‍) രൂപതകളാണ്.
ഈ വര്‍ഷം ഒഴിവായവ:
- സാന്‍ ഡിയാഗോ (യു.എസ്): ബിഷപ്പ് ഇമ്മാനുവല്‍ ഷാലേറ്റ രാജിവെച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 10ന് ഒഴിവായി.
- സിഡ്നി (ഓസ്ട്രേലിയ): ബിഷപ്പായിരുന്ന പോള്‍ നോന പാത്രിയര്‍ക്കീസായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഏപ്രില്‍ 12ന് ഒഴിവായി.
- അല്‍ഖോഷ് (ഇറാഖ്): ബിഷപ്പ് പോള്‍ താബെത് അല്‍ മെക്കോ ജൂണ്‍ 18ന് മരിച്ചതിനെ തുടര്‍ന്ന്.
- ദിയാര്‍ബക്കിര്‍ (തുര്‍ക്കി): ആര്‍ച്ച് ബിഷപ്പ് സാബ്രി അനാര്‍ ഒക്ടോബര്‍ 17ന് മരിച്ചതിനെ തുടര്‍ന്ന്.
ഇറാനിലെ സല്‍മാസ്, ഉര്‍മിയ രൂപതകളുടെ അധ്യക്ഷനായിരുന്ന തോമസ് മെറാം 2024 ജനുവരിയില്‍ വിരമിച്ചതോടെ ആ രണ്ട് രൂപതകളും ഒഴിവായി.
ജറുസലേം, ജോര്‍ദാന്‍ എന്നീ മേഖലകള്‍ പാത്രിയര്‍ക്കീസിന്റെ നേരിട്ടുള്ള ഭരണത്തിലാണ്.
എന്തുകൊണ്ടാണ് ഈ സഭയെ സീറോ മലബാര്‍ സഭയുടെ സഹോദരീ സഭ എന്നു വിളിക്കുന്നത്. രണ്ടു സഭകളുടെയും സ്ഥാപകരും സഭയെ വളര്‍ത്തിയ വരും ഒരേ ആളുകള്‍ തന്നെയാണ്.
സഭാ സ്ഥാപകര്‍ ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന തോമാശ്ലീഹായാണ്. അതിനെ വളര്‍ത്തിയതാകട്ടെ തോമാശ്ലീഹായുടെ ശിഷ്യരായ മാറിയും മാര്‍ അദായിയും ആണ്. ഈകല്ദായ സഭയില്‍ നിന്ന് തന്നെയാണ് ആദ്യകാലത്ത് മെത്രാന്മാര് വന്നിരുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇന്നത്തെ സീറോ മലബാര്‍ സഭയുടെ ആത്മീയ അമ്മ സഭയാണ് പൗരസ്ത്യ സഭ. ആ പൗരസ്ത്യ സഭയുടെ തുടര്‍ച്ചയാണ് ഇന്നത്തെ കല്‍ദായ സഭ.
നാലാം നൂറ്റാണ്ട് മുതല്‍ 16-ാം നൂറ്റാണ്ട് വരെ - ഏകദേശം 1200 വര്‍ഷം - കേരളത്തിലേക്ക് മെത്രാന്മാരെ അയച്ചിരുന്നത് ഈ പൗരസ്ത്യ സഭയുടെ പാത്രിയര്‍ക്കീസ് ആയിരുന്നു. അന്ന് ബാഗ്ദാദിന് അടുത്തുള്ള സെലൂക്യ-ക്ടെസിഫോണില്‍ ആയിരുന്നു പാത്രിയര്‍ക്കീസ്.
പോര്‍ച്ചുഗീസുകാര്‍ വരുന്നതിന് തൊട്ടുമുന്‍പ് കേരളത്തില്‍ വന്ന അവസാനത്തെ മെത്രാന്മാര്:
- മാര്‍ യഹ്ബല്ലാഹ, മാര്‍ ദെനഹ, മാര്‍ യാക്കോബ് (1500കളില്‍)
- മാര്‍ അബ്രഹാം (15681597) നസ്രാണികളുടെ അവസാനത്തെ പൗരസ്ത്യ സഭാ മെത്രാപ്പോലീത്ത,ഇന്ത്യ മുഴുവന്റെ മേല്‍ അധികാരം ഉണ്ടായിരുന്ന അവസാനമെത്രാപ്പോലീത്ത
പിന്നീട് എന്തു സംഭവിച്ചു?
1552-ല്‍ പൗരസ്ത്യ സഭ പിളര്‍ന്നു. ഒരു വിഭാഗം റോമുമായി കൂട്ടായ്മയില്‍ വന്നു അതാണ് ഇന്നത്തെ കല്‍ദായ കത്തോലിക്കാ സഭ.
- പിളര്‍പ്പിന് ശേഷവും കുറച്ചുകാലം രണ്ട് വിഭാഗത്തിന്റെയും പാത്രിയര്‍ക്കീസുമാരില്‍ നിന്നും കേരളത്തിലേക്ക് മെത്രാന്മാര് വന്നിട്ടുണ്ട്.
- 1599-ലെ ഉദയംപേരൂര്‍ സൂനഹദോസിന് ശേഷം പോര്‍ച്ചുഗീസുകാര്‍ ഈ ബന്ധം പൂര്‍ണമായി മുറിച്ചു.
- പിന്നീട് 1653-ലെ കൂനന്‍ കുരിശ് സത്യത്തിന് ശേഷം ഒരു വിഭാഗം വീണ്ടും പൗരസ്ത്യ ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു.എന്നാല്‍ വിജയിച്ചില്ല.