വത്തിക്കാനിൽ സമ്പൂർണ്ണ അഴിച്ചുപണിക്ക് ലിയോ; ആ മലയാളി കർദിനാളിന്റെ സ്ഥാനം എവിടെയാകും?

വത്തിക്കാന്റെ രണ്ടാമന് സ്ഥാനചലനം? സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പരോളിൻ ഒഴിയുമോ, പകരക്കാരൻ ആര്? പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ സ്ഥാനത്തുനിന്നും കർദിനാൾ ഗുഗറോട്ടി തെറിക്കുമോ? കർദിനാൾ കൂവക്കാടിന്റെ സ്ഥാനം ഉയരുമോ? 2013 മുതൽ വത്തിക്കാന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റായി തുടരുന്ന കർദിനാൾ പിയട്രോ പരോളിൻ സ്ഥാനമൊഴിയുമെന്ന അഭ്യൂഹം ശക്തമാകുന്നു.
വത്തിക്കാനിൽ സമ്പൂർണ്ണ അഴിച്ചുപണിക്ക് ലിയോ; ആ മലയാളി കർദിനാളിന്റെ സ്ഥാനം എവിടെയാകും?
Published on: 
Updated on: 

വത്തിക്കാനിൽ മാർപാപ്പ കഴിഞ്ഞാൽ ഏറ്റവും ശക്തനാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്. അത് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി പോലെയല്ല, ഒരു പ്രധാനമന്ത്രിയുടെ റോളാണ്. എല്ലാ ഡിക്കാസ്റ്ററികളെയും ഏകോപിപ്പിക്കുന്നത് അദ്ദേഹമാണ്. എന്നാൽ കർദിനാൾ കോളേജിന്റെ ഡീൻ ആയി പരോളിനെ മറികടന്ന് ഫിലിപ്പിനോ കർദിനാൾ ലൂയിസ് ടാഗ്ലെയെ തിരഞ്ഞെടുത്തു. ഒക്ടോബർ 8-നാണ് തിരഞ്ഞെടുപ്പ് നടന്നത്, ലിയോ പതിനാലാമൻ മാർപാപ്പ ഒക്ടോബർ 9-ന് അംഗീകരിച്ചു. ഡീൻ സ്ഥാനം ആചാരപരമാണെങ്കിലും, മാർപാപ്പയുടെ മരണശേഷം കോൺക്ലേവ് നയിക്കുന്നതും പുതിയ മാർപാപ്പയോട് സമ്മതം ചോദിക്കുന്നതും ഡീൻ ആണ്. കർദിനാൾ ബിഷപ്പുമാർ മാത്രം വോട്ട് ചെയ്ത തിരഞ്ഞെടുപ്പിൽ, 69 വയസ്സുള്ള ടാഗ്ലെ ഏറ്റവും ഇളയ ആളായിരുന്നു, പരോളിന് 71 വയസ്സ്. ടാഗ്ലെയെ തിരഞ്ഞെടുത്തത് പരോളിനുള്ള സന്ദേശമാണെന്ന് നിരീക്ഷകർ പറയുന്നു. 92 വയസ്സുള്ള കർദിനാൾ റേയുടെ കാലാവധി ഫ്രാൻസിസ് മാർപാപ്പ നീട്ടിയതുകൊണ്ട് പരോളിന് 2025-ൽ ഡീൻ ആകാൻ അവസരം കിട്ടിയില്ല, ഇപ്പോൾ ലിയോയുടെ കാലത്തും കിട്ടിയില്ല എന്നാണ് വിലയിരുത്തൽ. എന്നാൽ പരോളിന്റെ ഭാവി നിശ്ചയിച്ചത് ലിയോ മാർപാപ്പയുടെ കാൻസർ രോഗനിർണയം പുറത്തുവന്നപ്പോൾ പരോളിൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് - "ആവശ്യമെങ്കിൽ പാപ്പ തന്റെ പൊന്തിഫിക്കേറ്റ് പുനഃക്രമീകരിക്കേണ്ടി വരും." മാർപാപ്പ പെട്ടെന്ന് തിരിച്ചുവന്നതോടെ ഈ പരാമർശം ധിക്കാരപരവും അകാലത്തിലുള്ളതുമായി.

വത്തിക്കാനിൽ സമ്പൂർണ്ണ അഴിച്ചുപണിക്ക് ലിയോ; ആ മലയാളി കർദിനാളിന്റെ സ്ഥാനം എവിടെയാകും?
കുർബാന പുസ്തകം അടക്കം പരിഷ്കരിക്കും; ലത്തീൻവൽക്കരണം ഉപേക്ഷിച്ച് പൂർണമായും ബൈസാന്റീൻ കുർബാന ക്രമത്തിലേക്ക് മടങ്ങാൻ റൊമേനിയൻ സഭ

അടുത്ത സ്റ്റേറ്റ് സെക്രട്ടറി ആര്?

വത്തിക്കാൻ ചലനങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്ന മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഈ വേനൽക്കാലത്ത് തന്നെ മാറ്റം ഉണ്ടാകാം എന്ന് വത്തിക്കാൻ സ്രോതസ്സുകൾ പറയുന്നു. The Pillar പറയുന്നു, പരോളിൻ ഒഴിയാൻ സാധ്യതയുണ്ട് എന്ന്. എന്നാൽ NCR പറയുന്നു - "For now, Cardinal Parolin seems firmly in place" - ഇപ്പോൾ അദ്ദേഹം ഉറച്ച് തന്നെ നിൽക്കുന്നു.

സാധ്യതകൾ

- ആർച്ച്ബിഷപ്പ് പോൾ ഗല്ലഗർ (72) - ബ്രിട്ടീഷുകാരൻ: ഇപ്പോൾ വത്തിക്കാന്റെ വിദേശകാര്യ മന്ത്രി (Secretary for Relations with States). ലിയോ മാർപാപ്പയുടെ അടുത്ത സുഹൃത്തായി കണക്കാക്കപ്പെടുന്നു. റഷ്യ ദൗത്യത്തിന് പരോളിന് പകരം ഗല്ലഗറെയാണ് ലിയോ അയച്ചത്. സാധ്യതയുള്ള പേരുകളിൽ ഒന്ന്, പക്ഷേ അദ്ദേഹത്തിന് 72 വയസ്സ് ആയതുകൊണ്ട് 5 വർഷം term പൂർത്തിയാക്കാൻ പ്രയാസമാണെന്ന് Monday Vatican പറയുന്നു.

- ആർച്ച്ബിഷപ്പ് ഫോർച്യൂനാറ്റസ് എൻവാചുക്വു (66) - നൈജീരിയൻ: മുൻ നുൺഷ്യോ, ഇപ്പോൾ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ഉന്നതൻ. പരമ്പരാഗതമല്ലാത്ത നിയമനം ആണെങ്കിൽ ലിയോ മാർപാപ്പ അമേരിക്കൻ പശ്ചാത്തലമുള്ള ഒരാളെ കൊണ്ടുവന്നേക്കാം എന്നും ഊഹമുണ്ട്.

പരോളിന്റെ ഭാവി എന്ത്? NCR-ന്റെ റിപ്പോർട്ട് അനുസരിച്ച് അദ്ദേഹം ജെറുസലേമിലെ വിശുദ്ധ സെപൾക്രെ കുതിരപ്പട സഭയുടെ ഗ്രാൻഡ് മാസ്റ്റർ ആയി മാറിയേക്കും എന്നാണ് ഒരു റൂമർ. ഇത് സാധാരണ വിരമിച്ച സെക്രട്ടറിമാർക്ക് നൽകുന്ന ബഹുമാന്യ സ്ഥാനമാണ്. പക്ഷേ അദ്ദേഹത്തിന് 71 വയസ്സേ ആയിട്ടുള്ളൂ, അടുത്ത ജനുവരിയിൽ 72 ആകും, സാധാരണ വിരമിക്കൽ പ്രായം 75 ആണ്. അദ്ദേഹം രണ്ട് 5 വർഷ term-ൽ കൂടുതൽ ആയി സെക്രട്ടറിയായി തുടരുന്നു എന്നതും ശ്രദ്ധേയമാണ്. ഒരിക്കലും രൂപതാ ബിഷപ്പ് ആയിട്ടില്ലാത്ത, 40 വർഷം ഡിപ്ലോമാറ്റായി ഇരുന്ന ആളെ ഏതെങ്കിലും രൂപതയിലേക്ക് മാറ്റിയാൽ അത് തരംതാഴ്ത്തലായി കാണും.

പൗരസ്ത്യ തിരുസംഘത്തിൽ നേതൃമാറ്റത്തിന് സാധ്യത? ഗുഗറോട്ടി വിവാദത്തിൽ; കർദിനാൾ കൂവക്കാടിന് നറുക്ക് വീഴുമോ?

സ്റ്റേറ്റ് സെക്രട്ടറിക്കൊപ്പം വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ (Dicastery for Eastern Churches) തലവൻ സ്ഥാനത്ത് മാറ്റത്തിനും സാധ്യതയെന്നാണ് സൂചന. നിലവിലെ പ്രീഫെക്റ്റ് കർദിനാൾ ക്ലോഡിയോ ഗുഗറോട്ടി വിവാദത്തിൽ അകപ്പെട്ടതോടെയാണ് ചർച്ചകൾ സജീവമായത്.

വത്തിക്കാനിൽ സമ്പൂർണ്ണ അഴിച്ചുപണിക്ക് ലിയോ; ആ മലയാളി കർദിനാളിന്റെ സ്ഥാനം എവിടെയാകും?
ഫ്രാൻസിസ് തുറന്ന സഭയുടെ വാതിലുകൾ ലിയോ അടയ്ക്കുമ്പോൾ

നിലവിലെ തലവൻ ആര്? വിരമിക്കാറായോ?

നിലവിൽ തിരുസംഘത്തിന്റെ തലവൻ ഇറ്റാലിയൻ കർദിനാൾ ക്ലോഡിയോ ഗുഗറോട്ടി ആണ്. 2022 നവംബർ 21-ന് ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ നിയമിച്ചത്. 2023 ജനുവരി 16-ന് ചുമതലയേറ്റു. ഡിക്കാസ്റ്ററി പ്രീഫെക്റ്റുമാരുടെ ഔദ്യോഗിക കാലാവധി അഞ്ച് വർഷമാണ്. അതനുസരിച്ച് ഗുഗറോട്ടിയുടെ കാലാവധി 2027 നവംബറിൽ ആണ് അവസാനിക്കുന്നത്. പ്രായപരിധി 75-80 ആണ്. മുൻ തലവൻ കർദിനാൾ ലിയനാർഡോ സാന്ദ്രി 79 വയസ്സ് വരെ (15 വർഷം) ഈ സ്ഥാനത്ത് തുടർന്നിരുന്നു. അതുകൊണ്ട് പ്രായത്തിന്റെ പേരിൽ അദ്ദേഹം ഇപ്പോൾ വിരമിക്കേണ്ട ആവശ്യമില്ല.

എന്നാൽ സ്വാധീനം ഇടിഞ്ഞോ?

അതെ. വത്തിക്കാനിൽ ഇപ്പോൾ ഏറ്റവും വലിയ വിവാദം ഈ തിരുസംഘത്തിലാണ്. ലിയോ പതിനാലാമൻ മാർപാപ്പ അടുത്തിടെ ഇറക്കിയ 'Mutua concordia' എന്ന പുതിയ നിയമം അനുസരിച്ച്, ഒരു പൗരസ്ത്യ പാത്രിയാർക്കീസിനെ സ്വന്തം സിനഡിന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ പുറത്താക്കാൻ കഴിയും. ഈ നിയമം വന്നത് പല പൗരസ്ത്യ മെത്രാന്മാരുടെയും ആവശ്യപ്രകാരമാണ് എന്നാണ് വത്തിക്കാൻ പറയുന്നത്. എന്നാൽ ഈ നിയമം സിറിയൻ കത്തോലിക്കാ പാത്രിയാർക്കീസ് ഇഗ്നേഷ്യസ് യൂസഫ് III യൂനാൻ ഉൾപ്പെട്ട തർക്കവുമായി ബന്ധപ്പെട്ടാണ് ചർച്ചയാകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

പാത്രിയാർക്കീസ് യൂനാൻ അമേരിക്കൻ കത്തോലിക്കാ മാധ്യമമായ The Pillar-ന് നൽകിയ അഭിമുഖത്തിൽ സിനഡിലെ ഭിന്നതയെ കുറിച്ച് സംസാരിച്ചു. ഗുജറോട്ടിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ഇതോടെ പൗരസ്ത്യ സഭകൾക്ക് കൂടുതൽ സ്വയംഭരണം വാഗ്ദാനം ചെയ്ത ലിയോ മാർപാപ്പയുടെ നയത്തിന് വിരുദ്ധമായി, "റോമൻ കേന്ദ്രീകരണത്തിന്റെ" പ്രതീകമായി ഗുഗറോട്ടി മാറി എന്ന് ഇറ്റാലിയൻ മാധ്യമമായ Il Giornale റിപ്പോർട്ട് ചെയ്തു. അതുകൊണ്ട് ലിയോ മാർപാപ്പ അദ്ദേഹത്തെ മാറ്റിയേക്കും എന്നാണ് വത്തിക്കാൻ വൃത്തങ്ങളിലെ സംസാരം. ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, ഒരു സൂചന മാത്രമാണ്.

കർദിനാൾ കൂവക്കാടിന് സാധ്യത എത്ര?

വത്തിക്കാന്റെ രണ്ടാമനായ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേക്കാൾ പൗരസ്ത്യ തിരുസംഘത്തിന്റെ തലവൻ സ്ഥാനത്തേക്കാണ് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് സാധ്യത ഏറെ എന്ന് ചില വത്തിക്കാൻ നിരീക്ഷകർ പറയുന്നു. കൂവക്കാടിന്റെ സാധ്യത ചിലർ 40-50 ശതമാനം വരെ വിലയിരുത്തുന്നു, പക്ഷേ ഇത് ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിലയിരുത്തലാണ്.

കാരണങ്ങൾ ഇവയാണ്:

കൂവക്കാട് 2025 ജനുവരി 11 മുതൽ ഈ തിരുസംഘത്തിന്റെ അംഗമാണ്. 1917-ൽ തിരുസംഘം തുടങ്ങിയതിൽ പിന്നെ ഇന്ത്യക്കാരൻ തലവനായിട്ടുള്ളത് ദുരൈസാമി സൈമൺ ലൂർദുസ്വാമി (1985-91) മാത്രമാണ്, അദ്ദേഹം ലാറ്റിൻ റൈറ്റ് ആയിരുന്നു. കൂവക്കാട് വന്നാൽ ചരിത്രത്തിൽ ആദ്യത്തെ സീറോ മലബാർ പൗരസ്ത്യൻ പ്രീഫെക്റ്റ് ആകും കർദിനാൾ ജോർജ് കൂവക്കാട്. എന്നാൽ പൗരസ്ത്യ തിരുസംഘത്തിന്റെ തലവനായ ആദ്യ പൗരസ്ത്യൻ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭാംഗമായ കർദിനാൾ ഗബ്രിയേൽ കൂസ്സ (1961-62) ആണ്, സെക്രട്ടറി ആയിട്ട് ആയിരുന്നു നിയമനം. കാരണം 1917 മുതൽ 1967 വരെ മാർപാപ്പ തന്നെയായിരുന്നു ഈ തിരുസംഘത്തിന്റെ പ്രീഫെക്റ്റ്, അതുകൊണ്ട് ദൈനംദിന ഭരണം നടത്തിയിരുന്നത് സെക്രട്ടറി ആയിരുന്നു. പ്രീഫെക്റ്റ് എന്ന പദവിയിൽ ആദ്യ പൗരസ്ത്യൻ സിറിയൻ കത്തോലിക്കാ പാത്രിയാർക്കീസ് കർദിനാൾ ഇഗ്നേഷ്യസ് മൂസ ദാവൂദ് (2000-2007) ആണ്.

വത്തിക്കാനിൽ സമ്പൂർണ്ണ അഴിച്ചുപണിക്ക് ലിയോ; ആ മലയാളി കർദിനാളിന്റെ സ്ഥാനം എവിടെയാകും?
വത്തിക്കാൻ രാഷ്ട്രത്തിന്റെ ദൈനംദിന ഭരണ ചുമതല ഒരു ഇന്ത്യൻ കർദ്ദിനാൾ നിർവഹിക്കുമോ?

ഇതിനൊപ്പം പൗരസ്ത്യ കാനോൻ നിയമത്തിലാണ് കർദിനാൾ കൂവക്കാടിന്റെ ഡോക്ടറേറ്റ്, 2006 മുതൽ വത്തിക്കാൻ ഡിപ്ലോമാറ്റ് എന്ന നിലയിൽ അൾജീരിയ, ദക്ഷിണ കൊറിയ, ഇറാൻ, കോസ്റ്ററിക്ക, വെനസ്വേല എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ചുള്ള പരിചയമുണ്ട്. ഇതിനൊപ്പം മാർപാപ്പയുടെ യാത്രകളുടെ ചുമതലക്കാരൻ കൂടിയാണ് കർദിനാൾ കൂവക്കാട്. ആ നിലയിൽ നോക്കുമ്പോൾ വത്തിക്കാൻ സ്റ്റേറ്റിന്റെ ഭരണസംവിധാനത്തിന് ഉള്ളിൽ കൂടിയാണ് കർദിനാൾ കൂവക്കാടിന്റെ പ്രവർത്തനം. ഇതിനൊപ്പം മതാന്തര സംവാദത്തിന്റെ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കൂടിയാണ് അദ്ദേഹം. അതായത് ഏറ്റവും വലിയ ഡിക്കാസ്റ്ററികളിൽ ഒന്നായ പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കാര്യാലയത്തിന്റെ തലവനാകാൻ എല്ലാ രീതിയിലും അദ്ദേഹത്തിന് യോഗ്യതയുണ്ട് എന്നാണ് അർത്ഥം.

സ്ഥാനം എങ്ങനെ നികത്തും?

ഇതിന് കോൺക്ലേവ് വേണ്ട. മാർപാപ്പ ഗുഗറോട്ടിയുടെ രാജി സ്വീകരിക്കുകയോ കാലാവധി നീട്ടാതിരിക്കുകയോ ചെയ്താൽ, നേരിട്ട് പുതിയ പ്രീഫെക്റ്റിനെ പ്രഖ്യാപിക്കും. അങ്ങനെ വന്നാൽ കൂവക്കാട് ഇപ്പോൾ വഹിക്കുന്ന Interreligious Dialogue (മതാന്തര സംവാദം) തിരുസംഘത്തിന്റെ തലവൻ സ്ഥാനം ഒഴിവ് വരും. അവിടേക്ക് മറ്റൊരു ഏഷ്യൻ അല്ലെങ്കിൽ ആഫ്രിക്കൻ കർദിനാളിനെ നിയമിക്കും. 53 വയസ്സ് മാത്രമുള്ള കൂവക്കാടിന് ഈ സ്ഥാനത്ത് 20-25 വർഷം തുടരാൻ കഴിയും എന്നതും വത്തിക്കാന് അനുകൂല ഘടകമായി പരിഗണിക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com