വിദ്യാർഥിരാഷ്ട്രീയത്തിലൂടെ കോൺഗ്രസിലേക്കെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ. സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് അത്ര പരിചിതമല്ലാത്ത തരത്തിൽ തന്നെ പാർട്ടിയിൽ ഉന്നതസ്ഥാനത്തേക്കുളള അതിവേഗ വളർച്ച. 2023-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞപ്പോൾ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി. പാർട്ടിക്കുള്ളിലും പുറത്തുമെല്ലാം അന്നേ മുറുമുറുപ്പുകൾ ഉയർന്നിരുന്നു. പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടി നിയമസഭയിലെത്തുമ്പോഴും യുവനേതാവിനെതിരെ ആരോപണങ്ങൾ കൂടുതൽ ശക്തമായി ഉയർന്നുകൊണ്ടേയിരുന്നു.
സാമ്പത്തിക തിരിമറിയും, ഭിന്നതകളും കടന്ന് സ്ത്രീവിഷയത്തിലെത്തിയ ആരോപണങ്ങൾ. മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്നും, മറ്റ് സ്ത്രീകൾക്കും ദുരനുഭവം നേരിട്ടെന്നുമെല്ലാം വാർത്തകൾ പുറത്തുവന്നു. ആദ്യഘട്ടത്തിൽ കോൺഗ്രസ് നേതൃത്വവും പ്രതിരോധവുമായി എത്തിയിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാണിച്ച് പലരും സൈബറിടങ്ങളില്‍ വാദിച്ചു. യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇക്കാര്യം അറിയാം, പലര്‍ക്കും ദുരനുഭവങ്ങളുണ്ടെന്ന് പ്രതികരണങ്ങള്‍ വന്നു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരോട് പരാതി പറഞ്ഞിട്ടും, പരിഹാരം ആയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ട് കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ രംഗത്തെത്തി.
സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ഹൂ കെയേഴ്‌സ് എന്നായിരുന്നു രാഹുലിന്റെ മറുപടി. ആർക്കെതിരെയും പറയാൻ പറ്റുന്ന കാര്യങ്ങളാണ് ഉയരുന്നത്. പല സ്ത്രീകളുടെയും പേരുകൾ പറയുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് പറയുന്നവർക്ക് അറിവുണ്ടോയെന്നും രാഹുൽ ചോദിച്ചിരുന്നു. നിയമപരമായി നീങ്ങാനും രാഹുൽ വെല്ലുവിളിച്ചിരുന്നു.
എന്നാൽ ആരോപണങ്ങൾ മാറി വെളിപ്പെടുത്തലിലേക്ക് എത്തി നിൽക്കുകയാണ് കാര്യങ്ങൾ. അതും തെളിവുകൾ സഹിതം. കഴിഞ്ഞ ദിവസം യുവ രാഷ്ട്രീയ നേതാവിന് എതിരെ ഗുരുതര ആരോപണവുമായി നടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജ് രംഗത്തെത്തിയിരുന്നു. അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം ചെയ്തുവെന്നും സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമാണ് നടിയുടെ ആരോപണം. 'അയാളുടെ' പാർട്ടിയിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും നടി പറഞ്ഞിരുന്നു. ആ പ്രസ്ഥാനത്തിലെ മുതിർന്ന നേതാക്കളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കും 'ഇയാൾ' ശല്യമാണെന്നാണ് റിനിയുടെ വെളിപ്പെടുത്തൽ.
നേതാവിന്റെ പേരു വ്യക്തമാക്കിയില്ലെങ്കിലും "ഏതെങ്കിലും പാർട്ടിയേയോ പ്രസ്ഥാനത്തെയോ തേജോവധം ചെയ്യാനില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറയുമ്പോള്‍ പല മാന്യ ദേഹങ്ങളും 'ഹൂ കെയേഴ്‌സ്' എന്നാണ് പറയുന്നതെന്ന് റിനി പരാമർശിച്ചിരുന്നു. ആരോപണങ്ങള്‍ പല ഫോറങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് പോലും ആ വ്യക്തിക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചുവെന്നും അവർ വെളിപ്പെടുത്തി.
നടിയുടെ വെളിപ്പെടുത്തൽ പ്രകാരം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേര് വീണ്ടും ഉയരുകയാണ്. വെളിപ്പെടുത്തലിൽ പറഞ്ഞ കാര്യങ്ങളും. ഹൂ കെയേഴ്‌സ് എന്ന നിലപാടുമെല്ലാം രാഹുലിലേക്കാണ് വിരൽചൂണ്ടുന്നതെന്ന കാര്യം അവഗണിക്കാനാകില്ല. സമൂഹമാധ്യമം വഴി മൂന്നര വർഷം മുന്‍പാണ് യുവനേതാവിനെ പരിചയപ്പെട്ടതെന്ന് റിനി ആൻ ജോർജ് പറഞ്ഞു. നല്ല സൗഹൃദമാണ് പ്രതീക്ഷിച്ചതെങ്കിലും ആദ്യം തന്നെ മോശം രീതിയിലാണ് 'അയാള്‍' സംസാരിച്ചത്. ഇദ്ദേഹത്തോട് ആദ്യം ദേഷ്യപ്പെട്ടു. സമൂഹത്തിന് മാതൃകയാവേണ്ട ആളല്ലേയെന്ന് ഉപദേശിച്ചു. പ്രമാദമായ സ്ത്രീ പീഡന കേസുകളില്‍ പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു ഇയാളുടെ മറുപടി എന്നും റിനി പറഞ്ഞു.
റിനിയുടെ വെളിപ്പെടുത്തലിൽ രാഹുലിനെതിരെ പ്രതികരണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് എഴുത്തുകാരി ഹണി ഭാസ്കർ രാഹുലിനെതിരെ രംഗത്തെത്തിയത്. ജൂണിൽ ശ്രീലങ്കൻ യാത്രക്കിടെ രാഹുൽ ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചുവെന്നും മറുപടി അയച്ചപ്പോൾ രാഹുലിൻ്റെ മെസേജുകൾ തുടർച്ചയായി വന്നുവെന്നും ഹണി. ചാറ്റ് നിര്‍ത്താന്‍ അയാള്‍ക്ക് ഉദ്ദേശം ഇല്ല എന്ന് മനസിലാക്കിയതോടെ റിപ്ലൈ നല്‍കിയില്ല. എന്നാൽ താന്‍ അങ്ങോട്ട് ചെന്ന് ചാറ്റ് ചെയ്തതാണെന്ന് രാഹുൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടെ പറഞ്ഞുനടന്നതായും ഹണി. രാഹുൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഇത് തന്നോട് പറഞ്ഞതെന്നും ഹണി. രാഹുല്‍ മാങ്കൂട്ടം-അനുഭവം എന്ന തലക്കെട്ടോടെയാണ് ഹണി ഫേസ്ബുക്കിൽ വിവരങ്ങൾ പങ്കുവെച്ചത്.
അതിലും നിന്നില്ല രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇരകളിൽ മുൻ കോൺഗ്രസ് എംപിയുടെ മകളും ഉൾപ്പെടുന്നതായാണ് പുതിയ വിവരം. വിവാഹ വാഗ്ദാനത്തിൽ നിന്ന് രാഹുൽ പിന്മാറിയത് ജാതീയത പറഞ്ഞെന്നും എഐസിസിക്ക് പരാതി ലഭിച്ചു. അതിനു പുറമേ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതികളുടെ പ്രവാഹമാണ് കോണഗ്രസിൽ കാണുന്നത്. ഒൻപതിൽ അധികം പരാതികളാണ് എഐസിസിക്ക് ലഭിച്ചത്. അതോടൊപ്പം രാഹുലിന്റെ ഞെട്ടിക്കുന്ന ശബ്ദ സംഭാഷണവും പുറത്തു വന്നിരിക്കുയാണ്. ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവതിയെ പ്രേരിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
കുഞ്ഞിനെ കാണുന്നവര്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ അത് താന്‍ നോക്കിക്കോളാം എന്ന് യുവതി ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. കുഞ്ഞിന് ആരെ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന് ചോദിക്കുമ്പോള്‍ യുവതി പറയുന്നുണ്ട് ''തന്നെ കാണിച്ചുകൊടുക്കും" എന്ന്. എന്നാല്‍ ''അതല്ലേ പറയുന്നത്, എനിക്കത് ബുദ്ധിമുട്ടാകും'' എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറയുന്നതും കേള്‍ക്കാം. അതേ ഗൗരവത്തോടെ കാണേണ്ട ചില സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. സ്ത്രീകൾക്കയച്ച അനാവശ്യ മെസേജുകളാണ് ഇവയിലുള്ളത്.
ആരോപണങ്ങൾക്ക് പിന്നാലെ തെളിവുകളും പുറത്തുവന്നതോടെ പ്രതിരോധിച്ച് നിൽക്കാൻ കോൺഗ്രസിന് കഴിയാതെയായി. അതോടെ ന്യായീകരണം നിർത്തി പാർട്ടിയും നിലപാടെടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളും, പ്രമുഖ കോൺഗ്രസ് നേതാക്കളും രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രാഹുൽ മാറിനിൽക്കണം. ആരോപണങ്ങൾ എപ്പോഴും ചിരിച്ചുതള്ളാനാകില്ലെന്ന് ആർ. വി. സ്നേഹ പറഞ്ഞു. കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട ഏതോ ഒരു യുവനേതാവിനെതിരെ എന്റെ കൂടി ഫെയ്സ്ബുക്ക് സുഹൃത്തായ പെൺകുട്ടി ഉന്നയിച്ച ആരോപണം കേരളത്തിൽ ഇന്നുണ്ടാക്കിയ സംശയങ്ങൾ വലുതാണെന്ന് കരുതുന്ന ഒരാളാണ് താനെന്നും. ആ പെൺകുട്ടിക്ക് നേരിട്ടിട്ടുള്ള അശ്ലീലവും അധിക്ഷേപകരവുമായ അനുഭവം പരസ്യമായി പറയാൻ അവർ തയ്യാറായത് പിന്തുണക്കേണ്ടതാണെന്ന് ഒരു കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ഞാൻ കരുതുന്നുവെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ പ്രതികരിച്ചു. അതോടൊപ്പം തന്നെ ആരോപണവിധേയന്റെ പേര് വെഴിപ്പെടുത്തുവാനും അഭ്യർഥിച്ചിട്ടുണ്ട്.
പ്രമുഖ കോൺഗ്രസ് നേതാക്കളും വിഷയത്തിൽ നിലപാട് വ്യക്തമാക്കി പ്രതികരിച്ചു. രാഹുലിനെതിരെ ഉടൻ നടപടി വേണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം ഹൈമാൻഡിനോട് ആവശ്യപ്പെട്ടു. അതേ നിലപാടിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണ്. ഈ വിഷയത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ലെന്നും തീരുമാനത്തിനായി കാത്തിരിക്കാമെന്നും തിരുവഞ്ചൂർ പറഞ്ഞു. അതേ സമയം 'രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ എത്തിക്സ് കമ്മിറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതാവ് എ.എച്ച്. ഹഫീസ് സ്പീക്കർക്ക് പരാതി നൽകി. വ്യക്തിപരമായി പ്രതികരിക്കാനില്ലെന്നും , പാർട്ടി തീരുമാനിക്കട്ടെ എന്നുമായിരുന്നു കെ. സുധാകരന്റെ മറുപടി.
സ്ത്രീകൾക്ക് നേരെ ആരും തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം. പാർട്ടി ഉചിതമായ തീരുമാനം എടുക്കും.തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വെച്ച് പൊറുപ്പിക്കാൻ പാടില്ലെന്ന് ഉമാ തോമസ് എംഎൽഎ പ്രതികരിച്ചു. കെ. കെ. ശൈലജ, ബിന്ദു കൃഷ്ണ തുടങ്ങി നിരവധി നേതാക്കൾ രാഹുലിനെതിരെ രംഗത്തു വന്നിട്ടുണ്ട്. പരാതികൾ വിശ്വസനീയമെന്ന് പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ പറഞ്ഞു.
രാഹുലിന്റെ മണ്ഡലമായ പാലക്കാടും കോൺഗ്രസിനകത്ത് അതൃപ്തി ഉയർന്നു കഴിഞ്ഞു. രാഹുലിനെ കെട്ടിയിറക്കിയവർ അനുഭവിക്കട്ടെ എന്ന് ഒരു വിഭാഗം നിലപാടെടുത്തു. പാലക്കാട് നിന്നുള്ള വ്യക്തിയെ മത്സരിപ്പിച്ചാൽ മതിയെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല. കൂടെ നടന്നവർ ഉത്തരം പറയട്ടെ എന്നും പ്രതികരണം. ഷാഫി പറമ്പിൽ പ്രതികരിക്കാത്തതും ചർച്ചയാകുന്നുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. റിനിയുടെ പരാതി ഇടപെട്ട് പരിഹരിച്ചിരുന്നുവെന്നും . പിന്നീട് ഇപ്പേഴാണ് ഗൗരവമുള്ള പരാതി ഉയർന്നതെന്നും സതീശൻ വ്യക്തമാക്കി. പരാതിയുടെ ഗൗരവം പരിഗണിക്കും രാഹുലിന് പറയാനുള്ളതും കേൾക്കും. ശേഷം ഉചിതമായ നടപടി സ്വീകരിക്കും. എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന് പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വെളിപ്പെടുത്തലിനു പിന്നാലെ നടിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾ ചെറുതല്ല. സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വച്ചാണ് റിനിക്കെതിരെ അധിക്ഷേപ കമന്റുകളും , പോസ്റ്റുകളും പ്രചരിപ്പിക്കുന്നത്. എന്നാൽ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് സൈബർ ആക്രമണമില്ലെന്നും, സൈബർ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ അതിനെതിരെയും നടപടിയെടുക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തേക്കെന്നാണ് റിപ്പോർട്ടുകൾ. പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചതു പ്രകാരം നേതൃത്വം രാഹുലിൽ നിന്ന് രാജി ആവശ്യപ്പെട്ടതായും രാഹുൽ രാജിവച്ചതായുമാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാസ് മുന്‍ഷിക്ക് നേരിട്ട് ലഭിച്ചത് ഒന്‍പതില്‍ ഏറെ പരാതികളാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയിലും രാഹുലിനെതിരെ നീക്കം തുടങ്ങിക്കഴിഞ്ഞു. രാജിവെക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.