

ഹോക്കിന്‍സ് എന്ന സാങ്കല്‍പ്പിക പ്രദേശം. അവിടെ നടക്കുന്ന വിചിത്രമായ സംഭവങ്ങളുടെ ഉത്തരം തേടി കുറച്ചു കുട്ടികള്‍ ഇറങ്ങിപ്പുറപ്പെടുന്നു. ഓരോ എപ്പിസോഡ് പൂര്‍ത്തിയാകുമ്പോഴും ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ബാക്കിയാകുന്നത് ചോദ്യങ്ങള്‍. സ്ട്രേഞ്ചര്‍ തിങ്സ് സീരീസിലെ ഇതുവരെ പുറത്തിറങ്ങിയ 38 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയവരെല്ലാം അതിലെ കഥാപാത്രങ്ങള്‍ പോലെ അപ്സൈഡ് ഡൗണില്‍ പെട്ടിരിക്കുകയാണ്. ഉത്തരങ്ങള്‍ അന്വേഷിച്ച്...
ഈ കഥയും കഥാപാത്രങ്ങളും പൂര്‍ണമായും സാങ്കല്‍പ്പികമാണോ? ഇലവനെ പോലെ സൂപ്പര്‍ പവറും മറ്റൊരാളുടെ മനസിലും അവരുടെ ഓര്‍മകളിലും കയറി നിയന്ത്രിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? എന്നാല്‍, യഥാര്‍ത്ഥത്തില്‍ അതിനുള്ള ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ആ സംഭവങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ സ്ട്രേഞ്ചര്‍ തിങ്സിന്റെ മേക്കിങ്ങിന് പിന്നിലുണ്ട്.
സീരീസിലെ പ്രധാന കഥാപാത്രമായ ഇലവനും അവള്‍ രക്ഷപ്പെട്ട സര്‍ക്കാരിന്റെ രഹസ്യ ലാബുമൊക്കെ അമേരിക്കയില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ചില സംഭവങ്ങളില്‍ നിന്ന് ഇന്‍സ്പയര്‍ ആയതാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് അമേരിക്കയുടെ ചാരസംഘടനയായ സിഐഎ 1960 കളില്‍ നടത്തിയ ഒരു രഹസ്യ പരീക്ഷണം. എംകെ അള്‍ട്രാ പ്രൊജക്ട്.
ലോകത്തെ നിയന്ത്രിക്കാനുള്ള സൂപ്പര്‍ പവര്‍ എന്താണ്? മാരകശേഷിയുള്ള ആണവായുധത്തേക്കാള്‍ പവര്‍ഫുള്‍ ആയ ഒന്ന്. ആ അന്വേഷണം സിഐഐയെ കൊണ്ടെത്തിച്ചത് മനുഷ്യന്റെ തലച്ചോറായിരുന്നു. എതിരാളിയെ യുദ്ധം തുടങ്ങും മുമ്പ് തന്നെ കീഴടക്കാനുള്ള രഹസ്യായുധം.
നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആരോ നിങ്ങളുടെ മനസിലേക്ക് കയറി നിയന്ത്രണം ഏറ്റെടുക്കുന്നു. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ. ഒരു പരീക്ഷണത്തിന്റെ ഭാഗമാകുന്നു. സിഐഎയുടെ എംകെ അള്‍ട്രാ പ്രൊജക്ടിനെ കുറിച്ച് ഏറ്റവും ലളിതമായി ഇങ്ങനെ പറയാം.
സംഭവം നടക്കുന്നത് ശീതയുദ്ധ കാലത്താണ്. മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്ന വഴികള്‍ തേടിയുള്ള പരീക്ഷണങ്ങള്‍ക്ക് സിഐഐ തീരുമാനിക്കുന്നു. ശത്രുവിന്റെ മനസ് നിയന്ത്രിച്ച് മേല്‍ക്കൈ നേടുക എന്നതായിരുന്നു ലക്ഷ്യം.
ഈ പരീക്ഷണത്തിനായി അമേരിക്കയിലും കാനഡയിലും ഉടനീളമുള്ള മാനസികാരോഗ്യ സ്ഥാപനങ്ങള്‍ക്ക് സിഐഎ ഫണ്ട് നല്‍കി. സൈക്കഡെലിക് മരുന്നുകള്‍, സെന്‍സറി ഡിപ്രിവേഷന്‍, ഇലക്ട്രിക് ഷോക്ക് എന്നിവയിലൂടെ മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്തുക. അതായിരുന്നു പദ്ധതി.
പരീക്ഷണത്തിന് വിധേയരാകുന്ന ആളുകള്‍ അവര്‍ പരീക്ഷിക്കപ്പെടുകയാണ് എന്നു പോലും അറിയുന്നില്ല. അല്ലെങ്കില്‍ അറിഞ്ഞു തുടങ്ങുമ്പോഴേക്ക് ജീവിതം പൂര്‍ണമായി കൈവിട്ടിട്ടുണ്ടാകും. സിഐഎയുടെ ഈ പരീക്ഷണത്തിന് ഇരയായവരോ അവരുടെ കുടുംബങ്ങളോ ഇന്നും അമേരിക്കയിലുണ്ട്.
മനോരോഗികളും തെരുവിലെ മനുഷ്യരും ഗര്‍ഭിണികള്‍ പോലും ഈ പരീക്ഷണങ്ങള്‍ക്ക് ഇരയായി. മനുഷ്യന്റെ പെരുമാറ്റവും ചിന്താഗതിയും നിയന്ത്രിക്കാന്‍ കഴിയുന്ന മരുന്നുകളും മറ്റ് രീതികളും കണ്ടെത്തുക, ബലപ്രയോഗമില്ലാതെ ആളുകളെക്കൊണ്ട് രഹസ്യങ്ങള്‍ പറയിപ്പിക്കാന്‍ കഴിയുന്ന രാസവസ്തുക്കള്‍ കണ്ടെത്തുക, ഫലപ്രദമായ ചോദ്യം ചെയ്യല്‍ രീതികള്‍ വികസിപ്പിക്കുക ഇതൊക്കെയായിരുന്നു എംകെ അള്‍ട്രാ പ്രൊജക്ട് എന്ന കോഡില്‍ അറിയപ്പെട്ട പരീക്ഷണത്തിന്റെ ലക്ഷ്യങ്ങള്‍.
പരീക്ഷണത്തിനായി എല്‍എസ്ഡി പോലുള്ള സൈക്കഡലിക് ഡ്രഗ്സ് അനിയന്ത്രിതമായി മനുഷ്യരില്‍ പ്രയോഗിച്ചു. ആളുകളെ ഹിപ്നോട്ടൈസ് ചെയ്ത് അവരുടെ ഓര്‍മ്മകള്‍ മായ്ക്കാനും പുതിയ വിവരങ്ങള്‍ നല്‍കാനും ശ്രമിച്ചു. കാഴ്ച, കേള്‍വി, സ്പര്‍ശം ഇതൊക്കെ ദീര്‍ഘനേരം തടഞ്ഞുവെച്ച് മനസ്സിനെ ദുര്‍ബലപ്പെടുത്തി. ഇലക്ട്രിക് ഷോക്ക് നല്‍കി അവരുടെ മനസിനെ സ്വാധീനിക്കാന്‍ കഴിയുമോ എന്ന് നോക്കി.
ഈ പരീക്ഷണങ്ങള്‍ക്ക് ഇരയായവരില്‍ പലരും ഒരിക്കലും തിരിച്ചു വരാന്‍ സാധിക്കാത്ത വിധം മാനസികമായും ശാരീരികമായും തകര്‍ന്നു. 1970 കള്‍ വരെ തുടര്‍ന്ന പരീക്ഷണത്തിന്റെ വിവരങ്ങള്‍ സിഐഐ പിന്നീട് നശിപ്പിച്ചെങ്കിലും പല വിവരങ്ങളും പിന്നീട് പുറത്തു വന്നു.
സ്ട്രേഞ്ചര്‍ തിങ്സ് പൂര്‍ണമായും ഒരു സയന്‍സ് ഫിക്ഷന്‍ ആണെങ്കിലും എം.കെ.അള്‍ട്രായുടെ ആശയങ്ങളും പരീക്ഷണ രീതികളും കഥയിലെ പ്രധാന സംഭവങ്ങള്‍ക്ക് നേരിട്ട് പ്രചോദനമായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സീരീസിലെ ഹോക്കിന്‍സ് നാഷണല്‍ ലബോറട്ടറി. അമേരിക്കയിലെ യൂണിവേഴ്സിറ്റികളിലും ആശുപത്രികളിലും രഹസ്യമായി നടത്തിയ പരീക്ഷണങ്ങളാണ് ഹോക്കിന്‍സ് ലാബിന്റെ റഫറന്‍സ്.
ടെലി കൈനസിസ് പോലുള്ള പ്രത്യേക കഴിവുകള്‍ വികസിപ്പിക്കാന്‍ സീരീസിലെ ഇലവന്‍ അടക്കമുള്ള കുട്ടികളെ തടവിലാക്കി പരീക്ഷണം നടത്തിയതു പോലെ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികളിലും സാധരണക്കാരിലും പരീക്ഷണം നടത്തി. സീരീസില്‍ പപ്പ എന്ന കഥാപാത്രത്തെ പോലെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അടങ്ങുന്ന സര്‍ക്കാര്‍ ഏജന്റുമാരാണ് ഈ പരീക്ഷണങ്ങളെല്ലാം നടത്തിയത്.
സ്‌ട്രേഞ്ചര്‍ തിങ്‌സി'ലെ കഥാപാത്രങ്ങള്‍ വിചിത്രമായ പോര്‍ട്ടലുകള്‍ തുറക്കുന്നത് പോലുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും ഭാവനയാണെങ്കിലും, സര്‍ക്കാര്‍ രഹസ്യമായി മനുഷ്യരെ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നു എന്ന ഗൂഢാലോചനാപരമായ ആശയം ഈ പ്രോജക്റ്റില്‍ നിന്ന് വന്നതാണ്.
ഇത്രയും ക്രൂരമായ ഒരു പരീക്ഷണത്തിന് അമേരിക്ക എന്തിന് തയ്യാറായി? അതിന്റെ കാരണം വിചിത്രമാണ്. ശീതയുദ്ധത്തിന്റെ തുടക്കത്തില്‍, മനുഷ്യ മനസുകളെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു മരുന്നോ സാങ്കേതിക വിദ്യയോ കമ്മ്യൂണിസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന സംശയമോ മിഥ്യാബോധമോ സിഐഐയ്ക്കുണ്ടാകുന്നു. ഇതിനു പകരമായി സ്വന്തമായി അങ്ങനെയൊരു മരുന്ന് കണ്ടെത്തിക്കളയാം എന്ന ആശയത്തില്‍ നിന്നാണ് ലോകം കണ്ട ഏറ്റവും ക്രൂരമായ മനുഷ്യത്വവിരുദ്ധമായ പരീക്ഷണത്തിന് സിഐഎ തുനിഞ്ഞിറങ്ങിയത്.
ഈ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സിഡ്നി ഗോട്ലീബ് എന്ന കെമിസ്റ്റാണ്. ഇയാളെ വിശേഷിപ്പിക്കുന്നത് തന്നെ സിഐഎയുടെ വിഷ വിദഗ്ധന്‍ എന്നാണ്. സ്ട്രേഞ്ചര്‍ തിങ്സിലെ പപ്പ എന്ന കഥാപാത്രത്തെ ഈ മനുഷ്യനുമായി ഉപമിക്കാം. മനുഷ്യരുടെ മനസില്‍ കയറി അതിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നതായിരുന്നു ഇയാളുടെ ആഗ്രഹമെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീഫന്‍ കിന്‍സര്‍ പറയുന്നത്. രണ്ട് പ്രക്രിയയിലൂടെ അത് സാധ്യമാക്കാം എന്ന് ഗോട്ലീബ് വിശ്വസിച്ചു. ആദ്യത്തേത് നിലവിലുള്ള മാനസ്സിനെ തകര്‍ക്കുക, രണ്ടാമത്തേത്, തകര്‍ന്ന മനസ്സിലേക്ക് അയാള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ കുത്തിവെക്കുക.... ഇതില്‍ രണ്ടാമത്തെ ലക്ഷ്യത്തിലേക്ക് ഗോട്ലീബ് എത്തിയില്ലെങ്കിലും ആദ്യത്തേതിനായി ഒരുപാട് പരിശ്രമിച്ചുവെന്നാണ് സ്റ്റീഫന്‍ കിന്‍സര്‍ പറയുന്നത്. പക്ഷെ, അതിന് നിരവധി മനുഷ്യര്‍ക്ക് അവരുടെ ജീവിതം വിലയായി നല്‍കേണ്ടി വന്നു.
ഇരുപത് വര്‍ഷം നീണ്ട പരീക്ഷണത്തിനൊടുവില്‍ മൈന്‍ഡ് കണ്‍ട്രോള്‍ അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ് ഗോട്ലീബ് പരീക്ഷണം അവസാനിപ്പിച്ചെങ്കിലും ആ സമയത്തിനുള്ളില്‍ കുറേ പേര്‍ മരിച്ചു. കുറേ പേര്‍ക്ക് അവരുടെ ജീവിതത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എംകെ അള്‍ട്രാ അവസാനിപ്പിച്ച് ഗോട്ലീബ് സിഐഎയുടെ പുതിയ പ്രൊജക്ടിന് നേതൃത്വം നല്‍കി, ചാരന്മാര്‍ക്ക് ഉപയോഗിക്കാന്‍ വിഷവസ്തുക്കളും ഹൈടെക് ഗാഡ്‌ജെറ്റുകളും സൃഷ്ടിക്കുന്ന മറ്റൊരു പ്രൊജക്ട്.
സ്ട്രേഞ്ചര്‍ തിങ്സ് കഥയാണെങ്കിലും യഥാര്‍ത്ഥ മനുഷ്യരുടെ യാതനകളില്‍ നിന്നും പകര്‍ത്തിയ അധ്യായമാണ്. മനുഷ്യരുടെ ഏറ്റവും വലിയ ശത്രുവും ഭീഷണിയും അധികാരക്കൊതിയും സ്വാര്‍ത്ഥതയുമാണെന്ന് നമുക്ക് അതില്‍ കാണാം. സ്വന്തം ചിന്തകളെ കീഴ്പ്പെടുത്താനുള്ള സൂപ്പര്‍ പവര്‍ നേടാനുള്ള ശ്രമങ്ങളില്‍ മനുഷ്യന്‍ എന്നെങ്കിലും വിജയിക്കുമോ എന്ന ചിന്തയും അത് ഉയര്‍ത്തുന്നു.