
കഥ തുടങ്ങുന്നത് 1930 കളില്‍ അങ്ങ് ജര്‍മനിയിലാണ്. ഈ കാലത്താണ് പീപ്പിള്‍സ് കാര്‍, ജനങ്ങളുടെ കാര്‍ എന്ന പ്രയോഗം ജര്‍മനിയിലൂടനീളം പ്രചരിക്കാന്‍ തുടങ്ങുന്നത്. 1933 ല്‍, ജര്‍മ്മനിയിലെ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതും, ലളിതവുമായ ഒരു കാര്‍ നിര്‍മ്മിക്കുക എന്ന ആശയം അഡോള്‍ഫ് ഹിറ്റ്ലര്‍ മുന്നോട്ട് വെച്ചു. രണ്ട് മുതിര്‍ന്നവര്‍ക്കും മൂന്ന് കുട്ടികള്‍ക്കും യാത്ര ചെയ്യാനാവുന്ന, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ലളിതമായ വാഹനമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
സാങ്കേതികവിദ്യയോടും ഓട്ടോമൊബൈലുകളോടുള്ള ഹിറ്റ്‌ലറിനുള്ള ആരാധനയും ഈ ശ്രമത്തിന് ആക്കം കൂട്ടി. കാറുകള്‍ 'മനുഷ്യരാശിയുടെ ഏറ്റവും അത്ഭുതകരമായ ഗതാഗത മാര്‍ഗ്ഗം എന്നായിരുന്നു ഹിറ്റ്‌ലറിന്റെ വാദം. ഓരോ ജര്‍മന്‍ കുടുംബത്തിനും ഒരു കാര്‍ എന്നായിരുന്നു ആശയം. പക്ഷെ അങ്ങനെ പറഞ്ഞാല്‍ അത് പൂര്‍ണമായും സത്യമാകില്ല. ആ പ്രഖ്യാപനത്തിനു പിന്നില്‍ ഹിറ്റ്‌ലറിന്
ചില ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നു. ഫോക്‌സ് വാഗന്റെ കഥയില്‍ നിരവധി മനുഷ്യരുടെ നരകയാതനകളുണ്ട്. സാമ്പത്തിക താത്പര്യങ്ങളുണ്ട്. അങ്ങനെ പലതുമുണ്ട്.
കാറിന്റെ നിര്‍മാണം ഹിറ്റ്‌ലര്‍ ഏല്‍പ്പിച്ചത് പോര്‍ഷെയുടെ നിര്‍മാതാവായ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെയെ ആയിരുന്നു. ഫെര്‍ഡിനാന്‍ഡ് പോര്‍ഷെയാണ് ഫോക്‌സ് വാഗന്റെ ആദ്യ കാറായ ഫോക്‌സ് വാഗന്‍ ബീറ്റില്‍ ഡിസൈന്‍ ചെയ്തത്. 1937 മെയ് 28 നാണ് കമ്പനി ഔദ്യോഗികമായി സ്ഥാപിക്കപ്പെടുന്നത്. ഫാക്ടറി നിര്‍മ്മിച്ച നഗരത്തിന് ആദ്യം ഫാളേഴ്‌സ്ലെബനിലെ കെഡിഎഫ്-കാര്‍ നഗരം എന്നായിരുന്നു പേര്. പിന്നീട് ഇത് വോള്‍ഫ്സ്ബര്‍ഗ് ആയി മാറി. ഫാക്ടറിക്ക് ഫോക്സ്വാഗണ്‍ പ്ലാന്റ് എന്ന് പേര് വന്നത് രണ്ടാംലോക മഹായുദ്ധത്തിനു ശേഷമാണ്.
പ്രതിവര്‍ഷം കുറഞ്ഞത് 1.5 ദശലക്ഷം കാറുകളെങ്കിലും ഇവിടെ ഉത്പാദിപ്പിക്കുമെന്നായിരുന്നു ഫാക്ടറി സ്ഥാപിക്കുമ്പോഴുള്ള ഹിറ്റ്‌ലറിന്റെ പ്രവചനം. ഇത് കേള്‍ക്കുമ്പോള്‍ ഓരോ ജര്‍മന്‍കാരനും കാറില്‍ സഞ്ചരിക്കുന്ന മനോഹരമായ നഗരമാണ് സങ്കല്‍പ്പിക്കുന്നതെങ്കില്‍ തെറ്റി. 1939-ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ പീപ്പിള്‍സ് കാര്‍ പദ്ധതി നിര്‍ത്തി. ഫാക്ടറി പൂര്‍ണമായി സൈനിക ഉത്പാദനത്തിലേക്ക് മാറി. അതോടെ, സേവിങ്സ് അക്കൗണ്ടുണ്ടാക്കി കാത്തിരുന്ന ഭൂരിപക്ഷം ജര്‍മന്‍കാര്‍ക്കും കാര്‍ ലഭിച്ചില്ല.
ജനങ്ങള്‍ക്കു വേണ്ടിയുള്ള കാര്‍ എന്ന പ്രഖ്യാപനമൊക്കെ നടത്തിയിരുന്നെങ്കിലും 1934 ഏപ്രിലില്‍ തന്നെ ഹിറ്റ്‌ലര്‍ പോര്‍ഷേയുമായി ചേര്‍ന്ന് ഫോക്‌സ് വാഗണ്‍ സൈനികമായി ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നു.
സിവിലിയന്‍ ആവശ്യത്തിന് രൂപകല്‍പ്പന ചെയ്ത ഫാക്ടറിയായതിനാല്‍ യുദ്ധകാലത്ത് ഇവിടെ സൈനിക ഉല്‍പ്പാദനം വലിയ പ്രതിസന്ധികള്‍ നേരിട്ടു. തൊഴിലാളികളുടെ ക്ഷാമമായിരുന്നു പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാന്‍ ആളുകളെ ബലമായി പിടിച്ച് തൊഴിലാളികളാക്കി തുടങ്ങി. ജര്‍മന്‍ തൊഴിലാളികള്‍ക്കു പുറമെ, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്ന് കൊണ്ടു വന്ന ജൂതന്മാരും ഇവിടെ പണിയെടുത്തു. നാസി സൈന്യം പിടികൂടിയ സോവിയറ്റ് സൈനികരായിരുന്നു പ്രധാനമായും ഇവിടുത്തെ തൊഴിലാളികള്‍.
സോവിയറ്റ് യുദ്ധത്തടവുകാരുടെ നിര്‍ബന്ധിത തൊഴില്‍ മുതലെടുത്ത ആദ്യത്തെ കമ്പനികളില്‍ ഒന്ന് ഫോക്‌സ് വാഗണ്‍ ആണ്. യുദ്ധത്തിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോഴേക്കും ഫോക്സ് വാഗണ്‍ ഫാക്ടറിയിലെ തൊഴിലാളികളില്‍ 66 ശതമാനവും അടിമത്തൊഴിലാളികളായിരുന്നു. അതില്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നു കൊണ്ടുവന്ന തടവുകാരും ഉള്‍പ്പെടുന്നു. 1942 ല്‍ ഫാക്ടറി കോമ്പൗണ്ടില്‍ ആ സ്ഥലത്തെ ആദ്യത്തെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്, തൊഴില്‍ ഗ്രാമം എന്നര്‍ത്ഥം വരുന്ന അര്‍ബീറ്റ്‌സ്‌ഡോര്‍ഫ്, സ്ഥാപിക്കപ്പെട്ടു. വലിയ തൊഴില്‍ പീഡനങ്ങളും ചൂഷണങ്ങളുമൊക്കെയാണ് ഫാക്ടറിയില്‍ നടന്നത്.
ഫോക്‌സ് വാഗണ്‍ ഫാക്ടറിയുടെ ചുമരുകളില്‍ കാതോര്‍ത്താല്‍ നൂറ് കണക്കിന് കുഞ്ഞുങ്ങളുടെ നിലവിളികള്‍ കേള്‍ക്കാം. ഫോക്‌സ് വാഗന്റെ ചരിത്രത്തില്‍ ഏറ്റവും നിന്ദ്യമായ കുറ്റകൃത്യങ്ങളിലൊന്ന് തൊഴിലാളികളുടെ കുഞ്ഞുങ്ങളോട് ചെയ്ത ക്രൂരതയാകും. പൂര്‍ണ ഗര്‍ഭിണികളായ സ്ത്രീകളെ പോലും ഇവിടെ ജോലി ചെയ്യിപ്പിച്ചിരുന്നു. യുദ്ധം മൂര്‍ച്ചിച്ചതോടെ തൊഴിലാളികളെ പുറത്തുവിടാതെ പണിയെടുപ്പിക്കുക എന്നതായി കമ്പനിയുടെ പോളിസി. ഇതിന്റെ ഭാഗമായി ഗര്‍ഭിണികളായ തൊഴിലാളികള്‍ക്ക് പ്രസവിക്കാനും കുഞ്ഞുങ്ങളെ പരിപാലിക്കാനും എന്ന പേരില്‍ നഴ്‌സറികളും ആരംഭിച്ചു.
തൊഴിലാളികള്‍ക്ക് പ്രസവ സൗകര്യവും കുഞ്ഞുങ്ങളെ പരിപാലിക്കാനായി പ്രത്യേക ഇടവും എന്നൊക്കെ കേള്‍ക്കുമ്പോള്‍ പുരോഗമനപരമായ മനുഷ്യത്വപരമായ എന്തോ പ്രവര്‍ത്തിയെന്നൊക്കെ തോന്നാം. പക്ഷെ അത് വെറും സാങ്കല്‍പ്പികം മാത്രമായിരുന്നു. പ്രസവം കഴിഞ്ഞ് എത്രയും വേഗം തൊഴിലാളികളെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കുക മാത്രമായിരുന്നു ഇതുകൊണ്ടൊക്കെ ഉദ്ദേശിച്ചിരുന്നത്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പോയിട്ട് അവരുടെ ജീവന്‍ പോലും ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വിഷയമായിരുന്നില്ല. പട്ടിണിയും മെഡിക്കല്‍ നെഗ്ലിജന്‍സും മൂലം നവജാത ശിശുക്കള്‍ ഇവിടെ മരണപ്പെട്ടുകൊണ്ടിരുന്നു. റൂഹന്‍ ബേബി ഫാം കേസ് എന്ന് പിന്നീട് അറിയപ്പെട്ട ഫോക്‌സ് വാഗണ്‍ ചരിത്രത്തിലെ കറുത്ത അധ്യായം കൂടിയായിരുന്നു ഇത്.
ഇങ്ങനെ കുഞ്ഞുങ്ങള്‍ മരിച്ചു വീണതില്‍ ഇവിടുത്തെ ചുമതലക്കാരനായിരുന്ന ഡോ. ഹാന്‍സ് കോര്‍ബലിന്റെ ഉത്തരവാദിത്തമില്ലായ്മയും ചെറുതല്ല. 1946 ല്‍ ബ്രിട്ടന്‍ ഫാക്ടറി ഏറ്റെടുത്തതിനു ശേഷം ആദ്യം നടപ്പാക്കിയത് കോര്‍ബലിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. തടവില്‍ കഴിയവേ 1947 ല്‍ ഹൃദയാഘാതം മൂലമാണ് അയാള്‍ മരിക്കുന്നത്.
യുദ്ധത്തില്‍ ജര്‍മനി പരാജയപ്പെട്ടതോടെ സഖ്യകക്ഷികള്‍ ഫാളര്‍സ്ലെബെന്‍ സമുച്ചയം വളഞ്ഞു. ഇവിടെയുള്ള ചില തടവുകാര മോചിപ്പിച്ചു. ജര്‍മന്‍ ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടു.
1945 ഏപ്രില്‍ 15 ന് സഖ്യസേന പ്രദേശം പിടിച്ചടക്കിയപ്പോള്‍ അവരെ നേരിടാന്‍ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെയുടെ മരുമകനും ഫാക്ടറി മാനേജരുമായിരുന്ന ആന്റണ്‍ പിച്ചെ ബാക്കിയുണ്ടായിരുന്ന ജീവനക്കാരോട് ആജ്ഞാപിച്ച് സ്ഥലം വിട്ടു. ഓസ്ട്രിയയിലുള്ള അമ്മായിയപ്പന്റെ അടുത്തേക്കായിരുന്നു പാലായനം. അതിനു മുമ്പ് തന്നെ അയാള്‍ തൊഴില്‍ ചൂഷണത്തിലൂടെ സമ്പാദിച്ച 1.4 മില്യണ്‍ ഡോളര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി വലിയൊരു കൂട്ടം മനുഷ്യരോട് പൊറുക്കാന്‍ കഴിയാത്ത ക്രൂരതകള്‍ ചെയ്തിട്ടും വിധി അവരോട് ആ ക്രൂരത തിരിച്ചു കാണിച്ചില്ല. പോര്‍ഷേയേയും മരുമകനേയും ഫ്രഞ്ച് അധികാരികള്‍ രണ്ട് വര്‍ഷം തടങ്കലില്‍ പാര്‍പ്പിച്ചെങ്കിലും ഒരിക്കല്‍ പോലും വിചാരണ നേരിട്ടിരുന്നില്ല. മരിക്കുമ്പോള്‍ അവര്‍ പൂര്‍ണ സ്വതന്ത്രരായിരുന്നു.
ഫാളര്‍സ്ലെബെന്‍ പ്ലാന്റും അതിനോട് ചേര്‍ന്നുള്ള കെഡിഎഫ്-കാര്‍ നഗരവും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരം വുള്‍ഫ്‌സ് ബര്‍ഗ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇന്നും കമ്പനിയുടെ ആസ്ഥാനം വുള്‍ഫ്‌സ് ബര്‍ഗാണ്.
ഹിറ്റലറുടെ നാസി ഭരണത്തില്‍ അയാള്‍ക്കു വേണ്ടി പണിയെടുത്ത് ആ ക്രൂരതയുടെ പങ്ക് പറ്റിയവരാണ് ഫോക്‌സ് വാഗണ്‍. അവരുടെ ചരിത്രം രക്തത്തില്‍ എഴുതിയതായിരുന്നു. അത് മായ്ക്കാന്‍ അവര്‍ വീണ്ടുമൊരു ചരിത്രമെഴുതിയുണ്ടാക്കി, പോളിഷ് ചെയ്ത് നേട്ടങ്ങള്‍ മാത്രം എണ്ണിപ്പറഞ്ഞൊരു ചരിത്രം. ആ കഥയെഴുതാന്‍ നിയോഗിച്ചത് പ്രശസ്ത ജര്‍മ്മന്‍ ചരിത്രകാരനായ ഹാന്‍സ് മോംസണെയായിരുന്നു. 1996 ല്‍ പൂര്‍ത്തിയാക്കിയ ആ കഥയാണ് ഇന്നത്തെ ഫോക്‌സ് വാഗന്റെ കഥ.
ഫോക്സ്വാഗന്റെ ചരിത്രം അതിന്റെ ലോഗോയിലുണ്ടായ മാറ്റങ്ങളില്‍ തന്നെ വ്യക്തമായി കാണാം. വോള്‍ക്‌സ് എന്നാല്‍ ജര്‍മനിയില്‍ ജനം എന്നര്‍ത്ഥം. വാഗന്‍ എന്നതിന്റെ അര്‍ത്ഥം വാഹനം. ഇതില്‍ നിന്നാണ് ആ ഐക്കോണിക് ഢണ ലോഗോയില്‍ ഇടംപടിച്ചത്. ഫോക്‌സ് വാഗന്റെ ലോഗോ ഇന്ന് കാണുന്നത് പോലെയായിരുന്നില്ല അതിന്റെ തുടക്കകാലത്ത്. ഢണ എന്നീ അക്ഷരങ്ങള്‍ക്കൊപ്പം നാസി ചിഹ്നമായ സ്വസ്തികയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആദ്യ ലോഗോ.
രണ്ടാംലോക മഹായുദ്ധത്തോടെ ലോഗോയിലെ നാസി ചിഹ്നം ഒഴിവായി. ഢണ നൊപ്പം ചക്രത്തിന്റെ രൂപം മാത്രം നിലനിര്‍ത്തി. സൈനിക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച വാഹനങ്ങളില്‍ ഈ ലോഗോയാണ് ഉപയോഗിച്ചത്.
1945 നും 1960 നും ഇടയിലുള്ള യുദ്ധാനന്തര കാലത്ത് ലോഗോയില്‍ വീണ്ടും മാറ്റങ്ങളുണ്ടായി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴില്‍ കമ്പനി പുനസ്ഥാപിച്ചപ്പോള്‍ ലോഗോ കൂടുതല്‍ ലളിതമായി. ലോഗോയില്‍ നിന്ന് ചക്രത്തിന്റെ രൂപം പൂര്‍ണ്ണമായി നീക്കി. ഒരു കട്ടിയുള്ള വൃത്തത്തിനുള്ളില്‍ ഢണ അക്ഷരങ്ങള്‍ മാത്രം നിലനിര്‍ത്തിയായിരുന്നു പുതിയ ലോഗോ. കറുപ്പ്, വെള്ള നിറങ്ങളിലുള്ള ഈ ലോഗോയാണ് പിന്നീട് ലോക പ്രശസ്തമായ ബീറ്റില്‍ കാറുകളില്‍ ഉപയോഗിച്ചത്.
ലോഗോയില്‍ നിറങ്ങള്‍ വരുന്നത് 1967 ലാണ്. ബ്രാന്‍ഡിന് ആഗോള പ്രതിച്ഛായ നല്‍കാന്‍ കറുപ്പിന് പകരം ഇളം നീല നിറം നല്‍കി. 78 ല്‍ നിറങ്ങള്‍ വീണ്ടും മാറി മറിഞ്ഞു. നീല പശ്ചാത്തലത്തിലും അക്ഷരങ്ങള്‍ വെളുത്ത നിറത്തിലുമായി. 2000 ലാണ് ത്രീഡി ലുക്കില്‍ ലോഗോ മാറുന്നത്.
യുദ്ധവും തകര്‍ച്ചയുമെല്ലാം കഴിഞ്ഞ് ഫോക്‌സ് വാഗന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുന്നത് 1950 കളിലാണ്. അതില്‍ ഏറ്റവും നിര്‍ണായകമായത് 1959 ലെ കമ്പനിയുടെ തലവര മാറ്റിയ ബീറ്റിലിന്റെ
പരസ്യത്തിലൂടെയാണ്. പരസ്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതായാണ് അമേരിക്കയില്‍ പുറത്തിറങ്ങിയ ഈ പരസ്യം കണക്കാക്കപ്പെടുന്നത്. സിംപിളായിരുന്നു അതിന്റെ ആശയം. അതിന്റെ തലക്കെട്ട് തിങ്ക് സ്‌മോള്‍ എന്നായിരുന്നു.
1950-കളുടെ അവസാനത്തില്‍ അമേരിക്കന്‍ വിപണിയില്‍ ആഢംബരമുള്ള, കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന കാറുകളോടായിരുന്നു പൊതുജനത്തിന് താല്‍പര്യം. ഈ സാഹചര്യത്തിലാണ് ലളിതമായ രൂപകല്‍പ്പനയുള്ള ചെറിയ കാറായ ബീറ്റില്‍ അമേരിക്കന്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ തിങ്ക് സ്‌മോള്‍ എന്ന ക്യാമ്പെയിനുമായി വരുന്നത്. യഥാര്‍ത്ഥത്തിലത് ചെറിയ ചിന്തയായിരുന്നില്ല, വാഹന വിപണിയിലെ വിപ്ലവകരമായ മുന്നേറ്റമായിരുന്നു.
ഡോയല്‍ ഡെയ്ന്‍ ബേണ്‍ബാക്ക് എന്ന കമ്പനിയായിരുന്നു ഈ ക്യാമ്പെയിന് പിന്നിലെ ബുദ്ധി കേന്ദ്രം. തൊണ്ണൂറ്റിഒമ്പത് ശതമാനവും ശൂന്യമായ പേജിന്റെ ഒരു മൂലയില്‍ ഒരു ചെറിയ ബീറ്റില്‍ കാര്‍ മാത്രം. ഇതായിരുന്നു പരസ്യം. വലിയ കാറുകള്‍ക്ക് പ്രാധാന്യമുണ്ടായിരുന്ന മാര്‍ക്കറ്റില്‍ ബീറ്റില്‍ അവരുടെ ഏറ്റവും വലിയ ന്യൂനത ഗുണമാക്കി മാറ്റുകയായിരുന്നു. ചെറിയ കാറിലൂടെ കുറഞ്ഞ ഇന്ധനം, പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, കുറഞ്ഞ മെയിന്റനന്‍സ്, ലളിതമായ ഡിസൈന്‍ ഇതെല്ലാമാണ് ഈ ഒറ്റ പരസ്യത്തിലൂടെ ബീറ്റില്‍സ് വിളിച്ചു പറഞ്ഞത്. ചെറുതാകുന്നത് മോശമല്ല, അത് മിടുക്കാണെന്ന് ബീറ്റില്‍ ജനങ്ങളെ ബോധ്യപ്പെടുത്തി.
ഈ കാമ്പെയ്ന്‍ ഫോക്സ്വാഗണ്‍ ബീറ്റിലിന് അമേരിക്കന്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടിക്കൊടുത്തു. ബീറ്റില്‍ പിന്നീട് 1960-കളിലെ ഐക്കണ്‍ ആയി മാറി.
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം നിര്‍മിക്കപ്പെട്ടതും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതുമായ കാറുകളിലൊന്നാണ് ബീറ്റില്‍. വണ്ടിന്റെ ആകൃതിയിലുള്ളതിനാലാണ് ബീറ്റില്‍ എന്ന് പേര് ലഭിച്ചത്. പിന്നില്‍ എഞ്ചിനുള്ള ,എയര്‍ കൂള്‍ഡായ ലളിതമായ ഘടന എന്നിവയായിരുന്നു ഇതിന്റെ പ്രത്യേകത.
യുദ്ധാനന്തരം ഫോക്‌സ് വാഗണ്‍ ഫാക്ടറി ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴിലായതോടെ മേജര്‍ ഇവാന്‍ ഹിര്‍സ്റ്റിന്റെ മേല്‍നോട്ടത്തില്‍ ബീറ്റില്‍ കാറിന്റെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിച്ചു. 1950-കളിലും 1960-കളിലും ലോകമെമ്പാടുമുള്ള വിപണികളില്‍ ബീറ്റില്‍ വന്‍ വിജയമായി. 1972-ല്‍ ബീറ്റില്‍, 15 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച്, ഫോര്‍ഡിന്റെ മോഡല്‍ ടി സ്ഥാപിച്ച എക്കാലത്തെയും വലിയ വില്‍പ്പന റെക്കോര്‍ഡ് തകര്‍ത്തു.
ഫോക്സ് വാഗണ്‍ കാറുകള്‍ ഇന്ന് ലോകമെമ്പാടും ഓടുന്നു. പക്ഷേ അതിന്റെ എന്‍ജിനില്‍ ഇന്നും കേള്‍ക്കാം ആ പഴയ ശബ്ദങ്ങള്‍... അടിമകളുടെ നിലവിളി, യുദ്ധത്തിന്റെ കുരുതിക്കാറ്റ്, അന്യായം കൊണ്ട് ചുവന്ന ഒരു കാലഘട്ടത്തിന്റെ ഇരുണ്ട മുഴക്കം.