
പണിയില്ലാത്തവർക്ക് വരുന്നതാണോ മാനസിക ബുദ്ധിമുട്ടുകൾ? രണ്ടുദിവസമായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്. ഒരു നടിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇത്തരം ഒരു ചര്‍ച്ച രൂപപ്പെട്ടത്. ആർക്ക് വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും അഭിപ്രായം പറയാവുന്ന ഒരു മേഖലയായി മാനസികാരോഗ്യം മാറിയിരിക്കുന്നു എന്നത് ഖേദകരമായ ഒരു വസ്തുതയാണ്.
എന്തിനും ഏതിനും വിദഗ്ധോപദേശം സ്വീകരിച്ച് ജീവിക്കുന്ന മലയാളികൾക്കിടയിലാണ് ഈ പ്രവണത കണ്ടുവരുന്നത് എന്നതും ശ്രദ്ധേയമായ സംഗതിയാണ്. ഒരു മൊബൈൽ ഫോൺ വാങ്ങാൻ ആലോചിക്കുമ്പോൾ, ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ തീരുമാനിക്കുമ്പോൾ, വീട് പണിയുമ്പോൾ, എന്തിന് അടുക്കളയിൽ ഒരു പുതിയ ഉപകരണം വാങ്ങാൻ നോക്കുമ്പോൾ ഒരു വിദഗ്ധന്‍റെ ഉപദേശത്തിന് പുറകെ നമ്മൾ നടക്കാറുണ്ട്. അത്രപോലും പ്രാധാന്യം നമ്മൾ നമ്മുടെ മാനസികാരോഗ്യത്തിന് നൽകുന്നില്ല എന്നത് വിഷമകരമായ അവസ്ഥയാണ്.
മനോരോഗം, മാനസിക പ്രശ്നങ്ങൾ എന്നീ വാക്കുകൾ പോലും ഇപ്പോൾ ഉപയോഗിക്കാറില്ല എന്നത് പലരും മറന്നു പോകുന്നുണ്ട്. മുന്നിൽ വന്നിരിക്കുന്ന ക്ലൈന്റുകളോട് (പേഷ്യന്റ്, രോഗി എന്ന വാക്കുകൾ ഇപ്പോൾ ഉപയോഗിക്കാറില്ല) എന്താണ് ബുദ്ധിമുട്ട് എന്നാണ് മാനസികാരോഗ്യ വിദഗ്ധർ ചോദിക്കാറുള്ളത്, അല്ലാതെ എന്താണ് അസുഖം എന്നല്ല. സ്റ്റിഗ്മയുടെ വലയത്തിൽ നിന്ന് മാനസിക ബുദ്ധിമുട്ടുകളെ മോചിപ്പിക്കാൻ അത്രമാത്രം പരിശ്രമം ഇതിനുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മാനസികാരോഗ്യ പ്രവർത്തകർ ചെയ്യുന്നുണ്ട്. ആർക്ക് വേണമെങ്കിലും അഭിപ്രായം പറഞ്ഞ് അതിനെ വിലകുറച്ച് കാണരുതെന്ന് എടുത്തുപറയേണ്ടതുണ്ട്.
മാനസിക ബുദ്ധിമുട്ടുകളെ ക്ലാസിഫൈ ചെയ്യുമ്പോൾ പ്രധാനമായി പറയുന്ന രണ്ട് രീതികൾ ഉണ്ട്. Observers discomfort അഥവാ ഒരാൾക്ക് പ്രശ്നമുണ്ടാകുമ്പോൾ അത് കാണുന്നവർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട്. ഇനിയുള്ളത് personal discomfort അതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അത്തരം ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കൂടെ നിൽക്കുന്നവർക്ക് പോലും മനസ്സിലാകണമെന്നില്ല. അത് അവർക്ക് മാത്രം അറിയാവുന്ന ഒരു അവസ്ഥയാണ്. ആദ്യം പറഞ്ഞ അവസ്ഥയെക്കാൾ കുറച്ചുകൂടി കഠിനമാണ് രണ്ടാമത്തെ അവസ്ഥ.
അവനവൻ കൂട്ടിയും കിഴിച്ചും ഒരുപാട് തവണ എനിക്ക് പ്രശ്നമുണ്ടോ ഞാൻ ശരിയാണോ ഞാൻ നല്ലതാണോ എന്നൊക്കെ ചിന്തിച്ച് അതൊന്നും ആരോടും പങ്കുവയ്ക്കാതെ തീവ്രമായ ഒരു ചുഴിയിൽപ്പെട്ട് ഉഴലുകയാവും. വിഷാദം പോലെയുള്ളവയാണ് അത്തരം കാറ്റഗറിയിൽ പ്രധാനമായി വരുന്നത്. ബൈപോളാറിന്റെ അവസ്ഥയിൽ എത്തുന്ന മൂഡ് സംബന്ധമായ പ്രശ്നങ്ങൾ കുറച്ചൊക്കെ കൂടെ നിൽക്കുന്നവർക്ക് മനസ്സിലാകും. അല്ലെങ്കിൽ മുറിയിൽ അടച്ചിരിക്കുന്ന ഒറ്റപ്പെടാൻ ആഗ്രഹിക്കുന്ന പലതിനോടും പിന്തിരിഞ്ഞു നടക്കുന്ന വിഷാദാവസ്ഥയും നമ്മുടെ പ്രിയപ്പെട്ടവർക്ക് മനസ്സിലാക്കാം.
എന്നാൽ ഇതൊന്നുമല്ലാത്ത ഒരു കണ്ടീഷൻ ഉണ്ട്. അതാണ് ഫംഗ്ഷണൽ ഡിപ്രഷൻ, കൃത്യമായി ജോലി ചെയ്യുന്ന തമാശകൾ പറയുന്ന പൊട്ടിച്ചിരിക്കുന്ന എല്ലാവരോടും മനോഹരമായി പെരുമാറുന്ന കൃത്യമായി കാര്യങ്ങൾ ഡീൽ ചെയ്യുന്ന നന്നായി ഇടപെടുന്ന മനുഷ്യർ. എന്നാൽ അവർ അനുഭവിക്കുന്ന ഭീകരമായ വിഷാദം ഒറ്റയ്ക്കിരിക്കുമ്പോൾ പൊട്ടിക്കരയുന്ന അവസ്ഥ മണിക്കൂറുകളോളം ഉറങ്ങാതിരിക്കുന്നവർ ചിന്തകളിൽ തീ പുകയുന്നവർ, ആരുമില്ലെന്നും ഒറ്റയ്ക്കാണെന്നും ഉള്ള തോന്നൽ സ്വയം മനസ്സിലിട്ട് ഊതി ഊതി വീർപ്പിക്കുന്നവർ. കൂടെ നിൽക്കുന്നവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിൽ തീവ്രമായ സമ്മർദ്ദവും സങ്കടവും ഉള്ളിൽ കൊണ്ടു നടക്കുന്നവർ. ഈ ഒരു അവസ്ഥയിൽ കൂടിയാണ് തങ്ങൾ കടന്നു പോകുന്നതെന്ന് വൈകി മാത്രം തിരിച്ചറിയുന്നവരുമുണ്ട്.
പുസ്തകം വായിച്ചും യാത്ര പോയും പറമ്പിൽ കിളച്ചും രോഗം മാറ്റാമെന്ന് പറയുന്നവർ കയ്യൊടിഞ്ഞാൽ പ്ലാസ്റ്റർ ഇടണമെന്നും ഇൻഫെക്ഷൻ വന്നാൽ ആന്റിബയോട്ടിക് കഴിക്കണമെന്നും വിശ്വസിക്കുന്നവർ ആയിരിക്കുമല്ലോ? അല്ലാത്തവരോട് ഇതൊന്നും പറഞ്ഞിട്ട് ഫലം ഇല്ല. ന്യൂറോ ട്രാൻസ്മിറ്ററുകൾ തലച്ചോറിൽ ഇരുന്നു നടത്തുന്ന കള്ളക്കളികൾക്ക് മരുന്ന് തന്നെ വേണമെന്ന് സൈക്കോപ്പത്തോളജി പഠിച്ചവർക്ക് അറിയാം. അതുപോലെതന്നെ തെറാപ്പിയെ ഉപദേശമായി ഒതുക്കിനിർത്താതെ ചിന്തകളെ റീ കൺസ്ട്രക്ട് ചെയ്യുന്ന ഒരു ഉപാധിയായി മനസ്സിലാക്കാനും നമ്മൾ ശ്രമിക്കണം.
നമുക്ക് ചുറ്റും അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാത്തിലും നമ്മൾ അഭിപ്രായം പറയണമെന്ന ഒരു ആവശ്യവുമില്ല. അതേപ്പറ്റി പറയാൻ അറിയാവുന്നവർ പറഞ്ഞോട്ടെ. നമ്മൾ അനുഭവിക്കുന്ന കാര്യങ്ങൾ വച്ച് ഒരിക്കലും മറ്റുള്ളവരുടെ ജീവിതത്തെ വിലയിരുത്താൻ നോക്കരുത്. പേഴ്സണാലിറ്റി എന്നത് യൂണിക്ക് ആണെന്ന പാഠം പഠിച്ചുകൊണ്ടാണ് ഓരോ സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും തങ്ങളുടെ ജീവിതം ആരംഭിക്കുന്നത്.
(കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, ഋതു സെന്റർ ഫോർ സൈക്കോളജിക്കൽ വെൽനെസ്, എറണാകുളം)