വിദേശപഠനം: ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് എങ്ങോട്ട്?

2025-ൽ മാത്രം അമേരിക്കയിൽ 33 ശതമാനവും കാനഡയിൽ 57 ശതമാനവും ഓസ്‌ട്രേലിയയിൽ 13 ശതമാനവും ഇടിവുണ്ടായി
വിദേശപഠനം: ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് എങ്ങോട്ട്?
Published on: 
Updated on: 

വർഷങ്ങളായി വിദേശപഠനം സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രിയപ്പെട്ട ലക്ഷ്യമായിരുന്ന കാനഡയും അമേരിക്കയും ഓസ്‌ട്രേലിയയുമെല്ലാം ഇപ്പോൾ പഴയതുപോലെ വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നില്ല. മറിച്ച്, ജർമനി, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര വിദ്യാർഥികളുടെ ഒഴുക്ക് കുത്തനെ വർധിക്കുകയാണ്. 2026 നവംബർ 12-ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് അഥവാ OECD പുറത്തുവിട്ട 'ഇന്റർനാഷണൽ മൈഗ്രേഷൻ ഔട്ട്‌ലുക്ക് 2026' റിപ്പോർട്ടാണ് ഈ മാറ്റങ്ങൾ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് പരമ്പരാഗത വിദേശപഠന ലക്ഷ്യസ്ഥാനങ്ങളിൽനിന്ന് വിദ്യാർഥികൾ പുതിയ രാജ്യങ്ങളിലേക്ക് മാറുന്നത്? ഈ മാറ്റം ഇന്ത്യൻ വിദ്യാർഥികളെ എങ്ങനെയാണ് ബാധിക്കുന്നത്? വിദേശപഠനത്തിന്റെ യഥാർഥ സാധ്യതകളും വെല്ലുവിളികളും എന്തൊക്കെയാണ്?

വിദേശപഠനം: ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് എങ്ങോട്ട്?

കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലാണ് വിദേശപഠന മേഖലയിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടായത്. 2020-ലെ കോവിഡ് പ്രതിസന്ധിയിൽ കുത്തനെ ഇടിഞ്ഞ അന്താരാഷ്ട്ര വിദ്യാർഥി പ്രവാഹം, 2023 ആയപ്പോഴേക്കും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ OECD രാജ്യങ്ങളിലേക്ക് മാത്രം 21 ലക്ഷമായി ഉയർന്നു. എന്നാൽ അതിനുശേഷം തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ ഒഴുക്കിൽ ഇടിവുണ്ടായി. 2024-ൽ 19 ലക്ഷമായിരുന്ന പുതിയ അന്താരാഷ്ട്ര വിദ്യാർഥികളുടെ വരവ് 2025-ൽ 16 ലക്ഷമായി കുറഞ്ഞു. അതായത് ഒരു വർഷത്തിനിടെ ഏകദേശം 16 ശതമാനം ഇടിവ്. എന്നിരുന്നാലും ഈ കണക്ക് കോവിഡിന് മുമ്പുള്ള നിലയേക്കാൾ ഉയർന്നതാണ്. ഒരുകാലത്ത് ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വപ്നഭൂമികളായി കണ്ടിരുന്ന അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള പുതിയ അന്താരാഷ്ട്ര വിദ്യാർഥികളുടെ വരവിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 2025-ൽ മാത്രം അമേരിക്കയിൽ 33 ശതമാനവും കാനഡയിൽ 57 ശതമാനവും ഓസ്‌ട്രേലിയയിൽ 13 ശതമാനവും ഇടിവുണ്ടായി.

എന്നാൽ യുകെയുടെ കാര്യത്തിൽ ചിത്രം വ്യത്യസ്തമാണ്. അവിടേക്കുള്ള പുതിയ അന്താരാഷ്ട്ര വിദ്യാർഥികളുടെ വരവ് വലിയ മാറ്റമില്ലാതെ തുടരുകയും ഏകദേശം നാല് ശതമാനം വർധിക്കുകയും ചെയ്തു. അമേരിക്കയിലേക്കുള്ള ഒഴുക്ക് കുറഞ്ഞതോടെ പുതിയ അന്താരാഷ്ട്ര വിദ്യാർഥികളെ സ്വീകരിക്കുന്ന OECD രാജ്യങ്ങളിൽ യുകെ ഒന്നാമതെത്തുകയും ചെയ്തു. അതേസമയം, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഒഴുക്ക് ശക്തമായി വർധിക്കുകയാണ്. ഇറ്റലിയിലേക്ക് 76 ശതമാനവും ജർമനിയിലേക്ക് 45 ശതമാനവും ഓസ്ട്രിയയിലേക്ക് 28 ശതമാനവും വർധനയുണ്ടായി. യൂറോപ്യൻ യൂണിയൻ–യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങളിലേക്കുള്ള വിദ്യാർഥികളുടെ വരവ് 2025-ൽ റിപ്പോർട്ടിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. യൂറോപ്പിന് പുറമെ ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കും വിദ്യാർഥികളുടെ വരവ് വർധിച്ചിട്ടുണ്ട്. അതായത്, വിദേശപഠനത്തിനുള്ള താൽപര്യം അവസാനിക്കുകയല്ല, മറിച്ച് വിദ്യാർഥികളുടെ ലക്ഷ്യസ്ഥാനങ്ങൾ വൈവിധ്യവത്കരിക്കപ്പെടുകയാണ്.

വിദേശപഠനം: ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് എങ്ങോട്ട്?
ആകാശവും കാലാവസ്ഥയും യുദ്ധോപകരണങ്ങളോ ?

എന്തുകൊണ്ടാണ് പരമ്പരാഗത വിദേശപഠന രാജ്യങ്ങളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് കുറഞ്ഞത്? അതിന് പിന്നിൽ സാമ്പത്തികവും കുടിയേറ്റനയപരവുമായ നിരവധി കാരണങ്ങളുണ്ട്. വിദേശ വിദ്യാർഥികളുടെ വലിയ ഒഴുക്ക് ഈ രാജ്യങ്ങളിലെ ഭവനവിപണിയിലും പൊതുസേവനങ്ങളിലും സമ്മർദം സൃഷ്ടിക്കുന്നുവെന്ന ആശങ്ക ശക്തമായിരുന്നു. വിദ്യാർഥി വിസയുടെ മറവിൽ കുടിയേറുന്നവരെക്കുറിച്ചുള്ള ചർച്ചകളും വർധിച്ചതോടെ സർക്കാരുകൾ നിയന്ത്രണങ്ങൾ കർശനമാക്കി. ഉദാഹരണത്തിന്, 2024-ൽ കാനഡ പുതിയ സ്റ്റഡി പെർമിറ്റുകൾക്ക് പരിധി ഏർപ്പെടുത്തുകയും, കുടുംബാംഗങ്ങളുടെ വിസയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു. ഓസ്‌ട്രേലിയയാകട്ടെ, യഥാർഥ വിദ്യാർഥികളെ മാത്രം തെരഞ്ഞെടുക്കാനായി 2024-ൽ 'ജെനുവിൻ സ്റ്റുഡന്റ്' മാനദണ്ഡം നടപ്പാക്കുകയും സാമ്പത്തിക നിബന്ധനകൾ കർശനമാക്കുകയും ചെയ്തു. ഈ നയമാറ്റങ്ങൾക്കൊപ്പം ഉയർന്ന ഫീസും ജീവിതച്ചെലവും, താമസസൗകര്യങ്ങളുടെ കുറവും, പഠനശേഷമുള്ള തൊഴിൽവിസയിലെ അനിശ്ചിതത്വവും വിദ്യാർഥികളെ പിന്നോട്ട് വലിച്ചു. ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കും എന്നതുപോലെ, ഈ നിയന്ത്രണങ്ങൾക്കിടെ വിദ്യാർഥികൾ ഇപ്പോൾ പുതിയ ലക്ഷ്യസ്ഥാനങ്ങൾ തേടുകയാണ്. ജർമനി, ഇറ്റലി, ഓസ്ട്രിയ, പോളണ്ട്, ഫിൻലാൻഡ്, സ്ലോവാക് റിപ്പബ്ലിക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ വിദ്യാർഥികളുടെ ശ്രദ്ധ തിരിയുന്നത്.

"എന്തൊക്കെയാണ് വിദ്യാർഥികളെ ജർമനി, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നത്? ഇതിൽ പ്രധാനം പഠനച്ചെലവിലെ വലിയ അന്തരമാണ്. കുറഞ്ഞ ട്യൂഷൻ ഫീസും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് യൂറോപ്പിനെ ആകർഷകമാക്കുന്നത്. അമേരിക്കയിലും കാനഡയിലും ഒരു ബിരുദാനന്തര പഠനത്തിന് പ്രതിവർഷം 15 മുതൽ 40 ലക്ഷം രൂപ വരെ ട്യൂഷൻ ഫീസായി മാത്രം നൽകേണ്ടിവരാം. ഇതിനുപുറമെ താമസവും ഭക്ഷണവും ഇൻഷുറൻസും കൂടിയാകുമ്പോൾ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നു. എന്നാൽ യൂറോപ്പിലെ ചിത്രം വ്യത്യസ്തമാണ്. ജർമനിയിലെ മിക്ക പൊതുസർവകലാശാലകളിലും ട്യൂഷൻ ഫീസ് ഈടാക്കാറില്ല. പകരം ഏതാനും നൂറ് യൂറോ മാത്രമുള്ള സെമസ്റ്റർ കോൺട്രിബ്യൂഷൻ നൽകിയാൽ മതി. എങ്കിലും ചില സംസ്ഥാനങ്ങളിലും സർവകലാശാലകളിലും ഫീസ് ഈടാക്കുന്നതിനാൽ അവിടെ പഠനം പൂർണമായും സൗജന്യമാണെന്ന് കരുതരുത്. ഇറ്റലിയിൽ സാമ്പത്തിക പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന DSU സ്കോളർഷിപ്പ് പദ്ധതികൾ വലിയ സഹായമാണ്. മാനദണ്ഡങ്ങൾ പാലിച്ച് അർഹത നേടുന്നവർക്ക് ട്യൂഷൻ ഫീസ് ഇളവിനൊപ്പം താമസവും ഭക്ഷണവും സാമ്പത്തിക സഹായവും ലഭിക്കും."

മറ്റൊരു ആകർഷണം ഷെൻഗൻ മേഖലയിലെ യാത്രാസൗകര്യമാണ്. ഒരു ഷെൻഗൻ രാജ്യത്തെ വിദ്യാർത്ഥി റെസിഡൻസ് പെർമിറ്റുള്ളവർക്ക് മറ്റ് ഷെൻഗൻ രാജ്യങ്ങളിലേക്ക് 180 ദിവസത്തിനുള്ളിൽ 90 ദിവസം വരെ സന്ദർശനം നടത്താം. എന്നാൽ, ഈ പെർമിറ്റ് ഉപയോഗിച്ച് മറ്റ് രാജ്യങ്ങളിൽ സ്ഥിരമായി താമസിക്കാനോ ജോലി ചെയ്യാനോ സാധിക്കില്ല. യൂറോപ്പിലേക്ക് ചേക്കേറുമ്പോൾ ചില വെല്ലുവിളികളും നമ്മൾ കാണാതെ പോകരുത്. അതിൽ പ്രധാനം ഭാഷാ തടസ്സമാണ്. ജർമനിയിലും ഇറ്റലിയിലുമെല്ലാം ഇംഗ്ലീഷ് കോഴ്‌സുകൾ ലഭ്യമാണെങ്കിലും, പഠനശേഷം മികച്ച ജോലി ലഭിക്കാൻ പ്രാദേശിക ഭാഷ പഠിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ബെർലിൻ, മ്യൂണിക് തുടങ്ങിയ വലിയ നഗരങ്ങളിൽ വാടകയും ജീവിതച്ചെലവും വളരെ ഉയർന്നതാണ്.വിദേശപഠന ഏജൻസികളുടെ വാഗ്ദാനങ്ങളെയും വിദ്യാർത്ഥികൾ സൂക്ഷ്മമായി പരിശോധിക്കണം. സൗജന്യ വിദ്യാഭ്യാസത്തിന്റെ പേരിൽ വൻതുക സർവീസ് ചാർജ് ഈടാക്കുന്നവരുണ്ട്. ജോലിയും സ്ഥിരതാമസവും ഉറപ്പാണെന്ന ഇവരുടെ വാഗ്ദാനങ്ങൾ നിയമപരമായ ഉറപ്പുകളല്ല. അതിനാൽ, സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി കോഴ്‌സിന്റെ അംഗീകാരവും ഫീസും വിസാ മാനദണ്ഡങ്ങളും നേരിട്ട് പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുക."

എന്നാൽ OECD റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന ഏറ്റവും ഗൗരവകരമായ ഒരു നിരീക്ഷണം കൂടി നമ്മൾ കാണാതെ പോകരുത്. ഇത്രയധികം പണം മുടക്കി ഉന്നതവിദ്യാഭ്യാസം നേടുന്ന വിദേശികൾക്ക് അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലികൾ ലഭിക്കുന്നുണ്ടോ?.ഇവിടെയാണ് ഞെട്ടിക്കുന്ന ആ കണക്കുകൾ പുറത്തുവരുന്നത്. 2024-ലെ കണക്കുകൾ പ്രകാരം, OECD രാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള വിദേശജനിച്ച തൊഴിലാളികളിൽ ശരാശരി 33 ശതമാനം പേരും തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെടാത്ത ഇടത്തരം അല്ലെങ്കിൽ താഴ്ന്ന നൈപുണ്യത്തിലുള്ള ജോലികളിലാണ് ഏർപ്പെട്ടിരിക്കുന്നത്. തദ്ദേശീയരായ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലാളികളിൽ ഇത് 24 ശതമാനം മാത്രമാണ്. അതായത്, ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയാൽ മാത്രം വിദേശത്ത് അർഹമായ തൊഴിൽ ലഭിക്കണമെന്നില്ല. വിദേശ യോഗ്യതകളുടെ അംഗീകാരം, പ്രാദേശിക ഭാഷാപരിജ്ഞാനം, തൊഴിൽപരിചയം, തൊഴിൽവിപണിയിലെ മത്സരം എന്നിവയെല്ലാം ഇവിടെ നിർണായകമാണ്. അതുകൊണ്ട് തന്നെ, വിദേശപഠനത്തിന് ഒരുങ്ങുമ്പോൾ കുറഞ്ഞ ഫീസോ സർവകലാശാലയുടെ പേരോ മാത്രം നോക്കിയാൽ പോരാ. തിരഞ്ഞെടുക്കുന്ന കോഴ്സിന്റെ തൊഴിൽസാധ്യത, പ്രാദേശിക ഭാഷയുടെ ആവശ്യകത, മുടക്കുന്ന പണം എത്രകാലം കൊണ്ട് തിരിച്ചുപിടിക്കാനാകും എന്നീ കാര്യങ്ങളെല്ലാം കൃത്യമായി പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാവൂ."ഇന്ത്യയെ സംബന്ധിച്ച് ഇതൊരു വലിയ നയപരമായ ചോദ്യവും ഉയർത്തുന്നുണ്ട്. ലക്ഷക്കണക്കിന് വിദ്യാർഥികൾ വിദേശത്തേക്ക് പോകുമ്പോൾ, മികച്ച വിദ്യാഭ്യാസവും ഗവേഷണസൗകര്യങ്ങളും തൊഴിൽസാധ്യതകളും നമ്മുടെ രാജ്യത്തുതന്നെ സൃഷ്ടിക്കാൻ കഴിയുന്നുണ്ടോ? അവരുടെ അറിവും ശേഷിയും ഇന്ത്യയുടെ വികസനത്തിനും പ്രയോജനപ്പെടുത്താൻ നമുക്ക് സാധിക്കുന്നുണ്ടോ? വിദേശപഠനത്തിന്റെ കണക്കുകൾക്കപ്പുറം ചർച്ച ചെയ്യേണ്ട മറ്റൊരു പ്രധാന വിഷയം കൂടിയാണിത്.