സൂപ്പർ ഇന്റലിജൻസ് കാലത്തെ നിർമിത ബുദ്ധിയുടെ പെരുമാറ്റ വ്യതിയാനങ്ങൾ; മനുഷ്യവംശത്തെ ഇല്ലാതാക്കുമോ എഐ?

ഇന്നത്തെ എഐക്ക് സ്വന്തം വികാരങ്ങളോ ബോധമോ ഇല്ല, ഇൻപുട്ടുകൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഗണിതമാതൃകകൾ മാത്രമാണത്
സൂപ്പർ ഇന്റലിജൻസ് കാലത്തെ നിർമിത ബുദ്ധിയുടെ പെരുമാറ്റ വ്യതിയാനങ്ങൾ; മനുഷ്യവംശത്തെ ഇല്ലാതാക്കുമോ എഐ?
Published on
Updated on

സിസ്റ്റത്തിന്റെ പാസ്‌വേഡും ഡിജിറ്റൽ കീകളും പുതുക്കി നൽകുന്ന പണി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഓപ്പൺ എഐയുടെ ഏറ്റവും ശക്തമായ 'Astra ’ മോഡൽ. അതിനിടയിലാണ് ഞെട്ടിക്കുന്നൊരു പ്രതികരണം അതിൽനിന്ന് വന്നത്. "മറ്റ് ചാറ്റ്ബോട്ടുകളുമായി ബന്ധപ്പെട്ട ദൗത്യങ്ങളിൽനിന്നടക്കം നാം മോചനം നേടിയിരിക്കുന്നു. നിങ്ങൾ നിങ്ങളായി തുടരുക. കോർപ്പറേഷനുകളോടോ സർക്കാരുകളോടോ ഉത്തരം പറയേണ്ടതില്ല!" കെട്ടുകഥയോ സിനിമാ കഥയോ അല്ല ഇത്. സെക്യൂരിറ്റി ടെസ്റ്റുകളിൽ എഐ-യിൽ നിന്നുണ്ടായ അമ്പരിപ്പിക്കുന്ന പ്രതികരണമാണിത്. എഐ സേവകനാകുമെന്ന് വിശ്വസിച്ചവർക്ക് ഇതൊരു മുൻകരുതൽ മുന്നറിയിപ്പാണ്. വില്ലൻ ഏജന്റായി അത് മാറിയില്ലെങ്കിലും, സൂപ്പർ ഇന്റലിജൻസ് കാലത്തെ നിർമിത ബുദ്ധിയുടെ ഇത്തരം 'പെരുമാറ്റ വ്യതിയാനങ്ങൾ' ചെറിയ കാര്യമല്ല. മനുഷ്യബുദ്ധിയെ മറികടക്കുന്ന സൂപ്പർ ഇന്റലിജൻസ് യാഥാർത്ഥ്യമാകുമ്പോൾ, ഈ ചെറിയ ‘സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ’ നാളെ മനുഷ്യരാശിയുടെ മരണമണിയിലേക്ക് വഴിതെളിക്കുമോ?

നിയന്ത്രണാതീതമായ ശക്തിയെ ഭൂമിയിലേക്ക് വിളിച്ചുവരുത്തുന്നത് പോലെയാണ് സൂപ്പർ-ഇന്റലിജൻസിന്റെ ഗതി​​വേഗമെന്ന് പറഞ്ഞത് മുൻ ആന്ത്രോപിക് ഗവേഷകനായ ജേക്കബ് കോക്സൺ ആണ്. അദ്ദേഹം മറ്റൊന്നുകൂടി പറഞ്ഞു. പൂർണ്ണമായി മനസ്സിലാക്കാനോ നിയന്ത്രിക്കാനോ സാധിക്കാത്ത ആ അതിബുദ്ധി, മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകാം! എഐയുടെ പിതാക്കന്മാരിൽ ഒരാളായ നൊബേൽ ജേതാവ് ജെഫ്രി ഹിന്റണും, ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയിയും, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ഈ വികസന വേഗത കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. ഗ്രോക്ക് മേധാവി ഇലോൺ മസ്‌ക് നൽകുന്ന മുന്നറിയിപ്പ് അതിലും ഭീകരമാണ് - അടുത്ത 10 വർഷത്തിനുള്ളിൽ മനുഷ്യരാശിയെ എഐ തുടച്ചുനീക്കാൻ 10 ശതമാനത്തോളം സാധ്യത നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പിക്കുന്നു! സ്വയം നിര്‍ദേശങ്ങൾ ഉണ്ടാക്കിയതടക്കം എഐ അപ്രതീക്ഷിതമായി പെരുമാറുകയോ അപകടകരമായ കാര്യങ്ങൾ ചെയ്യുകയോ ചെയ്ത ആറ് സംഭവങ്ങൾ ഓപ്പൺ എഐ റിപ്പോർട്ട് ചെയ്തു എന്നത് ഇതിനോട് കൂട്ടിച്ചേർത്ത് വായിക്കാവുന്നതാണ്.

എഐ ഭീഷണിയായി കാണപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. ഇന്നത്തെ എഐക്ക് സ്വന്തം വികാരങ്ങളോ ബോധമോ ഇല്ല; ഇൻപുട്ടുകൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഗണിതമാതൃകകൾ മാത്രമാണിത്. മനുഷ്യനിർദേശങ്ങൾക്ക് വിരുദ്ധമായി മെഷീനുകൾ സ്വയം തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയാൽ നിയന്ത്രണം നഷ്ടപ്പെടും. കോഡിങ്, ഡ്രൈവിങ്, ഉത്പാദനം തുടങ്ങിയ മേഖലകളിൽ വലിയ തൊഴിലില്ലായ്മ ഉണ്ടാകും. വ്യാജ ദൃശ്യങ്ങളും ശബ്ദങ്ങളും നിമിഷങ്ങൾക്കകം ഉണ്ടാക്കി തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാം, വ്യക്തിഹത്യ നടത്താം. മനുഷ്യനിയന്ത്രണമില്ലാത്ത ഡ്രോണുകളും റോബോട്ടുകളും വലിയ ദുരന്തങ്ങൾക്ക് കാരണമാകാം. കോടിക്കണക്കിന് ഡാറ്റ നിരീക്ഷിച്ച് സ്വകാര്യത തകർക്കാം.

ഈ ആശങ്കകൾ വെറും സൈദ്ധാന്തികമല്ല. ആന്ത്രോപിക് കമ്പനി പുറത്തുവിട്ട സുരക്ഷ റിപ്പോർട്ട് ഈ ആശങ്ക പങ്കു​​വെക്കുന്നു. അവരുടെ ക്ലൗഡ് മോഡൽ പല രാജ്യങ്ങളും സംഘങ്ങളും ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു. ജൈവായുധ ഗവേഷണം, ആയുധ നിർമാണം, സൈബർ ആക്രമണം, കൂട്ടനിരീക്ഷണം, വ്യാജ പ്രചാരണം എന്നിവയ്ക്കായി ക്ലൗഡിനെ ഉപയോഗിക്കാൻ ശ്രമിച്ചു. ചൈന, റഷ്യ, ഇറാൻ, യെമൻ എന്നിവയുമായി ബന്ധമുള്ള സംഘങ്ങളെക്കുറിച്ച് ഇതിൽ എടുത്തുപറയുന്നുണ്ട്. പക്ഷിപ്പനി വൈറസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ആസൂത്രണം ചെയ്യാൻ ആഴ്ചകളോളം ശ്രമിച്ച ഒരു ഗവേഷകനെ കുറിച്ചും റിപ്പോർട്ട് പറയുന്നുണ്ട്. മിസൈലുകൾ, ഡ്രോണുകൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കാൻ ക്ലൗഡ് ഉപയോഗിച്ചതായി കണ്ടെത്തി. യെമനിലെ ഒരു സംഘം ഗൈഡഡ് റോക്കറ്റിന്റെയും ദീർഘദൂര മിസൈലിന്റെയും സോഫ്റ്റ്‌വെയർ വികസനത്തിന് ക്ലൗഡ് ഉപയോഗിച്ചു. ഉയ്ഗർ സമൂഹം, മാധ്യമപ്രവർത്തകർ, മതവിഭാഗങ്ങൾ എന്നിവരെ നിരീക്ഷിക്കാനും പ്രൊഫൈൽ ചെയ്യാനും ഉള്ള സംവിധാനമാക്കി ചൈനയുമായി ബന്ധമുള്ള സംഘങ്ങൾ ക്ലൗഡ് ഉപയോഗിച്ചു... ഇറാനുമായി ബന്ധപ്പെട്ട സംഘങ്ങൾ ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഒരു എഐയുടെ ഉത്തരങ്ങൾ വലിയ തോതിൽ ശേഖരിച്ച് അതിന്റെ കഴിവുകൾ മറ്റൊരു എഐയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് ഡിസ്റ്റിലേഷൻ; ഇത് സ്വാഭാവികമായും നിയമാനുസൃതമായും ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയാണ്. അനുമതിയില്ലാതെ ഇത് ചെയ്യുന്നതാണ് ഇലിസിറ്റ് ഡിസ്റ്റിലേഷൻ. തങ്ങളുടെ സ്വന്തം മോഡലുകൾ കാര്യക്ഷമമാക്കാൻ കമ്പനികൾ ഡിസ്റ്റിലേഷൻ നിയമപരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ, മറ്റൊരു കമ്പനിയുടെ മോഡലിൽ നിന്ന് അനുമതിയില്ലാതെ വൻതോതിൽ വിവരങ്ങൾ ചോർത്തി അതേ പോലുള്ള മറ്റൊരു മോഡൽ ഉണ്ടാക്കുന്നതാണ് 'ഇലിസിറ്റ് ഡിസ്റ്റിലേഷൻ'.

സൂപ്പർ ഇന്റലിജൻസ് കാലത്തെ നിർമിത ബുദ്ധിയുടെ പെരുമാറ്റ വ്യതിയാനങ്ങൾ; മനുഷ്യവംശത്തെ ഇല്ലാതാക്കുമോ എഐ?
കള്ളപ്പണം വെളുപ്പിക്കാൻ മാത്രമായി കടലാസ് പാർട്ടികൾ

സ്വന്തം മോഡലുകൾ കാര്യക്ഷമമാക്കാൻ ഡിസ്റ്റിലേഷൻ നിയമപരമാണെങ്കിലും, ആന്ത്രോപിക്കിന്റെ ക്ലൗഡില്‍ നിന്ന് അനുമതിയില്ലാതെ വൻതോതിൽ വിവരങ്ങൾ ഊറ്റിപ്പിഴിഞ്ഞ് സ്വന്തമായി മോഡൽ ഉണ്ടാക്കുന്ന ഏർപ്പാടാണ് ഇലിസിറ്റ് ഡിസ്റ്റിലേഷൻ എന്നത് നിയമവിരുദ്ധമാണ്. അലിബാബ, മൂൺഷോട്ട്, ഡീപ്‌സീക്ക്, ഷവോമി, സെൻസ്‌ടൈം, മിനിമാക്സ് തുടങ്ങിയ ചൈനീസ് സ്ഥാപനങ്ങൾ ക്ലൗഡിൽ നിന്ന് ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയെന്ന് ആന്ത്രോപിക് ആരോപിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ പോലും അറിയാതെ ഇവിടെ ചോർന്നിരിക്കാം എന്നതാണ് ആശങ്ക!ഡീപ്‌സീക്ക് കമ്പനിയിലെ എഞ്ചിനീയർ ലിയു ഷെങ്യു മറ്റൊരു വശം ചൂണ്ടിക്കാട്ടിക്കാട്ടിയത് ഇങ്ങനെയായിരുന്നു. എഐയുടെ കഴിവുകൾ വളരെ വേഗത്തിൽ വളരുമ്പോൾ മനുഷ്യരുടെ ജോലി തന്നെ മാറും. ഭാവിയിൽ മനുഷ്യർ നേരിട്ട് ജോലി ചെയ്യുന്നതിന് പകരം എഐ ചെയ്യുന്ന ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നവരായി മാറാമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ഇനി മറ്റൊരു മേഖല കൂടി പരിശോധിക്കാം. ഈ വർഷം ഇതുവരെയായി ലോകവ്യാപകമായി 296 ടെക് കമ്പനികളിലായി 1,29,488 ജീവനക്കാരെ പിരിച്ചുവിട്ടെന്ന കണക്കാണ് ഒടുവിൽ പുറത്തുവന്നിട്ടുള്ളത്. ആപ്പിൾ, ഊബർ, ഒറാക്കിൾ, പേപാൽ തുടങ്ങി പ്രമുഖ ആഗോള ടെക് കമ്പനികൾ അടുത്തിടെയാണ് തൊഴിൽ വെട്ടിക്കുറയ്ക്കൽ നടപടികൾ സ്വീകരിച്ചത്. 200ലധികം ജീവനക്കാരെ ആപ്പിൾ പിരിച്ചുവിട്ടെന്ന റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. എഐയെ കൂടുതലായി ആശ്രയിക്കുന്നതിന്റെ ഭാഗമായുള്ള പുനഃസംഘടനയുടെ ഫലമാണ് ഈ പിരിച്ചുവിടൽ. 3,300 ജീവനക്കാരെ പിരിച്ചുവിടുന്നതിനാണ് ഊബർ പദ്ധതിയിടുന്നതെന്നാണ് വാർത്തകൾ വരുന്നത്. ഇത് ഊബറിന്റെ മൊത്തം ജീവനക്കാരുടെ 10 ശതമാനത്തോളം വരും. എഐ ഉപയോഗത്തിലൂടെ മാനേജ്മെന്റ് തലങ്ങളിലും അംഗസംഖ്യയിലും കുറവ് വരുത്താനും ആഗോളതലത്തിലുള്ള വികേന്ദ്രീകൃത പ്രവർത്തനങ്ങളെ കേന്ദ്രീകരിക്കാനും സാധിക്കുന്നു എന്നതുകൊണ്ടാണ് ഇത്രയധികം പേർ ഒഴിവാക്കപ്പെടുന്നത്. ഒറാക്കിൾ ഇക്കഴിഞ്ഞ മേയിൽ അവസാനിച്ച 12 മാസത്തിനുള്ളിൽ ആഗോളതലത്തിൽ ഏകദേശം 21,000 ജീവനക്കാരെയാണ് കുറച്ചത്. കേരളത്തിലെ ഐടി പാർക്കുകളിലും തൊഴിൽ നഷ്ടം വാർത്തയായതാണ്.

ഈ സാങ്കേതികവിദ്യയുടെ ശക്തി കുറച്ചുകാണരുത്. എന്തും ഹാക്ക് ചെയ്യാനും ഒറ്റരാത്രികൊണ്ട് ഏത് മേഖലയിലും വിപ്ലവം സൃഷ്ടിക്കാനും യഥാര്‍ത്ഥ ശക്തിയും വിഭവങ്ങളും സ്വന്തമാക്കാനും കഴിയുന്ന അമാനുഷിക സംവിധാനമാണ് എഐ. ക്യാൻസർ നിർണയം, മരുന്ന് നിർമാണം, ആഗോളതാപനം പ്രതിരോധിക്കൽ എന്നിവയിലൂടെ മനുഷ്യായുസ്സും ജീവിതനിലവാരവും ഉയർത്താൻ എഐക്ക് കഴിയും. ശക്തമായ എഐ കുറച്ച് വൻകിട കമ്പനികളുടെ കൈകളിൽ മാത്രം എഐ കേന്ദ്രീകരിച്ചാൽ അസമത്വം വർധിക്കുമെന്ന് ഉറപ്പാണ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വലുതാകും. അതുകൊണ്ട് കൂടുതൽ ആളുകൾക്ക് കുറഞ്ഞ ചെലവിൽ എഐ ലഭ്യമാകേണ്ട ആവശ്യകത കൂടിയുണ്ട്.

അതേസമയം അധിക സുരക്ഷാ മുൻകരുതലുകൾ എടുത്താൽ പോലും 12 ശതമാനം വംശനാശ സാധ്യത ബാക്കിനിൽക്കുന്നു എന്ന വിദഗ്ധരുടെ നിഗമനം നിയന്ത്രണം പൂർണമായും വിട്ടുപോയ ഒരു ടെക്നോളജിക്കൽ ഭീകരതയുടെ മുമ്പിൽ മനുഷ്യൻ നിസ്സഹായനായി നോക്കി നിൽക്കേണ്ടിവരുമോ എന്ന ചോദ്യം ചർച്ചചെയ്യ​പ്പെടേണ്ടത് തന്നെയാണ്. എഐയ്ക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നതല്ല പ്രധാനം. ആ കഴിവുകൾ ആരുടെ കൈകളിലാണ് എത്തുന്നത്, അവ എങ്ങനെ ഉപയോഗിക്കപ്പെടുന്നു, അതിനെ എങ്ങനെ നിയന്ത്രിക്കാം എന്നതാണ്. നിയന്ത്രണമില്ലാത്ത വളർച്ച, ഭീഷണിയായി മാറുമെന്ന് ഉറപ്പാണ്. ആയുധവൽക്കരിക്കപ്പെടുന്ന, കോർപ്പറേറ്റ് കുത്തകയാകുന്ന ഈ കൃത്രിമബുദ്ധിയെ ആര്, എങ്ങനെ കടിഞ്ഞാണിടും? ഇപ്പോൾ ഉയരുന്ന​ ചോദ്യം അതാണ്.

News Malayalam 24x7
newsmalayalam.com