ലൂവ്രിലെ മോഷണ മുതല്‍കൊണ്ട് കള്ളന്മാര്‍ക്ക് എന്ത് ചെയ്യാനാകും?

മോഷ്ടിക്കപ്പെട്ട കലാസൃഷ്ടികളിൽ നിന്ന് പണം ഉണ്ടാക്കുക എന്നത് വളരെ ശ്രമകരമാണെന്നാണ് ക്രിമിനോളജിസ്റ്റുകള്‍ പറയുന്നത്.
Louvre Museum
ലൂവ്ര് മ്യൂസിയംSource: News Malayalam 24X7
Published on

പാരീസിലെ ലൂവ്രു മ്യൂസിയത്തില്‍ ഒക്ടോബർ 19ന് നടന്ന മോഷണം ശരിക്കും ഒരു ഹോളിവുഡ് ഹീസ്റ്റ് സിനിമയിലെ സീന്‍ പോലെ തന്നെയായിരുന്നു. മോഷ്ടാക്കളുടെ സംഘം മ്യൂസിയത്തിലെ പ്രദർശനത്തിനുവച്ച രാജകീയ ആഭരണങ്ങളുടെ ശേഖരമാണ് മോഷ്ടിച്ചത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയത്തിലാണ് ഈ മോഷണം നടന്നത് എന്നതാണ് ഇതിനെ വന്‍ വാര്‍ത്ത പ്രധാന്യത്തില്‍ എത്തിച്ചത്. ഈ മോഷ്ടാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഇരുട്ടില്‍തപ്പുകയാണ് എന്നാണ് വിവരം. ഇത്തരത്തില്‍ മ്യൂസിയങ്ങളില്‍ നടക്കുന്ന കവര്‍ച്ചകളില്‍ കലാസൃഷ്ടികളില്‍ ഭൂരിഭാഗവും ഒരിക്കലും തിരിച്ചുകിട്ടാറില്ല. ഇത്തരത്തില്‍ നടക്കുന്ന കവര്‍ച്ചകളില്‍ മോഷണ മുതല്‍ തിരിച്ചുകിട്ടുന്ന നിരക്ക് വെറും 10 ശതമാനം ആണെന്നാണ് ആഗോളതലത്തിലെ കണക്ക്.

Louvre Museum
മരതക മാല, രത്നം പതിപ്പിച്ച തലപ്പാവ്; പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് മോഷണം പോയത് കോടികൾ വിലമതിക്കുന്ന വസ്തുക്കൾ; അന്വേഷണം ഊർജിതം

വർഷംതോറും ആഗോളതലത്തിൽ 50,000 മുതൽ 100,000 വരെ കലാസൃഷ്ടികൾ ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്നു. റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങൾ കൂടിയാകുമ്പോള്‍ യഥാർത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കാം. ഇവയിൽ ഭൂരിഭാഗവും യൂറോപ്പിലാണ് സംഭവിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകം.

മോഷ്ടിക്കപ്പെട്ട കലാസൃഷ്ടികളിൽ നിന്ന് പണം ഉണ്ടാക്കുക എന്നത് വളരെ പ്രയാസകരമാണ് എന്നാണ് ഇത്തരം കേസുകള്‍ നിരീക്ഷിക്കുന്ന ക്രിമിനോളജിസ്റ്റുകള്‍ പറയുന്നത്. എങ്കിലും ലൂവ്രിൽ നിന്നു മോഷ്ടിക്കപ്പെട്ടത് 894 കോടി രൂപ മൂല്യം വരുന്ന എട്ട് രാജകീയ ആഭരണങ്ങളാണ് എന്നതിനാല്‍ മോഷ്ടാക്കൾക്ക് വലിയ സാമ്പത്തിക താല്‍പ്പര്യങ്ങളുണ്ടെന്ന് വ്യക്തം.

ഇത്തരം മോഷണ വസ്തുക്കളുടെ ഭാവിയെന്ത്?

മോഷ്ടിക്കപ്പെട്ട ചിത്രങ്ങൾ മാർക്കറ്റിൽ വിറ്റഴിക്കാൻ കഴിയില്ല. കാരണം ഇത്തരം കലാസൃഷ്ടികള്‍ക്ക് “ഗുഡ് ടൈറ്റിൽ” എന്ന് പറയപ്പെടുന്ന നിയമപരമായ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കില്ല. കൂടാതെ, ഒരു അംഗീകൃത ഓക്ഷന്‍ സെന്‍ററോ, ആർട്ട് ഡീലറോ അറിഞ്ഞുകൊണ്ട് മോഷ്ടിച്ച കലാസൃഷ്ടി വിൽക്കുകയില്ല. അതുപോലെ ഉത്തരവാദിത്തമുള്ള ആര്‍ട് കളക്ടര്‍മാര്‍ മോഷ്ടിച്ച വസ്തുക്കൾ വാങ്ങുകയുമില്ല. എന്നാൽ മോഷ്ടിക്കപ്പെട്ട ചിത്രങ്ങൾക്ക് മൂല്യമില്ല എന്ന് അർത്ഥമല്ല.

2002-ൽ ഒരു സംഘം കവര്‍ച്ചക്കാര്‍ ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയത്തിലേക്ക് മേൽക്കൂര വഴി കയറി “View of the Sea at Scheveningen”, “Congregation Leaving the Reformed Church in Nuenen” എന്നീ രണ്ട് പെയിന്‍റിങ്ങുകള്‍ മോഷ്ടിച്ചു. വര്‍ഷങ്ങളായി ഇതിനായി നടത്തിയ അന്വേഷണം എവിടെയും എത്തിയില്ല.

2016-ൽ ഇറ്റാലിയൻ പൊലീസ് നേപ്പിൾസിലെ ഒരു മാഫിയ സംഘത്തിന്‍റെ സെയ്ഫ് ഹൗസില്‍ നടത്തിയ റെയ്ഡിലാണ് പിന്നീട് കേടുപാടുകള്‍ ഇല്ലാതെ ഈ പെയിന്‍റിങ്ങുകള്‍ തിരിച്ച് ലഭിച്ചത്. ഈ അധോലോക സംഘം ആ ചിത്രങ്ങൾ യഥാർത്ഥത്തിൽ വാങ്ങിയതാണോ എന്ന് വ്യക്തമല്ല. പക്ഷേ ലോകമെങ്ങുമുള്ള അധോലോക ഡീലുകളില്‍ വിലമതിപ്പുള്ള വസ്തുക്കള്‍ ഒരു തരത്തിലുള്ള 'കൊളാറ്ററല്‍ അസറ്റായി' ഉപയോഗിക്കാറുണ്ട് എന്നത് പതിവാണ് എന്നാണ് യൂറോപ്പിലെ അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

ചിലപ്പോൾ മോഷ്ടിക്കപ്പെട്ട കലാസൃഷ്ടികൾ അറിയാതെയെങ്കിലും അമൂല്യവസ്തുക്കള്‍ കളക്ട് ചെയ്യുന്നവരുടെ കൈകളിൽ എത്താറുണ്ട്. 1960ല്‍ ന്യൂയോർക്കിലെ ഗഗൻ ഹൈം മ്യൂസിയത്തിലെ ഒരു ജീവനക്കാരൻ മ്യൂസിയത്തിന്‍റെ നിലവറയില്‍ നിന്ന് മാർക്ക് ഷഗളിന്‍റെ ഒരു ചിത്രം മോഷ്ടിച്ചു. പക്ഷേ ആ മോഷണം വർഷങ്ങൾക്കു ശേഷം കണക്ക് എടുക്കുമ്പോഴാണ് മ്യൂസിയം അധികൃതര്‍ക്ക് മനസിലായത്. ആ ചിത്രം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മ്യൂസിയം ആ ചിത്രം രേഖകളിൽ നിന്ന് നീക്കം ചെയ്തു.

അതേസമയം ജൂൾസ്‌ , റേച്ചൽ ലൂബെൽ എന്നും പേരുള്ള കളക്ടര്‍മാര്‍ ആ ചിത്രം ഒരു ഗാലറിയിൽ നിന്ന് 17,000 അമേരിക്കൻ ഡോളറിന് വാങ്ങി. പിന്നീട് അവർ ആ ചിത്രത്തിന്‍റെ മൂല്യനിർണ്ണയം നടത്താൻ ഒരു ഓക്ഷന്‍ ഹൌസില്‍ ഏല്‍പ്പിച്ചു. ആ ഓക്ഷന്‍ ഹൌസില്‍ ജോലി ചെയ്തിരുന്ന ഒരു മുൻ ഗഗൻഹൈം ജീവനക്കാരൻ ആ ചിത്രം കാണുകയും അത് ന്യൂയോര്‍ക്ക് മ്യൂസിയത്തിലേതാണ് എന്ന് കണ്ടെത്തുകയും ചെയ്തു.

ഗഗൻഹൈം മ്യൂസിയം ചിത്രം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു, അതിനെ തുടർന്ന് നീണ്ടുനിന്ന ഒരു നിയമ പോരാട്ടം നടന്നു. ഒടുവിൽ, ഇരു കക്ഷികളും തമ്മിൽ ഒത്തുതീർപ്പിൽ എത്തി. വെളിപ്പെടുത്താത്ത തുക കളക്ടര്‍മാര്‍ക്ക് നല്‍കിയാണ് ഒടുവില്‍ ചിത്രം മ്യൂസിയത്തിലേക്ക് തിരികെ എത്തിച്ചത്.

Louvre Museum
ഏഴു മിനിറ്റിനുള്ളിൽ കവർന്നത് 894 കോടിയുടെ ആഭരണങ്ങൾ; അന്വേഷണം ഊർജിതം, അതീവ സുരക്ഷയിൽ മ്യൂസിയം ലൂവ്ര് ഇന്ന് വീണ്ടും തുറന്നു

ചില കളക്ടര്‍മാര്‍ മോഷ്ടിച്ച കലാസൃഷ്ടികളാണ് എന്ന് അറിഞ്ഞ് തന്നെ വാങ്ങാറുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, യൂറോപ്പിലുടനീളം വ്യാപകമായി പെയിന്‍റിങ്ങുകളും കലാവസ്തുകളും പുരാവസ്തുക്കളും കൊള്ളയടിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ മോഷ്ടിക്കപ്പെട്ട സൃഷ്ടികൾ അന്ന് വിപണിയില്‍ സുലഭമായിരുന്നു. വാങ്ങുന്നവർ അതിന്റെ ഉറവിടം അറിയില്ലെന്ന സ്ഥിതിയുണ്ടായി. ഈ പാശ്ചത്തലം വച്ചാണ് യഥാർത്ഥ ഉടമകൾക്ക് മോഷ്ടിക്കപ്പെട്ട സ്വത്ത് തിരികെ നേടാനുള്ള അവസരം നൽകുന്ന അന്തർദേശീയ നിയമങ്ങൾ രൂപം കൊണ്ടത്. മോഷ്ടിക്കപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞാലും അത് തിരിച്ച് ഉടമസ്ഥന് ലഭിക്കുന്ന നിയമങ്ങള്‍ ഇപ്പോഴുണ്ട്. ഉദാഹരണത്തിന്, അമേരിക്കയിൽ, മതിയായ തെളിവുകൾ അവതരിപ്പിക്കാൻ കഴിഞ്ഞാൽ, യഥാർത്ഥ ഉടമയുടെ പിന്‍തലമുറയ്ക്ക് പോലും മോഷ്ടിക്കപ്പെട്ട കലാസൃഷ്ടികളുടെ ഉടമസ്ഥാവകാശം തിരികെ നേടാനുള്ള അവകാശം നിയമം നൽകുന്നു.

മോഷ്ടിക്കപ്പെട്ടത് സ്വര്‍ണവും വജ്രങ്ങളും, അല്‍പ്പം ബുദ്ധിമുട്ടും !

എന്നാൽ ലൂവ്രില്‍ മോഷണം പോയത് പെയിന്‍റിങ്ങുകള്‍ അല്ല അമൂല്യമായ സ്വർണാഭരണങ്ങളാണ്. ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാർട്ടിന്‍റെ രണ്ടാം ഭാര്യയായ മേരി ലൂയിസ് ധരിച്ചിരുന്ന ആഡംബരപൂർണമായ മാലയും കമ്മലും ഒരു വജ്ര ബ്രോഷും മോഷ്ടാക്കള്‍ എടുത്തതിലുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ അതുല്യമായ ആഭരണങ്ങൾക്ക് ചരിത്രപരമായും സാംസ്കാരികമായും വലിയ മൂല്യമുണ്ട്. എങ്കിലും ഇവ ഓരോന്നും തകർത്തു വേർതിരിച്ച് വിറ്റാലും വൻതുക ലഭിക്കും.

മോഷ്ടാക്കൾക്ക് വിലയേറിയ രത്നങ്ങളും സ്വർണവും നിയമവിരുദ്ധമായി വ്യാപാരം നടത്തുന്ന ആഭരണക്കച്ചവടക്കാര്‍ക്കും മറ്റും ഇത് വില്‍ക്കാന്‍ സാധിച്ചേക്കും. അവർ അതിനെ രൂപം മാറ്റി വീണ്ടും വിറ്റഴിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വിറ്റാല്‍ യഥാർത്ഥ മൂല്യത്തിന്‍റെ ഒരു വിഹിതം മാത്രമേ കൊള്ളക്കാര്‍ക്ക് ലഭിക്കുകയുള്ളൂ. കാരണം കൊള്ളയടിച്ച കലാസൃഷ്ടികൾക്കായി ലഭിക്കുന്ന വില, നിയമപരമായി ലഭിക്കുന്ന കലാസൃഷ്ടികളിലേതിനേക്കാളും വളരെ കുറവായിരിക്കും. എങ്കിലും ഈ രത്നങ്ങൾ ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കും.

Louvre Museum
ലൂവ്രെയിൽ തീർന്നില്ല; ഫ്രഞ്ച് മ്യൂസിയങ്ങൾ ലക്ഷ്യമിട്ട് മോഷ്ടാക്കൾ, ഡെനിസ് ഡിഡെറോട്ടിൽ നിന്നും കൊള്ളയടിച്ചത് 2000 സ്വർണ്ണ, വെള്ളി നാണയങ്ങൾ

മോഷ്ടിച്ച വസ്തുക്കൾ നിയമപരമായ വിപണിയില്‍ വിറ്റഴിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും യൂറോപ്യന്‍ അന്വേഷണ ഏജന്‍സികള്‍ 'അണ്ടര്‍ഗ്രൌണ്ട് മാർക്കറ്റ്' എന്ന് വിളിക്കുന്ന കരിഞ്ചന്തകള്‍ ഏറെ നിലവിലുണ്ട്. ഇത്തരം വസ്തുക്കൾ രഹസ്യ ഇടപാടുകളിലൂടെയും സ്വകാര്യ കൂടിക്കാഴ്ചകളിലൂടെയും, ചിലപ്പോൾ വ്യക്തികളുടെ സ്വകാര്യത വെളിപ്പെടുത്താതെ തന്നെ ഡാർക്ക് വെബിലൂടെയും മറ്റും വിൽക്കപ്പെടുന്നുണ്ട്.

വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഷ്ടിക്കപ്പെട്ടതും, ചിലപ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ചതുമായ കലാസൃഷ്ടികളും പുരാവസ്തുക്കളും പലപ്പോഴും ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ്, ഇ-ബേ പോലുള്ള മുഖ്യധാരാ ഇ-കൊമേഴ്‌സ് സൈറ്റുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. വിൽപ്പന പൂർത്തിയായ ശേഷം, വിൽപ്പനക്കാരൻ തന്നെ ഈ അക്കൌണ്ടുകള്‍ ഇല്ലാതാക്കുന്ന രീതിയാണ് ഇതിന്‍റെ പ്രത്യേകത.

മ്യൂസിയം മോഷണം അത്ര സിനിമാറ്റിക് അല്ല !

ധൂം പോലുള്ള ഇന്ത്യന്‍ സിനിമയിലെ ഹീസ്റ്റ് പടങ്ങളിലും അനവധി നിരവധി ഹോളിവുഡ് പടങ്ങളിലും മ്യൂസിയം മോഷണം ഹരം പിടിപ്പിക്കുന്ന ഐറ്റമാണ്. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന ലൂവ്രു മ്യൂസിയത്തില്‍ അടക്കം മോഷണം നടത്തുന്ന ദൃശ്യങ്ങളുള്ള ലൂപിന്‍ എന്ന ഫ്രഞ്ച് സീരിസ് വളരെ പ്രശസ്തമാണ്. എന്നാല്‍ അത്ര സിനിമാറ്റിക് ഒന്നുമല്ല ഈ സംഭവം എന്നാണ് ന്യൂയോർക്ക് സർവകലാശാല പ്രഫസറായ ലൈല അമിനദ്ദൊലേ ദ കോണ്‍വര്‍സേഷനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.

സിനിമയിലെ പോലെ മ്യൂസിയത്തിലെ സുരക്ഷ ഭേദിച്ച് അല്ല പലപ്പോഴും ഇത്തരം കുറ്റകൃത്യം നടക്കാറ് എന്നാണ് ഇവര്‍ പറയുന്നത്. അവസരങ്ങളാണ് ഇത്തരം മോഷണങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. ആര്‍ട്ട് തെഫ്റ്റ് പലപ്പോഴും നടക്കുന്നത് ഇത്തരം കലാവസ്തുക്കള്‍ സൂക്ഷിക്കുന്ന മ്യൂസിയത്തിലെ സെയ്ഫ് ഇടങ്ങളിലോ, അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോഴോ ആണ്.

വലിയ മ്യൂസിയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും അവരുടെ കൈവശമുള്ള എല്ലാ വസ്തുക്കളും പ്രദർശിപ്പിക്കാറില്ല. അവയിലെ ഭൂരിഭാഗവും സംഭരണശാലകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ലൂവ്രിന്റെ ശേഖരത്തിലുള്ള വസ്തുക്കളിൽ 10%ൽ താഴെ മാത്രമാണ് ഒരേസമയം പ്രദർശിപ്പിക്കപ്പെടുന്നത് ഏകദേശം 6 ലക്ഷം വസ്തുക്കളിൽ വെറും 35,000 എണ്ണം മാത്രം. ബാക്കിയുള്ളവ വർഷങ്ങളോളം, ചിലപ്പോൾ പതിറ്റാണ്ടുകളോളം, ആരും കാണാതെ കിടക്കാറുണ്ട്.

സംഭരണശാലകളിലുള്ള കലാസൃഷ്ടികൾ ചിലപ്പോൾ കാണാതാകാം. എഫ്.ബി.ഐയുടെ കണക്കുകൾ പ്രകാരം മ്യൂസിയങ്ങളിലെ മോഷണങ്ങളിൽ ഏകദേശം 90% “ഇൻസൈഡ് ജോബുകൾ” ആണ് എന്നാണ് പറയുന്നത് — അഥവാ സ്ഥാപനത്തിനുള്ളിൽ നിന്ന് തന്നെയാണ് ഇത് പ്ലാന്‍ ചെയ്യുന്നതും നടപ്പിലാക്കുന്നതും.

വാസ്തവത്തിൽ, ലൂവ്രിലെ ഈ മോഷണത്തിന് ഏതാനും ദിവസങ്ങൾ മുമ്പ്, 650,000 യുഎസ് ഡോളര്‍ വിലയുള്ള പാബ്ലോ പിക്കാസോയുടെ സ്റ്റിൽ ലൈഫ് വിത്ത് ഗിറ്റാർ എന്ന ചിത്രം മാഡ്രിഡിൽ നിന്ന് ഗ്രനാഡയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാണാതായിരുന്നു. പിക്കാസോയുടെ മറ്റ് സൃഷ്ടികള്‍ക്കൊപ്പം കൊണ്ടുപോയതാണെങ്കിലും പാക്കേജ് തുറന്നപ്പോൾ ഈ ചിത്രം കാണാനില്ലെന്ന് കണ്ടെത്തി. എന്നിരുന്നാലും പാരീസിലെ പോലെ ആഭരണങ്ങള്‍ അല്ലാത്തതിനാലും സിനിമാറ്റിക് അല്ലാത്തതിനാലും ഈ സംഭവത്തിന് അധികം മാധ്യമശ്രദ്ധ ലഭിച്ചില്ല.

Louvre Museum
ഇനി ഒരിക്കലും തിരിച്ചു കിട്ടിയേക്കില്ല; 894 കോടി രൂപയുടെ അമൂല്യ ആഭരണങ്ങള്‍

എന്തായാലും പരീസിലെ മോഷ്ടാക്കളുടെ ഏറ്റവും വലിയ പിഴവ് അവർ ചില വസ്തുക്കളും ജാക്കറ്റും ഉപേക്ഷിച്ചതല്ല, അവ അധികാരികൾക്ക് തെളിവുകളായി മാറിയേക്കാമെങ്കിലും, അത്രയും ധൈര്യത്തോടെ നടത്തിയ ഈ മോഷണത്തിന്റെ സ്വഭാവം തന്നെയാണ് അവരുടെ യഥാർത്ഥ പിഴവ്. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതിലൂടെ ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥരും, സ്വതന്ത്ര അന്വേഷണകരും, അന്താരാഷ്ട്ര ഏജന്‍സികളും അടുത്ത വർഷങ്ങളിലുടനീളം വിപണിയിൽ പ്രത്യക്ഷപ്പെടുന്ന പുതിയ സ്വർണാഭരണങ്ങൾ, രത്നങ്ങൾ, രാജകീയ ആഭരണങ്ങൾ എന്നിവയെ സൂക്ഷ്മമായി നിരീക്ഷിക്കും. അതിനാല്‍ ചിലപ്പോള്‍ പണമാണ് ലക്ഷ്യമെങ്കില്‍, പിടികൂടിയില്ലെങ്കില്‍ ഈ മോഷ്ടാക്കള്‍ക്ക് കാത്തിരിക്കേണ്ടിവരും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com