ആന്ധ്രയിലെ അത്ഭുത വിജയത്തിന് പിന്നില്‍ അട്ടിമറിയോ?

2024ലെ ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 17.19 ലക്ഷം വോട്ടര്‍മാര്‍ അസാധാരണമാം വിധം അര്‍ധ രാത്രിയില്‍ വോട്ടുചെയ്തുവെന്നതാണ് വിവാദത്തിന്റെ അടിസ്ഥാനം.
ആന്ധ്രയിലെ അത്ഭുത വിജയത്തിന് പിന്നില്‍ അട്ടിമറിയോ?
Published on
Updated on

ഇന്ത്യന്‍ ജനാധിപത്യം കണ്ട നിര്‍ണായക തെരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു 2024 ലെ ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. ടിഡിപി ജനസേന-ബിജെപി സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുകയും ചന്ദ്ര ബാബു നായിഡു മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ രണ്ട് കൊല്ലത്തിന് ശേഷം അന്നത്തെ തെരഞ്ഞെടുപ്പില്‍ നടന്ന അസാധാരണ വോട്ടിങ് രീതികള്‍ സംബന്ധിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ പരകാല പ്രഭാകറും പ്രശാന്ത് ഭൂഷണും നടത്തിയ വെളിപ്പെടുത്തലുകള്‍ പുതിയ വിവാദങ്ങള്‍ക്ക് തിരിയിട്ടുകഴിഞ്ഞു. ഭരണപക്ഷവും തെരഞ്ഞെടുപ്പ് കമീഷനും ഈ ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തള്ളുമ്പോഴും ജനാധിപത്യത്തിന്റെ അടിത്തറയെയും തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണ് വെളിപ്പെടുത്തലുകള്‍. ആന്ധ്രയെ ചൂടുപിടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് വിവാദത്തിന്റെ പശ്ചാത്തലവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പരിശോധിക്കുകയാണ് ഇന്നത്തെ സ്പോട്ട്ലൈറ്റ്. ആന്ധ്രയിലെ അത്ഭുത വിജയത്തിന് പിന്നില്‍ അട്ടിമറിയോ?

ആന്ധ്രയിലെ അത്ഭുത വിജയത്തിന് പിന്നില്‍ അട്ടിമറിയോ?

2024 ലെ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ 2024 ജൂണ്‍ 4നാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി നയിക്കുന്ന എന്‍ഡിഎ സഖ്യം 175 സീറ്റുകളില്‍ 164 എണ്ണം നേടി ഗംഭീര വിജയം സ്വന്തമാക്കിയത് രാഷ്ട്രീയ എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. ടിഡിപി 135 സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയായി. ജനസേന മത്സരിച്ച 21 സീറ്റുകളിലും വിജയിച്ചു. ബിജെപി എട്ടു സീറ്റുകള്‍ നേടി. ഭരണത്തിലിരുന്ന വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി 11 സീറ്റുകളിലേക്ക് ഒതുങ്ങി. അന്ന് തന്നെ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ, കഴിഞ്ഞ ദിവസമാണ് അന്ന് അര്‍ധരാത്രിയില്‍ നടന്ന അസാധാരണമായ വോട്ടിങ് പാറ്റേണ്‍ സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങളോടെയുള്ള വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

ആന്ധ്രയിലെ അത്ഭുത വിജയത്തിന് പിന്നില്‍ അട്ടിമറിയോ?
അരിമണിയിലെ ചോരപ്പാടുകള്‍ക്ക് എട്ട് ആണ്ട്

അര്‍ധരാത്രിയിലെ അസാധാരണ വോട്ടിങ്

2024ലെ ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 17.19 ലക്ഷം വോട്ടര്‍മാര്‍ അസാധാരണമാം വിധം അര്‍ധ രാത്രിയില്‍ വോട്ടുചെയ്തുവെന്നതാണ് വിവാദത്തിന്റെ അടിസ്ഥാനം. പോളിംഗ് ദിവസം വൈകുന്നേരം 5 മണിക്ക് 68.04% ആയിരുന്ന വോട്ടിങ് നില, അര്‍ദ്ധരാത്രിയോടെ 76.50% ആയി പുതുക്കപ്പെട്ടു. പിന്നീട് നാല് ദിവസത്തിന് ശേഷമാണ് 81.79% എന്ന അന്തിമ വോട്ടിങ് ശതമാനം തെരഞ്ഞെടുപ്പ് അധികൃതര്‍ പ്രഖ്യപിച്ചത്. അധികൃതരുടെ ഈ തിരുത്തല്‍ പ്രഖ്യാപനങ്ങളിലെ ദൂരൂഹതയിലേക്കാണ് സാമ്പത്തിക ശാസ്ത്രജ്ഞനായ പരകാല പ്രഭാകര്‍ ചിരല്‍ ചൂണ്ടുന്നത്.

രാത്രി എട്ട് മണിക്കും പുലര്‍ച്ചെ രണ്ടുമണിക്കും ഇടയില്‍ 52 ലക്ഷം പേരാണ് വോട്ടുചെയ്തത്. അര്‍ദ്ധരാത്രി 12 മണിക്കും പുലര്‍ച്ചെ 2 മണിക്കും ഇടയില്‍ ഏകദേശം 17.19 ലക്ഷം വോട്ടുകള്‍ , അതായത് ആകെ വോട്ടിന്റെ 4.16% രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക കണക്ക്. 3,500 ബൂത്തുകളില്‍ രാവിലെ 2 മണി വരെ വോട്ടെടുപ്പ് തുടര്‍ന്നു. അതായത് അര്‍ധരാത്രിക്ക് ശേഷം ചില ബൂത്തുകളില്‍ ഓരോ ആറു സെക്കന്‍ഡിലും ഓരോ വോട്ടുചെയ്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകള്‍ നിരത്തി സാമ്പത്തിക വിദഗ്ധന്‍ പരകാല പ്രഭാകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വോട്ടുചെയ്താല്‍ ഇവിഎമ്മില്‍ അടുത്ത വോട്ടു രേഖപ്പെടുത്താന്‍ 14 സെക്കന്‍ഡ് സമയം എടുക്കും. പിന്നെങ്ങനെ ആറു സെക്കന്‍ഡ് കൊണ്ട് വോട്ടു രേഖപ്പെടുത്താനാകും?

ആന്ധ്രയിലെ അത്ഭുത വിജയത്തിന് പിന്നില്‍ അട്ടിമറിയോ?
അത്ര നിഷ്‌കളങ്കമാണോ സച്ചി മാഷിൻ്റെ സ്വയം വിമര്‍ശനം?

ഒരു വോട്ടര്‍ക്ക് ഇത്രയും സമയത്തിനുള്ളില്‍ ബൂത്തില്‍കയറി നടപടി പൂര്‍ത്തീകരിച്ച് വോട്ടുചെയ്തു മടങ്ങാനാകുമോ? അദ്ദേഹം ചോദിക്കുന്നു. ഔദ്യോഗിക കണക്ക് പ്രകാരം രാത്രി 11.45 നും പുലര്‍ച്ചെ രണ്ടിനുമിടക്ക് ശരാശരി 20 സെക്കന്‍ഡില്‍ ഒരു വോട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രായോഗികതയിലേക്കും വിരല്‍ ചൂണ്ടുകയാണ് പരകാല പ്രഭാകര്‍.

ഓരോ ബൂത്തിലും പോള്‍ ചെയ്ത വോട്ടുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോം 17സി എന്തുകൊണ്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയില്ല എന്ന് വാര്‍ത്തസമ്മേളനത്തില്‍ സംസാരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. വോട്ടര്‍ പട്ടികകള്‍ മെഷീന്‍-റീഡബിള്‍ ഫോര്‍മാറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ട്. സ്വതന്ത്ര പരിശോധനയെ ഇത് ദുഷ്‌കരമാക്കും. വിശ്വാസ്യത ഉറപ്പാക്കാന്‍ വിവി പാറ്റ് സ്ളിപ്പുകള്‍ എണ്ണുന്നത് നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടന വിരുദ്ധം: തെരഞ്ഞെടുപ്പ് കമീഷന്‍

തെരഞ്ഞെടുപ്പ് നടന്ന സമയത്ത് അന്ന് ആരോപണങ്ങള്‍ ഉന്നയിക്കാതെ രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഭരണഘടന വിരുദ്ധമാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പറയുന്നത്. പരാതികള്‍ ഉണ്ടായിരുെന്നങ്കില്‍ അന്ന് തന്നെ കോടതിയെ സമീപിക്കണമായിരുന്നു. വോട്ടെണ്ണല്‍ ദിവസം വൈകുന്നേരം ഏഴ് മണിക്ക് നല്‍കുന്ന ഏകദേശ കണക്കുകളും പിറ്റേന്ന് പുറത്തുവിടുന്ന കൃത്യമായ കണക്കുകളും തമ്മില്‍ താരതമ്യം ചെയ്യുന്നത് തെറ്റായ രീതിയാണ്. തെരഞ്ഞെടുപ്പ് ഫലത്തേയോ വോട്ടിങ് രീതിയെയോ ഔദ്യോഗികമായി ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വോട്ട് ചെയ്ത 45 ദിവസത്തിനുള്ളില്‍ ഇലക്ഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യണമായിരുന്നു. അതേസമയം പോളിങ് ശതമാനത്തിന്റെ അതേ ദിവസത്തെ വെളിപ്പെടുത്തലും ബൂത്ത് തലത്തിലുള്ള വോട്ടിങ് സംഗ്രഹവും ഉടനടി പുറത്തുവിടണമെന്ന് മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായ എസ്.വൈ. ഖുറേഷി ആവശ്യപ്പെട്ടു.

ഉയരുന്ന പ്രതിഷേധം

മുന്‍മുഖ്യമന്ത്രിയും വൈഎസ്ആര്‍സിപി അധ്യക്ഷനുമായ ജഗന്‍മോഹന്‍ റെഡ്ഡി തെരഞ്ഞെടുപ്പിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങളെ , സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമീഷനും എതിരെയുള്ള ശക്തമായ ആയുധമാക്കി വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ ഭരണകക്ഷിയുടെ കൈയിലെ കളിപ്പാവയായി മാറിയെന്നും 2024 ലെ ജനവിധി അട്ടിമറിക്കെപ്പട്ടതായും മുഖ്യപ്രതിപക്ഷമായ വൈഎസ്ആര്‍സിപി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍ സ്വതന്ത്രവും നിഷ്പക്ഷവും ആയല്ല പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കളും സിപിഐഎമ്മും ആരോപിച്ചു. ആരോപണങ്ങള്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും ഭരണഘടന പരമായി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിവി പാറ്റ് സ്ളിപ്പുകള്‍ നൂറ് ശതമാനം എണ്ണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജികള്‍ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു. ഇപ്പോള്‍ ഉയര്‍ന്ന അര്‍ധരാത്രിയിലെ വോട്ടിങ്, ആറ് സെക്കന്‍ഡില്‍ ഒരു വോട്ട് തുടങ്ങിയ ആരോപണങ്ങള്‍ ആധാരമാക്കി സംയുക്തമായി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികള്‍.

ആന്ധ്രയിലെ അത്ഭുത വിജയത്തിന് പിന്നില്‍ അട്ടിമറിയോ?
വന്ദേമാതരത്തില്‍ ഒരുങ്ങുന്നോ വിഭജന രാഷ്ട്രീയം?

സുതാര്യമാണോ തെരഞ്ഞെടുപ്പുകള്‍

ആന്ധ്രപ്രദേശിലെ 2024 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായി എന്‍ഡിഎ സഖ്യത്തിന്റെ വലിയ വിജയമായി അടയാളപ്പെടുത്തിയെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം ഉയരുന്ന ആരോപണങ്ങളെ നിസ്സാരമായി തള്ളാനാവില്ല. അര്‍ധരാത്രിയിലെ വോട്ടിങും അതിന്റെ അസാധാരണമായ വേഗതയും സംബന്ധിച്ച പെരുത്തക്കേടുകള്‍ സാധാരണക്കാരിലും രാഷ്ട്രീയ നിരീക്ഷകരിലും ഒരുപോലെ ആശങ്ക ഉയര്‍ത്തുന്നവയാണ്. ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്തുള്ള ആരോപണങ്ങളില്‍ കോടതിയുടെയും ഭരണഘടന സ്ഥാപനങ്ങളുടെയും ഇടപെടലുകള്‍ എത്രത്തോളം വ്യക്തത വരുത്തും എന്ന് കണ്ടറിയുക തന്നെ വേണം. കൃത്യമായ ശാസ്ത്രീയ വിശദീകരണം നല്‍കാനെങ്കിലും അധികൃതര്‍ തയ്യാറാവേണ്ടതുണ്ട. ഇതോടെ ഇന്നത്തെ സ്പോട്ട്ലൈറ്റ് സമാപിക്കുന്നു.. നാളെ മറ്റൊരു വിഷയവുമായി എത്താം. നമസ്‌കാരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com