'ഗോഡി മീഡിയ' ടാഗ് വലിച്ചെറിയാനുള്ള ശ്രമമോ, അതോ തന്ത്രമോ? അര്‍ണാബ് ഗോസ്വാമിക്ക് സംഭവിക്കുന്നത്!

അർണാബ് ഗോസ്വാമിയുടെ ഈ ചുവടുമാറ്റം താൽക്കാലികമാണോ അതോ സ്ഥിരമാണോ എന്ന് ഇപ്പോൾ പറയാനാകില്ല.
Arnab Goswami
അര്‍ണാബ് ഗോസ്വാമിSource: News Malayalam 24X7
Published on
Updated on

ഇന്ത്യൻ ടെലിവിഷന്‍ വാര്‍ത്താ രംഗത്തെ വലിയ പേരുകളിലൊന്നും, എന്നും വിവാദങ്ങൾ നിറഞ്ഞ വ്യക്തിയുമാണ് അർണാബ് ഗോസ്വാമി. റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ വർഷങ്ങളായി നരേന്ദ്ര മോദി സർക്കാരിന്റെയും ബിജെപിയുടെയും കടുത്ത അനുഭാവിയായി അറിയപ്പെട്ടിരുന്ന അർണാബ്, സമീപകാലത്തായി സ്വീകരിക്കുന്ന സർക്കാർ വിരുദ്ധ നിലപാടുകൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. തന്റെ സിഗ്നേച്ചര്‍ വാക്കുകളായ 'ദി നേഷൻ വാണ്ട്‌സ് ടു നോ' (The Nation Wants to Know) എന്ന് ആക്രോശിച്ച് പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കിയിരുന്ന അർണാബ്, ഇപ്പോൾ ഭരണകൂടത്തോടും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് സോഷ്യല്‍ മീഡിയയിലും മറ്റും ഒരു അത്ഭുതമായിരിക്കുന്നു.

മോദി സർക്കാരിന്റെ കരുത്തുറ്റ പോരാളി

2014-ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതു മുതൽ അർണാബ് ഗോസ്വാമി അദ്ദേഹത്തിന്റെ നയങ്ങളുടെ വലിയ പ്രചാരകനായിരുന്നു. ടൈംസ് നൗവിലായിരുന്നപ്പോഴും, പിന്നീട് സ്വന്തമായി റിപ്പബ്ലിക് ടിവി തുടങ്ങിയപ്പോഴും ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളോട് അദ്ദേഹം ചേർന്നുനിന്നു. നോട്ടുനിരോധനം, ആർട്ടിക്കിൾ 370 റദ്ദാക്കൽ, സിഎഎ (CAA) തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ അദ്ദേഹം 'ദേശവിരുദ്ധം' എന്ന് വിളിച്ചു.

2014-ൽ മോദി അധികാരത്തിൽ വന്ന ശേഷം അദ്ദേഹത്തെ ആദ്യമായി അഭിമുഖം ചെയ്ത ദൃശ്യ മാധ്യമപ്രവർത്തകൻ അർണാബായിരുന്നു. 2017ല്‍ റിപ്പബ്ലിക് ടിവിയുടെ തുടക്കത്തിൽ അന്നത്തെ ബിജെപി എംപിയും ഇന്നത്തെ കേരള ബിജെപി അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപം ഉണ്ടായിരുന്നതും ശ്രദ്ധേയമാണ്. 2017ല്‍ ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ വീണത് തന്റെ ഇംപാക്ട് എന്ന് വിവരിച്ചാണ് അര്‍ണബ് തന്‍റെ പുതിയ ചാനലിന് തുടക്കമിട്ടത് തന്നെ. രാജ്യ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ സർക്കാരിനേക്കാൾ ആവേശത്തോടെയാണ് അർണാബ് സംസാരിച്ചത്. 'ഗെറ്റ് ഔട്ട് ഓഫ് മൈ സ്റ്റുഡിയോ' എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാക്കളെ പുറത്താക്കിയിരുന്ന അർണബ്, ഭരണകൂടത്തിന്റെ ഒരു അനൗദ്യോഗിക വക്താവായിട്ടാണ് ഇത്രയും കാലം അറിയപ്പെട്ടിരുന്നത്.

Arnab Goswami
എപ്‌സ്റ്റീൻ ഫയലുകൾ അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിലെ വെളിപ്പെടുത്തലോ, അതോ വെറും കണ്ണിൽ പൊടിയിടലോ?

ടിആർപി കേസും തിരിച്ചടികളും

അർണാബിന്റെ മാധ്യമ ജീവിതത്തിൽ വലിയൊരു വിള്ളൽ വീഴ്ത്തിയത് 2020-ലെ ടിആർപി (TRP) റേറ്റിംഗ് തട്ടിപ്പു കേസാണ്. ടെലിവിഷൻ റേറ്റിംഗിൽ കൃത്രിമം കാണിച്ച് പരസ്യവരുമാനം തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന പേരിൽ മുംബൈ പോലീസ് അന്ന് കേസ് എടുത്തു. ആത്മഹത്യപ്രേരണ സംബന്ധിച്ച മറ്റൊരു കേസില്‍ അറസ്റ്റിലായി. ഈ കാലയളവിൽ ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സി ഉന്നതരുമായി അദ്ദേഹം നടത്തിയെന്ന് പറയപ്പെടുന്ന വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് മഹാരാഷ്ട്ര സര്‍ക്കാര്‍ മാറിയതോടെ ഈ കേസുകള്‍ ദുര്‍ബലമായി എന്നതാണ് റിപ്പോര്‍ട്ടുകള്‍.

പെട്ടെന്നുണ്ടായ മാറ്റം: കാരണങ്ങൾ എന്ത്?

കഴിഞ്ഞ കുറച്ചു മാസങ്ങളായി അർണബ് ഗോസ്വാമി തന്റെ നിലപാടുകളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെയും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാറുകളെയും കടന്നാക്രമിക്കുന്ന രീതിയിലാണ് അര്‍ണാബിന്റെ പെട്ടെന്നുള്ള മാറ്റം. ഡല്‍ഹിയിലെയും മറ്റും വായുമലിനീകരണം വലിയ വിഷയമായി തന്നെ അര്‍ണാബ് ഉന്നയിച്ചു, ഇവിടുത്തെ ബിജെപി സര്‍ക്കാറുകളെ കടന്നാക്രമിച്ചു. വായു മലിനീകരണം, റെയിൽവേ അപകടങ്ങൾ, ഇന്‍ഡിഗോ വിമാന സര്‍വീസ് തുടങ്ങിയ വിഷയങ്ങളിൽ മുൻപത്തെപ്പോലെ പ്രതിപക്ഷത്തെയല്ല, മറിച്ച് ഭരണകൂടത്തെയാണ് അദ്ദേഹം ഇപ്പോൾ വിചാരണ ചെയ്യുന്നത്. ഇന്‍ഡിഗോ വിഷയത്തില്‍ റിപ്പബ്ലിക്കിനെ പൂര്‍ണമായും എന്‍ഡിഎ ഘടക കക്ഷിയായ ടിഡിപി ബാന്‍ ചെയ്യുന്ന അവസ്ഥ പോലും ഉണ്ടായി.

ഹരിയാനയിലെയും രാജസ്ഥാനിലെയും ബിജെപി സർക്കാരുകൾ ആരവല്ലി മലനിരകൾ നശിപ്പിക്കുന്നതിനെതിരെ അര്‍ണാബ് അടുത്തിടെ നടത്തിയ മോണലോഗ് ഇതിനകം തന്നെ ബിജെപി അനുഭാവികളെപ്പോലും അതിശയിപ്പിച്ചിട്ടുണ്ടെന്ന് പറയാം. ബിജെപി നേതാക്കളുടെ മക്കളുടെ ആഡംബര വിവാഹങ്ങളെയും അതിനായി ചിലവാക്കുന്ന കോടികളെയും അദ്ദേഹം പരസ്യമായി വിമർശിച്ചതും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാര്‍ ചാനലായ ഡിഡി ന്യൂസ് ആങ്കര്‍ സുധീർ ചൗധരിയെ 15 കോടി ശമ്പളം വാങ്ങുന്ന ആങ്കർ എന്ന് വിശേഷിപ്പിച്ചുള്ള ഒളിയമ്പ് താൻ സ്വതന്ത്ര മാധ്യമപ്രവർത്തനമാണ് നടത്തുന്നത് എന്ന് സൂചിപ്പിക്കാന്‍ കൂടിയാണ് അര്‍ണാബ് ഉപയോഗിച്ചത്.

ബിജെപി സർക്കാരിനുള്ളിലെ ചില വിഭാഗങ്ങളുമായി അദ്ദേഹം അകൽച്ചയിലാണെന്നും സൂചനയുണ്ട്.

ഈ മാറ്റത്തിന് പിന്നിലെ തന്ത്രം

അർണാബിന്റെ ഈ മാറ്റത്തെ പലരും പല രീതിയിലാണ് കാണുന്നത്. ഒന്ന്, തന്റെ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള ശ്രമമാകാം ഇത് എന്നാണ് വിലയിരുത്തല്‍. ഒപ്പം അടുത്തകാലത്തായി ഉയര്‍ന്നുവന്ന ഭരണകൂടത്തിന്റെ പാദസേവകർ എന്ന് വിശേഷിപ്പിക്കുന്ന 'ഗോഡി മീഡിയ' എന്ന ലേബലിൽ നിന്ന് പുറത്തുകടന്ന് ഒരു സ്വതന്ത്ര പത്രപ്രവർത്തകനായി സ്വയം അടയാളപ്പെടുത്താൻ അര്‍ണാബ് ആഗ്രഹിക്കുന്നുണ്ടാകാം.

ബിജെപി സർക്കാരിനുള്ളിലെ ചില വിഭാഗങ്ങളുമായി അദ്ദേഹം അകൽച്ചയിലാണെന്നും സൂചനയുണ്ട്. മുന്‍പ് ലോകനേതാക്കളുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ വലിയ പ്രധാന്യം റിപ്പബ്ലിക്കിന് കിട്ടിയിരുന്നു, ഇസ്രയേല്‍ പ്രധാനമന്ത്രി മുന്‍പ് ഇന്ത്യയില്‍ എത്തിയപ്പോള്‍ ആദ്യ അഭിമുഖം അര്‍ണാബിന് ആയിരുന്നു. എന്നാല്‍ അടുത്തിടെ വന്‍ വാര്‍ത്താ പ്രധാന്യം നേടിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍റെ സന്ദര്‍ശനത്തില്‍ റിപ്പബ്ലിക്കിനെ പൂര്‍ണമായും അവഗണിച്ചുവെന്നാണ് വിവരം.

Arnab Goswami
സര്‍വപ്രതാപിയാകുന്ന എഐ; 2025ല്‍ മാത്രം സംഭവിച്ചത് ഇതൊക്കെ

അദാനി ഏറ്റെടുത്ത ശേഷം എന്‍ഡിടിവിയുണ്ടാക്കുന്ന വളര്‍ച്ച അര്‍ണാബിനെ നന്നായി ബാധിച്ചിട്ടുണ്ട്. ഒപ്പം ആരവല്ലി വിഷയത്തിലെ അര്‍ണാബിന്റെ ആക്രമണ സ്വഭാവം അദാനി ഗ്രൂപ്പിനെക്കൂടി ലക്ഷ്യമാക്കിയാണെന്ന് വ്യക്തമാണ് എന്നും വാദമുണ്ട്. സര്‍ക്കാര്‍ സംവിധാനത്തെയും ബിജെപിയെയും ആക്രമിക്കുമ്പോഴും അര്‍ണാബ് തന്ത്രപൂര്‍വ്വം പ്രധാനമന്ത്രി മോദി അടക്കമുള്ളവര്‍ക്ക് ഒരു സ്പേസ് അവിടെ ഒഴിച്ചിടുന്നുണ്ടെന്ന വിശകലനവും വരുന്നുണ്ട്.

അർണാബ് ഗോസ്വാമിയുടെ ഈ ചുവടുമാറ്റം താൽക്കാലികമാണോ അതോ സ്ഥിരമാണോ എന്ന് ഇപ്പോൾ പറയാനാകില്ല. എങ്കിലും, രാജ്യത്തെ ഏറ്റവും റേറ്റിംഗുള്ള ഒരു മാധ്യമപ്രവർത്തകൻ ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് ജനാധിപത്യപരമായ സംവാദങ്ങൾക്ക് പുതിയൊരർത്ഥം നൽകുന്നുണ്ട് എന്ന വിലയിരുത്തലുകളും ഏറെയാണ്. ചിലപ്പോള്‍ ഒരു സര്‍ക്കാര്‍ വിലാസം മാധ്യമ ലേബലിലേക്ക് ചുരുങ്ങിയ അര്‍ണാബ് ഈ ലേഖനത്തില്‍ അടക്കം ചര്‍ച്ചയാകുന്നതും, ഈ നയമാറ്റം അയാള്‍ക്ക് വ്യക്തിപരമായ ഗുണം ഉണ്ടാക്കും എന്ന സൂചനയാണ്. അർണാബ് ഉയർത്തുന്ന ചോദ്യങ്ങൾ ബിജെപിക്ക് തലവേദനയാകുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com