തായ്‌ലൻഡിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എട്ടുവയുള്ള ആൺകുട്ടിക്ക് നേരിടേണ്ടി വന്ന ദുരിതജീവിതമാണ് ആളുകളുടെ കണ്ണ് നനയിക്കുന്നത്. വീട്ടുകാർ ശരിയായി പരിപാലിക്കാതെ നായകളോടൊപ്പം മാത്രം കഴിയേണ്ടി വന്ന എട്ടുവയുകാരന്റെ പെരുമാറ്റം നായ്ക്കളുടേതുപോലെ ആയി മാറിയെന്നാണ് റിപ്പോർട്ടുകൾ. സംസാരിക്കാൻ പ്രയാസപ്പെടുന്ന അവൻ കുരയ്ക്കുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. വാർത്തയിൽ പറയുന്നതു പ്രകാരം കുട്ടിയെ രണ്ടുവർഷമായി സ്കൂളിൽ പോലും അയയ്ക്കുന്നില്ലായിരുന്നു . അവന്റെ സ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി സർക്കാർ നൽകുന്ന പണം അമ്മ ചെലവാക്കുകയായിരുന്നു. കുട്ടിയെ വീട്ടിൽ തനിച്ചാക്കി അവർ പുറത്തുപോകും. അയൽക്കാരോട് സഹകരിക്കാനോ, മറ്റുകുട്ടികളോടൊപ്പം കളിക്കാനോ അവനെ അനുവദിച്ചിരുന്നില്ല. വീട്ടിലെ ആറു നായക്കളോടൊപ്പമാണ് അവൻ വളർന്നത്. അതുകൊണ്ടു തന്നെ അവന്റെ പെരുമാറ്റം നായകളേപ്പോലെയായി മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
തായ്‌ലൻഡിലെ ഉത്തരാദിത് പ്രവിശ്യയിലുള്ള ഒരു ചെറിയ തടികൊണ്ടുണ്ടാക്കിയ വീട്ടിൽ നിന്ന് സാമൂഹ്യപ്രവർത്തകരാണ് കുട്ടിയെ കണ്ടെത്തിയത്. ആ സമയം അവൻ സംസാരിക്കാൻ കഴിയാതെ നായക്കളേപ്പോലെ കുരയ്ക്കുകയായിരുന്നുവെന്ന് അവർ പറയുന്നു. കുട്ടിയുടെ അമ്മ പലപ്പോഴും അടുത്തുള്ള ഗ്രാമങ്ങളിലും ക്ഷേത്രങ്ങളിലും ഭക്ഷണത്തിനും പണത്തിനും വേണ്ടി യാചിക്കാൻ പോകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നുണ്ട്.
രണ്ട് വർഷങ്ങൾക്കു മുൻപ് കൂട്ടിയെ സ്കൂളിൽ വിട്ടിരുന്നു. പിന്നീട് കാണാതെയായി അവർ അന്വേഷിച്ചു. അവന്റെ വിദ്യാഭ്യാസത്തിന് വേണ്ടി കിട്ടിയ തുകയെല്ലാം അമ്മ ഉപയോഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ വിവരമറിയിച്ചതനുസരിച്ച് സാമൂഹ്യപ്രവർത്തകർ വീട്ടിലെത്തുമ്പോൾ കുട്ടിയുടെ അമ്മയും 23 കാരനായ സഹോദരനും വീട്ടിലുണ്ട്. എന്നാൽ അവർ മയക്കുമരുന്ന് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
വിഷയത്തിൽ അധികൃതർ ഇടപെട്ടു നടപടികൾ സ്വീകരിച്ചുവരികയാണ്. അമ്മയേയും സഹോദരനേയും മയക്കുമരുന്നുകേസിൽ പ്രതിചേർത്തു. പിന്നീട് ഇവരെ ചികിത്സയ്ക്കായി അയച്ചു. നിലവിൽ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.