

കോലാപ്പൂരി ചെരുപ്പ് വിവാദത്തിന് പിന്നാലെ, മസാല ചായയുടെ മണമുള്ള പെർഫ്യൂമുമായി ലക്ഷ്വറി ബ്രാൻഡായ പ്രാഡ. 'ഇൻഫ്യൂഷൻസ് ദു സാന്തല്‍ ചായ് പ്രാഡ' എന്ന പേരില്‍ അവതരിപ്പിച്ച പെർഫ്യൂം ജനുവരി 5നാണ് വിപണിയിലിറക്കിയത്. 190 യുഎസ് ഡോളർ അഥവാ 17000 രൂപയിലധികം ഇന്ത്യൻ രൂപയാണ് ഇതിൻ്റെ വില. ഇതിന് സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
കോലാപൂരി സ്ലിപ്പറിൻ്റെ പതിപ്പ് പുറത്തിറക്കി വലിയ വിമർശനങ്ങൾ ഏറ്റു വാങ്ങിയ ശേഷമാണ് പ്രാഡ ഇപ്പോൾ ചായ പെർഫ്യൂം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തെ കൈയടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഈ ബ്രാൻഡ് അതിൻ്റെ അമിത വിലയ്ക്കും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പ്രാഡ പുറത്തിറക്കിയ ലെതർ കോലാപൂരിക്ക് ഒരു ജോഡിക്ക് 1.2 ലക്ഷം രൂപയാണ് പ്രാഡ വിലയിട്ടിരുന്നത്.
ക്യാമൽ നിറത്തിലുള്ള സഫിയാനോ-ടെക്സ്ചർ അടപ്പോടു കൂടിയ തവിട്ടു നിറത്തിലുള്ള ഗ്ലാസ് ബോട്ടിലിലാണ് പെർഫ്യൂം പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും ചായപ്രേമികൾക്ക് അവരുടെ പ്രിയപ്പെട്ട ചായയുടെ മണം ഗന്ധം ആസ്വദിക്കാൻ പറ്റുമോ എന്നും ചോദ്യമുയരുന്നുണ്ട്.
പ്രാഡയുടെ പുതുതായി പുറത്തിറക്കിയ ചായയുടെ സുഗന്ധമുള്ള പെർഫ്യൂമിന് നിരവധി പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. എന്തിനാണ് ദിവസം മുഴുവൻ ചായയുടെ മണം പിടിച്ച് ചായയ്ക്ക് കൊതി തോന്നുന്നത് എന്നായിരുന്നു ഒരളുടെ പ്രതികരണം. മസാല ചായയുടെ സുഗന്ധം കേൾക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് മറ്റൊരൾ കുറിച്ചത്. ഞാനെൻ്റെ ചായ കപ്പിൽ കുടിക്കാനാണിഷ്ടപ്പെടുന്നതെന്നായിരുന്നു മറ്റൊരു പെർഫ്യൂം ആരാധകൻ്റെ കമൻ്റ്. അതേസമയം, ഇത് ആദ്യമായി ചായയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സൗന്ദര്യവർധക ഉൽപ്പന്നമല്ലെന്നും ഒരു ഉപയോക്താവ് സോഷ്യൽ മീഡിയയെ ഓർമിപ്പിച്ചു. ഇന്ത്യൻ വംശജയായ ദീപ ഖോസ്ലയുടെ 'മസാല ചായ ഡിഎൽടി' എന്ന പേരിൽ ഒരു ലിപ് പ്രൊഡക്റ്റും ഇതിന് മുമ്പ് പുറത്തിറക്കിയിട്ടുണ്ടെന്നായിരുന്നു ഉപയോക്താവിൻ്റെ വാദം.