പാൽ എന്നത് ആരോഗ്യസംരക്ഷണത്തിൽ പ്രധാനപ്പെട്ട ഒന്നാണ് നിരവധി ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കാൻ പാൽ കഴിക്കുന്നത് സഹായിക്കും. വെറുമൊരു പാനീയം മാത്രമല്ല, രുചികരമായ ഒത്തിരി വിഭവങ്ങൾ ഒരുക്കാൻ കഴിയുന്ന ഒന്നാണ് പാലും പാലുൽപ്പന്നങ്ങളും. ചായ, കാപ്പി തുടങ്ങി കറികളും, കേക്കും, പായസവും, പുഡ്ഡിംഗും വരെ എത്തി നിൽക്കുന്ന പാൽ വിഭവങ്ങൾ ഏറെയാണ്.
ഇനി പാലിനൊപ്പം ബദാം കൂടെ ചേർത്താലോ, രുചികരവും ആരോഗ്യത്തിന് ഉത്തമവുമാണ്. പാലിന്റെയും ബദാമിന്റെയും ഗുണങ്ങൾ ഒരുപോലെ ശരീരത്തിന് ആഗിരണം ചെയ്യാനാകും. വിറ്റാമിനുകള്‍, നാരുകള്‍, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ ബദാം പാലിൽ അടങ്ങിയിരിക്കുന്നു.
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ബദാം പാൽ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം ബദാം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ ഡിയും അടങ്ങിയിരിക്കുന്നു. ഗ്ലൈസമിക് സൂചിക കുറവായതിനാൽ പ്രമേഹ രോഗികൾക്കും ആശങ്ക വേണ്ട.
ഫൈബര്‍ അടങ്ങിയതിനാൽ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായകമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതിനാൽ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന നിരവധി വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു.
ഡയറ്റ് നോക്കുന്നവർക്കും ധൈര്യമായി കുടിക്കാം. 39 കലോറി മാത്രമേ ബദാം പാലിനുള്ളൂ.വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഇത് സഹായിക്കും.ബദാം പാലിനടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ചർമസംരക്ഷണത്തിനും ഉത്തമമാണ്.