ശരീരഭാരം നിയന്ത്രിക്കാൻ, ബോഡി ഫിറ്റാക്കാൻ എളുപ്പവഴി തേടുന്ന നിരവധിപ്പേരുണ്ട്, അതിൽ പലരും ആദ്യം ചെയ്യുക പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നതാണ്. അതാകുമ്പോ രാവിലെ പണിയും കുറയും എന്നതാണ് ആശ്വാസം. പക്ഷെ ഇതൊക്കെ ഗുണം ചെയ്യുമോ, ഇനി ചെറിയ മാറ്റം വന്നാൽ തന്നെ അത് നിലനിൽക്കുമോ, പാർശ്വഫലമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ? എന്നുകൂടി ചിന്തിക്കാവുന്നതാണ്.
ചിലർക്ക് പ്രാതൽ ഒഴിവാക്കുന്നത് ഗുണം ചെയ്യും. ചെറിയ തോതിൽ ഭാരം കുറയാൻ കാരണമായേക്കാം. പക്ഷെ ദീർഘകാലം തുടർന്നാൽ അത് പ്രശ്നമാകും. ചെറിയ ബുദ്ധിമുട്ടുകളിൽ തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള മാറ്റമാകും ആദ്യം പ്രകടമാകുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് തളർച്ചയുണ്ടാക്കും. പതുക്കെ പതുക്കെ ഇത് ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സിലേക്ക് നയിക്കുകയും ചെയ്യും.
മറ്റൊന്ന് ഇങ്ങനെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ മധുര ആഹാരപദാര്‍ഥങ്ങളോടുള്ള അമിതമായ ആസക്തിക്ക് കാരണമാകാം. അല്ലാതെ മറ്റ് സമയങ്ങളിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കൂടും. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തിലേക്കും മധുരം കഴിക്കുന്ന ശീലത്തിലേക്കും ആളുകൾ മാറും.
പ്രഭാതഭക്ഷണം തലച്ചോറിന് എന്നാണ് പറയുക. അത് കിട്ടാതെ വന്നാൽ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും. തലവേദന, ക്ഷീണം, മടുപ്പ്, ജോലിചെയ്യാൻ കഴിാതെ വരിക, അകാരണമായ ദേഷ്യം എന്നവയ്ക്ക് കാരണമായേക്കും. ജോലിക്കാരോ, വിദ്യാർഥികളോ ആണെങ്കിൽ അത് കൂടുതൽ ബാധിക്കും.ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളെ മൊത്തത്തിൽ ബാധിക്കും എന്നതിനാൽ കാലറി എരിച്ചുകളയുന്നതും പതുക്കെയാകും. അത് ഡയറ്റിന് ഗുണം ചെയ്യാതെ പോകും.
ഹൃദയാരോഗ്യം തകരാറിലാക്കാനും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് കാരണമാകും. ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, കാര്‍ഡിയോവസ്‌കുലര്‍ അസുഖങ്ങള്‍ എന്നിവയ്ക്ക് സാധ്യത വർധിപ്പിക്കും. മാനസികാരോഗ്യത്തെയും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ബാധിക്കും. സമ്മര്‍ദം, ആശങ്ക, ഉത്കണ്ഠ, പ്രകോപന സാധ്യത എന്നിവയെയും ട്രിഗര്‍ ചെയ്യും. മൂഡ് സ്വിങ്ങ്‌സ് വര്‍ധിക്കും.