കുട്ടികളിലെ അമിതവണ്ണം പകർച്ചവ്യാധി പോലെ വ്യാപിക്കുന്നു; ഇന്ത്യ ലോകത്ത് രണ്ടാമത്

അമിതവണ്ണം കുട്ടികളുടെ ആരോ​ഗ്യത്തെ മാത്രമല്ല ബുദ്ധിശക്തിയേയും മാനസിക പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം Source: Freepik
Published on
Updated on

രാജ്യത്ത് കുട്ടികളിലെ അമിതവണ്ണം പകർച്ചവ്യാധി പോലെ വ്യാപിക്കുകയാണെന്ന് വേൾഡ് ഒബിസിറ്റി ഫെഡറേഷൻ. ലോകത്ത് തന്നെ അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ അമിതഭാരമുള്ള കുട്ടികളുടെ എണ്ണം ഏകദേശം 14 ദശലക്ഷമാണെന്നും കണക്കുകൾ പറയുന്നു. ചൈനയാണ് ഇതിൽ ഏറ്റവും മുന്നിൽ. അഞ്ച് മുതൽ 19 വയസുവരെയുള്ള 41 ദശലക്ഷത്തിലധികം കുട്ടികൾക്ക് അമിതവണ്ണം ഉണ്ടെന്നാണ് 2025ലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് കുട്ടികളുടെ ആരോ​ഗ്യത്തെ മാത്രമല്ല ബുദ്ധിശക്തിയേയും മാനസിക പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തലുണ്ട്.

കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ അളവും ചെലവഴിക്കുന്ന ഊർജ്ജവും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് കുട്ടികളിലെ പൊണ്ണത്തടിയുടെ പ്രധാന കാരണം. ശരീരത്തിൽ അമിത അളവിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് വീക്കത്തിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാവുകയും, ഇത് തലച്ചോറിലെ നാഡീപാതകളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും. ഓക്സിഡേറ്റീവ് സമ്മർദം മൂലം ന്യൂറോണുകൾ തമ്മിലുള്ള ആശയവിനിമയം തടസപ്പെടുന്നത് കുട്ടികളുടെ ഓർമശക്തി, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് എന്നിവയെ പ്രതികൂലമായി ബാധിക്കും. അതായത് ജനിതക ഘടകങ്ങൾ മാത്രമല്ല ജീവിതശൈലിയിലെ മാറ്റവും ശരിയായ രീതിയിലല്ലാത്ത ഭക്ഷണരീതി കൊണ്ടും പൊണ്ണത്തടിക്ക് കാരണമാകും.

പ്രതീകാത്മക ചിത്രം
കൂർക്കംവലി നിസാരമല്ല; ശ്രദ്ധിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ...

കുട്ടികളിലെ പൊണ്ണത്തടി വർധിക്കുന്നതിന്റെ പ്രധാന കാരണം ഭക്ഷണരീതിയാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായ പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണ പ​ദാർഥങ്ങൾ, കലോറി കൂടിയ ജങ്ക് ഫുഡുകൾ, ബേക്കറി പലഹാരങ്ങൾ, മധുരപാനീയങ്ങൾ എന്നിവയുടെ അമിത ഉപയോഗം ഇതിൽ പ്രധാനിയാണ്. ഇതിനൊപ്പം ശാരീരിക വ്യായാമമില്ലാതാവുന്നതും കൂടുതൽ സമയം ടിവി, മൊബൈൽ എന്നിവയ്ക്ക് മുന്നിൽ ചിലവഴിക്കുന്നതും പ്രധാന ഘടകങ്ങളാണ്. മാതാപിതാക്കൾക്ക് അമിതവണ്ണമുണ്ടെങ്കിൽ കുട്ടികൾക്കും അത് വരാനുള്ള സാധ്യതയുണ്ട്. ഹോർമോൺ പ്രശ്നങ്ങളും പൊണ്ണത്തടിക്ക് കാരണമാകാറുണ്ട്.

2040 ആകുമ്പോഴേക്കും ഇന്ത്യൻ യുവജനങ്ങളിൽ ജീവിതശൈലീ രോഗങ്ങൾ വൻതോതിൽ വർധിക്കുമെന്നാണ് പഠനങ്ങൾ നൽകുന്ന മുന്നറയിപ്പ്. പൊണ്ണത്തടിയുള്ള കുട്ടികൾക്ക് ടൈപ്പ്-2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, രക്താതിമർദം, ഓസ്റ്റിയോ ആർത്രൈറ്റിസ്, കൊറോണറി ഹൃദ്രോഗം, പക്ഷാഘാതം, പിത്താശയ രോഗം, ശ്വസന പ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ, ചില അർബുദങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 21ാം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്നായാണ് കുട്ടികളിലെ പൊണ്ണത്തടി കണക്കാക്കപ്പെടുന്നത്.

അതിനാൽ കുട്ടികളുടെ ശാരീരികവും വൈജ്ഞാനികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് സമീകൃതമായ പോഷകാഹാരവും ചിട്ടയായ വ്യായാമവും അത്യാവശ്യമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണം തലച്ചോറിന്റെ പ്രവർത്തനത്തെയും ന്യൂറോപ്ലാസ്റ്റിസിറ്റിയെയും പിന്തുണയ്ക്കുന്നു. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തലച്ചോറിലേക്കുള്ള രക്തചംക്രമണം വർധിപ്പിക്കുകയും പുതിയ ന്യൂറോണുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഓർക്കുക ചികിത്സ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ് പൊണ്ണത്തടി. അതുകൊണ്ട് തന്നെ അത് വരാതിരിക്കാനായി ആരോഗ്യകരമായ ഒരു ജീവിതശൈലി കുട്ടിക്കാലം മുതൽക്കേ ശീലമാക്കുന്നത് പ്രധാനമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com