കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന അലംഭാവം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് എടുക്കുന്നത്. അത് അടിവരയിടുന്നതാണ് ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലാൻസെറ്റ് നടത്തിയ പഠനം.
കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നതിൽ കാണിക്കുന്ന അലംഭാവം എങ്ങനെ മനുഷ്യ ജീവനെ അപായപ്പെടുത്തുന്നു, ആരോഗ്യ സംവിധാനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ദുർബലപ്പെടുത്തുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കൗണ്ട്ഡൗൺ ഓൺ ഹെൽത്ത് ആൻഡ് ക്ലൈമറ്റ് ചേഞ്ച് 2025 റിപ്പോർട്ടില്‍ പറയുന്നത്.
കടുത്ത ചൂട് മാനവരാശിയുടെ ജീവിതത്തേയും ഉപജീവനമാർഗങ്ങളെയും നഷ്ടപ്പെടുത്തുന്ന വിധത്തിലേക്ക് എത്തിക്കുന്നു. ഇതുമൂലം ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് മരിക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്നത്തെ കാലത്ത് ആരോഗ്യ മേഖലയിൽ വൻ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. കാലാവസ്ഥയെ അഭിമുഖീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കിയില്ലെങ്കിൽ ഇത് മൂലമുണ്ടാകുന്ന പ്രത്യാഘതങ്ങളും വലുതായിരിക്കും.
1990നുശേഷം ചൂടുമായി ബന്ധപ്പെട്ടുണ്ടായ മരണനിരക്ക് 23% വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചൂടുമായി ബന്ധപ്പെട്ട മരണങ്ങൾ പ്രതിവർഷം ശരാശരി 5.46000 ആയി ഉയർന്നു. അസഹനീയമായ ചൂട് കൂടുന്നത് ആളുകകൾക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാൻ കഴിയാതെ വരുന്നതിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു.
ഇത് തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. കൃത്യമായി തൊഴിലെടുക്കാൻ പറ്റാത്തത് മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും മനുഷ്യരെ അലട്ടുന്നു. ഇത് കുടുംബ ജീവിതത്തെയും താളം തെറ്റിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജീവിത നിലവാരവും അതിന് അനുസരിച്ച് തകർന്നുപോകുന്ന സ്ഥിതിയിലാകുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടുന്നതിൻ്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ആഗോളതലത്തില്‍ നടത്തിയ പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ടെന്നും ലാന്‍സെറ്റ് പഠനം ചൂണ്ടിക്കാട്ടുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനുള്ള ആഗോള ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ട്. നിശ്ചയിച്ച തുകയുടെ മൂന്നിരട്ടിയോളമാണ് സഹായം ആവശ്യമുള്ള രാജ്യങ്ങള്‍ക്കായി നല്‍കിയത്. ഇതോടെ, 2010 മുതൽ 2022 വരെ, പ്രതിവർഷം ഏകദേശം ഒരു ലക്ഷത്തി 60നായിരം അകാലമരണങ്ങൾ ഒഴിവാക്കാൻ സാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കാലാവസ്ഥാ പ്രതിസന്ധി നേരിടാന്‍ തയ്യാറാക്കിയ വിവിധ പദ്ധതികളിലൂടെ ആഗോളതലത്തില്‍ 16ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. കാലാവസ്ഥാ പ്രതിസന്ധിയും, ബന്ധപ്പെട്ട ആരോഗ്യ പരിചരണവും മെഡിക്കൽ വിദ്യാർഥികളുടെ പഠന വിഷയമായതും ലാന്‍സെറ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം, മിക്കവാറും എല്ലാ രാജ്യങ്ങളും കാലാവസ്ഥാ അപകടസാധ്യതകൾ മുൻനിർത്തിയുള്ള പദ്ധതികൾ പൂർത്തിയാക്കുകയോ, പൂർത്തിയാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധി കാരണം മാനവരാശിക്ക് ഉണ്ടായ നഷ്ടങ്ങളും, ബുദ്ധിമുട്ടുകളും മനസിലാക്കിയതിന് പിന്നാലെയാണ് ആഗോള തലത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ ആരംഭിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.