
ലിസ്‌ബൺ: പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാവുന്നു. ലിവിൻ റിലേഷൻഷിപ്പ് പങ്കാളി ജോർജീന റോഡ്രിഗസ് തന്നെയാണ് ഇനിയുള്ള കാലം ക്രിസ്റ്റ്യാനോയുടെ പ്രണയസഖിയാകുക. എട്ട് വർഷത്തോളമായി ഇരുവരും കുട്ടികൾക്കൊപ്പം ഒരുമിച്ചാണ് കഴിയുന്നത്. സ്പാനിഷ് മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമാണ് 'ജിയോ'.
ഇൻസ്റ്റഗ്രാമിലൂടെ ജോർജീനയാണ് റൊണാൾഡോയെ വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം പുറത്തുവിട്ടത്. മോതിര വിരലിൽ ഡയമണ്ട് റിങ് കാണിച്ചായിരുന്നു പോസ്റ്റ്. വിവാഹത്തിന് റൊണാൾഡോയാണ് ആദ്യം താൽപ്പര്യമറിയിച്ചതെന്നും താൻ സമ്മതമറിയിച്ചെന്നും ജോർജീന കുറിച്ചു. "യെസ് ഐ ഡു, ഈ ജീവിതത്തിലും ഇനിയുള്ളതിലും" ജിയോ ഫോട്ടോയ്ക്ക് താഴെ നൽകിയ അടിക്കുറിപ്പ്.
ഡയമണ്ട് മോതിരം നൽകിയാണ് ജോർജീനയെ റൊണാൾഡോ പ്രപ്പോസ് ചെയ്തത്. 6.6 മില്ല്യൺ യൂറോയെങ്കിലും മോതിരത്തിന് വില വരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2016ൽ സ്പെയിനിൽ ഒരു ഗുച്ചി ഷോപ്പിൽ വെച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ പ്രണയിനിയെ ആദ്യമായി കണ്ടുമുട്ടിയത്. 2017 ല്‍ സൂറിച്ചില്‍ നടന്ന ഫിഫ ഫുട്ബോള്‍ അവാര്‍ഡിനിടെ ഇരുവരും പ്രണയം പരസ്യമാക്കി.
റൊണാൾഡോയുടെ മുൻ പ്രണയത്തിലെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ ഉൾപ്പെടെ അഞ്ച് കുട്ടികളോടൊപ്പമാണ് ഇപ്പോൾ ജോർജീന താമസിക്കുന്നത്. ഇവാൻ, മത്തിയോ, അലന മാർട്ടിന, ബെല്ല എസ്‌മറാൾഡ എന്നാണ് മറ്റു നാല് കുട്ടികളുടെയും പേര്. രണ്ട് പെണ്‍മക്കളാണ് റൊണാള്‍ഡോയുമായുള്ള ബന്ധത്തില്‍ ജോർജിനയ്ക്കുള്ളത്.