
വ്യാഴാഴ്ച എസ്റ്റാഡിയോ അൽഗാർവിൽ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബായ റിയോ ഏവിനോട് യാതൊരു ദയയും കാണിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾജോയുടെ സൗദി ക്ലബ്ബായ അൽ നസർ.
ഇന്നലെ രാത്രി നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് അൽ നസറിൻ്റെ ജയം. പോർച്ചുഗീസ് ലീഗിലെ 14ാം സ്ഥാനക്കാരാണ് റിയോ ഏവ്.
നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് പ്രകടന മികവിലാണ് ടീം അനായാസം ജയിച്ചത്. 44, 63, 68 മിനിറ്റുകളിലായാണ് താരം ഗോൾവല കുലുക്കിയത്. ടീമിനായി ഫ്രഞ്ച് പ്രതിരോധ താരം മുഹമ്മദ് സിമാക്കൻ ഗോൾ നേടിയിരുന്നു. പുതിയ കോച്ച് ജോർജ് ജീസസിന് കീഴിൽ മികച്ച ഫോമിലാണ് ടീമുള്ളത്.
അരങ്ങേറ്റക്കാരനായ പോർച്ചുഗീസ് ഫോർവേഡ് ജോവോ ഫെലിക്സ് രണ്ട് അസിസ്റ്റുകളുമായി മത്സരത്തിൽ തൻ്റെ സാന്നിധ്യം അറിയിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിന് നൽകിയ അസിസ്റ്റ് ഉൾപ്പെടെ രണ്ട് അസിസ്റ്റുകൾ അദ്ദേഹം ടീമിനായി സംഭാവന നൽകി. ഒരു പെനാൽറ്റി സമ്മാനിക്കുകയും ചെയ്തു. സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടിയില്ലെങ്കിലും പകരക്കാരനായെത്തിയാണ് ജാവോ ഫെലിക്സ് അരങ്ങേറ്റം കളറാക്കിയത്.