പ്രമേഹം, അറിയാം ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ

മരുന്നിനോടൊപ്പം ജീവിത ശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെയെും പ്രമേഹത്തെ നിയന്ത്രിക്കാനാകും.
പ്രമേഹം, അറിയാം  ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ
Published on

ഡയബറ്റിസ് മെലിറ്റസ് എന്നും അറിയപ്പെടുന്ന പ്രമേഹം ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ്.വളരെക്കാലം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പർ ഗ്ലൈസീമിയ) ആണ് പ്രമേഹം എന്ന അവസ്ഥ. ശരീരം ആവശ്യത്തിന് ഇൻസുലിൻ (രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഒരു ഹോർമോൺ) ഉത്പാദിപ്പിക്കാത്തതിൻറെ ഫലമായോ, ഉത്പാദിപ്പിച്ച ഇൻസുലിൻ ഉപയോഗിക്കാത്തതിനാലോ ഇത് സംഭവിക്കുന്നു.

 പല തരത്തിലുള്ള പ്രമേഹമുണ്ട്. ടൈപ്പ് 2 പ്രമേഹമാണ് ഏറ്റവും സാധാരണമായത്. ഇന്ത്യയിൽ മാത്രം, ടൈപ്പ് 2 പ്രമേഹമുള്ള 77 ദശലക്ഷം മുതിർന്നവരുണ്ട്, കൂടാതെ 25 ദശലക്ഷത്തിലധികം പേർക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. 

പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുകയും അവ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മരുന്നിനോടൊപ്പം ജീവിത ശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെയെും പ്രമേഹത്തെ നിയന്ത്രിക്കാനാകും. 

പ്രധാന ലക്ഷണങ്ങൾ

1. പ്രമേഹ ബാധിതരായ ആളുകൾക്ക് പെട്ടെന്ന് ഭാരക്കുറവ് ഉണ്ടാകുന്നു. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, കോശങ്ങൾക്ക് ഊർജത്തിനായി ഉപയോഗിക്കുന്നതിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കില്ല. അതിനാൽ ശരീരം ഊർജത്തിനായി കൊഴുപ്പ് എരിച്ചു കളയാൻ തുടങ്ങുന്നു. ഇതാണ് ശരീരഭാരം കുറയുന്നതിന് കാരണമാകുന്നത്. 

2. പ്രമേഹം നിരന്തരമായ ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകും. അമിത ക്ഷീണം ദൈനംദിന ജീവിതത്തെ സ്വാധീനിച്ചേക്കാം. ക്ഷീണം മൊത്തത്തിലുള്ള ആരോ​ഗ്യത്തെയും മോശം മാനസികാവസ്ഥയിലേക്കും നയിച്ചേക്കാം.

3. മുഖത്തും കഴുത്തിലുമായി കറുപ്പ് കണ്ടാൽ അത് സാധാരണയെന്ന് ധരിക്കരുത്. ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഈ ലക്ഷണം കാണുക. ശരീരത്തിൽ അധിക ഇൻസുലിൻ അടിഞ്ഞു കൂടുന്നുവെന്നതിന്റെ സൂചനയാണിത്. കക്ഷത്തിലും ചിലപ്പോൾ ഇത്തരം പാടുകൾ കാണാനാകും.

4. പ്രമേഹം ഗുരുതരമായാൽ കണ്ണുകളുടെ ആരോഗ്യത്തയും ബാധിക്കാം.അത് കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഡയബറ്റിക് റെറ്റിനോപ്പതി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഈ ലക്ഷണം ഒരു ദീർഘകാല പ്രശ്നമായി മാറുന്നത് തടയാൻ രക്തത്തിലെ പഞ്ചസാര ഫലപ്രദമായി നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. പതിവ് നേത്ര പരിശോധനകൾ രോ​​ഗം നേരത്തെ കണ്ടെത്താൻ‌ സഹായിക്കും.

5. പ്രമേഹമുള്ളവരിൽ ശരീരത്തിലുണ്ടാകുന്ന മുറിവ് ഉണങ്ങാൻ കാലതാമസം നേരിടുന്നതായി കണ്ടുവരുന്നു.ചെറിയ മുറിവുകളോ വ്രണങ്ങളോ പോലും സുഖപ്പെടാൻ കൂടുതൽ സമയമെടുത്തേക്കാം. ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രക്തയോട്ടം കുറയുന്നതും നാഡികളുടെ തകരാറുമൂലവുമാണ് ഇത് സംഭവിക്കുന്നത്.

6.പ്രമേഹത്തിന്റെ സങ്കീർണതയായ ഡയബറ്റിക് ന്യൂറോപ്പതി കൈകളിലും കാലുകളിലും മരവിപ്പ് ഉണ്ടാക്കാം. ഇത് ദൈനംദിന ജീവിതത്തെ ബാധിക്കുക മാത്രമല്ല, പരിക്കുകളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

7. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വർദ്ധിച്ച ദാഹവും വിശപ്പും ക്ഷീണവും, മധുരത്തോട് ആസക്തി, ലൈംഗികശേഷിക്കുറവ്, ലൈംഗിക താല്പര്യക്കുറവ് എന്നിവയും പ്രമേഹത്തിൻ്റെ ലക്ഷണങ്ങളിൽ പെടുന്നു.

പ്രമേഹം പല തരത്തിൽ

ടൈപ്പ് 1 പ്രമേഹം: ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിൽ നിന്ന് ശരീരത്തെ പരിമിതപ്പെടുത്തുന്നത് മൂലമാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ടൈപ്പ് 1 പ്രമേഹം ഏകദേശം 5-10% പ്രമേഹ രോഗികളെ ബാധിക്കുന്നു. ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. 

ടൈപ്പ് 2 പ്രമേഹം: ടൈപ്പ് 2 പ്രമേഹത്തിൽ, ശരീരം ഇൻസുലിൻ നന്നായി ഉപയോഗിക്കുന്നില്ല, സാധാരണ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ കഴിയില്ല. സാധാരണയായി മുതിർന്നവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ, രക്തത്തിലെ പഞ്ചസാര പരിശോധിക്കേണ്ടത് പ്രധാനമാണ്.

ഗർഭകാല പ്രമേഹം: ഇതുവരെ പ്രമേഹം വന്നിട്ടില്ലാത്ത ഗർഭിണികൾക്ക് ഗർഭകാല പ്രമേഹം ഉണ്ടാകാം. അമ്മയ്ക്ക് ഗർഭകാല പ്രമേഹമുണ്ടെങ്കിൽ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗർഭാവസ്ഥയിലുള്ള പ്രമേഹം സാധാരണയായി കുഞ്ഞ് ജനിച്ചതിനുശേഷം മാറും, എന്നാൽ ഇത് പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

പ്രീ ഡയബറ്റിസ്: ടൈപ്പ് 2 പ്രമേഹത്തിന് മുമ്പുള്ള ഘട്ടമാണിത്. പ്രീ ഡയബറ്റിസിൽ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണയേക്കാൾ കൂടുതലാണ്, പക്ഷേ ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടെന്ന് നിർണ്ണയിക്കാൻ പര്യാപ്തമല്ല. 

പ്രതിരോധമാർഗ്ഗങ്ങൾ

ചില മുൻകരുതലുകൾ എടുത്താൽ പ്രമേഹത്തെ നമുക്ക് ഒരു പരിധിവരെ തടയാനാകും. 

ആദ്യമായി ചെയ്യേണ്ടത് രക്തത്തിലെ പഞ്ചസാരയുടെ അളവാ് ഇടയ്ക്കിടെ പരിശോധിച്ച് അറിയുക എന്നതാണ്. 

ആരോഗ്യകരമായ ഡയറ്റ് പിൻതുടരുക എന്നതും പ്രധാനമാണ്.പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക.

ശരീരഭാരം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ സ്വീകരിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം ഒഴിവാക്കാനോ കാലതാമസം വരുത്താനോ കഴിയും.

പുകവലി ഒഴിവാക്കുന്നതും പ്രമേഹത്തെ തടയാൻ സഹായിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com