അമിത വണ്ണം കുറയ്ക്കണമെന്ന് തോന്നിയാലോ, ആരോഗ്യ സംരക്ഷണത്തിനായോ ഭക്ഷണം ക്രമീകരിക്കാൻ തീരുമാനിക്കാം. അല്ലെങ്കിൽ അൽപം പ്രമേഹ സാധ്യത വന്നെന്നിരിക്കട്ടെ ആദ്യം തെരഞ്ഞെടുക്കുന്ന വഴിയാണ് ഷുഗർ കട്ട്. അതെ മധുരം ഒഴിവാക്കിയാൽ പ്രത്യേകിച്ചും പ്രോസസ്‌ഡ് ഷുഗർ, വൈറ്റ് ഷുഗർ ഒഴിവാക്കിയാൽ തന്നെ പ്രകടമായ മാറ്റം ശരീരത്തിൽ കാണാൻ സാധിക്കും. പക്ഷെ അത്രയ്ക്കും നിയന്ത്രണം ഉണ്ടാക്കി മധുരത്തെ മാറ്റി നിർത്തിയിട്ടും ഫലം കണ്ടില്ലെന്ന് പറഞ്ഞ് സങ്കടപ്പെടുന്ന നിരവധിപ്പേരുണ്ട്.
കർശനമായി ഷുഗർകട്ട് എടുത്തിട്ടും ശരീരത്തിൽ പ്രകടമായ മാറ്റങ്ങളൊന്നും തന്നെ കാണുന്നില്ലെങ്കിൽ ഡയറ്റൊന്നു പരിശോധിക്കേണ്ട സമയമായി. ഒഴിവാക്കുന്നത് മാത്രമല്ല നമ്മൾ ദിവസവും കഴിക്കുന്നതും കൂടി കണക്കാക്കണം. മധുരപലഹാരങ്ങളും മിഠായികളുമൊക്കെ പൂർണമായി ഒഴിവാക്കിയാലും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയർത്തുന്ന മറ്റ് ഭക്ഷണ പദാർഥങ്ങൾ ഡയറ്റിൽ ഉണ്ടെങ്കിൽ അത് ദോഷം ചെയ്യും.
ഉദാഹരണത്തിന് മധുരം ഒഴിവാക്കുന്നവർ കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതോ മറ്റോ ആണെങ്കിൽ അത് ശരീരത്തിലെ ഷുഗർ ലെവൽ വർധിപ്പിക്കും. പ്രത്യേകിച്ചും ഇന്ത്യൻ വിഭവങ്ങളിൽ ഏറെയും അത്തരത്തിലുള്ളവയാണ്. രചിയൂറുന്ന വിഭവങ്ങളാണ് മധുരം ചേർത്തിട്ടില്ല എന്നൊക്കെ പറഞ്ഞാലും സംഭവം രക്തത്തിലെ പഞ്ചസാരയുടെ അളവിലാകും പ്രതിഫലിക്കുക.
ഇന്ത്യൻ ഭക്ഷണത്തിലെ പ്രധാനിയാണ് അച്ചാർ. സദ്യയ്ക്കും, ബിരിയാണിക്കും, കഞ്ഞിക്കും, ചപ്പാത്തിക്കും തുടങ്ങി മദ്യത്തിന് ടച്ചിംഗ്സ് ആയിവരെ അച്ചാർ ഉപയോഗിക്കും. പറയുമ്പോൾ മധുരം ചേർക്കാറില്ലായിരിക്കും. പക്ഷെ ആള് വില്ലനാണ്. അച്ചാറുകളിൽ കൂടുതലായി എണ്ണയും എരിവുള്ള മസാലകളും ചേർക്കും. ഒരു സ്പൂൺ പഞ്ചസാരയേക്കാൾ അപകടമാണ് അച്ചാർ ശരീരത്തിന് ചെയ്യുക.
ഇനി ദോശയും ഇഡലിയും പല തരം ചട്ണികളും നിരവധിപ്പേരുടെ ഇഷ്ട വിഭവങ്ങളാണ്. തേങ്ങാചട്ണികളൊക്കെ പോഷകങ്ങൾ നിറഞ്ഞവയാണ്. പക്ഷെ ഷുഗർ അടങ്ങിയവയുമാണ്. അതുകൊണ്ടു തന്നെ അമിതമായ അളവിൽ അകത്ത് ചെന്നാൽ അത് ഷുഗർകട്ടിനെ മാറ്റും. ഇനി വെറൈറ്റിക്ക് വേണ്ടി പഴങ്ങൾ കൊണ്ടോ, ബെറികൾ ഉപയോഗിച്ചോ പാകം ചെയ്തെടുക്കുന്ന ചട്നികളിൽ ഷുഗർ കണ്ടന്റ് അധികമായിരിക്കും എന്നും ഓർക്കുക.
അതുപോലെ തന്നെ ഡയറ്റിൽ ഉൾപ്പെടുത്താൻ ജൂസ് പലരും തെരഞ്ഞെടുക്കുന്നുണ്ട്.എന്നാൽ അതിൽ ഏറെ ശ്രദ്ധിക്കണം. കടകളിൽ നിന്നും വാങ്ങുന്ന ജ്യൂസുകളിൽ സാധാരണയായി മധുരം അടങ്ങിയിരിക്കും. പാക്കറ്റുകളിലായി ലഭിക്കുന്ന ജ്യൂസുകളിലും മധുരം കൂടുതൽ അടങ്ങിയിരിക്കും. പഴച്ചാറുകൾ ആരോഗ്യത്തിന് നല്ലതാണ്. കഴിവതും മധുരം ചേർക്കാതെ വീട്ടിൽ തയ്യാറാക്കുന്നതാകും ഗുണകരം.
അരിയും ബ്രെഡ് ഐറ്റംസും കഴിക്കുന്നവരും ശ്രദ്ധിക്കണം. മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട നാൻ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ ഷുഗർ കണ്ടന്റ് വർധിപ്പിക്കും.അതുപോലെ തന്നെ വെള്ള അരി യും. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതിന് കാരണമാകും. മട്ട അരിയോ ക്വിനോവയോ അതിന് പകരമായി ഉപയോഗിക്കുന്നതാകും ഉചിതം.
ഇനി പാലും പാലുൽപ്പന്നങ്ങളും ആരോഗ്യത്തിന് നല്ലതെന്ന് കരുതി ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ഫ്ലേവർഡ് മിൽക്, ലസ്സി തുടങ്ങിയവയാണ് ഷുഗർകട്ടിന് വില്ലനാകുന്നത്.ഇത്തരം പാനീയങ്ങളിൽ പഞ്ചസാര ചേർത്തിരിക്കും.പോഷകം ലഭിക്കും പക്ഷെ പഞ്ചസാരയുടെ അളവ് കൂടും. സാധാരണ പാലോ തൈരോ ഉപയോഗിക്കാം. മധുരത്തിനായി പഴമോ, തേനോ ഉൾപ്പെടുത്താവുന്നതാണ്.