
നിരവധി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഇയർ ബാലൻസ് മുലമുണ്ടാകുന്ന അസുഖങ്ങൾ. ഇത്തരം രോഗങ്ങളെ വേഗത്തിൽ സുഖപ്പെടുത്താനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയായ ഡോ. എം.ആർ. രവി. ഇയർ ബാലൻസ് പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് ഡോക്ടറുടെ ചികിത്സ ഫലപ്രദമാണെന്ന് ഉറപ്പു തരുന്നത് മറ്റാരുമല്ല മലയാളികളുടെ പ്രിയ താരം മോഹൻലാൽ തന്നെയാണ്. ഡോക്ടറെ പരിചയപ്പെടുത്തി ഫേസ്ബുക്കിൽ കുറിപ്പിട്ട മോഹൻലാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്ത്രാപ്പിന്നിയിലെ വീട്ടിലെത്തിയും സന്ദർശിച്ചിരുന്നു.
ശരീരത്തിൻ്റെ സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട ഒരു രോഗാവസ്ഥയാണ് ഇയർ ബാലൻസ്. ചെവിയുടെ ഉൾഭാഗത്തെ തകരാറുകളോ തലച്ചോറിലെ പ്രശ്നങ്ങളോ ആവും രോഗത്തിന് കാരണം. ഗുരുതരമായ ഈ ആരോഗ്യപ്രശ്നം മൂലം ലക്ഷക്കണക്കിന് ആളുകളാണ് ബുദ്ധിമുട്ടുന്നത്. എന്നാൽ ഈ രോഗാവസ്ഥയ്ക്ക് ശ്വാശതമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയായ ഡോക്ടർ എം.ആർ. രവി.
അടുത്ത ബന്ധുവിന്റെ അസുഖം ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടറെ കാണാൻ ഇക്കഴിഞ്ഞ ജൂൺ 23നാണ് മോഹൻലാൽ നേരിട്ടെത്തിയത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ സൂപ്പർസ്റ്റാർ തികച്ചും അപ്രതീക്ഷീതമായാണ് ഡോക്ടറെ സന്ദർശിച്ചത്. ഒരു മണിക്കൂറിലേറെ ചെന്ത്രാപ്പിന്നിയിലെ വീട്ടിൽ ചെലവഴിച്ച് മടങ്ങിയ ലാലിന്റെ വാക്കുകൾ ഡോക്ടർ രവിക്ക് വലിയ പ്രചോദനമായി മാറി.
2006-ൽ വയനാട്ടിൽ നിന്ന് DMO ആയി ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ഡോക്ടർ രവിക്കും എട്ട് വർഷം മുമ്പ് ഇയർ ബാലൻസ് പ്രശ്നമുണ്ടായിയിരുന്നു. മരുന്ന് കഴിച്ചതോടെ രണ്ട് ദിവസം കൊണ്ട് പ്രശ്നം പരിഹരിച്ചു. പക്ഷേ ഭാര്യക്കും സമാന അവസ്ഥ പിന്നീടുണ്ടായി. അതോടെയാണ് ഇയർ ബാലൻസിനെ കുറിച്ച് ഡോക്ടർ പഠനം നടത്തുന്നത്. ഗവേഷണത്തിനൊടുവിൽ ലളിതമായ ചില വ്യായാമങ്ങൾ അസുഖത്തിന് ഉപകാരപ്രദമാകുമെന്ന് തിരിച്ചറിഞ്ഞു. ഇക്കാര്യങ്ങൾ ഭാര്യയിൽ പരീക്ഷിച്ചതോടെ ഡോക്ടർ വിജയം കണ്ടു.
അന്ന് തൊട്ടാണ് ഡോ. രവി പൂർണമായും ഈ ചികിത്സാ രീതിയിൽ ശ്രദ്ധിച്ച് തുടങ്ങിയത്. ഇതിനോടകം മുപ്പതിനായിരത്തിലധികം ആളുകൾക്കാണ് രവിയുടെ ചികിത്സകൊണ്ട് അസുഖം ഭേദമായത്. മോഹൻലാലിന്റെ വൈറലായ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഇന്ന് ഇദ്ദേഹത്തെ ചികിത്സ സഹായത്തിനായി സമീപിക്കുന്നുണ്ട്.