പുതുവർഷത്തിൽ പലരുടേയും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ജിമ്മിൽ പോകൽ. ഈ കൊല്ലം എങ്കിലും ജിമ്മിൽ പോകണം, ശരീരമൊക്കെ ഒന്ന് ശരിയാക്കണം, എന്നൊക്കെ ഓർത്തിട്ടായിരിക്കും പലരും പുതുവര്‍ഷം ആരംഭിക്കുന്നത്. ചിലരാകട്ടെ, തീരുമാനമെടുത്തിട്ടും പോകാന്‍ മടി പിടിച്ചിരിക്കും. എന്നാല്‍ ആ മടിയൊക്കെ അങ്ങ് മാറ്റിവെച്ചോളൂ. കാരണം എന്തെന്ന് വച്ചാൽ ചെറിയ വ്യായാമത്തിനുപോലും കാന്‍സറിനെ പ്രതിരോധിക്കാനാകുമെന്നാണ് പുതിയ പഠനം പറയുന്നത്.
ന്യൂകാസിൽ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ പഠനപ്രകാരം വെറും 10 മിനിറ്റ് നേരത്തേക്കുള്ള വ്യായാമം പോലും, കുടലിലുണ്ടാകുന്ന കാൻസറിനെ ചെറുക്കുമെന്നാണ് പറയുന്നത്. വ്യായാമം മനുഷ്യ ശരീരത്തിലെ ആരോഗ്യകരമായ കലകൾക്ക് ഗുണം ചെയ്യുമെന്നും കാൻസർ കോശങ്ങൾ വളരുന്നതിനെ പ്രതിരോധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരൊറ്റ വ്യായമ രീതിക്ക് പോലും മനുഷ്യശരീരത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അമിതവണ്ണമുള്ളവരും, മറ്റുരോഗങ്ങളൊന്നുമില്ലാത്തവരുമായ മുപ്പതുപേരുടെ സാമ്പിളുകൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. പത്തുപന്ത്രണ്ട് മിനിറ്റ് സൈക്ലിങ് ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ചെയ്യുന്നതിന് മുമ്പും ശേഷവും ശേഖരിച്ച രക്തസാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ വ്യായാമത്തിന് ശേഷം പരിശോധിച്ച സാമ്പിളുകളിൽ പതിമൂന്നുതരം വ്യത്യസ്ത പ്രോട്ടീനുകൾ കൂടുന്നതായി കണ്ടെത്തി. ഈ പ്രോട്ടീനുകൾ ശരീരത്തിലെ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നവയാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
വ്യായാമത്തിലൂടെ കാൻസർ കോശങ്ങളിലെ ആയിരക്കണക്കിന് ജീനുകളെ സ്വാധീനിക്കാൻ സാധിക്കുമെന്നത് ഏറെ നിർണായകമായ ഒന്നാണ് എന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ദിവസത്തിലെ 10 മിനിറ്റ് വ്യായാമം പോലും, എന്ന കണക്ക് പറയുന്ന ഗവേഷകർ ആഴ്ചയിൽ 150 മിനിറ്റ് വ്യായാമത്തിന് ചിലവിടണമെന്നും, അത് സൈക്ലിങ്, നീന്തൽ പോലുള്ളവയാകാമെന്നും നിർദേശിക്കുന്നു.
അതോടൊപ്പം നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നതും, പുകവലി ഒഴിവാക്കുന്നതും, മദ്യപാനം കുറയ്ക്കുന്നതും അപകടസാധ്യത കുറയ്ക്കുമെന്നും റിപ്പോർട്ട് അടിവരയിടുന്നു. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് ആദ്യം കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും, അത് പരിശ്രമിക്കേണ്ടത് അത്യാവശ്യമാണെന്നും ഗവേഷകർ പറയുന്നു.യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ശീലങ്ങൾ കാൻസർ മരണ സാധ്യത കുറയ്ക്കുമെന്നും, കാൻസർ അതിജീവിച്ചവരിൽ മൊത്തത്തിലുള്ള മരണ സാധ്യത 38% വരെ കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ജീവിതത്തിൽ ഭക്ഷണവും ഉറക്കവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്യായാമവും. പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെയും പ്രതിരോധിക്കുന്നതിൽ വ്യായാമം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ പഠനം കുടൽ കാൻസറിനെതിരായ പഠനത്തിലെ മറ്റൊരു ചുവടുവയ്പ്പാണ്. കൂടാതെ ഇതുസംബന്ധിച്ച പഠനങ്ങൾ സജീവമായി തുടരേണ്ടതിൻ്റെ പ്രാധാന്യം ഇതിലൂടെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം കണ്ടെത്തലുകൾ ഭാവിയിൽ നിർണായകമാകുന്ന കണ്ടെത്തലിലേക്കാണ് വിരൽചൂണ്ടുന്നത്.