
തിരക്കുപിടിച്ച ജീവിതത്തില്‍ രാത്രിയെന്നോ പകലെന്നോ നോക്കാതെ ജോലിയില്‍ ഏര്‍പ്പെടുന്നവരാണ് നമ്മളില്‍ പലരും. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരടക്കം നിരവധി പേര്‍ രാത്രികാല ഷിഫ്റ്റില്‍ കാലങ്ങളായി ജോലി ചെയ്യുന്നവരാണ്. വളരെ ചെറുപ്പത്തില്‍ തന്നെ നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നതും ജോലി സമയം പതിവായി മാറി ചെയ്യേണ്ടി വരുന്നതും ജീവനക്കാരെ വിഷാദ രോഗികളാക്കി മാറ്റുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവരില്‍ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ഏഴായിരത്തോളം അമേരിക്കക്കാരെ ഉള്‍പ്പെടുത്തി 30 വര്‍ഷം കൊണ്ട് എന്‍വൈയു സില്‍വര്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.
നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതും ജോലി സമയം തുടര്‍ച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുകയും 50 വയസ്സാകുമ്പോഴേക്കും ആളുകളെ വിഷാദ രോഗം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോള്‍ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ജോലി മൂലം ശാരീരികവും മാനസികവുമായി അവശരാവുന്നവരെ പിന്തുണയ്‌ക്കാനുള്ള വിഭവങ്ങള്‍ ലഭ്യമാക്കി ഈ സാഹചര്യത്തെ മറികടക്കാന്‍ കഴിയണമെന്ന് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
രാത്രിയിൽ ഭക്ഷണം കഴിക്കുന്നത് ശരീരത്തിൻ്റെ മെറ്റബോളിസത്തിൽ മാറ്റം വരുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, ഇത് രക്തത്തിലെ പഞ്ചസാര അല്ലെങ്കിൽ ഗ്ലൂക്കോസ് പ്രോസസ്സ് ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുന്നു. ഭക്ഷണ ക്രമത്തില്‍ വരുത്തുന്ന നിയന്ത്രണങ്ങള്‍ ഈ പ്രശ്നങ്ങളെ ഒരു പരിധി വരെ തടയുന്നു. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ പകല്‍ സമയത്തേക്ക് മാത്രം ഭക്ഷണം പരിമിതപ്പെടുത്താം. നൈറ്റ് ഷിഫ്റ്റ് ജോലിക്കാര്‍ക്കിടയില്‍ കണ്ടുവരുന്ന രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് നിയന്ത്രിക്കാന്‍ ഇത് സഹായകമാണ്.