തിരക്കുപിടിച്ച ജീവിതത്തിനിടയിൽ മിക്ക സ്ത്രീകളും ആദ്യം ഒഴിവാക്കുന്നത് വ്യായാമമായിരിക്കും. ജോലിയുടെ തിരക്കുകൾ, വീട്ടുജോലികൾ, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ എന്നിവ കാരണം രാവിലെയുള്ള നടത്തം പോലും ഉപേക്ഷിക്കുന്നവരുണ്ട്. ഇത് പിന്നീട് ശാരീരിക പ്രവർത്തനങ്ങളെ പൂർണ്ണമായും പിന്നോട്ടടിക്കുന്നു. ഈ ശീലം സ്തനാർബുദ സാധ്യതയെ ബാധിക്കുന്നുണ്ടോ?
ദിവസവും വ്യയാമം ചെയ്യുന്ന സ്ത്രീകൾക്ക് മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് സ്തനാർബുദ സാധ്യത കുറവാണെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. വ്യായാമം പൂർണ്ണമായ സംരക്ഷണം ഉറപ്പുനൽകുന്നില്ലെങ്കിലും, ആരോഗ്യകരമായ ജീവിതശൈലിയിലൂടെ സ്ത്രീകൾക്ക് സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുന്ന പ്രധാന മാർഗ്ഗങ്ങളിലൊന്നാണിത്. എത്രത്തോളം വ്യായാമം ആവശ്യമാണ്, എന്തുകൊണ്ടാണ് ഇത് പ്രധാനമാകുന്നത് തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
വ്യായാമം സ്തനാർബുദ സാധ്യത എങ്ങനെ കുറയ്ക്കുന്നു?
ശാരീരികമായി സജീവമായിരിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കുറവാണെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. വ്യായാമം ശരീരത്തിൽ നിർണായകമായ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ഹോർമോൺ നിയന്ത്രണം: കൃത്യമായ ശാരീരിക അനക്കം ശരീരത്തിലെ ഈസ്ട്രജൻ, ഇൻസുലിൻ എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ ഹോർമോണുകൾ വർധിക്കുന്നത് കോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും സ്തനാർബുദ കോശങ്ങളുടെ രൂപവത്കരണത്തിന് കാരണമാവുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാൻ: ആർത്തവവിരാമത്തിന് ശേഷം ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഈസ്ട്രജൻ ഉത്പാദനം വർധിപ്പിക്കും. സജീവമായിരിക്കുന്നതിലൂടെ ശരീരഭാരം കൃത്യമായി നിലനിർത്താനും ഈ അപകടസാധ്യത ഒഴിവാക്കാനും സാധിക്കും.
രോഗപ്രതിരോധ ശേഷി: സ്ഥിരമായ വ്യായാമം ശരീരത്തിലെ വീക്കം കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് കോശങ്ങളുടെ ആരോഗ്യം കൃത്യമായി സംരക്ഷിക്കാൻ ശരീരത്തെ സഹായിക്കുന്നു.
എത്രത്തോളം വ്യായാമം വേണം?
ആരോഗ്യഗുണങ്ങൾ ലഭിക്കാൻ ജിമ്മിൽ മണിക്കൂറുകളോളം ചെലവഴിക്കണമെന്നില്ല. വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ്, നൃത്തം എന്നിവ ദിവസവും 30 മിനിറ്റ് വീതം ആഴ്ചയിൽ 5 ദിവസം ചെയ്യാവുന്നതാണ്. ഓട്ടം, എയ്റോബിക്സ് തുടങ്ങിയവ ആഴ്ചയിൽ 75 മുതൽ 150 മിനിറ്റ് വരെ ചെയ്യാം. തിരക്കുപിടിച്ച ദിവസങ്ങളിൽ ഒന്നിച്ച് സമയം കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിൽ, 10 മിനിറ്റ് വീതം മൂന്ന് തവണകളായി നടക്കുന്നത് പോലും ശരീരത്തിന് ഗുണം ചെയ്യും. വ്യായാമത്തെ കേവലം സൗന്ദര്യമോ ഫിറ്റ്നസോ ആയി കാണാതെ, ദീർഘകാലത്തെ ആരോഗ്യത്തിനായുള്ള മുൻകരുതലായി കാണുന്നത് തിരക്കുപിടിച്ച ജീവിതത്തിലും ഇത് ശീലമാക്കാൻ സഹായിക്കും.
വ്യായാമം ഒരിക്കലും സ്തനാർബുദ പരിശോധനയ്ക്ക് പകരമാവില്ല. പതിവായി വ്യായാമം ചെയ്യുന്ന സ്ത്രീകൾക്കും സ്തനാർബുദം വരാൻ സാധ്യതയുണ്ട്. പ്രായം, കുടുംബ ചരിത്രം, ജനിതക മാറ്റങ്ങൾ, ഹോർമോൺ ഘടകങ്ങൾ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്.
സ്തനങ്ങളിൽ പുതിയ മുഴകളോ തടിപ്പുകളോ അനുഭവപ്പെടുക, സ്തനത്തിന്റെ ആകൃതിയിലോ ചർമ്മത്തിലോ മാറ്റങ്ങൾ വരിക, മുലക്കണ്ണിൽ വ്യതിയാനങ്ങൾ കാണപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം മാറ്റങ്ങൾ എപ്പോഴും അർബുദമാകണമെന്നില്ലെങ്കിലും ഒരു ആരോഗ്യ വിദഗ്ധനെ കണ്ട് പരിശോധന നടത്തേണ്ടതുണ്ട്.