'പാമ്പുകള്‍ കൂട്ടുകാര്‍, ഒരു മൃഗം പോലും ആക്രമിച്ചിട്ടില്ല; ആകെ പേടിച്ചത് മനുഷ്യനെ മാത്രം'; എട്ട് വര്‍ഷം ഗുഹയില്‍ താമസിച്ച റഷ്യന്‍ യുവതിയുടെ ജീവിതം ഇങ്ങനെ

എട്ട് വര്‍ഷം കാട്ടില്‍ കഴിഞ്ഞിട്ടും മൂന്ന് പേരും ആരോഗ്യവാന്മാരാണെന്നും യുവതി സമനിലയോടെയാണ് പെരുമാറുന്നതെന്നും പൊലീസ്
Image: Social media
Image: Social media
Published on

ഗോവ: കഴിഞ്ഞ ദിവസമാണ് ഗോകര്‍ണയിലെ ഉള്‍പ്രദേശത്തുള്ള രാമതീര്‍ഥ കുന്നില്‍ റഷ്യന്‍ യുവതിയേയും രണ്ട് കുട്ടികളേയും ഗുഹയ്ക്കുള്ളില്‍ താമസിക്കുന്ന നിലയില്‍ പൊലീസ് കണ്ടെത്തിയത്. നാല്‍പ്പത് വയസ്സുള്ള നിന കുട്ടീന എന്ന മോഹി, ആറും നാലും പ്രായമുള്ള രണ്ട് മക്കളുമാണ് ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞിരുന്നത്. എട്ട് വര്‍ഷമായി മക്കളുമൊത്ത് ഗുഹയ്ക്കുള്ളില്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നുവെന്ന മോഹിയുടെ വിശദീകരണം കേട്ട് പൊലീസ് ഞെട്ടി.

യാദൃശ്ചികമായാണ് ഗുഹയ്ക്കുള്ളില്‍ കഴിയുന്ന കുടുംബത്തെ പൊലീസ് കണ്ടെത്തിയത്. ഏതെങ്കിലും സഞ്ചാരികള്‍ സ്ഥലത്ത് ചുറ്റിക്കറങ്ങുന്നുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. ഇതിനിടയിലാണ് ഗുഹയിലേക്ക് നീളുന്ന നടപ്പാത കണ്ണില്‍പ്പെട്ടത്. കാട്ടിനുള്ളില്‍ ഇങ്ങനെയൊരു നടപ്പാത കണ്ടതോടെ സംശയം തോന്നി പോയ പൊലീസ് ചെന്നെത്തിയത് ഗുഹയുടെ മുന്നിലും.

ഗുഹയുടെ മുന്‍വശം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച നിലയിലായിരുന്നു. ഒപ്പം ദേവന്മാരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. ഗുഹയുടെ അകത്തേക്ക് കടന്ന പൊലീസ് കണ്ടത് കളിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിയെ. സമീപത്ത് അമ്മയും മറ്റൊരു കുട്ടിയും കിടന്നുറങ്ങുകയായിരുന്നു. ഗുഹയ്ക്കുള്ളില്‍ ചില റഷ്യന്‍ പുസ്തകങ്ങളുമുണ്ടായിരുന്നു.

Image: Social media
"ധ്യാനത്തിനും പ്രാർഥനയ്ക്കും പറ്റിയ അന്തരീക്ഷം"; ഗോകർണയിലെ ഗുഹയിൽ മക്കളോടൊപ്പം താമസിച്ച റഷ്യൻ വനിതയെ കണ്ടെത്തി

യുവതിയോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ഗുഹയില്‍ മക്കളുമൊത്ത് ഏറെ കാലമായി താമസിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ഇവരെ ഇവിടെ നിന്ന് മാറ്റാനും ഏറെ പണിപ്പെടേണ്ടി വന്നു. പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മറ്റ് അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചെങ്കിലും മോഹി ഒപ്പം പോകാന്‍ തയ്യാറായില്ല. വിഷപ്പാമ്പുകളുള്ള സ്ഥലമാണെന്ന് പറഞ്ഞപ്പോള്‍ പാമ്പുകള്‍ തങ്ങളുടെ കൂട്ടുകാരാണെന്നും അവരെ അങ്ങോട്ട് ഉപദ്രവിക്കാതെ തിരിച്ച് ഒന്നും ചെയ്യില്ലെന്നായിരുന്നു മറുപടി.

ഗുഹയ്ക്ക് സമീപം ഒരു വെള്ളച്ചാട്ടവുമുണ്ട്. ഇവിടെയാണ് മോഹിയും കുട്ടികളും കുളിച്ചിരുന്നത്. ഈ ഭാഗങ്ങളിലെല്ലാം പാമ്പുകള്‍ ഇവരെ ഉപദ്രവിക്കാതെ നീങ്ങുന്നുണ്ടായിരുന്നു. രണ്ട് മാസം മുമ്പാണ് യുവതിയും മക്കളും ഈ ഗുഹയിലേക്ക് താമസം തുടങ്ങിയത്.

എങ്ങനെ കൊടുങ്കാട്ടില്‍ എത്തി?

2016 ലാണ് കുട്ടീന ബിസിനസ് വിസയില്‍ ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. ഗോവയിലേയും ഗോകര്‍ണയിലേയും പ്രകൃതി ഭംഗിയിലും ടൂറിസം റസ്റ്ററന്റ് മേഖലയിലും ആകൃഷ്ടയായി. 2018 ല്‍ എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചതോടെ നേപ്പാളിലേക്ക് പോയി. എന്നാല്‍ വൈകാതെ മടങ്ങിയെത്തിയ കുട്ടീന കര്‍ണാടകയിലെ തീരപ്രദേശങ്ങളില്‍ താമസിച്ചു വരികയായിരുന്നു.

കുട്ടീനയുടെ രണ്ട് കുട്ടികളും ഇന്ത്യയിലാണ് ജനിച്ചതെന്നും പൊലീസ് പറയുന്നു. പ്രസവ സമയത്ത് കുട്ടീനയ്ക്ക് വൈദ്യസഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പിടിക്കപ്പെടുമെന്നതിനാല്‍ ഹോട്ടലുകള്‍ ഒഴിവാക്കിയാണ് ഇക്കാലമത്രയും കുട്ടീന ഗോവയിലും ഗോകര്‍ണയിലുമായി താമസിച്ചിരുന്നത്. ഇതിനായി ഉള്‍പ്രദേശങ്ങളിലെ ഗുഹകളും മറ്റും തിരഞ്ഞെടുത്തു. കാട്ടില്‍ മക്കള്‍ക്കൊപ്പം ധ്യാനവും പൂജകളുമായി ജീവിച്ചു വരികയായിരുന്നു.

മഴക്കാലത്ത് മൂവരും കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചും ദൈനംദിന ഉപയോഗത്തിനായി പലചരക്ക് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഗുഹയ്ക്കുള്ളില്‍ നിന്ന് മെഴുകിതിരികള്‍ കണ്ടെത്തിയെങ്കിലും ഇത് അപൂര്‍വമായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. രാത്രികാലങ്ങളിലടക്കം സ്വാഭാവിക വെളിച്ചത്തിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഒരു മൊബൈല്‍ ഫോണ്‍ കൈവശമുണ്ടായിരുന്നെങ്കിലും ഇതും കുട്ടീന അധികം ഉപയോഗിച്ചിരുന്നില്ല. പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി ടൗണില്‍ പോകുമ്പോഴാണ് ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നത്.

എട്ട് വര്‍ഷം കാട്ടില്‍ കഴിഞ്ഞിട്ടും മൂന്ന് പേരും ആരോഗ്യവാന്മാരാണെന്നും കുട്ടീന സമനിലയോടെയാണ് പെരുമാറുന്നതെന്നുമാണ് പൊലീസ് പറയുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന കുട്ടീന ഗുഹയിലെ ജീവിതം അവസാനിച്ചതിന്റേയും റഷ്യയിലേക്ക് തിരിച്ചയക്കുമോ എന്ന ആശങ്കയിലുമാണെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് കണ്ടെത്തിയതിനു ശേഷം ഒരു സുഹൃത്തിന് റഷ്യന്‍ ഭാഷയില്‍ അയച്ച സന്ദേശത്തില്‍ കുട്ടീന പറഞ്ഞത് ഇങ്ങനെയാണ്,

'ഞങ്ങളുടെ ഗുഹാ ജീവിതം അവാസാനിച്ചു. ആകാശമില്ലാത്ത, പുല്ലുകളില്ലാത്ത, വെള്ളച്ചാട്ടമില്ലാത്ത മരവിച്ച തറയിലാണ് ഞങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. മഴയില്‍ നിന്നും പാമ്പുകളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കാനെന്നാണ് പറയുന്നത്. തുറന്ന ആകാശത്തിന് കീഴില്‍ പകൃതിയുമായി ഇണങ്ങി ഇത്രയും വര്‍ഷം ജീവിച്ച അനുഭവത്തില്‍ നിന്ന് ഞാന്‍ പറയട്ടെ, ഇത്രകാലത്തിനിടയില്‍ ഒരിക്കല്‍ പോലും ഒരു പാമ്പ് ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല, ഒരു മൃഗം പോലും ആക്രമിച്ചിട്ടില്ല, വര്‍ഷങ്ങളായി ഞങ്ങള്‍ ഭയപ്പെട്ടിരുന്ന ഒരേയൊരു കാര്യം മനുഷ്യരെ മാത്രമാണ്'.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com