ഇന്നത്തെ തൊഴിൽ സംവിധാനങ്ങൾ പഴയ രീതിയെ അപേക്ഷിച്ച് ദൈനംദിനം മത്സരാധിഷ്ഠിതവും വേഗതയേറിയതുമായി മാറികൊണ്ടിരിക്കുകയാണ്. വേഗതയും മത്സരബുദ്ധിയും കൂടുന്നതോടെ അവിടെ സമ്മർദം കൂടാനുള്ള സാഹചര്യവും ഉദയം കൊള്ളുന്നു.
തൊഴിലിടങ്ങളിൽ സമ്മർദം അനുഭവിക്കാതെ വർക്ക് ചെയ്യൽ. അത് ചിലർക്ക് എളുപ്പവും. ചിലർക്ക് അൽപ്പം പ്രയാസവുമാണ്. ജോലി സ്ഥലത്ത് പ്രശ്നങ്ങളൊന്നും ഇല്ലാതെ ദൈനംദിന കാര്യങ്ങൾ വളരെ സ്മൂത്ത് ആയി നടന്നുപോകുന്നുണ്ടെങ്കിൽ അത് നമ്മളുടെ മാനസിക ആരോഗ്യത്തിന് പോസറ്റീവ് ഇംപാക്ട് ഉണ്ടാക്കും. എന്നാൽ അത് നേരേ തിരിച്ച് ആയാലോ ?.
നമ്മളെ ദിനംപ്രതി ബുദ്ധിമുട്ടിലാക്കുന്ന ബേൺ ഔട്ട് എന്ന അവസ്ഥ എന്താണെന്ന് അറിയാമോ. സമ്മർദവും, തൊഴിൽ അന്തരീക്ഷവും മാനസിക ആരോഗ്യത്തെയാകെ താറുമാറാക്കുന്ന അവസ്ഥയാണ് ഇത്. തൊഴിലിടത്തെ സമ്മർദം താങ്ങാവുന്നതിനും അപ്പുറമാകുമ്പോൾ നമ്മുടെ മാനസികാവസ്ഥ തകരുന്നു. കൃത്യമായി ജോലി ചെയ്യാനോ, ചെയ്യുന്ന ജോലികളിൽ പൂർണമായും ശ്രദ്ധ ചെലുത്താനോ കഴിയാതെ വരുന്നു. ഇത് ചില സമയങ്ങളിൽ തൊഴിലിനെ തന്നെ ബാധിച്ചേക്കാം.
നിരന്തരം ക്ഷീണം അനുഭവപ്പെടുന്നതും ദൈനംദിനകാര്യങ്ങൾ ചെയ്യാൻ ഊർജം ഇല്ലാതാകുന്ന അവസ്ഥയും ഇതിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. ജോലിയും ഉത്തരവാദിത്തവും കാരണം വ്യക്തിബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിളും വരെ വിള്ളൽ വീണേക്കാം. ജോലിസ്ഥലത്ത് നിന്നാണ് ബേൺഔട്ട് ഉണ്ടാകുന്നതെങ്കിലും അത് നമ്മുടെ സ്വകാര്യതയിൽ വരെ എത്തിനിന്നേക്കാം. ഉറക്കമില്ലായ്മ, നിരന്തരമായ ക്ഷീണം, പേശി വേദന, തലവേദന, എന്നിവയും മറവി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, എന്നിവയും ഇതിൻ്റെ ലക്ഷണങ്ങളാണ്.
മാനസിക സമ്മർദം കാരണം തുടർച്ചയായി ക്ഷീണം അനുഭവപ്പെടുക, ജോലിയോടും സഹപ്രവർത്തകരോടും നെഗറ്റീവ് തോന്നുക എന്നിവയൊക്കെ ബേൺ ഔട്ടിൻ്റെ ഭാഗായി അനുഭവപ്പെടുന്നതാണ്. നമ്മളിൽ ഉണ്ടാകുന്ന ഇത്തരം മാനസിക പ്രയാസങ്ങൾ പരിഹരിക്കണമെങ്കിൽ നമ്മൾ തന്നെ മുൻകൈ എടുക്കണം.
സഹപ്രവർത്തകർക്കിടയിൽ നല്ല ബന്ധം ഉണ്ടാക്കുന്നത് തൊഴിലിടത്തെ അന്തരീക്ഷം മെച്ചപ്പെടുത്താൻ സാധിക്കും. ഇത് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമ്മർദം കുറയ്ക്കാനും സഹായിക്കും. അതേസമയം, നിങ്ങളുടെ പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും തമ്മിൽ വേർതിരിവ് സൃഷ്ടിക്കുന്നതിന് കൃത്യമായ അതിർത്തികൾ സൃഷ്ടിക്കുക, ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ കൃത്യമായ നിർദേശങ്ങൾ നൽകാൻ പറ്റുന്ന പ്രൊഫഷണലുകളെ ബന്ധപ്പെടുക എന്നിവയും ബേൺ ഔട്ടിൽ നിന്നും രക്ഷ നേടാനുള്ള മാർഗങ്ങളാണ് എന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.