ലണ്ടന്: എഐയുടെ അതിവേഗ വളർച്ചയ്ക്കിടെ 2026-ലെ 'വേർഡ് ഓഫ് ദ ഇയർ' ആയി 'ഹ്യൂമൻ' എന്ന വാക്ക് തിരഞ്ഞെടുത്ത് കേംബ്രിഡ്ജ് ഡിക്ഷണറി. ദൈവങ്ങൾ, മൃഗങ്ങൾ, അല്ലെങ്കിൽ യന്ത്രങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി മനുഷ്യർക്കുള്ള ഗുണങ്ങളും കുറവുകളും വികാരങ്ങളും ഉള്ളത് എന്നാണ് ഡിക്ഷണറി ഈ വാക്കിന് നൽകുന്ന നിർവചനം. മുൻപ് മനുഷ്യർക്ക് മാത്രം ചെയ്യാൻ സാധിച്ചിരുന്ന കാര്യങ്ങൾക്ക് പോലും എ.ഐയുടെ വളർച്ചയോടെ 'ഹ്യൂമൻ' എന്ന് പ്രത്യേകം എടുത്തുപറയേണ്ട സാഹചര്യം വന്നിരിക്കുകയാണെന്ന് കേംബ്രിഡ്ജ് ഡിക്ഷണറി ചീഫ് എഡിറ്റർ കോളിൻ മക്കിന്റോഷ് വ്യക്തമാക്കി. 1900 ന് ശേഷം ഈ വാക്കിന്റെ ഉപയോഗത്തിൽ നാലിരട്ടി വർദ്ധനവുണ്ടായതായി ഗവേഷണങ്ങൾ കാണിക്കുന്നുവെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
സ്ത്രീകളെയും പുരുഷന്മാരെയും സൂചിപ്പിക്കാൻ മുൻപ് 'മാൻ' എന്ന വാക്കായിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കിലും ഇന്ന് അത് സ്വീകാര്യമല്ലാത്തതിനാലും 'ഹ്യൂമൻ' എന്ന പ്രയോഗം വർദ്ധിച്ചു. 14-ാം നൂറ്റാണ്ടിൽ ഫ്രഞ്ച് ഭാഷയിൽ നിന്നാണ് ഈ വാക്ക് ഇംഗ്ലീഷിലെത്തിയത്. എ.ഐ നിർമ്മിത ഉള്ളടക്കങ്ങളിൽ നിന്ന് മനുഷ്യരുടെ കഴിവിനെയും അധ്വാനത്തെയും വേർതിരിച്ചറിയാൻ 'ഹ്യൂമൻ-മെയ്ഡ്' , 'ഹ്യൂമൻ-ഡ്രിവൺ' തുടങ്ങിയ സംയുക്ത പദങ്ങളുടെ ഉപയോഗവും വലിയതോതിൽ കൂടിയിട്ടുണ്ട്. നമ്മുടെ ചിന്താശേഷി എ.ഐയ്ക്ക് വിട്ടുകൊടുക്കുമ്പോൾ എന്ത് നഷ്ടപ്പെടുമെന്ന ആശങ്ക, ഉന്നത ഗണിതശാസ്ത്രജ്ഞർ മുതൽ ചെറിയ കുട്ടികളുടെ അധ്യാപകർ വരെയുള്ളവരിൽ എ.ഐ ആശ്രിതത്വത്തെക്കുറിച്ചുള്ള പുനർവിചിന്തനത്തിന് കാരണമായിട്ടുണ്ടെന്ന് മക്കിന്റോഷ് നിരീക്ഷിച്ചു.
ഡിക്ഷണറിയുടെ ഈ തിരഞ്ഞെടുപ്പിനോട് പ്രതികരിച്ച മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, എ.ഐയുടെ വിജയം അളക്കേണ്ടത് അത് മനുഷ്യജീവിതത്തെ എത്രത്തോളം മെച്ചപ്പെടുത്തുന്നു എന്നതിലൂടെയാകണമെന്ന് അഭിപ്രായപ്പെട്ടു. മനുഷ്യർക്കായി മാറ്റിവെച്ച ജോലികൾ ഉണ്ടാകണമെന്നും എ.ഐ മൂലം തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പരിശീലനം നൽകാൻ 'റോബോട്ട് ടാക്സ്' ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവർത്തിച്ചു. മനുഷ്യന്റെ സർഗ്ഗാത്മകതയ്ക്ക് മേലുള്ള കടന്നുകയറ്റത്തിനെതിരെ നടി സ്കാർലറ്റ് ജോഹാൻസണും, സ്വന്തം ശബ്ദത്തിന്റെയും രൂപത്തിന്റെയും അനധികൃത ഡിജിറ്റൽ പകർപ്പുകൾക്കെതിരെ നടൻ മാത്യു മക്കോനാഹിയും രംഗത്തെത്തിയത് സമകാലിക ഉദാഹരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
അന്യഗ്രഹ ജീവികളെപ്പോലെയുള്ള ഒന്നിനെയാണ് നാം സൃഷ്ടിക്കുന്നതെന്നും താൻ സ്വാർത്ഥനായി മനുഷ്യരെ തിരഞ്ഞെടുക്കുമെന്നും എ.ഐയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന നൊബേൽ ജേതാവ് ജെഫ്രി ഹിന്റൺ മുന്നറിയിപ്പ് നൽകിയിരുന്നു. മനുഷ്യത്വരഹിതമായ പുതിയ പ്രവണതകൾക്കെതിരെ മനുഷ്യരായി നിലനിൽക്കേണ്ടതിന്റെ അടിയന്തര കടമയെക്കുറിച്ച് പോപ്പ് ലിയോ പതിനാലാമനും സംസാരിച്ചിട്ടുണ്ട്. എ.ഐ സൃഷ്ടികളുടെ കുത്തൊഴുക്കിനിടയിൽ, 1980-കളിൽ വന്ന 'ഫെയർട്രേഡ്' (Fairtrade) ലേബലിന് സമാനമായി, മനുഷ്യർ നിർമ്മിച്ചതാണെന്ന് വ്യക്തമാക്കുന്ന സാർവത്രികമായ ഒരു 'ഹ്യൂമൻ മെയ്ഡ്' മുദ്ര വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. എ.ഐ മനുഷ്യരാശിക്ക് മുന്നിൽ വലിയൊരു പരീക്ഷണമാണെന്നും അത് നിലവിലുള്ള അസമത്വങ്ങൾ വർദ്ധിപ്പിക്കാനോ പരിഹരിക്കാനോ സാധ്യതയുണ്ടെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ എ.ഐ ഗവേണൻസ് വിദഗ്ദ്ധ പ്രൊഫ. റേച്ചൽ ആഡംസ് കൂട്ടിച്ചേർത്തു.