പഴവർഗങ്ങളുടെ കൃഷിയിൽ വിജയം നേടുകയാണ് കണ്ണൂർ പാട്യത്തെ കെ.സി. മോഹനൻ. 40 വർഷത്തോളം പ്രവാസ ജീവിതം നയിച്ച ശേഷമാണ് മോഹനൻ നാട്ടിൽ തിരിച്ചെത്തി കാർഷിക മേഖലയിൽ സജീവമായത്. റംബൂട്ടാനും മാങ്കോസ്റ്റിനുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ അർജുൻ നിവാസിൽ കെ.സി. മോഹനൻ 15 വർഷത്തോളമായി ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നതിൽ സജീവമാണ്. 40 വർഷത്തോളം കുവൈറ്റിൽ ബിസിനസ് നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് നാട്ടിലെത്തി മുഴുവൻ സമയ കർഷകനായത്. 'പഴങ്ങളുടെ രാജ്ഞി' എന്നറിയപ്പെടുന്ന മാങ്കോസ്റ്റീനും , റംബൂട്ടാനും, വിയറ്റ്നാം പ്ലാവും വെവ്വേറെ തോട്ടങ്ങൾ ഒരുക്കിയാണ് കൃഷി ചെയ്യുന്നത്.
പഴങ്ങൾക്കൊപ്പം മത്സ്യ കൃഷിയും മോഹനൻ പരീക്ഷിക്കുന്നുണ്ട്. വിയറ്റ്നാം വരാൽ ഇനത്തിലുള്ള മത്സ്യം വളർത്താൻ അഞ്ച് സെന്റിൽ പ്രത്യേകം കുളമുണ്ട്. ഫലവൃക്ഷങ്ങളിൽ നിന്നും ആറു വർഷത്തോളമായി മികച്ച വിളവാണ് ലഭിക്കുന്നത്.
കൂത്തുപറമ്പിലും പരിസരങ്ങളിലും ഉള്ള വ്യാപാര സ്ഥാപനങ്ങളാണ് പ്രധാന വിപണി. ലാഭവും നഷ്ടവുമല്ല മനസ്സിന്റെ സന്തോഷമാണ് വലുത്. എല്ലാ വീടുകളിലും റമ്പൂട്ടാനും മാങ്കോസ്റ്റിനുമൊക്കെ വെച്ചുപിടിപ്പിക്കണമെന്നും മോഹനൻ പറയുന്നു. വിദ്യാലയങ്ങളിലും പാതയോരങ്ങളിലും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന തിരിക്കിലാണിപ്പോൾ മോഹനൻ.