വികാരങ്ങളും മാനസികാരോഗ്യവുമെല്ലാം ഒരു സെൽഫിയിലൂടെ മനസിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര എളുപ്പമായേനെ അല്ലേ? അതിനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഇനി സെൽഫിയെടുത്ത് കൊണ്ട് മാനസികാരോഗ്യം വിലയിരുത്താമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതെ ടെക്നോളജി ഒരുപാട് വളർന്നിരിക്കുന്നു.
ഫോണിലെ മുൻക്യാമറയിലൂടെ നിങ്ങളുടെ മാനസികാരോഗ്യം ട്രാക്ക് ചെയ്യാമെന്നാണ് ഇമോബോട്ട് എന്ന ആപ്പിൻ്റെ അവകാശവാദം. നൂറുകണക്കിന് രോഗികൾ അവരുടെ മാനസികാവസ്ഥ ട്രാക്ക് ചെയ്യുന്നതിനും വിഷാദരോഗ ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുമായി ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആദ്യം തന്നെ ആപ്പ് ദിവസം മുഴുവനുമുള്ള നിങ്ങളുടെ മുഖഭാവങ്ങൾ വിശകലനം ചെയ്യും. തുടർന്ന് സ്റ്റെപ്പ് കൗണ്ട് അല്ലെങ്കിൽ ഹൃദയമിടിപ്പിൻ്റെ ഗ്രാഫ് പോലെയുള്ള ഒരു റിപ്പോർട്ട് സൃഷ്ടിക്കും. ഈ ഗ്രാഫ് വഴി വ്യക്തിയുടെ മാനസികാരോഗ്യം വിലയിരുത്താം.
നിങ്ങളെ നിരന്തരം നിരീക്ഷിക്കുന്നതിനാൽ ആപ്പ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക നിലനിന്നിരുന്നെന്ന് 'ദി മെട്രോ' റിപ്പോർട്ട് ചെയ്യുന്നു. ബാക്ക്ഗ്രൗണ്ടിൽ ക്യാമറ എപ്പോഴും തുറന്നിരിക്കും. അതിനാൽ തന്നെ ഹാക്കിങ് പോലുള്ള വിഷയങ്ങൾ ഉണ്ടാകുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ മേൽപറഞ്ഞ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, ആപ്പിൻ്റെ ഫീഡ്ബാക്ക് നല്ലതായിരുന്നെന്നും കമ്പനി നിർമാതാക്കൾ പറയുന്നു. ക്യാമറയിൽ നിന്നുള്ള ഫോട്ടോകളൊന്നും ഡാറ്റാബേസിലേക്ക് കൈമാറുന്നില്ലെന്നത് സുരക്ഷ വർധിപ്പിക്കുമെന്ന് ആപ്പിൻ്റെ സഹസ്ഥാപകനായ സാമുവൽ ലെർമൻ്റിനെ ഉദ്ധരിച്ച് മെട്രോ റിപ്പോർട്ട് ചെയ്തു.
ആപ്പിൻ്റെ സഹസ്ഥാപകനായ സാമുവൽ ലെർമൻ്റ് പറയുന്നതനുസരിച്ച്, ഫ്രാൻസിൽ ഇമോബോട്ടിനെ ഒരു മെഡിക്കൽ ഉപകരണമായി തരംതിരിച്ചിട്ടുണ്ട്. കൂടാതെ രോഗികൾക്ക് ഇത് നിർദേശിക്കാനായി മാനസികാരോഗ്യവിദഗ്ദരുമായി കമ്പനി സഹകരിക്കുന്നുമുണ്ട്. രോഗി ചികിത്സയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ട്രാക്ക് ചെയ്യാനും അവരുടെ മാനസികാവസ്ഥയിലെ തകർച്ച കണ്ടെത്താനും, രോഗം വരാനുള്ള സാധ്യത കണ്ടെത്താനും ആപ്പ് ഡോക്ടർമാരെ സഹായിക്കുമെന്നും ലെർമൻ പറഞ്ഞു.