പുണ്യം കർക്കിടകം; രാമായണ മാസത്തിനാരംഭം

ധർമ്മത്തിന്റെയും ഭക്തിയുടെയും ആത്മവിചിന്തനത്തിന്റെയും വിശുദ്ധ കാലമാണ് കർക്കിടകമാസം
പുണ്യം കർക്കിടകം; രാമായണ മാസത്തിനാരംഭം
Published on
Updated on

രാമായണ മാസത്തിന് ഇന്ന് തുടക്കം."ധർമ്മവും ഭക്തിയും ജീവിതമൂല്യങ്ങളും ഓർമ്മിപ്പിക്കുന്ന ആത്മീയ യാത്രയാണ് രാമായണ മാസം. ഓരോ ദിവസവും രാമായണ പാരായണത്തിലൂടെ മനസ്സിന് സമാധാനവും ജീവിതത്തിന് പുതിയ വെളിച്ചവും പകരുന്ന പുണ്യകാലം."

ധർമ്മത്തിന്റെയും ഭക്തിയുടെയും ആത്മവിചിന്തനത്തിന്റെയും വിശുദ്ധ കാലമാണ് കർക്കിടകമാസം. വിശ്വാസികൾ ഏറെ ഭക്തിയോടെയും ആത്മീയ പ്രാധാന്യത്തോടെയും ആചരിക്കുന്ന രാമായണ മാസത്തിനും ഇതോടെ തുടക്കമായി. കർക്കടകം മുഴുവൻ വീടുകളിലും ക്ഷേത്രങ്ങളിലും തുഞ്ചത്ത് എഴുത്തച്ഛൻ രചിച്ച അധ്യാത്മ രാമായണം കിളിപ്പാട്ട് പാരായണം ചെയ്യുന്ന പതിവാണ് നൂറ്റാണ്ടുകളായി തുടരുന്നത്. കർക്കടക മാസത്തിന്റെ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ രാമായണം പൂർണമായി വായിച്ചുതീർക്കുന്ന രീതിയാണ് പൊതുവേ പിന്തുടരുന്നത്.

സന്ധ്യയ്ക്ക് നിലവിളക്ക് തെളിയിച്ച് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് രാമായണ പാരായണം നടത്തുന്നത് കേരളത്തിലെ നിരവധി വീടുകളിൽ ഇന്നും തുടരുന്ന വിശ്വാസാചാരമാണ്. ശ്രീരാമന്‍റെ ജീവിതത്തിലൂടെ സത്യം, ധർമ്മം, ത്യാഗം, കുടുംബബന്ധങ്ങളുടെ മഹത്വം, ക്ഷമ, നീതി എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുക എന്ന സന്ദേശമാണ് രാമായണ മാസം മുന്നോട്ടുവയ്ക്കുന്നത്. ക്ഷേത്രങ്ങളിൽ രാമായണ പ്രഭാഷണങ്ങൾ, ഭജന, പ്രത്യേക പൂജകൾ എന്നിവ ഈ മാസം സംഘടിപ്പിക്കപ്പെടുന്നു.

പുണ്യം കർക്കിടകം; രാമായണ മാസത്തിനാരംഭം
മരം നടുന്നത് മുതൽ.. സിനിമ കാണുന്നത് വരെ..! ബഹിരാകാശ യാത്രകൾക്ക് മുന്നേയുള്ള റഷ്യൻ ആചാരങ്ങൾ

കർക്കടകം മഴക്കാലത്തിന്‍റെ തീവ്രതയേറിയ ഘട്ടമായതിനാൽ പണ്ടുകാലത്ത് ഇത് 'പഞ്ഞമാസം' എന്നറിയപ്പെട്ടിരുന്നു. കൃഷിയും തൊഴിലും കുറയുന്ന ഈ കാലഘട്ടത്തിൽ ആത്മീയ ജീവിതത്തിലേക്കുള്ള മടങ്ങിവരവിൻ്റെ മാസമായാണ് കർക്കടകത്തെ സമൂഹം കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഭക്തിക്കും പ്രാർത്ഥനയ്ക്കും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നു.

കർക്കടക മാസത്തിലെ പ്രധാന ആചാരങ്ങളിൽ ഒന്നാണ് കർക്കിടക വാവുബലി. പിതൃസ്മരണയ്ക്കായി അമാവാസി ദിനത്തിൽ കടൽത്തീരങ്ങളിലും, നദീതീരങ്ങളിലും ആയിരക്കണക്കിന് വിശ്വാസികൾ ബലിതർപ്പണം നടത്താറുണ്ട്.അതോടൊപ്പം നാലമ്പല ദർശനം, ക്ഷേത്ര സന്ദർശനം, വ്രതാനുഷ്ഠാനങ്ങൾ എന്നിവയ്ക്കും ഈ മാസം പ്രത്യേക പ്രാധാന്യമുണ്ട്.

ആത്മീയതയ്‌ക്കൊപ്പം ആരോഗ്യ സംരക്ഷണത്തിനും കർക്കടക മാസത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഔഷധക്കഞ്ഞി, പത്തിലക്കറി, ദശപുഷ്പങ്ങളുടെ ഉപയോഗം തുടങ്ങിയ പരമ്പരാഗത ആരോഗ്യശീലങ്ങൾ ഈ കാലഘട്ടത്തിൽ പിന്തുടരുന്നവരുണ്ട്. ആയുർവേദ ചികിത്സകൾക്കും ശരീരശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയമായും കർക്കടകത്തെ കണക്കാക്കുന്നു.ഭക്തിയും, കുടുംബത്തിന്റെ ഐക്യവും ആത്മീയതയെയും ഒരുമിപ്പിക്കുന്ന കർക്കടക മാസത്തിലേക്കി കേരളം ഇന്ന് പ്രവേശിക്കുമ്പോൾ, വീടുകളിലും ക്ഷേത്രങ്ങളിലും രാമനാമം മുഴങ്ങുന്ന ആത്മീയ കാലത്തിനാണ് തുടക്കമായിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com