മരം നടുന്നത് മുതൽ.. സിനിമ കാണുന്നത് വരെ..! ബഹിരാകാശ യാത്രകൾക്ക് മുന്നേയുള്ള റഷ്യൻ ആചാരങ്ങൾ

1961 ഏപ്രിലിൽ യൂറിൻ ഗഗാറിൻ ആദ്യമായി ബഹിരാകാശയാത്ര നടത്തിയതിന് മുന്നോടിയായി നടത്തിയ പല വിശ്വാസങ്ങളും ആചാരങ്ങളും സോയൂസ് ദൗത്യങ്ങൾ ഇന്നും മുറുകെ പിടിക്കുന്നുണ്ട്
മരം നടുന്നത് മുതൽ.. സിനിമ കാണുന്നത് വരെ..! ബഹിരാകാശ യാത്രകൾക്ക് മുന്നേയുള്ള റഷ്യൻ ആചാരങ്ങൾ
Published on
Updated on

ബഹിരാകാശയാത്രകൾ വളരെ ചിലവേറിയതാണ്. കോടിക്കണക്കിന് ഡോളറുകളാണ് രാജ്യങ്ങൾ സ്പേസ് ദൗത്യത്തിനായി ചിലവാക്കുന്നത്. ബഹിരാകാശയാത്രികരും യാത്രയ്ക്കായി തയ്യാറെടുക്കുന്നത് കാലങ്ങളോളമുള്ള പരിശ്രമങ്ങളുടേയും അച്ചടക്കത്തോടെയുള്ള ജീവിതചര്യകളിലൂടെയും ആണ്. കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും കുറഞ്ഞത് അഞ്ച് വർഷത്തെ തീവ്ര പരിശീലനത്തിനും ശേഷമാണ് അവർക്ക് ബഹിരാകാശ പേടകം പറത്താനും ബഹിരാകാശ നിലയത്തിലെത്താനുമെല്ലാം കഴിയുന്നത്.

അത്തരത്തിലൊരു പ്രധാനപ്പെട്ട ദൗത്യത്തിനാണ് റഷ്യൻ സോയൂസ് ഇന്ന് ഒരുങ്ങുന്നത്. നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെ വഹിക്കാൻ കഴിവുള്ള ഒരേയൊരു ബഹിരാകാശ പേടകം കൂടിയാണ് റഷ്യൻ സോയൂസ്. തികച്ചും ശാസ്ത്രീയമായ ഈ ബഹിരാകാശ ദൗത്യങ്ങൾക്കെല്ലാം പിന്നിൽ ചില അന്ധവിശ്വാസങ്ങളും രസകരമായതും വിചിത്രമായതുമായ ചില ആചാരങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 1961 ഏപ്രിലിൽ യൂറിൻ ഗഗാറിൻ ആദ്യമായി ബഹിരാകാശയാത്ര നടത്തിയതിന് മുന്നോടിയായി നടത്തിയ പല വിശ്വാസങ്ങളും ആചാരങ്ങളും സോയൂസ് ദൗത്യങ്ങൾ ഇന്നും മുറുകെ പിടിക്കുന്നുണ്ട്. അവയിൽ രസകരമായ ചിലത് പരിചയപ്പെടാം.

ഒരു മരം നടും...

ബൈക്കനൂരിലെ പ്രശസ്തമായ 'കോസ്മോനോട്ട് വീഥിയിൽ പല ബഹിരാകാശ സഞ്ചാരികളും ഓരോ മരം നടും. ഹോട്ടലിൽ നിന്നിറങ്ങുന്ന യാത്രികർ നേരെ പോകുന്നത് 'കോസ്മോനോട്ട് അവന്യൂവിലേക്കാണ്'. അവിടെയോരോരുത്തരും ഓരോ മരം നടണം എന്നത് നിർബന്ധമുള്ള കാര്യമാണ്. 1961ലെ ചരിത്ര ദൗത്യത്തിനു ശേഷം യൂറി ഗഗാറിൻ തുടക്കമിട്ട ആചാരമാണിത്. അദ്ദേഹം അന്ന് നട്ട മരം ഉൾപ്പെടെയുള്ളവ ഇന്ന് സംരക്ഷിക്കപ്പെടുന്ന വലിയൊരു കാടായി മാറിയിട്ടുണ്ട്. കഴിഞ്ഞ 50 വർഷത്തിനിടയിൽ നട്ടുപിടിപ്പിച്ച ഓരോ മരവും ഒരു ദൗത്യത്തെയും അതിലെ ബഹിരാകാശയാത്രികരെയും പ്രതിനിധീകരിക്കുന്നു.

വാതിലിൽ ഒരു ഒപ്പ്...

യാത്രികരുടെ ഭൂമിയിലുള്ള അവസാന രാത്രിക്ക് ശേഷം വിക്ഷേപണത്തറയിലേക്കു പോകുന്നതിനു മുൻപ് ബൈക്കനൂരിലെ മ്യൂസിയത്തിലെ ഒരു ചുവരിലും തങ്ങൾ താമസിച്ചുവന്ന കോസ്മോനോട്ട് ഹോട്ടലിലെ കിടപ്പുമുറിയുടെ വാതിലിലും ഒപ്പുവയ്ക്കും. റഷ്യൻ ബഹിരാകാശ പദ്ധതികളുടെ ഓർമയായി ഇവയും എന്നും നിലനിൽക്കും. പണ്ട് മുതൽ കൈമാറിവന്ന പാരമ്പര്യമാണിത്.

മരം നടുന്നത് മുതൽ.. സിനിമ കാണുന്നത് വരെ..! ബഹിരാകാശ യാത്രകൾക്ക് മുന്നേയുള്ള റഷ്യൻ ആചാരങ്ങൾ
ആദ്യ മലയാളി ബഹിരാകാശത്തേക്ക്! ഡോ. അനിൽ മേനോൻ്റെ ചരിത്രയാത്ര

മൂവി ടൈം...

വിക്ഷേപണത്തിന്റെ തലേദിവസം രാത്രി യാത്രികർ 'വൈറ്റ് സൺ ഓഫ് ദ ഡെസേർട്ട്' എന്ന സോവിയറ്റ് ക്ലാസിക് സിനിമ കാണുന്നതാണ് മറ്റൊന്ന്. ഇതൊരു ഭാഗ്യംകൊണ്ടുവരുന്ന അനുഷ്ഠാനമായാണ് പതിറ്റാണ്ടുകളായി കണക്കാക്കപ്പെടുന്നത്. 1971ൽ 3 റഷ്യൻ സഞ്ചാരികൾ മരണപ്പെട്ട സോയൂസ്-11 ദുരന്തത്തിന് ശേഷം, 1973ലെ സോയൂസ്-12 ദൗത്യത്തിന് മുൻപ് യാത്രികരുടെ മാനസിക സമ്മർദം കുറയ്ക്കാനാണ് ഈ സിനിമ ആദ്യമായി പ്രദർശിപ്പിച്ചത്. ആ ദൗത്യം വൻ വിജയമായതോടെ ഇതൊരു നല്ല ശകുനമായി മാറുകയായിരുന്നു.

റിപ്പോർട്ട് നൽകൽ...

വിക്ഷേപണത്തറയിലേക്കുള്ള ബസിൽ കയറുന്നതിനു മുൻപ്, ദൗത്യത്തിന് തങ്ങൾ സജ്ജരാണെന്ന് കമാൻഡർ ഔദ്യോഗികമായി ഉദ്യോഗസ്ഥരെ അറിയിക്കുന്ന ഒരു നടപടിയാണിത്.

ബസ് യാത്ര....

വഴിയിൽ കാത്തുനിൽക്കുന്നവരെ കൈവീശി അഭിവാദ്യം ചെയ്യാനാണ് ഇത്തരമൊരുയാത്ര. ഇതിനായി കോസ്മോനോട്ട് ഹോട്ടൽ മുതൽ വിക്ഷേപണത്തറ വരെ യാത്രികൾ ബസിലാണ് യാത്ര ചെയ്യുന്നത്.

മരം നടുന്നത് മുതൽ.. സിനിമ കാണുന്നത് വരെ..! ബഹിരാകാശ യാത്രകൾക്ക് മുന്നേയുള്ള റഷ്യൻ ആചാരങ്ങൾ
ആദ്യ മലയാളി ബഹിരാകാശത്തേക്ക്! ആരാണ് ഡോ. അനിൽ മേനോൻ?

യൂറിൻ ഗഗാറിൻ തുടങ്ങിയ പാരമ്പര്യം....

സോയൂസ് ബഹിരാകാശ യാത്രയിലെ ഏറ്റവും വിചിത്രമായ ആചാരങ്ങളിലൊന്നാണിത്. വിക്ഷേപണത്തറയിലേക്കു പോകുന്നതിനു മുൻപ് ബസ് നിർത്തി, റഷ്യക്കാരായ പുരുഷ സഞ്ചാരികൾ ബസിന്റെ വലതുവശത്തെ പിൻചക്രത്തിൽ മൂത്രമൊഴിക്കും. 1961ൽ യൂറി ഗഗാറിൻ ഇങ്ങനെ ചെയ്തിരുന്നു. അതിന്റെ ഓർമയ്ക്കാണ് ഈ ആചാരം. റഷ്യക്കാരല്ലാത്ത യാത്രികർക്ക് ഇതു ബാധകമല്ല.

പുരോഹിതൻ്റെ അനുഗ്രഹം..

വിക്ഷേപണത്തിന് മുന്നോടിയായി റഷ്യൻ ഓർത്തഡോക്സ് ചർച്ച് പുരോഹിതൻ റോക്കറ്റും യാത്രികരെയും വിശുദ്ധ ജലം തളിച്ച് അനുഗ്രഹിക്കാറുണ്ട്.

തിങ്കളാഴ്ചകളിലെ വിക്ഷേപണം ഒഴിവാക്കൽ..

റഷ്യൻ ബഹിരാകാശ ശാസ്ത്രത്തിൻ്റെ പിതാവായ സെർജി കൊറോല്യോവിന് തിങ്കളാഴ്ചകളോട് താല്പര്യമില്ലായിരുന്നു. അതിനാൽ ഇന്നും റഷ്യ പരമാവധി തിങ്കളാഴ്ചകളിൽ വിക്ഷേപണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നു...

News Malayalam 24x7
newsmalayalam.com