നല്ല ശമ്പളമുള്ളൊരു ജോലി സ്വപ്നം കാണുന്നവരാകും നമ്മളെല്ലാം. എന്നാൽ പഠനവും മത്സരപരീക്ഷകളും കഴിഞ്ഞ് ജോലി ലഭിക്കാൻ വർഷങ്ങളെടുക്കും. ഈ സാഹചര്യത്തിലാണ് പൂച്ച് എഐ എന്ന കമ്പനിയുടെ ഇൻ്റേൺഷിപ്പ് കോൾ ശ്രദ്ധ നേടുന്നത്. ഡിഗ്രി പോലും ഇല്ലെങ്കിലും, ഇൻ്റേൺഷിപ്പിന് രണ്ട് ലക്ഷം രൂപ നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയറിംഗ് ഇൻ്റൺ, "ഗ്രോത്ത് മജീഷ്യൻ" എന്നിങ്ങനെ രണ്ട് തസ്തികകളിലേക്കാണ് പൂച്ച് എഐ ഇൻ്റേൺഷിപ്പിന് ക്ഷണിച്ചിരിക്കുന്നത്. വർക്ക് ഫ്രം ഹോം അടക്കം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ഥാനവും ഉദ്യോഗാർഥിയുടെ അനുയോജ്യതയും അനുസരിച്ച് തസ്തികകൾക്കുള്ള സ്റ്റൈപ്പൻഡ് പ്രതിമാസം ₹1 ലക്ഷം മുതൽ ₹2 ലക്ഷം വരെയാണെന്നും സഹസ്ഥാപകനും സിഇഒയുമായ സിദ്ധാർഥ് ഭാട്ടിയ പറഞ്ഞു. അക്കാദമിക് യോഗ്യതകൾ നിർബന്ധമല്ലെന്നതാണ് ഇൻ്റേൺഷിപ്പിൻ്റെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ മാസം ഒരു ഹൈസ്‌കൂൾ വിദ്യാർഥിയെ നിയമിച്ചെന്നും സിദ്ധാർഥ് ഭാട്ടിയ പറയുന്നു.
ഇൻ്റേൺഷിപ്പിനായി അപേക്ഷിക്കേണ്ട വിധവും എളുപ്പമാണ്. സിദ്ധാർഥ് ഭാട്ടിയയുടെ എക്സ് പോസ്റ്റിൽ നേരിട്ട് അഭിപ്രായം രേഖപ്പെടുത്തി, എന്തിനാണ് തിരഞ്ഞെടുക്കണമെന്ന് വിശദീകരിക്കുക- ഇത്ര മാത്രമാണ് അപേക്ഷകർ ചെയ്യേണ്ടത്. നേരിട്ടുള്ള സന്ദേശങ്ങൾ പരിഗണിക്കില്ലെന്നും സിഇഒ വ്യക്തമാക്കുന്നു. കൂടുതൽ അപേക്ഷകൾ ലഭിക്കുന്നതിനായി ഒരു റഫറൽ ബോണസും സിദ്ധാർഥ് ഭാട്ടിയ അവതരിപ്പിച്ചിട്ടുണ്ട്. "ആരെങ്കിലും അനുയോജ്യനാണെന്ന് തോന്നുന്നുണ്ടെങ്കിൽ, അവരെ ടാഗ് ചെയ്യൂ. അവരെ നിയമിച്ചാൽ, നിങ്ങൾക്ക് ഒരു ഐഫോൺ ലഭിക്കും!" ഭാട്ടിയ കുറിച്ചു.
സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർഥിയായ സിദ്ധാർത്ഥ് ഭാട്ടിയയും ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ അർജിത് ജെയിനും ചേർന്നാണ് പൂച്ച് എഐ സ്ഥാപിച്ചത്. ഭാഷ, വിദ്യാഭ്യാസ പശ്ചാത്തലം അല്ലെങ്കിൽ സാങ്കേതിക കഴിവുകൾ എന്നിവ പരിഗണിക്കാതെ ഇന്ത്യയിലെ ആളുകൾക്ക് എഐ ലഭ്യമാക്കുക എന്നതാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. അതേസമയം ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനായി മാത്രമുള്ള വാഗ്ദാനമാണെന്നും വിമർശനമുണ്ട്.