ഡൽഹി: ഇന്ത്യൻ വസ്ത്രം ധരിച്ചതിന്റെ പേരിൽ റസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി ദമ്പതികൾ. പിതംപുര മെട്രോ സ്റ്റേഷന് സമീപമുള്ള തുബാറ്റ റസ്റ്റോറൻ്റിനെതിരെയാണ് ആരോപണം. ചുരിദാറും, ടീ ഷർട്ടും പാൻ്റും ധരിച്ചതിനാൽ റസ്റ്റോറൻ്റിലെ പ്രവേശന കവാടത്തിൽ തടഞ്ഞുവെന്നാണ് ദമ്പതികളുടെ ആരോപണം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മുഖ്യമന്ത്രി രേഖ ഗുപ്ത അന്വേഷണത്തിന് ഉത്തരവിട്ടു.
ഓഗസ്റ്റ് മൂന്നിനാണ് സംഭവം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു സ്ത്രീ ചുരിദാറും, പങ്കാളി ടീ-ഷർട്ടും പാന്റും ധരിച്ചുനിൽക്കുന്നതായി കാണാം. "ഞങ്ങളുടെ വസ്ത്രം ഇതാണ്, പക്ഷേ അവർ ഞങ്ങളെ തടഞ്ഞു. അല്‍പ്പ വസ്ത്രം ധരിച്ച മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിച്ചു. മാനേജർ മോശമായി പെരുമാറുകയും ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കുകയും ചെയ്തു," ദമ്പതികൾ വീഡിയോയിൽ ആരോപിച്ചു.
വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന് എതിരാണോ എന്ന് പറയുന്നതായും കേൾക്കാം. "ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കുന്നത് നമ്മുടെ സംസ്കാരത്തിന് എതിരാണോ? അവരുടെ വസ്ത്രങ്ങൾ അനുചിതമാണോ? ഇത്തരം റസ്റ്റോറന്റുകൾ നമ്മുടെ സംസ്കാരത്തിന് എതിരാണെങ്കിൽ ഉടൻ അടച്ചുപൂട്ടണം." ഇയാൾ പറയുന്നു.
അതേസമയം ദമ്പതികളുടെ വാദം പൂർണമായി തള്ളുകയാണ് റസ്റ്റോറൻ്റ് ഉടമ നീരജ് അഗർവാൾ. ഇന്ത്യൻ വസ്ത്രമോ പാശ്ചാത്യ വസ്ത്രമോ എന്ത് ധരിച്ചാലും ആളുകളെ റസ്റ്റോറന്റിലേക്ക് സ്വാഗതം ചെയ്യുമെന്ന് ഉടമ പറയുന്നു. "ഇതൊരു പുതിയ റസ്റ്റോറന്റാണ്, അതുകൊണ്ട് തന്നെ തിരക്ക് മൂലം ഒരു മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഇതാണ് അന്നും സംഭവിച്ചത്. ഫ്രണ്ട്ഷിപ്പ് ഡേയായിരുന്ന ഞായറാഴ്ചയായിരുന്നു സംഭവം. ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നതിനാൽ അവർക്ക് വിഷമം തോന്നിയിരിക്കാം. ഇവിടെ ഡ്രസ് കോഡ് ഇല്ല. ഞങ്ങൾ ആർക്കും പ്രവേശനം നിഷേധിച്ചിട്ടുമില്ല," നീരജ് അഗർവാൾ പറഞ്ഞു.
എന്നാൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. "പീതംപുരയിലെ ഒരു റസ്റ്റോറന്റിൽ ഇന്ത്യൻ വസ്ത്രങ്ങൾ നിരോധിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിഷയം ഗൗരവമായെടുത്ത മുഖ്യമന്ത്രി രേഖ ഗുപ്ത, അന്വേഷണം ആരംഭിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്," ഡൽഹി ടൂറിസം, സാംസ്കാരിക മന്ത്രി കപിൽ മിശ്ര എക്സ് പോസ്റ്റിൽ കുറിച്ചു.
ഇന്ത്യൻ വസ്ത്രം ധരിച്ച ആളുകളെ റസ്റ്റോറന്റിൽ പ്രവേശിപ്പിക്കില്ലെന്ന നയമുണ്ടായിരുന്നെന്ന് റിപ്പോർട്ടുണ്ടെന്ന് മന്ത്രി കപിൽ മിശ്ര പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റും ഒരു മുനിസിപ്പൽ ഉദ്യോഗസ്ഥനും റസ്റ്റോറന്റ് ഉടമയുമായി സംസാരിച്ചുവെന്നും ഈ നയം ഇനി പിന്തുടരില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കപിൽ മിശ്ര കൂട്ടിച്ചേർത്തു.