ഒരു ജീവിത ശൈലി രോഗമെന്ന് കരുതി മാറ്റി നിർത്താവുന്ന ഒന്നല്ല പ്രമേഹം. പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒരവസ്ഥകൂടിയാണിത്. അതുകൊണ്ടു തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വരുന്ന മാറ്റങ്ങളെ വളരെ കരുതലോടെ കാണേണ്ടതുണ്ട്. ഭക്ഷണക്രമത്തിലുൾപ്പെടെ ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ നിയന്ത്രിക്കുന്നതാണ് നല്ലത്.
'അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍' പറയുന്നതനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയോ ചികിത്സിക്കുകയോ ചെയ്തില്ലെങ്കില്‍ അത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുകയും സന്ധികള്‍ക്ക് കേടുപാടുകള്‍, വൃക്ക തകരാറ്, കണ്ണിന് തകരാറ്, തുടങ്ങി മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കഠിനമായ പ്രയത്നങ്ങളൊന്നും തന്നെ ഇല്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയും. ചെറിയ ചില മാറ്റങ്ങൾ ഡയറ്റിൽ വരുത്തിയാൽ മതിയാകും എന്നാണ് മെറ്റബോളിക് ഡോക്ടറും സ്‌പോര്‍ട്ട്‌സ് ഫിസിയോയുമായ ഡോ. സുധാന്‍ഷുറായ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നത്.
10 മുതൽ പതിനാലു ദിവസമെങ്കിലും കൃത്യമായ ഭക്ഷണക്രമം പിന്തുടർന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ കഴിയും. ആദ്യമായി മധുരപാനീയങ്ങള്‍, ബ്രഡ്, അരി ഭക്ഷണം ഇവ ഒഴിവാക്കേണ്ടതാണ്. ലോ കാര്‍ബ് ഡയറ്റ് ഗ്ലൈസെമിക് നിയന്ത്രണം നടത്തിയാല്‍ ശരീരഭാരം കുറയല്‍, ഇന്‍സുലിന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ മെച്ചപ്പെടും. ' ദി കേസ് ഫോര്‍ ലോ കാര്‍ബോഹൈഡ്രേറ്റ് ഡയറ്റ് ഇന്‍ ഡയറ്റ്മാനേജ്‌മെന്റ് ' എന്ന 2025 ലെ ഒരു പഠനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഫൈബർ- പച്ചക്കറികൾ
കാർബ് കുറച്ചാൽ മാത്രം പോര, ആവശ്യത്തിന് പോഷകങ്ങളും ഫൈബറുമെല്ലാം ശരീരത്തിന് ലഭിക്കണം. നാരുകള്‍ അടങ്ങിയ പച്ചക്കറി സാലഡുകളാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. മറ്റ് ഭക്ഷണങ്ങൾക്ക് മുൻപ് പച്ചക്കറി സാലഡുകൾ കഴിക്കുന്നത് ഫലപ്രദമാണ്. അവയിലെ നാരുകളും പോളിഫെനോളുകളും കാര്‍ബോഹൈഡ്രേറ്റ് ആഗിരണം മന്ദഗതിയിലാക്കുകയും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് കുറയ്ക്കുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്നും പഠനങ്ങളിൽ പറയുന്നു.
കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍ കഴിക്കാം
ബ്രെഡ്, പേസ്ട്രികള്‍, പഞ്ചസാര പാനിയങ്ങള്‍ തുടങ്ങിയ സിംപിൾ കാർബ്സ് ഒഴിവാക്കാം. എന്നാൽ ആവശ്യത്തിന് കാർബ് എടുക്കുകയും വേണം. അതിനായി ധാന്യങ്ങള്‍, പയറ് വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍ സഹായിക്കും. ഇവയിലെ നാരുകളും മറ്റും സാവധാനം ദഹിക്കുന്നതിനാൽ പതുക്കെയാകും ഗ്ലൂക്കോസ് പുറത്തുവിടുക.
കറുവാപ്പട്ട
ഭാരം കുറയ്ക്കാൻ ശ്രമിക്കുവരോട് കറുവാപ്പട്ട ഇട്ട് വെളളം കുടിക്കാൻ നിർദേശിക്കാറുണ്ട്. കറുവാപ്പട്ട ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ഡയറ്റീഷ്യൻമാർ പറയുന്നത്. മറ്റൊന്നിനും സമയമില്ലെങ്കിൽ കുടുക്കുന്ന ചായയിൽ ഒരു നുള്ള് കറുവാപ്പട്ട ചേർക്കാവുന്നതാണ്.
നടത്തം
ഇനി വ്യായാമം. കഠിനമായ വ്യായാമമുറകൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ടതില്ല. ഓരോ പ്രാവശ്യം പ്രധാന ഭക്ഷണം കഴിച്ച ശേഷവും 20 മിനിറ്റ് നടക്കാൻ ശ്രമിക്കുക. ഇത് രക്തത്തില്‍ പെട്ടെന്ന് പഞ്ചസാര ഉയരുന്നത് തടയുന്നു