വാർത്ത, കാലാവസ്ഥാ എന്നിവ അറിയാനും പാട്ടുവെക്കാനും, ചെറിയ ചെറിയ ടാസ്കുകൾ ഏൽപ്പിക്കാനുമെല്ലാം സ്മാർട്ട് സ്‌പീക്കറുകൾ വളരെ സൗകര്യപ്രദമാണ്. ആമസോൺ അലക്‌സ, ആപ്പിളിന്റെ സിറി, അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള സ്മാർട്ട് AI സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറുമെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. മുതിർന്നവർ ഈ സ്മാർട്ട് ഉപകരണങ്ങളെ നന്നായി ആസ്വദിക്കുന്നുമുണ്ട്. എന്നാൽ കൊച്ചുകുട്ടികൾക്ക് സ്‌മാർട്ട് സ്പീക്കറുകൾ അത്ര ഇഷ്ടമല്ലെന്നാണ് വൈറൽ വീഡിയോയിൽ കാണുന്നത്.
ലോകം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കിവരുന്നതേയുള്ളൂ കുട്ടികൾ. അവരെ സംബന്ധിച്ചിടത്തോളം ഒരു സ്പീക്കറിൽ നിന്നും ഉയരുന്ന നിഗൂഢമായ ശബ്ദങ്ങൾ ഭയാനകമാണെന്നാണ് ഇൻ്റർനെറ്റിൽ വൈറലാവുന്ന വീഡിയോകൾ വ്യക്തമാക്കുന്നത്. മുഖമോ ശരീരമോ ഇല്ലാത്ത ഉപകരണം പെട്ടെന്ന് റോബോട്ടിക് സ്വരത്തിൽ സംസാരിക്കുമ്പോൾ കുട്ടികളെ സംബന്ധിച്ചിടത്തോളം അത് ആശയക്കുഴപ്പമുണ്ടാക്കുന്നതും ഭയപ്പെടുത്തുന്നതുമായിരിക്കാം.
കൈൽ ക്രിസ്ബൈ എന്ന കോണ്ടൻ്റ് ക്രിയേറ്റർ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. അലക്സ, സിറി, ഗൂഗിൾ എന്നെല്ലാം കേൾക്കുമ്പോൾ തന്നെ കുട്ടികൾ കരയുന്നതായും, ഭയപ്പെടുന്നതായും വീഡിയോയിൽ കാണാം. ഹേയ് ഗൂഗിൾ എന്ന് കേൾക്കുന്നതോടെ ചില കുട്ടികൾ ഞെട്ടലോടെ ചാടുന്നു, മറ്റുള്ളവർ കരയാൻ തുടങ്ങുന്നു. എല്ലാം അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളാണെന്നതാണ് മറ്റൊരു പ്രത്യേകത.
നമുക്ക് മനസിലാക്കാൻ പറ്റാത്ത എന്തെങ്കിലും കുട്ടികൾക്ക് അനുഭവപ്പെടുന്നുണ്ടോ എന്നാണ് കൈൽ ക്രിസ്ബൈ ഉയർത്തുന്ന സംശയം. ശബ്ദം മാത്രമല്ല, ചില ഫ്രീക്വൻസി മാറ്റങ്ങളും കുട്ടികളിൽ ഇത്തരം പ്രതികരണങ്ങൾ ജനിപ്പിക്കുമെന്നും കൈൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്മാർട്ട് അസിസ്റ്റൻ്റുകളുടെ മെക്കാനിക്കൽ ടോണായിരിക്കാം കുട്ടികളിൽ ഭയമുണ്ടാക്കുന്നതെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പക്ഷം. കുട്ടികൾ പ്രായമാകുമ്പോൾ ഭയം കുറയുമെന്നും അത് വെറുമൊരു യന്ത്രമാണെന്ന് മനസ്സിലാക്കുമെന്നും ഉപയോക്താക്കൾ കമൻ്റ് ബോക്സിൽ കുറിച്ചു.