കൃത്യമായ സേവനം ലഭ്യമായില്ലെങ്കിൽ അതിനായി നാം മുടക്കിയ പണം തിരികെ വാങ്ങുന്നതിൽ തെറ്റൊന്നുമില്ല. അത് ഏതൊരു സംവിധാനത്തിലായാലും. മിക്കവാറും സേവനദാതാക്കൾ റീഫണ്ട് സംവിധാനം ഏർപ്പെടുത്താറുമുണ്ട്. അതുപക്ഷെ കൃത്യമായ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ലഭ്യമാകുക എന്നു മാത്രം. എന്നാൽ പലപ്പോഴും റീഫണ്ടുകൾ ലഭിക്കാൻ പലരും ചില്ലറ തട്ടിപ്പുകളൊക്കെ കാണിക്കാറുമുണ്ട്. പിടിക്കപ്പെട്ടാൽ പണി കിട്ടാറുമുണ്ട്.
അത്തരത്തിൽ റീഫണ്ടിനായി കടന്ന കൈ തന്നെ പ്രയോഗിച്ച ഒരു യൂട്യൂബറുടെ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നു. 4000 രൂപ റീഫണ്ട് നേടാൻ സ്വന്തം മരണ സർട്ടിഫിക്കറ്റ് വരെ തയ്യാറാക്കി നൽകുകയായിരുന്നു ഈ വ്യക്തി. യുകെയിൽ നിന്നുള്ള പ്രമുഖ യൂട്യൂബറായ മാക്സിമിലിയൻ ആർതർ ഫോഷ് ആണ് ഇത്രയും സാഹസികമായ വഴി സ്വീകരിച്ചത്. എന്തായാലും രേഖകളൊക്കെ തയ്യാറാക്കിയെങ്കിലും ഒടുവിൽ ഫോഷിന്റെ മനസുമാറുകയായിരുന്നു.
അതോടെ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ച് ഫോഷ് ഒരു വീഡിയോ തയ്യാറാക്കി.'ഐ ടെക്നിക്കൽ ഡൈഡ്' എന്ന തന്റെ പുതിയ വീഡിയോയിൽ ഈ വെളിപ്പെടുത്തൽ നടത്തിയത്. മരിച്ചാൽ റീഫണ്ട് കിട്ടുന്നത് എങ്ങനെ എന്ന് മനസിലാക്കിയതോടെയാണ് ഫോഷ് തന്റെ മരണം തെളിയിക്കാൻ ശ്രമം നടത്തിയത്. രണ്ടു മാസം മുൻപ് ബുക്ക് ചെയ്ത ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ കാഴിയാതെ വന്നതോടെയാണ് ഫോഷ് റീഫണ്ട് നേടാനുള്ള വഴികൾ അന്വേഷിച്ചത്.
ഏറെ തെരഞ്ഞതിനുശേഷമാണ് നിരവധി ആളുകൾ ഉപയോഗിച്ചിട്ടുള്ള ഒരു ലീഗൽ ക്ലോസ് കണ്ടെത്തിയത്. പക്ഷെ അതിനായി താൻ മരിച്ചതായി തെളിയിക്കേണ്ടി വരുമെന്ന് ഫോഷ് മനസിലാക്കി. 30 കാരനായ ഫോഷ് പിൻമാറിയില്ല. ഇറ്റലിയിലെ സെബോർഗ പ്രിൻസിപ്പാലിറ്റിയിൽ ചെന്ന് മരണ സർട്ടിഫിക്കറ്റ് വാങ്ങിയെടുത്തു. ആ യാത്രയും വിവരണങ്ങളുമെല്ലാം ഫോഷ് പങ്കുവയ്ക്കുകയും ചെയ്തു.
എയർലൈനിന് റീഫണ്ടിന് വേണ്ടിയുള്ള അപേക്ഷയും,അതോടൊപ്പം മരണ സർട്ടിഫിക്കറ്റും സമർപ്പിച്ചെങ്കിലും ഫോഷിന്റെ മനസുമാറി. വിമാനക്കമ്പനി അത് സ്വീകരിച്ച് അദ്ദേഹത്തിന്റെ ബാങ്ക് വിശദാംശങ്ങൾ ചോദിച്ചു. എന്നാൽ റീഫണ്ടിനായി മുന്നോട്ടു പോകരുതെന്നും അത് വഞ്ചനയാണെന്നും ഫോഷിനെ അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉപദേശിച്ചു. അതോടെ മനസുമാറിയ ഫോഷ് പിന്നെ അതുമായി മുന്നോട്ടുപോയില്ല.
എന്തായാലും കഥമുഴുവൻ വീഡിയോയിലൂടെ അറിഞ്ഞ നെറ്റിസൺസ് കൂടുതലും രസകരമായ പ്രതികരണങ്ങളാണ് നടത്തിയിരിക്കുന്നത്. നാലായിരം രൂപ ലാഭിക്കാനാണോ ഇത്രയും കാര്യങ്ങൾ ചെയ്തതെന്നും, ഒരു ഫ്ലൈറ്റ് ടിക്കറ്റിന്റെ കാശിനായി മറ്റൊരു ഫ്ലൈറ്റ് ടിക്കറ്റ് എടുത്തുവെന്നും കമന്റുകൾ വന്നു. അതിനിടെ ഇത്രയൊക്കെ ചെയ്തിട്ടും വക്കീലിനോട് സംസാരിക്കാനുള്ള മനസുകാണിച്ചതാണ് പലർക്കും രസകരമായി തോന്നിയത്.