പൂർണമായി ഒഴിവാക്കണോ അതോ നിയന്ത്രിക്കണോ? എങ്ങനെയാകണം ഷുഗർ കട്ട് ഡയറ്റ്!

ഷുഗർ കട്ട് ശരീരത്തിന് ഗുണകരമാണ്. പക്ഷെ അൽപ്പം ശ്രദ്ധയോടെ വേണമെന്നുമാത്രം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource; Meta AI
Published on

ആരോഗ്യ സംരക്ഷണത്തിനും ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത് നല്ലതാണ്. ആരോഗ്യകരമായ ഡയറ്റാണ് എപ്പോഴും ഗുണം ചെയ്യുക. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും, പോഷകങ്ങളുമെല്ലാം ലഭിക്കുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും അനാവശ്യ കൊഴുപ്പുകളും മറ്റും ഒഴിവാക്കുകയുമാണ് വേണ്ടത്.

ഡയറ്റെന്നു പറയുമ്പോൾ പെട്ടെന്ന് ആലോചിക്കുന്ന വഴികളിലൊന്ന് ഷുഗർകട്ടാണ്. മധുരം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതുവഴി പ്രമേഹത്തെ പ്രതിരോധിക്കുകയെന്ന ലക്ഷ്യവും ഉണ്ടാകും. ഷുഗർ കട്ട് ശരീരത്തിന് ഗുണകരമാണ്. പക്ഷെ അൽപ്പം ശ്രദ്ധയോടെ വേണമെന്നുമാത്രം. ഭക്ഷണത്തില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നതാണ് ഷുഗര്‍കട്ട് ഡയറ്റ്. ഇത് മൂന്ന് തരത്തിൽ ചെയ്യാം. ഒന്ന് മധുരം പൂർണമായും ഉപേക്ഷിക്കുക. രണ്ട് പ്രൊസസ്‌ഡ് ഷുഗർ മാത്രം ഒഴിവാക്കുക. മറ്റൊരു രീതി പ്രത്യേക സന്ദർഭങ്ങളിൽ മാത്രം മധുരം കഴിക്കുക. ദൈനംദിന ഭക്ഷണങ്ങളിൽ പരമാവധി മധുരം അകറ്റി നിർത്തുക. അതായാത് ഷുഗർ കൺട്രോൾ ഡയറ്റ്.

പ്രോസസ് ചെയ്ത ഷുഗര്‍ അടങ്ങിയ ഭക്ഷണത്തില്‍ കലോറി ആവശ്യത്തിലധികമാണ്. അവ ഒഴിവാക്കുന്നത് ശരീരഭാരം കുറയുന്നതിന് സഹായകമാണ്. അതു മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കാൻ ഷുഗര്‍ കട്ട് ഡയറ്റിലൂടെ സാധിക്കും. ആരോഗ്യം മെച്ചപ്പെടുത്താനും ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും ഷുഗർ കട്ട് ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതനുലരിച്ച് ആളുകൾക്ക് ക്ഷീണം, അലസത, സമ്മര്‍ദം എന്നിവ കൂടും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം. കൂടുതല്‍ ഊര്‍ജവും ഉണര്‍വും അനുഭവപ്പെടും. ഒപ്പം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും. പ്രമേഹത്തെ ചെറുക്കുക എന്നതും ഷുഗർ കട്ടിൻ്റെ പ്രധാന ലക്ഷ്യമാണ്. ആമാശയത്തിലെ വീക്കം, ദഹന പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനും ഭക്ഷണത്തിൽ മധുരത്തിൻ്റെ അളവ് നിയന്ത്രിച്ചാൽ മതിയാകും.

ഗുണങ്ങൾ ഏറെയുണ്ടെങ്കിലും മധുരം പൂർണമായി ഒഴിവാക്കിയാൽ ശരീരം പ്രതികരിക്കും. അത് കണ്ടില്ലെന്ന് നടിക്കാനാകില്ല. മസ്തിഷ്‌കത്തിന്റെയടക്കം ശരീരത്തിലെ നിരവധി പ്രക്രിയകളില്‍ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് ശരീരത്തിലെ ഷുഗറിന്‍റെ അളവ്. അതുകൊണ്ടു തന്നെ അത് ഇല്ലാതാകുന്നത് അത്ര നിസാരമായി കാണാൻ ശരീരത്തിനാകില്ല.

മധുരം കഴിക്കുമ്പോള്‍ തലച്ചോറ് ഡോപമൈന്‍ പുറത്തുവിടുന്നു, ഇത് നിങ്ങളെ സന്തോഷിപ്പിക്കുകയും, സംതൃപ്തരാക്കുകയും ചെയ്യും. മധുരം കഴിക്കുന്നത് പെട്ടെന്ന് നിര്‍ത്തുമ്പോള്‍ തലവേദന, മൂഡ് സ്വിങ്‌സസ്, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറച്ച് ദിവസത്തേക്ക് അനുഭവപ്പെട്ടേക്കാം. ക്രമേണ അളവ് കുറച്ച് കൊണ്ടുവരികയും പിന്നീട് പൂർണമായും ഒഴിവാക്കുകയുമാണ് നല്ലത്. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുമ്പോള്‍ പഴങ്ങള്‍, പാല് പോലുള്ളവ ഉപയോഗിച്ച് ഗ്ലൂക്കോസ് അളവിനെ ബാലൻസ് ചെയ്യാനും ശ്രമിക്കണം.

പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയിലുള്ള മധുരം ശരീരത്തിന് ദോഷകരമല്ലെന്നറിയുക. എന്നാല്‍ ശീതളപാനിയങ്ങള്‍, ബ്രെഡുകള്‍ തുടങ്ങിയ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. ശരീരത്തിന് അനുയോജ്യമായതെന്ത് എന്ന് പരിശോധിച്ച് വേണം ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ. രക്തത്തിലെ പഞ്ചസാരയുടെ അളവുൾപ്പെടെ പരിശോധിച്ച് അതിനനുസരിച്ച് വേണം മധുരം നിയന്ത്രിക്കാൻ. ആരോഗ്യ വിദഗ്ധൻ്റെ നിർദേശമനുസരിച്ച് ഡയറ്റ് തീരുമാനിക്കുന്നതാകും ഉചിതം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com